Chapter 1
“As I walked out the door toward the gate that would lead to my freedom, I knew if I didn’t leave my bitterness and hatred behind, I’d still be in prison.” ― Nelson Mandela
തിരക്കേറിയ നഗരത്തിന്റെ ഓരം ചേർന്നു ആമി വേഗത്തിൽ നടന്നു. ശീഘ്രം പായുന്ന വാഹനങ്ങളുടെ ഇരമ്പലും അവയുടെ ഇടതടവില്ലാത്ത ഹോണുകളും ഒന്നും അവളുടെ കാതിലേക്കു എത്തുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് ഗതകാല സ്മൃതികളുടെ വിഷമുള്ളുകളാൽ കലുഷിതമായിരുന്നല്ലൊ. ഭാരപ്പെട്ട ഓർമ്മകളുമായി ഓട്ടം തുടങ്ങിയിട്ട് കുറച്ചധികം വർഷങ്ങൾ തന്നെ ആയിരിക്കുന്നു. തന്നിൽ നിന്നു തന്നെയുള്ള ഒരു തരം ഒളിച്ചോട്ടം..
റീനി ഇതുവരെ വീട്ടിൽ എത്തിയിട്ടില്ലെന്നു കതകു തുറന്ന പാടേ ആമി തിരിച്ചറിഞ്ഞു. റഫ്രിജറേറ്ററിന്റെ വിരസമായ മൂളൽ ഒഴികെ വീട് ശബ്ദരഹിതം. കുറച്ചു വർഷങ്ങളായി ആമിക്ക് ആകെയുള്ള കൂട്ടു റീനിയാണ്; റീനിക്കും അങ്ങനെ തന്നെ.
ചായക്കു അടുപ്പത്തു വെള്ളം വച്ചിട്ട് അവൾ സോഫായിലേയ്ക്കു ചെരിഞ്ഞു. ഹാർഡ്ബോർഡു പോലുള്ള എന്തിലോ ആണ് താൻ ഇരുന്നതെന്ന് അവൾക്കു പെട്ടന്നു തന്നെ മനസ്സിലായി. പതുക്കെ ഒന്ന് പൊന്തി, ഒന്നു പരതി അവളതെടുത്തു നോക്കി. ഒരു പഴയ ഫോട്ടോ ആൽബം, കൂടെ ഇനിയും തുറന്നു നോക്കാത്ത ഒരു കത്തും.
ആദ്യം ഒന്നു മടിച്ചെങ്കിലും, പതിയെ പതിയെ അവൾ ആ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. പെട്ടെന്നു തന്നെ, അവളുടെ കണ്ണുകൾ ഒരു ഫോട്ടോയിൽ ചെന്ന് നിന്നു – അഞ്ച് വർഷമായി അവൾ കണ്ടിട്ടില്ലാത്ത അവളുടെ അപ്പന്റെ ഫോട്ടോയിൽ..
അന്ന് അപ്പനുമായി നടത്തിയ വാക്കു തർക്കം അവളുടെ ചെവിയിൽ ഇന്നലെ എന്ന പോലെ മാറ്റൊലി കൊണ്ടു:
“You’ll never make it out there. You need to learn patience and responsibility!”
ദേഷ്യംപൂണ്ട് അവളും എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
“You never believed in me! How do you think I became like this?”
ഇനിയൊരു മടങ്ങിവരവില്ലെന്നു മനസ്സിലുറപ്പിച്ച് അവൾ തന്റെ പിതൃഭവനം വിട്ടു പുറത്തേയ്ക്കു നടന്നു.
ഇപ്പോൾ ആ ഫോട്ടോ അവളെ നോക്കി പുഞ്ചിരിക്കുന്നതു പോലെ അവൾക്കു തോന്നി. അതിനടുത്തായി തുറക്കാത്ത ആ കത്ത്, അവൾ അഭിമുഖീകരിക്കാൻ തയ്യാറല്ലാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ അനാഥമായി കിടന്നിരുന്നു. ഫോണിൽ വന്ന ഒരു മെസ്സേജ് അവളെ വർത്തമാനകാലത്തേയ്ക്കു കൂട്ടിക്കൊണ്ടു വന്നു. റീനിയുടെ മെസ്സേജ് ആയിരുന്നു:
“I’ll be late tonight. Going to meet John.”
ആമിയുടെ നെഞ്ച് ഒന്നു പിടഞ്ഞു. റീനിക്കും അവളുടെ സ്വന്തം ഭൂതകാലം ഉണ്ടായിരുന്നു. ജോൺ അവളുടെ സഹോദരനായിരുന്നു. വർഷങ്ങളായി അവർ സംസാരിച്ചിരുന്നില്ല. പണ്ടെങ്ങോ ഉണ്ടായ സാമ്പത്തികത്തർക്കവും, പിന്നെ അതേത്തുടർന്നുണ്ടായ അഭിമാനക്ഷതവും അവരെ വേർപിരിച്ചു.
ആമി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അടുക്കളയിലേക്ക് നീങ്ങി. റീനി ഇനി എപ്പോഴായിരിക്കും വരിക? അക്ഷമയായി അവൾ ക്ലോക്കിലേയ്ക്കു നോക്കി.
(തുടരും)