A Tale of Talents

A Tale of Talents

ഫെബ്രുവരിയിലെ ഒരു നനുത്ത പ്രഭാതം. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം; അമ്മ എഴുന്നേറ്റു എന്നു തോന്നുന്നു. പെട്ടെന്ന്, ”എടീ, എഴുന്നേൽക്ക്.. പള്ളിയിൽ പോകണ്ടേ?”എന്റെ മനസ്സ് വായിച്ചതു പോലെ, അമ്മ. മൗനം വിദ്വാനു ഭൂഷണം എന്ന ആപ്തവാക്യത്തെ മനസ്സാ നമിച്ചുകൊണ്ട്, ഞാൻ അനങ്ങാതെ കിടന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, അമ്മ പിന്നെയും: “ഇപ്പോൾ നീ എഴുന്നേറ്റില്ലെങ്കിൽ, നീ പള്ളിയിൽ പോകാൻ താമസിക്കും. കോട്ടായിലെ അമ്മച്ചി വളവു തിരിഞ്ഞു.”

വെളുപ്പാൻ കാലം, കുറേനേരം കൂടി പുതച്ചുമൂടി കിടന്നുറങ്ങുകയോ, തങ്ങളുടെ മരുമക്കളെ അടുക്കളയിൽ സഹായിക്കുകയോ ചെയ്യാതെ, പ്രായമായ അമ്മച്ചിമാർ, നിസ്സഹായനായി കുരിശിൽ തൂങ്ങിക്കിടക്കുന്ന ഒരു ദൈവത്തെ ആരാധിക്കാൻ, തിടുക്കത്തിൽ മുണ്ടും ചട്ടയും ധരിച്ചു, വളഞ്ഞുകുത്തിയ നടുവുമായി, കരഞ്ഞുനിലവിളിച്ചോടി, കൃത്യസമയത്തു പള്ളിയിലെത്തുന്നതിന്റെ സാംഗത്യം എനിക്കു മനസ്സിലായതേ ഇല്ല. എന്റെ വീട് പള്ളിക്കടുത്തായതുകൊണ്ട്, എല്ലാ അമ്മച്ചിമാരുടെയും സമയം എന്റെ അമ്മയ്ക്കു നല്ല തിട്ടമായിരുന്നു. മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ, അമ്മ അപ്പനെ വിളിച്ചു പറഞ്ഞു: “ആ കൊച്ചിനോട് വേഗം പള്ളിയിൽ പോകാൻ പറ.” തന്റെ പ്രാണപ്രേയസിയുടെ ഒരാഗ്രഹവും സാധിച്ചു കൊടുത്തില്ല എന്നിരിക്കിലും, തന്റെ മക്കളെ സ്വർഗ്ഗത്തിലെത്തിക്കാനുള്ള അവളുടെ പദ്ധതിക്കു സർവ്വപിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് അപ്പൻ എന്നോടു പറഞ്ഞു: “എടീ, പള്ളിയിൽ പോകാൻ പറഞ്ഞത് കേട്ടില്ലേ?” വാക്കുകളുടെ മൂർച്ചയും ശബ്ദത്തിന്റെ കാഠിന്യവും ഒളിമ്പിക്സ് മത്സരത്തിന്റെ ആരംഭത്തിനുള്ള വെടിയൊച്ച പോലെ എന്റെ കാതിൽ പതിച്ചു. ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിലായിരുന്നു എന്റെ പ്രതികരണം. അഞ്ചു മിനിറ്റു കൊണ്ടു പ്രഭാതചര്യകളും, മൂന്നു മിനിറ്റു കൊണ്ടു വസ്ത്രം മാറലും കഴിഞ്ഞു ഞാൻ റെഡി! വേഗം ഒരുങ്ങി വന്ന എന്നെ, ‘നീയൊക്കെ അപ്പൻ പറഞ്ഞാലേ അനുസരിക്കൂ അല്ലേ,’ എന്ന മട്ടിൽ ഒന്നു നോക്കി, അമ്മ മൊഴിഞ്ഞു: “മോളെ, കുരിശുവരപ്പെരുന്നാൾ അല്ലേ? വേഗം പള്ളിയിൽ പോകൂ.” എന്റെ തലയിൽ ഒരു ഇടിത്തീ വീണതു പോലെ! അപ്പോൾ ഇന്നു ശനിയാഴ്ചയല്ലേ? എല്ലാ ശനിയാഴ്ചയും, മഴയായാലും വെയിലായാലും, എന്നെ എഴുന്നേൽപ്പിച്ചു പള്ളിയിൽ പറഞ്ഞു വിടുന്ന സ്വഭാവമാണ് എന്റെ അമ്മയ്ക്ക്. ചെയ്തതും ചെയ്യാത്തതുമായ ഗൃഹപാഠങ്ങളും, കണക്കിന്റെ പരീക്ഷയും, സിസ്റ്റർ ആൻ മരിയയുടെ നുള്ളും .. എല്ലാം ഒരു ടിക്ടോക് വീഡിയോ പോലെ എന്റെ മനസ്സിലൂടെ കടന്നുപോയി.

