A Tale of Talents

A Tale of Talents

മൂന്നിഞ്ചു നീളത്തിൽ നാവ്,
എല്ലി,ല്ലാതുള്ളൊരു സൂത്രം,
എല്ലു പൊടിക്കുവാൻ പോലും
കെല്പുള്ള യന്ത്ര,മീ നാവ്!

എത്ര വട്ടം ചിന്തിച്ചാലും
ഏറെ പിഴയ്ക്കുന്ന നാവ്,
തുമ്പത്തു വന്നൊരു വാക്ക്
തീ പോലെ തുപ്പുന്ന നാവ്!

പണിതുയർത്തുന്നതു നാവ്,
തച്ചുടയ്ക്കുന്നതും നാവ്,
തൈലം പൂശുന്നൊരു നാവ്,
വാളായ് മുറിപ്പതും നാവ്!

സത്യം മൊഴിഞ്ഞിടും നാവ്,
പൊഴി പറയുന്നതും നാവ്,
സ്തുതി പാടിടുന്നൊരു നാവ്,
പഴി പറയുന്നതും നാവ്!

ശിഷ്ടന്ന,നുഗ്രഹം നാവ്,
ദുഷ്ടനു ശാപമാം നാവ്,
അർത്ഥം പകർന്നിടും നാവ്,
വ്യർത്ഥം പുലമ്പിടും നാവ്!

മോണ തൻ മതിലു തകർത്ത്,
പല്ലിന്റെ വേലി പൊളിച്ച്,
ചാടി വരുന്നവൻ നാവ്,
ഹെന്റമ്മോ! നാവൊ,രുമ്പെട്ടോൻ!!

മൊഴികളെ മുത്തുകളാക്കാൻ
നാവിനെ നന്നായൊരുക്കാം,
നേരമ്പോക്കാകിലും തമ്മിൽ
നേരുള്ള കാര്യങ്ങൾ ചൊല്ലാം!

Share This Post!