നാവ്!
മൂന്നിഞ്ചു നീളത്തിൽ നാവ്, എല്ലി,ല്ലാതുള്ളൊരു സൂത്രം, എല്ലു പൊടിക്കുവാൻ പോലും കെല്പുള്ള യന്ത്ര,മീ നാവ്! എത്ര വട്ടം ചിന്തിച്ചാലും ഏറെ പിഴയ്ക്കുന്ന നാവ്, തുമ്പത്തു വന്നൊരു വാക്ക് തീ പോലെ തുപ്പുന്ന നാവ്! പണിതുയർത്തുന്നതു നാവ്, തച്ചുടയ്ക്കുന്നതും നാവ്, തൈലം പൂശുന്നൊരു നാവ്, വാളായ് മുറിപ്പതും നാവ്! സത്യം മൊഴിഞ്ഞിടും നാവ്, പൊഴി പറയുന്നതും നാവ്, സ്തുതി പാടിടുന്നൊരു നാവ്, പഴി പറയുന്നതും നാവ്! ശിഷ്ടന്ന,നുഗ്രഹം നാവ്, ദുഷ്ടനു ശാപമാം നാവ്, അർത്ഥം പകർന്നിടും നാവ്, വ്യർത്ഥം പുലമ്പിടും നാവ്! മോണ തൻ മതിലു തകർത്ത്, പല്ലിന്റെ വേലി പൊളിച്ച്, ചാടി വരുന്നവൻ നാവ്, ഹെന്റമ്മോ! നാവൊ,രുമ്പെട്ടോൻ!! മൊഴികളെ മുത്തുകളാക്കാൻ നാവിനെ നന്നായൊരുക്കാം, നേരമ്പോക്കാകിലും തമ്മിൽ നേരുള്ള കാര്യങ്ങൾ ചൊല്ലാം!
രണ്ടു കള്ളന്മാർ!
ജനപ്രമാണികൾ അവനെ പരിഹസിച്ചാർത്തട്ടഹസിക്കവെ, പടയാളികള്‍ ഹിസോപ്പു തണ്ടിൽ മുക്കിയ വിനാഗിരി അവനു നേരെ നീട്ടി, കളിയാക്കി ചിരിക്കവെ, ഒരു വശത്തെ കുരിശില്‍ തൂക്കപ്പെട്ടിരുന്ന ഞാനും അവനെ ദുഷിച്ചു പറയവെ, അവന്റെ മറുവശത്തെ കുരിശിൽനിന്ന് ഒരാർത്തനാദം കേൾക്കയായ്: “യേശുവേ, നീ നിന്റെ രാജ്യത്തു വരുമ്പോൾ എന്നെയും ഓര്‍ക്കേണമേ..” രക്തവും വെള്ളവും വാർന്ന, ഗുരുവിൻ ഹൃത്തിൽനിന്ന് അവസാന തുടിപ്പൂപോൽ, ഉണങ്ങി വരണ്ട തൊണ്ടയിൽ നിന്നു മെല്ലെ മെല്ലെ മൃദുമന്ത്രണം പോൽ, ഉതിർന്നൂ മൊഴിമുത്തുകൾ, ഭാഗ്യതാരകം പോലെ: “നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.” ഒരുമാത്ര,യെൻ ശാപഗ്രസ്തമാം പ്രജ്ഞയിൽ ഏതോ അഭൗമപ്രകാശത്തിൻ നിഴലാട്ടമോ? എന്റെ അബോധമണ്ഡലത്തിൽ നിന്ന് ആരോ എന്നെ ശകാരിക്കുന്നതാവാം.. ‘അല്ലയൊ, ഭോഷാ!’ എന്ന് ഒളിച്ചിരുന്നെന്നെ കളിയാക്കുന്നതാവാം.. കണ്ടിട്ടും കാണാത്തവൻ, കേട്ടിട്ടും കേൾക്കാത്തവൻ, പൊട്ടക്കിണറുകളിൽ ജലം തേടിയലഞ്ഞ നിസ്വൻ, ‘സത്യം ഇരിക്കവേ, സാക്ഷി തേടിപ്പോയ അല്പൻ, പാപത്തിൻ വിഷവിത്തുപാകി, മരണത്തിൻ കളകൾ കൊയ്തു കൊയ്തു കൂട്ടിയ ദുർഭഗനായ മനുഷ്യൻ, പറുദീസാനഷ്ടത്തിൻ ദുഃഖം ഘനീഭവിച്ചൊരാ - [...]
അമ്മച്ചി
അമ്മച്ചി സ്വയം കത്തിയെരിഞ്ഞ്, എല്ലാവർക്കും ചൂടും വെളിച്ചവും നൽകിക്കൊണ്ടേയിരുന്നു;കത്തിപ്പടരുന്ന വിറകുകൊള്ളി പോലെ ..അമ്മച്ചി എപ്പോഴും എല്ലാവരോടും ഓരോരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു;തിളച്ചു തൂവുന്ന കഞ്ഞിക്കലത്തിന്റെ അടപ്പു പോലെ ..മക്കൾക്കും ഭർത്താവിനും വച്ചുവിളമ്പി മിച്ചംവന്ന കഞ്ഞിവെളളം ഒരു കോപ്പയിൽ കോരി അമ്മച്ചി മടുമടെ കുടിച്ചു;ഹാ! എന്തു ദാഹം!മൺചട്ടിയിൽ ബാക്കിയായ പുഴമീനിന്റെ ചാറ് രണ്ടു വറ്റു കുത്തരിച്ചോറു കൂട്ടിക്കുഴച്ച് അമ്മച്ചി കഴിച്ചു;വിശിഷ്ടവിഭവം പോലെ ..കരിപുരണ്ട പാത്രങ്ങൾക്കിടയിൽ അമ്മച്ചി തിളങ്ങി വിളങ്ങി നിന്നു;ഒരു വിലയേറിയ മുത്തു പോലെ ..ചാണകം മെഴുകിയ നിലത്തു വിരിച്ച തഴപ്പായയിൽ അമ്മച്ചി നീണ്ടു നിവർന്നു കിടന്നുറങ്ങി;ഒരു സങ്കല്പ രാജകുമാരിയെപ്പോലെ ..വീടു മേഞ്ഞിരുന്ന ഓലക്കീറിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രവെട്ടം അമ്മച്ചിയുടെ മുഖകാന്തിയും മേൽച്ചുണ്ടിലെ മനോഹരമായ കറുത്ത മറുകും കണ്ട് അമ്പരന്നു:ഭൂമിയിൽ വേറൊരു ചന്ദ്രികയോ!വെളുവെളാ വെളുപ്പിനു ചട്ടയും മുണ്ടും ഉടുത്ത്, കാതിൽ കുണുക്കിട്ട്, അമ്മച്ചി പള്ളിയിലേക്ക് ഓടി;ഒരു ഇളംകാറ്റു പോലെ!കതിരു കൊയ്യുന്ന ആദിവാസി പെൺകൊടികൾക്കിടയിൽ അമ്മച്ചി തോളോടുതോൾ ചേർന്നു നിന്നു;കൊയ്യാൻ പാകമായ നെൽക്കതിർ പോലെ ..ഓർമ്മകളുടെ നടുമുറ്റത്ത് [...]