ഞാൻ പറഞ്ഞു: “അമ്മെ, ഞങ്ങൾക്ക് ഇന്ന് പള്ളിക്കൂടത്തിൽ കുർബാനയുണ്ട്; ഞാൻ അവിടെ കണ്ടോളാം.” ഒരു ഇരയെ നഷ്ടമായ വേദനയിൽ അമ്മ അപ്പനെ നോക്കി ഇങ്ങനെ പറഞ്ഞു: “കൊച്ചിന് പള്ളിക്കൂടത്തിൽ കുർബാന ഉണ്ട്, നിങ്ങൾ പോകുന്നോ? ഇപ്പോൾ എഴുന്നേറ്റാൽ സമയത്തിന് എത്താം.” വളരുംതോറും പിളരുകയും, പിളരുംതോറും വളരുകയും ചെയ്യുന്ന തന്റെ രാഷ്ട്രീയപ്പാർട്ടിയുടെ വിഭജനവും തൊഴുത്തിൽ കുത്തും, രാവിലത്തെ പത്രത്തിൽ വായിച്ചു രസിച്ചുകൊണ്ടിരുന്ന എന്റെ അപ്പൻ കേട്ടഭാവം നടിച്ചില്ല. മാത്രമല്ല, പത്രത്തിലേയ്ക്കു മുഖം കുറച്ചുകൂടി പൂഴ്ത്തിവെച്ച് തന്റെ അനങ്ങാപ്പാറ നയം പ്രഖ്യാപിക്കുകയും ചെയ്തു. ഇനി ഈ രംഗത്ത് തനിക്കൊന്നും ചെയ്യാനില്ലെന്നു മനസ്സിലായ അമ്മ, പതുക്കെ, അടുക്കളയിലേയ്ക്കു നടന്നു. കുർബാന കാരണം ഏതു ക്ലാസ്സ് ആണ് ഇല്ലാതാവുക എന്നും, ഗൃഹപാഠം ഏതൊക്കെയാണ് ചെയ്യേണ്ടതെന്നും കൂലംകക്ഷമായ് ചിന്തിച്ചുകൊണ്ട്, ഞാൻ മുറിയിലേക്കും നടന്നു.

