A Tale of Talents

A Tale of Talents

“സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് വരുന്നുണ്ടല്ലോ!”

ക്രിസ്മസ് കഴിയുമ്പോഴേക്കും ജനുവരി മാസത്തിലെ പെരുന്നാളിനുള്ള കാത്തിരിപ്പായി. “ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ…” മനസ്സിൽ പതിഞ്ഞു കിടക്കുന്ന വരികൾ. ഒരു തൂണിൽ കെട്ടപ്പെട്ട്, മേലാകെ അമ്പുകൾ തറഞ്ഞു നിൽക്കുന്ന പുണ്യാളൻ. ഈ പുണ്യാളൻ അമ്പ്‌ തറഞ്ഞാണോ മരിച്ചത്‌? ഈ അമ്പുകൾ എങ്ങനെ വ്യാധികൾ മാറ്റുന്നു?

“ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ…

കേരളത്തിൽ ഒരുപാടു ഭക്തരുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിന്, അമ്പുപെരുന്നാൾ, മകരപ്പെരുന്നാൾ എന്നിങ്ങനെയും പേരുകളുണ്ട്. ചില സ്ഥലങ്ങളിൽ, വീടിനു മുറ്റത്ത് വാഴപ്പിണ്ടിയിൽ അലങ്കരിച്ച ബഹുവർണ്ണക്കൊടികൾ നാട്ടിയും എണ്ണവിളക്കുകൾ പിടിപ്പിച്ചും വീടുകൾ പെരുന്നാളിനായി ഒരുങ്ങുന്നു. അവിടങ്ങളിൽ അതു പിണ്ടിപ്പെരുന്നാളാണ്‌. പള്ളിയും വീടുകളും ദീപാലങ്കാരത്തിൽ കുളിച്ചങ്ങനെ നിൽക്കും.

തൃശ്ശൂരിനടുത്തുള്ള എന്റെ ഇടവകയിലെ സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളോർമ്മകളിലൂടെ ഒന്ന് കടന്നുപോയാലോ?

ശനിയും ഞായറും പെരുന്നാളിന്റെ പ്രധാന ദിവസങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ, വീടുകൾ തോറും, ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ, ഒരു പട്ടുകുടയ്ക്കു കീഴെ, വെള്ളിയോ സ്വർണ്ണമോ നിറമുള്ള താലത്തിൽ, തൂവെള്ള തുണിയിൽ വെച്ച് വീട്ടിലെത്തുന്ന സ്വർണ്ണ നിറത്തിലുള്ള അമ്പ്, ആ വീട്ടിലെ പ്രതിനിധി അവിടുത്തെ നൊവേനയ്ക്കു ശേഷം അടുത്ത വീട്ടിലേയ്ക്കു കൊണ്ടു പോകുന്നു. അമ്പ് വീട്ടിൽ നിന്നും ഇറക്കുന്നതിനു മുമ്പു പൊട്ടിക്കാനുള്ള മാലപ്പടക്കം തലേന്നു തന്നെ സജ്ജീകരിച്ചിരിക്കും. ഒരു പടക്കം പോലും വിടാതെ എല്ലാം പൊട്ടണം. അതിനു മഴകൊള്ളാതെയും തണുപ്പടിക്കാതെയും പ്രത്യേകം സൂക്ഷിക്കണം.

വീട്ടിലെത്തിയ ഉടൻ, ബാന്റുമേളക്കാർ ഒരു പാട്ടു വായിക്കുന്നു. അത്, തനതു വർഷത്തെ ഹിറ്റ് സിനിമാഗാനമോ ഭക്തിഗാനമോ ആകാം. അതിനു ശേഷം, അമ്പ് വീട്ടിനകത്തു കൊണ്ടുവന്ന് എല്ലാവരും കൂടി നൊവേന ചൊല്ലുന്നു. തുടർന്ന്, ഒരു കത്തിച്ച മെഴുകുതിരിയുടെ അകമ്പടിയോടെ ഓരോ മുറിയിലേക്കും അമ്പ് കൊണ്ട് പോകുന്നു. അമ്പ് എത്തുന്ന ഓരോ മുറിയിൽ നിന്നും അസുഖം വരുത്തുന്ന രോഗാണുക്കളെല്ലാം ഓടി പോകുന്ന പോലെ തോന്നും. വീട്ടിലുള്ള എല്ലാവരും അമ്പ് വണങ്ങി, നേർച്ചയിട്ട്, മാലപ്പടക്കം പൊട്ടുന്ന ഉച്ചത്തിലുള്ള ശബ്ദത്തിനൊപ്പം, അമ്പുമായി ഇനി അടുത്ത വീട്ടിലേക്ക്‌.

