സ്വർഗ്ഗം
Somy Puthanapra2022-11-15T16:40:00-08:00ഒരു സ്വപ്നത്തിൽ ഞാൻ സ്വർഗ്ഗകവാടത്തിങ്കലെത്തി! അപ്പോൾ, പത്രോസ് എന്നെ തടഞ്ഞു നിർത്തി ചോദിച്ചു: അസ്തമയ സൂര്യന്റെ ആലിംഗനത്തിൽ കടൽ ഒരു നവവധുവിനെ പോലെ നാണംകുണുങ്ങി നില്ക്കുന്നതു നീ കണ്ടിട്ടുണ്ടോ? ഇരുട്ടു പരക്കും മുമ്പ്, കൂടണയാൻ വെമ്പുന്ന അമ്മക്കിളിയുടെ നെഞ്ചിടിപ്പു നീ കേട്ടിട്ടുണ്ടോ? ഒരു കൊതുമ്പു വള്ളം പോലെ, താനേ തുഴഞ്ഞു തുഴഞ്ഞു പോകുന്ന ചന്ദ്രക്കലയുടെ താളത്തിൽ നീ സ്വയം മറന്നു നിന്നിട്ടുണ്ടോ? നിലാവിൽ കുളിച്ചു നില്ക്കുന്ന രാത്രിയിൽ നിശാഗന്ധി വിടരുന്നതിന്റെ സുഗന്ധം നിന്നെ ഉന്മത്തനാക്കിയിട്ടുണ്ടോ? പുൽനാമ്പിൽ ഊറി നില്ക്കുന്ന മഞ്ഞുതുള്ളിയിൽ പ്രഭാതസൂര്യന്റെ കൈകൾ മെല്ലെ പതിയുമ്പോൾ വിടരുന്ന നക്ഷത്രപ്പൂക്കൾ നീ നോക്കി നിന്നിട്ടുണ്ടോ? പാടത്തു പണിയെടുക്കുന്നവന്റെ വിയർപ്പിന്റെ ഗന്ധവും [...]