അപ്പോൾ അതാണ് കാരൃം: കുരിശുവരപ്പെരുന്നാൾ അഥവാ വിഭൂതി! നോമ്പിനെക്കുറിച്ചുള്ള ഓർമ്മകൾ ആരംഭിക്കുന്നത് പേതൃത്തായോടെയാണ്. നോമ്പിനു മുമ്പുള്ള ഞായറാഴ്ച, പോത്തിറച്ചിയോ കോഴിയോ മേടിച്ച്, ഞങ്ങളും പേതൃത്താ ആഘോഷിച്ചിരുന്നു. പേതൃത്തായുടെ പിറ്റേന്ന്, കുർബാനയ്ക്കു ശേഷം, തലേവർഷത്തെ കുരുത്തോല കരിച്ചുണ്ടാക്കിയ കരികൊണ്ട്, അച്ചൻ, തന്റെയും വിശ്വാസികളുടെയും മേൽ കുരിശുവരച്ചു കൊണ്ടാണ് കുരിശുവരപ്പെരുന്നാൽ ആരംഭിക്കുക. എന്റെ ചെറുപ്പകാലത്ത്, ഉപവസിച്ചതായിട്ടൊന്നും ഞാൻ ഓർക്കുന്നില്ല; എങ്കിലും, നോമ്പു കൃത്യമായി പാലിച്ചിരുന്നു. പള്ളിക്കൂടത്തിൽ നിന്നും, ടീച്ചർമാർ എന്നെ കുർബാനയ്ക്കു കൊണ്ടുപോയിരുന്നതും ഓർക്കുന്നു. എന്റെ വീട്ടിൽ അമ്പതു ദിവസവും പച്ചക്കറി തന്നെ. മത്സ്യമാംസാദികളും മദ്യവും, എല്ലാവരുംതന്നെ ഉപേക്ഷിച്ചിരുന്നു. പാരമ്പര്യമായി കൃഷിക്കാരായിരുന്നതിനാൽ, ഞങ്ങളുടെ സാധാരണ ഭക്ഷണം, മിക്കവാറും, പറമ്പിൽ നിന്നു കിട്ടുന്ന പച്ചക്കറികൾ തന്നെ ആയിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉണ്ടായിരുന്ന കോഴിക്കറിയും പോത്തുലർത്തിയതും ഇല്ലാതാകുന്നത് ഞങ്ങളെ കുറച്ചൊന്നുമല്ല ദുഃഖിപ്പിച്ചിരുന്നത്.

അടുത്തതു പെസഹാ വ്യാഴാഴ്ചയാണ്. അമ്മ രാവിലെ തന്നെ അടുക്കള വൃത്തിയാക്കും. വീടു വൃത്തിയാക്കുന്നതിൽ മനസ്സില്ലാമനസ്സോടെ ഞങ്ങളും പങ്കെടുക്കും. അപ്പവും പാലും എല്ലാവർക്കും ഇഷ്ടമായിരുന്നു. പള്ളിയിൽ രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ ആരാധന കാണും. ഞങ്ങൾ കുട്ടികൾ, ഒരു മണിക്കൂറോളം അതിൽ സംബന്ധിച്ചിരുന്നു. വൈകുന്നേരം പള്ളിയിലെ കുർബാനയും അപ്പം മുറിക്കലും കഴിഞ്ഞ്, അപ്പൻ വീട്ടിൽ അപ്പം മുറിച്ചിരുന്നു. പ്രായക്രമവും, ആണുങ്ങൾക്ക് ആദ്യം എന്നുള്ള ക്രമവും പാലിച്ചിരുന്നു. ദുഃഖവെള്ളിയാഴ്ച കുർബാന കഴിഞ്ഞ്, കുരിശു മുത്തി, കയ്പുനീരും കുടിച്ചിട്ട്, ഞങ്ങളുടെ അടുത്തുള്ള മാനാടി മലയിലാണ് കുരിശിന്റെ വഴിക്കു പോയിരുന്നത്. ഏഴെട്ടു കിലോമീറ്റർ ദൂരം കാണും മാനാടി മലയിലേക്ക്. നല്ല വെയിലും കുത്തനെയുള്ള കയറ്റവും, കുട്ടികളായ ഞങ്ങളുടെ മനസ്സിൽ, യേശുവിന്റെ ഗാഗുൽത്താ മലകയറ്റത്തിന്റെ വേദന നിറഞ്ഞ ചിത്രം കോറിയിട്ടുവോ! വഴിയോരത്ത്, പല കുടുംബങ്ങളും മോരുംവെള്ളം വച്ചിരുന്നത് ആശ്വാസമായിരുന്നു. ഉച്ചയ്ക്കു തിരിച്ചുവരുമ്പോൾ, തലേദിവസത്തെ പാലും അപ്പവും കഴിച്ചു വിശപ്പടക്കും. പിന്നെ രാത്രിയിൽ കഞ്ഞിയും, പയറും, ചമ്മന്തിയും. വിശപ്പു കാരണം, അതിനോക്കെ നല്ല സ്വാദായിരുന്നു. ഉപവാസം ഒന്നും അത്ര കൃത്യമായി പാലിച്ചിരുന്നതായി ഓർക്കുന്നില്ല.ദുഃഖശനിയാഴ്ച, പള്ളിയിൽ, കുർബാനയോടൊപ്പം, പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിക്കുന്ന കർമ്മങ്ങൾ കൂടി ഉണ്ടായിരുന്നു.