മറ്റു മതക്കാരായ അയൽവാസികൾ പോലും റോഡരികിൽ നിന്ന് അമ്പ് വണങ്ങി പൊരിയും ഉണ്ണിയപ്പക്കഷണങ്ങളും അടങ്ങുന്ന നേർച്ചകൾ സ്വീകരിക്കുന്നു. പകർച്ച വ്യാധികൾ മാറ്റുന്ന നമ്മുടെ പുണ്യാളന് ഇത്രയും ആരാധകരോ?! മനസ്സിൽ ഒരു അഭിമാനബോധം! രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന്, ജാതിമതഭേദമെന്യേ, പ്രദക്ഷിണമായി, അമ്പ് എഴുന്നള്ളിച്ച്‌ പള്ളിയിലേക്ക് വരുകയും ചെയ്യുന്നു.

ഇനി പെരുന്നാൾദിനത്തിലെ ആഘോഷങ്ങളാണ്. പെരുന്നാളിന് വീട്ടിൽ എത്തിച്ചേർന്ന വിരുന്നുകാർക്കൊപ്പം ഉത്സാഹപൂർവ്വം പള്ളിയിലേക്ക്.. പള്ളിക്കു സമീപം കളിക്കോപ്പുകൾ, മാലകൾ, വളകൾ, പൊരി, അലുവ, ഇത്യാദി സാധനങ്ങൾ വിൽക്കുന്നവരുടെ നിരകൾ. കുർബാനയ്ക്കു മുമ്പ് ഒന്നും വാങ്ങാൻ അനുവാദമില്ല. പള്ളിക്കവാടത്തിങ്കൽ, ഒന്നുകൂടി അമ്പ്‌ കയ്യിലെടുത്തു വണങ്ങാനുള്ള വഴിപാടിനുള്ള അവസരം. ഓരോ പ്രാവശ്യവും അമ്പു കയ്യിലെടുക്കുമ്പോൾ, എല്ലാ അസുഖങ്ങളും മാറ്റിത്തരാനുള്ള പ്രാർത്ഥന. ഇനി നീണ്ട പ്രസംഗത്തോടെയുള്ള പെരുന്നാൾ പാട്ടുകുർബാന. എല്ലാ വർഷവും കേൾക്കുന്നതാണെങ്കിലും വിശുദ്ധനെക്കുറിച്ചുള്ള വിവരണം ഒഴിച്ചുകൂടാനാവില്ല. എന്നാൽ, ചിലപ്പോഴൊക്കെ, പ്രസംഗത്തിനിടെ ഉറങ്ങി പോകാറുമുണ്ട്.

ആരാണ് ഈ സെബസ്ത്യാനോസ് പുണ്യാളൻ? പെരുന്നാൾ കുർബാനയിൽ കേട്ടതിൽ കുറെയൊക്കെ ഇന്നും മനസ്സിലുണ്ട്. എങ്കിലും, ഒരു ഗൂഗിൾ റിസർച്ച് ചെയ്താലോ?

തെക്കൻ ഫ്രാൻ‌സിലെ നർബോണ എന്ന നഗരത്തിൽ, കത്തോലിക്കാ മാതാപിതാക്കളുടെ പുത്രനായി, എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. പിന്നീട്, മിലാനിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി, അദ്ദേഹം ഇരുപത്തി എട്ടാമത്തെ വയസ്സിൽ സൈനിക സേവനത്തിന് തയ്യാറായി. കാരിനസ് രാജാവിന്റെ ഭരണകാലമായിരുന്നു അത്. അക്കാലത്ത്, രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന ക്രിസ്ത്യൻ ഭടന്മാർ റോമൻ ദേവന്മാരെ ആരാധിക്കണം എന്നു കാരിനസ് കൽപ്പന പുറപ്പെടുവിക്കുകയും എതിർത്തവരെ വധിക്കുകയും ചെയ്തിരുന്നു. സെബാസ്റ്റ്യനാകട്ടെ, താൻ ക്രിസ്തു വിശ്വാസിയാണെന്ന സത്യം മറച്ചുവെച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് ഡയോക്ലീഷ്യൻ ചക്രവർത്തിയുമായുള്ള യുദ്ധത്തിൽ കാരിനസ് വധിക്കപ്പെട്ടു. ഡയോക്ലീഷ്യൻ തന്റെ സാമന്തനായ മാക്സിമിയനുമായി ആലോചിച്ച് യുദ്ധനിപുണനായ സെബാസ്റ്റ്യനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവി നൽകി ആദരിക്കുകയും ചെയ്തു .

