ഐ ടേൺ (‘iTurn’)
Saiju Jose2025-07-02T11:30:48-07:00ഹോസ്പിറ്റലിൽ രവിയുടെ മുറിക്ക് പുറത്ത് റീമ മടിച്ചു നിന്നു. ഇടനാഴിയിൽ മുഴുവൻ മരുന്നിന്റെ മണമായിരുന്നു. എല്ലാവരും ദുഃഖിതരായി അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടക്കുന്നതു കാണാമായിരുന്നു. ആശുപത്രിയെന്നാൽ മൊത്തത്തിൽ ഒരു ദുഖമാണ്, പ്രസവ വാർഡ് ഒഴികെ. കുറച്ചു നേരം നിശ്ചലയായ് അവൾ അവിടെ നിന്നു, അവളുടെ കൈ ഡോർ ഹാൻഡിലിനു മുകളിലൂടെ ചലിച്ചു. അവൾ കണ്ണുകൾ അടച്ച് ഒരു ദീർഘ നിശ്വാസമെടുത്ത് അകത്തേക്ക് കയറി. ഹാർട്ട് മോണിറ്ററിന്റെ നേരിയ ബീപ്പിംഗ് ഒഴികെ മുറിനിശ്ശബ്ദമായിരുന്നു. രവി കട്ടിലിൽ കിടക്കുകയായിരുന്നു. ഒരിക്കൽ കണ്ടാലാരും നോക്കിപ്പോകുന്ന അവന്റെ മുഖം വളരെ വിളറി പോയിരിക്കുന്നു. അവനെ ഇങ്ങനെ കണ്ടപ്പോൾ റീമയുടെ ഹൃദയം അവൾ പ്രതീക്ഷിക്കാത്ത വിധം വേദനിച്ചു. [...]