ഈസ്റ്റർ ദിനത്തിൽ, നോമ്പു വീടുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ ആയിരുന്നു. ഈശോ ഉയിർത്തെഴുന്നേറ്റതിലാണോ, അതോ, നോമ്പു വീടിയതിലാണോ കൂടുതൽ സന്തോഷം എന്നു ചോദിച്ചാൽ, ഉത്തരം മുട്ടിപ്പോകും! കാനോനിക നിയമമനുസരിച്ച്, സീറോ മലബാർ സഭാവിശ്വാസികൾക്ക്, വിഭൂതിയും ദുഃഖവെള്ളിയും, ഒരു നേരം മാത്രം ആഹാരം കഴിക്കുകയും മാംസം വർജ്ജിക്കുകയും ചെയ്യേണ്ട ദിനങ്ങളാണ്. നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും മാംസം വർജ്ജിക്കാൻ അവർ കടപ്പെട്ടവരാണ്. സഭാമാതാവ്, നോമ്പിന്റെ എല്ലാ ദിവസവും മാംസം വർജ്ജിക്കുന്നതിനെയും, വെള്ളിയാഴ്ചകളിൽ ഉപവസിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു.

നോമ്പിന്റെ ചരിത്രം:
ഏദൻ തോട്ടത്തിൽ വച്ചു ദൈവം, ആദിമാതാപിതാക്കളോട്, നന്മതിന്മകളുടെ വൃക്ഷത്തിൽ നിന്നു ഫലം ഭക്ഷിക്കരുതെന്നു കല്പിക്കുന്നതും, അവരുടെ അനുസരണക്കേടും മുതൽക്കു തന്നെ, നോമ്പിന്റെ ചരിത്രവും ആരംഭിക്കുന്നു. അവരുടെ അനുസരണക്കേട്, ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കിയത്. തിന്മയിലേയ്ക്കുള്ള മനുഷ്യന്റെ പ്രയാണം അവിടെ ആരംഭിച്ചു. അതിനു ശിക്ഷയായി ദൈവം അവരെ തോട്ടത്തിൽ നിന്നു പുറത്താക്കി. ഭൂമി അവർക്ക് മുൾച്ചെടികൾ മാത്രം ഫലം നൽകി. പാപത്തിന് അടിമകളായ മനുഷ്യരുടെ ആയുസ്സ് ദൈവം കുറച്ചു. നോഹയുടെ സമയത്തുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം, ബലഹീനരായ മനുഷ്യർക്കു ശക്തി പകരാനായി, ദൈവം മാംസവും വീഞ്ഞും നൽകി. അത്തരത്തിലുള്ള ഭക്ഷണമാണ് നോമ്പു സമയത്തു നാം വർജ്ജിക്കുന്നത്. മോശയും ഏലിയായും നാല്പതു ദിവസം ഉപവസിച്ചു. യഹൂദ പാരമ്പര്യത്തിലും ഉപവാസത്തിന് പ്രാധാന്യമുണ്ട്. ഈശോയും, തന്റെ പരസ്യജീവിത കാലത്തിനുമുമ്പ് നാല്പതു ദിവസം ഉപവസിച്ചു. ആദിമ ക്രൈസ്തവരും ഈസ്റ്ററിനു മുമ്പുള്ള നാല്പതു ദിവസങ്ങൾ, ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ചിരുന്നു. കാലക്രമത്തിൽ, ഈ പാരമ്പര്യം മാറി ഇന്നത്തെ പോലെയായി.