എ. ഡി. 288 ൽ, തൻറെ വിശ്വസ്തനായ സൈന്യാധിപൻ സെബാസ്റ്റ്യൻ, ക്രിസ്തുവിശ്വാസി ആണെന്ന സത്യം ഡയോക്ലീഷ്യൻ മനസ്സിലാക്കി. രാജ്യദ്രോഹക്കുത്തിനു സെബാസ്റ്റ്യൻ തടവിലാക്കപ്പെട്ടു. പിന്നീട്, റോമൻ ദേവന്മാരെ ആരാധിച്ചില്ലെങ്കിൽ തീയിൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തി.

എന്നാൽ, തീ തനിക്ക് പനിനീർപൂക്കളാൽ നിർമ്മിച്ച മെത്ത പോലെയായിരിക്കും എന്നു സെബാസ്റ്റ്യൻ ചക്രവർത്തിയെ വെല്ലുവിളിച്ചു. കോപം കൊണ്ടു ജ്വലിച്ച ഡയോക്ലീഷ്യൻ മൈതാനമധ്യത്തിൽ സെബാസ്റ്റ്യനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു. ഡയോക്ലീഷ്യന്റെ സേവകർ, സെബാസ്റ്റ്യനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് നിരവധി അമ്പുകൾ എയ്തു. രക്തം വാർന്ന് സെബാസ്റ്റ്യൻ അബോധാവസ്ഥയിലായി. എന്നാൽ സേവകർ സെബാസ്റ്റ്യൻ മരിച്ചു എന്ന് തെറ്റിദ്ധരിച്ചു. ഐറിൻ എന്ന സ്ത്രീ, തൻറെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സെബാസ്റ്റ്യന്റെ ശരീരം അവിടെ നിന്ന് എടുത്തു വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം സെബാസ്റ്റ്യൻ ആരോഗ്യം വീണ്ടെടുത്തു. ധീരനായ സെബാസ്റ്റ്യൻ വീണ്ടും ചക്രവർത്തിയുടെ മുന്നിൽ എത്തുകയും, ക്രിസ്തുവിശ്വാസികളെ പീഡിപ്പിക്കുന്നതിന്റെ പേരിൽ, ചക്രവർത്തിയെ അതിശക്തമായി ശാസിക്കുകയും ചെയ്തു. ആ സമയത്ത്, ഡയോക്ലീഷ്യൻ വളരെയധികം ഭയപ്പെട്ടു. ഒപ്പം, സെബാസ്റ്റ്യനോട്‌ എന്നത്തേക്കാളും ഏറെ ദേഷ്യം ഉള്ളവനായി തീരുകയും ചെയ്തു. തന്റെ ഭടനോട്, രാജസന്നിധിയിൽ വെച്ചുതന്നെ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചു കൊല്ലാൻ ചക്രവർത്തി കൽപ്പിച്ചു. എ.ഡി. 288 ജനുവരി 20 നാണ് അതു സംഭവിച്ചത്.

ചക്രവർത്തിയുടെ ഭടന്മാർ, സെബാസ്റ്റ്യന്റെ ശരീരം ആരുമറിയാതെ ഓടയിൽ എറിഞ്ഞു. ഓടയിൽ എറിയപ്പെട്ട ദിവസം തന്നെ, ലൂസിന എന്ന സ്ത്രീക്ക് വെളിപാട് ലഭിച്ചു. അവർ ചെന്നു നോക്കിയപ്പോൾ മൃതദേഹത്തിനു ചുറ്റും പരുന്തുകൾ വട്ടമിട്ടു പറക്കുന്ന കാഴ്ചയാണു കണ്ടത്. ആപ്യൻ എന്ന പാതയ്‌ക്കടുത്തുള്ള ഒരു ഭൂഗർഭഗൃഹത്തിൽ, ലൂസിന സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ചു. സെയിന്റ് സെബാസ്റ്റ്യന്റെ പേരിലുള്ള ആദ്യത്തെ പള്ളി ഈ സ്ഥലത്താണ് സ്ഥാപിതമായത്. ലൂസിനയെ പിന്നീട് ചക്രവർത്തി വധിച്ചു.

മരണത്തിന് എൺപതു വർഷങ്ങൾക്കു ശേഷം, വിശുദ്ധന്റെ തിരുശേഷിപ്പുകൾ 367-ൽ പോപ്പ് ഡമാസ്കസ് ഒന്നാമന്റെ കാലത്ത്, റോമിൽ പണിത ഒരു ബസിലിക്കയിലേക്കു മാറ്റപ്പെട്ടു. വിശുദ്ധന്റെ തലയോട്ടി, ജർമനിയിലെ ഒരു സന്യാസ മഠത്തിലേക്ക് അയക്കപ്പെടുകയും, അത്, ഒരു പ്രത്യേക വെള്ളിപ്പെട്ടി യിൽ 934-ൽ നിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇത്, ഇപ്പോഴും എബേഴ്‌സ്ബർഗിലെ ഒരു വിശിഷ്ടമായ തിരുശേഷിപ്പ് അറയിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടുപോരുന്നു.

