A Tale of Talents

A Tale of Talents

വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം

ബിൽമ റെജി

“ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഇടവക വൈദികരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ വാക്കുകളാണിവ. വിയാനി പിതാവിന്റെ ഓർമ്മ ആചരിക്കുന്ന ഈ മാസത്തിൽ നമുക്ക് ആ വിശുദ്ധ ജീവിതത്തെ ഒന്നറിയാം.

“ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.”

ഫ്രാൻസിലെ ലയൺസ് പട്ടണത്തിനു വടക്കു മാറി നഗരത്തിൽ നിന്നു വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഡാർഡിലി എന്ന ഗ്രാമത്തിൽ, മാതാപിതാക്കളുടെ നാലാമത്തെ സന്താനമായി വിശുദ്ധൻ ജനിച്ചു. വളരെ ചെറിയപ്രായത്തിൽ തന്നെ പരിശുദ്ധ അമ്മയോട് അനിതരസാധാരണമായ ഭക്തി പുലർത്തിയിരുന്ന വിശുദ്ധനെ ദൈവമാതാവിന്റെ തിരുസ്വരൂപം മാറോടു ചേർത്ത്, ഏകാന്തതയിൽ ജപമാല ചൊല്ലിയിരുന്ന നിലയിൽ പലപ്പോഴും അദ്ദേഹത്തിന്റെ അമ്മ കണ്ടെത്തിയിരുന്നു. ഏഴാം വയസ്സിൽ ആടുമാടുകളെ മേയ്ക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്ന ജോൺ, ഇടവേളകളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പുൽത്തകിടിയിൽ ഇരുത്തി അമ്മയിൽ നിന്ന് തനിക്കു ലഭിച്ച നല്ല അറിവുകൾ അവർക്കു പകർന്നു കൊടുക്കുന്നതിൽ ഉത്സുകനായിരുന്നു. അച്ഛനമ്മമാരെ അനുസരിക്കണമെന്നും, നല്ലവരായി വളരണമെന്നും, ദൈവത്തെ സ്നേഹിക്കണമെന്നുമൊക്കെ ജോൺ സുഹൃത്തുക്കളെ പഠിപ്പിച്ചു.

വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്ന ജോൺ പഠനത്തിൽ വളരെ പിൻനിരയിലായിരുന്നു. അതിനാൽതന്നെ, സെമിനാരിയിൽ പറഞ്ഞു കൊടുത്തിരുന്ന പല കാര്യങ്ങളും വിയാനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. “പരിശുദ്ധാത്മാവേ, ഈ ബുദ്ധിഹീനനെ പഠിപ്പിക്കണമേ,” എന്നു വിയാനി തന്നെ നിരന്തരം മുട്ടിപ്പായി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. പഠനകാലം പൂർത്തിയായപ്പോൾ വിയാനി പരീക്ഷയിൽ പരാജിതനായെങ്കിലും പരീക്ഷ നടത്തിയ പണ്ഡിതന്മാരായ വൈദികർ വിയാനി മരിയഭക്തനാണെന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ പുരോഹിതനായി അഭിഷിക്തനാക്കി.

ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഫ്രാൻ‌സിൽ കത്തോലിക്കാ സഭ വേട്ടയാടപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. വൈദികരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയും, സ്ഥാനഭ്രഷ്ടരാക്കുകയും, ദേവാലയങ്ങളെയും അതിവിശുദ്ധമായ അൾത്താരകളെയും പങ്കിലമാക്കുകയും ചെയ്ത ഒരു കാലം! ഈ സമയത്താണ് ഫ്രാൻസിലെ ആർസ് എന്ന ഗ്രാമപ്രദേശത്തു വിയാനിയച്ചൻ ആദ്യമായി പുരോഹിതവേലയ്ക്കായ് നിയമിതനായത്. ദൈവസ്നേഹം മങ്ങിയ ആർസിലെ പൂട്ടിക്കിടന്ന ഇടവകദേവാലയത്തിലേക്ക് ദൈവസ്നേഹത്തിന്റെ കെടാത്ത തിരിയുമായി വിയാനിയച്ചൻ കടന്നു ചെന്നപ്പോൾ, തലമുറകളുടെ ചരിത്രത്തിലേയ്ക്കുള്ള ചുവടുകളായിരുന്നു അവയെന്ന് അന്നാരും അറിഞ്ഞിരുന്നില്ല. ആർസിലേക്കുള്ള വഴി കാട്ടിക്കൊടുത്ത ഒരു ഇടയച്ചെറുക്കനോട് ‘ആർസിലേക്കുള്ള വഴി കാണിക്കുകയാണെങ്കിൽ പകരം സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു തരാം’ എന്നു പറഞ്ഞു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സ്വർഗ്ഗീയ ഭവനമാണെന്നു വിയാനിയച്ചൻ പറയാതെ പറഞ്ഞു. ധാർമ്മികമൂല്യങ്ങൾ തൃണവൽഗണിച്ച്, അഹന്തയുടെയും സുഖലോലുപതയുടെയും പര്യായമായി മാറിയ ഒരു ജനസമൂഹത്തിലേക്കു ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചവുമായി അദ്ദേഹം അനുദിനം യാത്രചെയ്തു. പ്രസംഗവേദിയും പാപസങ്കീർത്തനപീഠവും സംഭാഷണ സന്ദർഭങ്ങളും വഴി, ആത്മീയതയുടെ ഒരിക്കലും കെടാത്ത കൈത്തിരിവെട്ടം ആർസിലെ ദൈവജനത്തിലേക്കെത്തിക്കാൻ അച്ചന് കഴിഞ്ഞു. കുമ്പസാരിച്ചു പാപമോചനം പ്രാപിക്കാനായി വിദൂര സ്ഥലങ്ങളിൽ നിന്നുപോലും നാനൂറിൽ പരം ജനങ്ങൾ ദിവസേന അവിടെ വന്നുകൊണ്ടിരുന്നു. പകലും രാത്രിയും മണിക്കൂറുകൾ നീണ്ട പാപമോചന കൂദാശവഴി വിയാനിയച്ചൻ ആർസിലെ പാപത്താഴ് വരകളിൽ ആത്മീയസങ്കീർത്തനങ്ങൾ ഉണർത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ ആർസ് ഫ്രാൻസിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി മാറി.

അദ്ദേഹം വഴി, അനേകർക്കുണ്ടായ മാനസാന്തരങ്ങൾ മൂലം അദ്ദേഹത്തിന് പിശാചുക്കളുടെ ഉപദ്രവങ്ങൾ അനുഭവിക്കേണ്ടി വന്നു. വിയാനിയച്ചന്റെ സേവനങ്ങൾ പരിഗണിച്ച അധികാരികൾ അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ നൽകി ആദരിച്ചപ്പോൾ, തനിക്കു ഈ ഭൂമിയിൽ ലഭിച്ച സ്ഥാനങ്ങൾ ഒന്നുമല്ലെന്നും സ്വർഗ്ഗീയ പിതാവിന്റെ പക്കൽ നിന്ന് ലഭിക്കുന്ന സ്ഥാനങ്ങൾ മതിയെന്നും പറഞ്ഞു അദ്ദേഹം ആ സ്ഥാനചിഹ്നങ്ങൾ അണിയാൻ വിസമ്മതിച്ചു. തന്റെ കരുത്തേറിയ ആയുധങ്ങളായ ക്ഷമയും സഹനവും ദീനാനുകമ്പയും ഇടത്തും വലത്തും പിടിച്ചു അദ്ദേഹം അനേകം ആത്മാക്കളെ ഈശോയ്ക്കായ് നേടി. ദൈവതിരുമുൻപിൽ യോഗ്യത നേടിയെടുക്കുന്നതിനായിട്ടും, പുണ്യമാർജ്ജിക്കുന്നതിനായിട്ടും അച്ചൻ നിരന്തരം പ്രാർത്ഥിച്ചിരുന്നു. മണിക്കൂറുകളോളം മുട്ടിന്മേൽ നിന്നുകൊണ്ട് തനിക്കും, തനിക്കു ഭരമേൽപ്പിക്കപ്പെട്ടിരുന്ന ദൈവജനത്തിനും വേണ്ടി പ്രാർത്ഥിച്ചിരുന്ന അച്ചന്, വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും പരിശുദ്ധ അമ്മയോടുള്ള അതീവ സ്നേഹവും, ആത്മീയ ശക്തിയുടെ സ്രോതസ്സും വഴിയുമായിത്തീർന്നു.

1859 ആഗസ്ത് 4 -)o തീയതി വിയാനിയച്ചൻ ഈ ലോകത്തോട് വിട പറഞ്ഞു സ്വർഗ്ഗലോകം പൂകി. 1925 -ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ വിയാനിയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ദൈവസ്നേഹത്തിൽ ജ്വലിച്ചു നിന്നിരുന്ന സാധാരണത്വമാണ് ഈ പുണ്യപിതാവിനെ വിശുദ്ധ പദവിയിലേക്ക് കൈപിടിച്ചുയത്തിയത്. ദൈവം സ്നേഹമാണെന്നും ആ ദൈവം നമ്മെ എപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്നുവെന്നും, ആ ദൈവത്തെ നിങ്ങൾ വേദനിപ്പിക്കരുതെന്നും ഒക്കെയുള്ള ലളിതമായ വാക്കുകളിലൂടെ വിശുദ്ധൻ തനിക്കു ഭരമേലിപ്പിക്കപ്പെട്ടിരുന്ന ആത്മാക്കളെ ദൈവത്തോടടുപ്പിച്ചു

