പരിശുദ്ധ ജപമാല – അമ്മമാതാവിന്റെ സ്നേഹസമ്മാനം
Binu Biju2025-05-07T21:09:56-07:00കത്തോലിക്കാ കുടുംബങ്ങളിലെ പ്രാർത്ഥനാനുഷ്‌ഠാനങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ ജപമാല അമ്മമാതാവിന്റെ സ്നേഹസമ്മാനമാണ്. അത്, ദുഷ്ടാരൂപിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും, തന്മൂലമുള്ള സകല അനർത്ഥങ്ങളിൽ നിന്നും നമ്മെ മറച്ചു പിടിക്കാൻ പര്യാപ്തമായ സ്വർഗ്ഗീയ ആയുധമാണ്. അമ്മ മാത്രമാണ് തന്റെ മകന്റെ ഈ ലോകത്തിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം ഏറ്റവും കൂടുതൽ അടുത്തറിഞ്ഞിട്ടുള്ളത്. അമ്മയിലുള്ള പരിശുദ്ധാത്മ നിറവിൽനിന്നുളവായതാണ് ഈ അറിവ്. തന്റെ ഉദരത്തിൽ ദൈവകുമാരനെ വഹിച്ചപ്പോൾ തന്നിൽ വന്നു നിറഞ്ഞ ആ പരിശുദ്ധാത്മ ചൈതന്യം അഥവാ ജ്ഞാനം, സാക്ഷാൽ പരിശുദ്ധാത്മാവു തന്നെ. മറ്റാർക്കും ലഭിക്കാതെപോയ മഹാഭാഗ്യമാണത്. ദൈവപുത്രന്റെ അമ്മയാകാൻ വിളിക്കപ്പെട്ട അവളിൽ എത്രമാത്രം പരിശുദ്ധാരൂപിയുണ്ടായിരുന്നു എന്നതു ഉത്തരം അർഹിക്കാത്ത ഒരു ചോദ്യമാണ്. [...]