1575 ൽ മിലനിലും ഇറ്റലിയിലും, 1596 ൽ ലിസ്ബണിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. സെയിന്റ് സെബാസ്റ്റ്യന്റെ രൂപവുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തിയപ്പോൾ, അത്ഭുതകരമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി, ഒരു കപ്പലിൽ, വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാൻ ജനങ്ങൾ തീരുമാനിച്ചു. ലോകം ചുറ്റിക്കൊണ്ടിരിക്കെ, അർത്തുങ്കലിനു സമീപത്തു വച്ച്, ഒരു കടൽക്ഷോഭം ഉണ്ടാവുകയും കപ്പൽ ആ സ്ഥലത്ത് ഉറച്ചുപോകുകയും ചെയ്തു. സമീപത്ത് ഒരു ദേവാലയം ഉള്ളതായി കപ്പിത്താനു ദർശനം ലഭിച്ചു. അങ്ങനെ, വിശുദ്ധന്റെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിലെ അന്നത്തെ കുരിശടിയിൽ സ്ഥാപിക്കപ്പെട്ടു. ആ തിരുരൂപം, ഇന്നും, അർത്തുങ്കൽ ബസിലിക്കയുടെ തെക്കെ അൾത്താരയിൽ ഭക്തർക്കു ദർശനത്തിനായി, പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

ലോകമെമ്പാടും ജനുവരി 20 നാണ് വിശുദ്ധൻറെ ദിവസം  ആഘോഷിക്കപ്പെടുന്നത്.

പെരുന്നാൾ ദിവസം, നാലുമണിയോടെ, വിശുദ്ധൻറെ തിരുസ്വരൂപവും എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിൽ, എല്ലാവരും ഭക്തിപുരസ്സരം പങ്കെടുക്കുന്നു. തോരണങ്ങളാലും മാലബൾബുകളാലും അലംകൃതമായ റോഡുകളിലൂടെ പ്രദക്ഷിണം നീങ്ങുമ്പോൾ, വിശുദ്ധനോടുള്ള ബഹുമാനത്താൽ വാഹനങ്ങളെല്ലാം റോഡിന്റെ ഓരം ചേർത്തു നിർത്തിയിട്ടിരിക്കും. നാട്ടിൽനിന്ന് എല്ലാ വ്യഥകളും വ്യാധികളും വിശുദ്ധൻറെ മധ്യസ്ഥതയാൽ അകന്നു പോകട്ടെ! പ്രദക്ഷിണം പള്ളിയിൽ തിരിച്ചു കയറി പ്രാർത്ഥന കഴിയുന്നതോടെ “വിശുദ്ധനായ സെബസ്ത്യാനോസേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..” എന്ന ഗാനം, ബാൻഡ്‌സെറ്റ് അത്യുച്ചത്തിൽ വായിക്കുന്നതു കേൾക്കാൻ നല്ല സുഖമാണ്. അതോടുകൂടെ, “വമ്പിച്ച” കരിമരുന്നു പ്രയോഗം ആരംഭിക്കുന്നു. അതിനുശേഷം പള്ളിയുടെ സ്റ്റേജിൽ കലാപരിപാടികളാണ്.

ഇതിനോടകം, പെരുന്നാളു തീരുന്നതിന്റെ ചെറിയ സങ്കടം മനസ്സിൽ വരും. പെരുന്നാളിന് പങ്കെടുക്കാനെത്തിയ കളിക്കൂട്ടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വീട്ടിൽനിന്നു തിരിച്ചു പോകാറായി. ഉച്ചയ്ക്കത്തെ കുർബാനയ്ക്കു ശേഷം, വരിവരിയായി കെട്ടിയ കടകളിൽ നിന്നും വാങ്ങിച്ച മത്തങ്ങാ ബലൂൺ, ചുണ്ടു ചുവപ്പിക്കാനുള്ള പിങ്ക് നിറത്തിലുള്ള കോലുമിട്ടായി, മാലകൾ, വളകൾ, ഒരു വളയം അമർത്തുമ്പോൾ പാത്രത്തിൽ കൊത്തുന്ന കോഴികൾ, അങ്ങനെ കൗതുകങ്ങളെല്ലാം കൂട്ടുകാർക്കായി പങ്കു വെയ്ക്കണം. ഇനി, ഇതുപോലെ അടിച്ചുപൊളിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കണം! പക്ഷെ ഈ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും:

വിശുദ്ധനായ സെബസ്ത്യാനോസേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ…

Share This Post!