എഴുതപ്പെടാത്ത വചനം:
Somy Puthanapra2022-04-05T18:18:12-07:00എഴുതപ്പെടാത്ത വചനം: സോമി പുതനപ്ര രക്തവും വെള്ളവും ചാലുകീറിയ നിൻ വിരിമാറിൽ, വലിഞ്ഞു മുറുകിയ നീല ഞരമ്പുകളിൽ, മരണത്തോളം ആഴമുള്ള സ്നേഹവും, സ്നേഹത്തോളം ഉയരമുള്ള മരണവും ഞാൻ കണ്ടു! വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി, ഒരു ഹിസോപ്പു തണ്ടിൽ വച്ച്, ഞാൻ നിന്റെ ചുണ്ടോടു ചേർത്തു; എന്നാൽ, നിന്റെ ഉച്ച്വാസ വായുവിൻ ഗതിയിൽ അതു താഴെ വീണുടഞ്ഞുപോയ്.. അപ്പോൾ, പാതി കൂമ്പിയ മിഴിപ്പൂക്കൾ മെല്ലെ തുറന്ന്, ആർദ്രമൊരു നിമന്ത്രണം പോൽ നീ എന്നോടു ചോദിച്ചു: “അല്പം കൂടി ആത്മാർഥമായ് നിനക്കു സ്നേഹിക്കാമോ?”