എന്തിന് ഉപവസിക്കണം?
വളരെ പ്രസക്തമായ ഒരു ചോദ്യം. മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്താൽ പോരേ, ഭക്ഷണം കഴിക്കാതിരിക്കുകയും മറ്റു കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യേണ്ട കാര്യമുണ്ടോ എന്നതാണ് ചോദ്യം. അദ്ധ്വാനിച്ചു പഠിക്കാതെ മത്സരപ്പരീക്ഷകളിൽ വിജയിക്കാമെന്നോ, കായികാദ്ധ്വാനം കൂടാതെ മാംസപേശികളെ ബലവത്താക്കാമെന്നോ മോഹിക്കുന്നവരാരും നമ്മുടെ ഇടയിലില്ല. ശരീരത്തെ അധീനത്തിൽ ആക്കാത്തവന്, അഹത്തെ അധീനത്തിൽ ആക്കാൻ സാധിക്കുമോ? വിത്തിന്റെ ഉപമയിൽ പറയുന്ന, വഴിയിൽ വീണ വിത്തിനെ മുൾച്ചെടികൾ ഞെരിച്ചു കളഞ്ഞതുപോലെ, ആത്മാവിന്റെ ഉന്നതമായ സ്വപ്നങ്ങളെ ശരീരത്തിന്റെ അഭിലാഷങ്ങൾ ഞെരിച്ചു കളയുന്നു. അഹത്തെ ഹനിക്കുന്നവനേ ദൈവത്തെ കാണാൻ സാധിക്കൂ. ആർഷഭാരത സംസ്കാരവും, നമ്മുടെ ചിരപുരാതന യോഗീവര്യന്മാരും പഠിപ്പിക്കുന്നതും ഇതുതന്നെ. എല്ലാ ലോകമതങ്ങളും, ഏതെങ്കിലും തരത്തിലുള്ള ഉപേക്ഷിക്കലിനെ അംഗീകരിക്കുന്നതായും നാം കാണുന്നു. ഹിന്ദുക്കളുടെ കർവാ ചവുത്തും, മുസ്ളീങ്ങളുടെ റംസാനും ഇതിന് ഉദാഹരണം. ഹിന്ദുമതത്തിൽ പുരോഹിതരായ ബ്രാഹ്മണർ സസ്യാഹാരം മാത്രം കഴിക്കുമ്പോൾ, പോരാളികളായ ക്ഷത്രിയർ മാംസം കഴിക്കാൻ നിർബന്ധിക്കപ്പെടുന്നു. (കൊള്ളലിലും തള്ളലിലുമുണ്ട് ത്യാഗം!) മേദസ്സ് നിറഞ്ഞ പന്നിമാംസം മുസ്ലീങ്ങൾക്കു ഹറാമാണല്ലോ. നാം ഭക്ഷണം ഉപേക്ഷിക്കുന്നതു കൊണ്ട്, ദൈവം സന്തോഷിക്കുന്നില്ല; മറിച്ച്, ലോകത്തോടും അതിന്റെ മോഹങ്ങളോടും ചേർന്നിരിക്കുന്ന മനുഷ്യനു ദൈവത്തെ കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ് അത്. ഒരു ആത്മീയ തപസ്യയാണ് നോമ്പെന്നു പറയാം. ദൈവത്തെക്കുറിച്ച് അറിയാനും, ദൈവത്തോട് അടുക്കാനും, ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിലൂടെ നമ്മുടെ ദിനചര്യകളെ ക്രമീകരിക്കാനും, നമ്മുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കാനും ഉള്ള സമയം. ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ പറയുന്നു: “ഒരു വർഷം ഒരു പാപമെങ്കിലും ദൂരീകരിച്ചാൽ, കുറച്ചു വർഷങ്ങൾക്കുള്ളിൽ നാം വിശുദ്ധരായി തീരും.” നമ്മുടെ ശരീരത്തിന്റെ ആവശ്യങ്ങളെ മറക്കാൻ, ആത്മാവിന്റെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാൻ, സഭാ മാതാവു തരുന്ന അവസരമാണ് നോമ്പ്. ശരീരത്തെ അതിന്റെ ദുരാശകളോടു ചേർത്ത് കുരിശിൽ തറയ്ക്കാനും ആത്മനിയന്ത്രണം കൈവരിക്കാനുമുള്ള സുവർണ്ണാവസരം!

“ഒരു വർഷം ഒരു പാപമെങ്കിലും ദൂരീകരിച്ചാൽ, കുറച്ചു വർഷങ്ങൾക്കുള്ളിൽ നാം വിശുദ്ധരായി തീരും.”