പൗരോഹിത്യം: തിരുഹൃദയത്തിന്റെ സ്നേഹം

വി. ജോൺ മരിയ വിയാനിയുടെ ജീവിതം അനുസ്മരിക്കപ്പെടുന്ന ഈ വേളയിൽ നമുക്ക്, നാം കണ്ടുമുട്ടിയിട്ടുള്ള, നമുക്കായി കൂദാശകൾ പരികർമ്മം ചെയ്തിട്ടുള്ള, നമ്മെ ആത്മീയമായി വളരാൻ സഹായിച്ചിട്ടുള്ള നമ്മുടെ എല്ലാ പ്രിയപ്പെട്ട വൈദികരെയും ഓർക്കാം. സ്വന്തം ഭവനത്തെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും മറന്ന്‌, ശുശ്രൂഷയ്ക്കായ് നിയമിതരാകുന്ന ഇടങ്ങളിലെ ജനങ്ങളെ മാതാപിതാക്കളായും സഹോദരങ്ങളായും കണ്ടു സ്നേഹിക്കുന്നവർ! ഉറ്റവരെയും ഉടയവരെയും വിട്ട് കർത്താവിന്റെ വേലയ്ക്കായ് ഇറങ്ങി പുറപ്പെടുന്നവർ. ഈശോയുടെ ബലിയാകുവാൻ, ഈശോയുടെ സ്നേഹം മറ്റുള്ളവരിലേയ്ക്കു പകരുവാൻ ദൈവത്തിന്റെ വിളി ലഭിക്കുന്ന ഓരോ പൗരോഹിത്യവും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സന്തോഷമാണ്. വൈദിക ജീവിതം ഒരു പദവിയല്ല, ഒരു ദാനമാണ്; ഒരു സമർപ്പണം.

ഓരോ ദൈവവിളിയും ദുഷിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമായ ഈ കാലഘട്ടത്തിൽ വളരെ സ്നേഹത്തോടെ, അതിലേറെ നന്ദിയോടെ ഞാനും എന്റെ കൂട്ടുകാരും ഓർക്കുന്ന ഒരു വൈദികനുണ്ട്. കുട്ടനാട്ടിലെ ഒരു ഗ്രാമത്തിലേക്ക് നിഷ്കളങ്കമായ പുഞ്ചിരിയോടെ കടന്നു വന്ന ഫിലിപ്പ്‌ കുന്നുംപുറത്ത് അച്ചൻ. തന്റെ യൗവ്വനകാലം മുഴുവൻ ആ ഗ്രാമത്തിനു വേണ്ടിയും അവിടുത്തെ കുടുംബങ്ങൾക്കു വേണ്ടിയും ഉഴിഞ്ഞു വച്ച ഒരു പുരോഹിതൻ. അച്ചന്റെ ആദ്യ വികാരി നിയമനം ആയിരുന്നു ഞങ്ങളുടെ ഇടവക ദേവാലയം. ചാവറയച്ചന്റെ പാത പിന്തുടർന്ന് ഞങ്ങളുടെ ദേവാലയത്തിന്റെ പരിസരത്തു തന്നെ ഒരു പള്ളിക്കൂടം അച്ചൻ പടുത്തുയർത്തി. ജാതിയോ മതമോ നോക്കാതെ സഹായമഭ്യർത്ഥിച്ചു വരുന്ന എല്ലാവരെയും സഹായിച്ചിരുന്ന ആ വൈദികൻ, ഞങ്ങളുടെ അക്രൈസ്തവരായ സഹോദരങ്ങൾക്കു പോലും വളരെ പ്രിയപ്പെട്ടവനായി. വിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയത് അച്ചനിലൂടെ ആയിരുന്നു. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടു കൂടെ ആരംഭിച്ചിരുന്ന അദ്ധ്യയന ദിനങ്ങൾ ഞങ്ങളെ വിശുദ്ധ ബലിയോടും ഈശോയോടും ഒരുപാട് അടുപ്പിച്ചു. അച്ചൻ തെളിച്ച ദീപങ്ങൾ ഇടവകയിൽ സൃഷ്ടിച്ച പുത്തനുണർവിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളായിരുന്നു എല്ലാ വർഷവും ഞങ്ങളുടെ ഇടവകയിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ദൈവവിളികൾ. പുരോഹിതരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ഞങ്ങളുടെ ഇടവകയും തലമുറയും ശീലിച്ചത് അച്ചനിലൂടെയാണ്. ഓർമ്മ നഷ്ടപ്പെട്ട് വിശ്രമ ജീവിതം നയിക്കുന്ന ആ വന്ദ്യപുരോഹിതൻ, ഇന്നും, ഞങ്ങളുടെ ഓരോരുത്തരുടെയും അനുദിനപ്രാർത്ഥനയിൽ ആദ്യപേരായി സ്ഥാനം പിടിച്ചു സ്നേഹിക്കപ്പെടുന്നു.

