ഈശോ – സകല ജനതകളുടെയും രാജാവ് !

2022-11-03T18:34:34-07:00

എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ ഇടവകപ്പള്ളിയിൽ, ഈശോയുടെ രാജത്വത്തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. ആഘോഷമായ പാട്ടുകുർബാനയും സുദീർഘമായ പ്രസംഗവും എന്നെ ശാരീരികമായി അല്പമൊക്കെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും, അന്നേ ദിവസം വേദപാഠം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ ഉന്മേഷഭരിതമാക്കി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ, കുർബാനയ്ക്കു ശേഷം ക്രിസ്തു രാജന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ "ക്രിസ്തുരാജൻ ജയിക്കട്ടെ! രാജാധിരാജൻ വാഴട്ടെ" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും, വെളുപ്പും മഞ്ഞയും നിറങ്ങളുള്ള പതാക ആഞ്ഞു വീശിയും കൂട്ടുകാരോടൊത്തു റോഡിന്റെ അരികു പറ്റി നടന്നു പോയ നിമിഷങ്ങളിൽ സകല ഉത്സാഹവും സന്തോഷവും തിരിച്ചു വന്നിരുന്നു എന്നും ഞാനോർക്കുന്നു. ക്രിസ്തു രാജൻ ആരെന്നോ, വിശുദ്ധ കുർബാനയുടെ മഹത്വം എന്തെന്നോ അറിയാത്ത ബാല്യകാലത്തിന്റെ [...]