എത്രയോ തവണ!! ഇത്തവണയോ?

2023-02-21T15:19:02-08:00

ഫെബ്രുവരിയിലെ ഒരു നനുത്ത പ്രഭാതം. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം; അമ്മ എഴുന്നേറ്റു എന്നു തോന്നുന്നു. പെട്ടെന്ന്, ”എടീ, എഴുന്നേൽക്ക്.. പള്ളിയിൽ പോകണ്ടേ?”എന്റെ മനസ്സ് വായിച്ചതു പോലെ, അമ്മ. മൗനം വിദ്വാനു ഭൂഷണം എന്ന ആപ്തവാക്യത്തെ മനസ്സാ നമിച്ചുകൊണ്ട്, ഞാൻ അനങ്ങാതെ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, അമ്മ പിന്നെയും: “ഇപ്പോൾ നീ എഴുന്നേറ്റില്ലെങ്കിൽ, നീ പള്ളിയിൽ പോകാൻ താമസിക്കും. കോട്ടായിലെ അമ്മച്ചി വളവു തിരിഞ്ഞു.”വെളുപ്പാൻ കാലം, കുറേനേരം കൂടി പുതച്ചുമൂടി കിടന്നുറങ്ങുകയോ, തങ്ങളുടെ മരുമക്കളെ അടുക്കളയിൽ സഹായിക്കുകയോ ചെയ്യാതെ, പ്രായമായ അമ്മച്ചിമാർ, നിസ്സഹായനായി കുരിശിൽ തൂങ്ങിക്കിടക്കുന്ന ഒരു ദൈവത്തെ ആരാധിക്കാൻ, തിടുക്കത്തിൽ മുണ്ടും ചട്ടയും ധരിച്ചു, വളഞ്ഞുകുത്തിയ [...]