നമുക്ക്, നമ്മുടെ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാം. ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസഭ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അരക്ഷിതമായ സാഹചര്യത്തിൽ നമ്മെ നയിക്കാൻ നമ്മുടെ മുൻനിരയിൽ നിൽക്കുന്ന പുരോഹിതരെ നമ്മുടെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്താം. ജറുസലേമിന്റെ തകർന്നുകിടന്ന മതിലുകൾ പുനരുദ്ധരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട നെഹെമിയാ പ്രവാചകൻ, തങ്ങളുടെ ശത്രുക്കളെ തുരത്താൻ സേവകരിൽ പകുതിപ്പേരെ കാവൽ നിറുത്തിയതുപോലെ, തുരുസഭാമാതാവിന്റെ തകർന്ന മതിലുകൾ പുതുക്കിപ്പണിയുവാൻ നിയുക്തരായിരിക്കുന്ന നമ്മുടെ പുരോഹിതർക്ക് നമ്മുടെ പ്രാർത്ഥനയും പരിത്യാഗവും കാവലായിത്തീരട്ടെ. തിരുവചനം കലർപ്പില്ലാതെ പ്രഘോഷിക്കപ്പെടുവാൻ ആത്മാവിന്റെ കൈയ്യൊപ്പുള്ള അനേകം പുരോഹിതർ സഭയിലുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കാം. സങ്കീർത്തനങ്ങൾ 116 : 10 ൽ നാമിങ്ങനെ വായിക്കുന്നു: “ഞാൻ കൊടിയദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.” സങ്കീർത്തകനെപ്പോലെ, പ്രലോഭനങ്ങളെ അതിജീവിച്ചും വിശുദ്ധമായ ജീവിതം നയിച്ചും, വിശുദ്ധിയുള്ള ദൈവവിളികൾക്കായി നമുക്ക് പ്രാർത്ഥിക്കാം: ‘ദൈവമെ, ഒരു പുത്തൻ അഭിഷേകമായി നിന്റെ ജനത്തെ നയിക്കാനുള്ള കൃപകൊടുത്തു നിന്റെ ദാസരെ നീ അനുഗ്രഹിക്കേണമേ..’

‘ദൈവമെ, ഒരു പുത്തൻ അഭിഷേകമായി നിന്റെ ജനത്തെ നയിക്കാനുള്ള കൃപകൊടുത്തു നിന്റെ ദാസരെ നീ അനുഗ്രഹിക്കേണമേ..’

പ്രിയപ്പെട്ട വൈദികരെ, നാളിതുവരെ നിങ്ങളിൽ നിന്ന് ഞങ്ങൾ സ്വീകരിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി… നിങ്ങളില്ലെങ്കിൽ വിശുദ്ധ കുർബാനയില്ല; വിശുദ്ധ കുർബാനയില്ലെങ്കിൽ, സഭയുമില്ല എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. പൗലോസ് ശ്ളീഹാ പറയുന്നതുപോലെ, ‘സുവിശേഷം പ്രസംഗിക്കുന്ന നിങ്ങളുടെ പാദങ്ങൾ എത്ര സുന്ദരം!’ നിത്യവും വിശുദ്ധ കുർബാനയിൽ ഈശോയെ ദർശിക്കുന്ന നിങ്ങളുടെ കണ്ണുകൾ എത്ര വിശുദ്ധം. തന്റെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഈശോയ്ക്കായി നേടാനുള്ള നിങ്ങളുടെ തീക്ഷ്ണത എത്ര ആനന്ദദായകം..

ദൈവമെ, നിന്റെ ജനത്തെ നയിക്കാൻ, മധ്യസ്ഥപ്രാർത്ഥന നിർവഹിക്കാൻ, ക്ലേശ കാലത്തും നിന്നെ സ്തുതിച്ചു മഹത്വപ്പെടുത്തുവാൻ അയോഗ്യരും, ബലഹീനരും, ദുർബലരുമായ അങ്ങയുടെ പ്രിയപ്പെട്ടവരെ പുരോഹിതരായി ഉയർത്തിയ കർത്താവെ, അങ്ങയുടെ അവർണ്ണനീയമായ ദാനത്തിനു എന്നേക്കും സ്തുതി… 

Share This Post!