കാൽവരിയിലെ കൂട്ടുകാർ
Shalini Pereppadan2023-03-28T08:27:45-07:00ചെറുപ്പകാലത്ത്, എനിക്കു ദുഃഖവെള്ളിയാഴ്ചകൾ, ‘Good Friday’ കൾ ആയിരുന്നു! പലചരക്കു കച്ചവടക്കാരനായ എന്റെ അപ്പച്ചൻ, ഒരു മുഴുവൻ ദിവസം വീട്ടിൽ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്ന, വർഷത്തിലെ ഏകദിവസം!! സാധാരണയായി, ആഴ്ചയിൽ ഒരുദിവസം കട അടച്ചാലും, അയൽപക്കക്കാരും മറ്റും വന്ന് അവശ്യസാധനങ്ങൾക്കായ് കാത്തുനിൽക്കുമ്പോൾ, താല്പര്യമില്ലാതെയാണെങ്കിലും, പലപ്രാവശ്യം കട തുറന്നു സാധനങ്ങൾ എടുത്തു കൊടുക്കാൻ അപ്പച്ചൻ നിർബന്ധിതനായിക്കണ്ടിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച, പക്ഷെ, ഏതോ അനന്യമായ ഔചിത്യബോധം അയല്ക്കാരിൽ വന്നു നിറയുകയാലാവാം, അന്നേ ദിവസം കട തുറക്കാൻ ആരും ആവശ്യപ്പെടാറില്ലായിരുന്നു. രാവിലെ തന്നെയുള്ള പള്ളിയിൽ പോക്കുകഴിഞ്ഞാൽ ഞങ്ങൾ മൂന്നു പെണ്മക്കളും, അപ്പച്ചനും, അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു കയറുകയായി. അന്ന് ‘ഒരുനേരം’ ആയതിനാൽ, പ്രാതൽ കഴിക്കാത്തതിന്റെ ‘ചൂളംവിളികൾ’ [...]