ഓർമ്മകളിലെ പുണ്യാളൻ
Molsy Thekkinieth2023-01-10T12:34:49-08:00"സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് വരുന്നുണ്ടല്ലോ!" ക്രിസ്മസ് കഴിയുമ്പോഴേക്കും ജനുവരി മാസത്തിലെ പെരുന്നാളിനുള്ള കാത്തിരിപ്പായി. "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ..." മനസ്സിൽ പതിഞ്ഞു കിടക്കുന്ന വരികൾ. ഒരു തൂണിൽ കെട്ടപ്പെട്ട്, മേലാകെ അമ്പുകൾ തറഞ്ഞു നിൽക്കുന്ന പുണ്യാളൻ. ഈ പുണ്യാളൻ അമ്പ് തറഞ്ഞാണോ മരിച്ചത്? ഈ അമ്പുകൾ എങ്ങനെ വ്യാധികൾ മാറ്റുന്നു? "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ... കേരളത്തിൽ ഒരുപാടു ഭക്തരുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിന്, അമ്പുപെരുന്നാൾ, മകരപ്പെരുന്നാൾ എന്നിങ്ങനെയും പേരുകളുണ്ട്. ചില സ്ഥലങ്ങളിൽ, വീടിനു മുറ്റത്ത് വാഴപ്പിണ്ടിയിൽ അലങ്കരിച്ച ബഹുവർണ്ണക്കൊടികൾ നാട്ടിയും എണ്ണവിളക്കുകൾ പിടിപ്പിച്ചും വീടുകൾ പെരുന്നാളിനായി ഒരുങ്ങുന്നു. അവിടങ്ങളിൽ അതു പിണ്ടിപ്പെരുന്നാളാണ്. [...]