നോമ്പു കാലത്ത് നമുക്ക് എന്ത് ചെയ്യാം?
നോമ്പു കാലത്ത് നമുക്കിഷ്ടമുള്ള സാധനങ്ങളോ ഭക്ഷണങ്ങളോ വർജ്ജിക്കുന്നത് അനുപേക്ഷണീയമാണ്. പുകവലി, മദൃപാനം മുതലായ ദുഃശീലങ്ങൾ ഉപേക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാവുന്നതാണ്. സോഷ്യൽ മീഡിയ, മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവയുടെ ഉപയോഗം കുറയ്ക്കുകയോ, താല്ക്കാലികമായി ഉപേക്ഷിക്കുകയോ ചെയ്യാവുന്നതുമാണ്. പക്ഷെ,നോമ്പെടുത്തിട്ടു, പ്രീശൻമാരെപ്പോലെ, അതു ചെയ്യാതിരിക്കാൻ പഴുതു നോക്കരുത്. ഒരു പ്രാവശ്യം വീണുപോയാലും എഴുന്നേറ്റു വീണ്ടും നടക്കുക. കുരിശിന്റെ വഴി, കുർബാന, തിരുമണിക്കൂർ ആരാധന, വൃക്തിപരമായ പ്രാർത്ഥന, ബൈബിൾ വായന, ആത്മീയപാരായണം എന്നിവ പോലെയുള്ള നല്ല ശീലങ്ങളിലൂടെ ആത്മീയമായി വളരുക. അതോടൊപ്പം തന്നെ, കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായുമുള്ള ബന്ധം പുതുക്കാനും, ക്ഷമിക്കാനും ഒക്കെ ഉള്ള സമയമായും നോമ്പുകാലം മാറണം. സാമൂഹ്യ സേവനത്തിനും, അഗതികളെയും അനാഥരെയും സഹായിക്കുന്നതിനും, തീർത്ഥയാത്ര പോകുന്നതിനുമൊക്കെ ഈ കാലയളവ് തീകച്ചും അഭിലഷണീയമാണ്. എല്ലാറ്റിനും ഉപരിയായി, നല്ല കുമ്പസാരം നടത്തി വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

ശിശിരവും വസന്തവൂം ഹേമന്തവും ശരത്കാലവുമായ് കാലചക്രം അങ്ങനെ കടന്നു പോയി. പച്ചയായ ജീവിതാനുഭവങ്ങളും, ദുഃഖപരാജയങ്ങളും എന്റെ അപ്പനെ ഒരു ഉറച്ച ദൈവവിശ്വാസിയാക്കി. എന്റെ അമ്മയോ, എല്ലാ ദിവസവും പള്ളിയിൽ പോകാൻ തുടങ്ങി. ജീവിതത്തിന്റെ ഏതോ ഒരു വഴിത്താരയിൽ, ഉറക്കം നടിച്ചു കിടന്ന ആ പെൺകുട്ടി, കർത്താവുമായി പ്രണയത്തിലായി. സ്നേഹം പ്രതിബന്ധം അറിയുന്നില്ലെന്ന് ഇപ്പോൾ അവൾക്കു നന്നായി മനസ്സിലാകുന്നുണ്ട്. പഴമക്കാരായ ആ വല്യമ്മച്ചിമാരുടെ പുറകെ അവളും ഇപ്പോൾ ഓടുകയാണ്.

എത്രയോ തവണ!! ഇത്തവണയോ? ഈ വർഷത്തെ നോമ്പിനെക്കുറിച്ചു ഞാൻ ചിന്തിച്ചപ്പോൾ അതാണ് എന്റെ മനസ്സിലേക്കു വന്നത്. എത്രയോ പ്രാവശ്യം മധുരപലഹാരങ്ങൾ ഉപേക്ഷിക്കാമെന്ന് തീരുമാനമെടുത്തിട്ട് ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ പരാജയപ്പെട്ട അവസ്ഥ. നമുക്ക് മെസ്സിയെയും എംബാപ്പയെയും പോലെ ഊർജ്ജസ്വലരായി കളിക്കാം. ജയിക്കാൻ വേണ്ടി മാത്രം, ഉന്നതമായ നിതൃസമ്മാനത്തിനായി കളത്തിലിറങ്ങാം.

എന്റെ വിശുദ്ധ അൽഫോൻസാ കുടുംബത്തിലെ എല്ലാ സഹോദരങ്ങൾക്കും ഒരു നല്ല നോമ്പ് ആശംസിക്കുന്നു.

Share This Post!