ഒരു പെസഹാ ചിന്ത
ജിനോൾ ജോസ്
പെസഹാ ആചരണം എന്നും എന്റെ മനസ്സിൽ ഒരുപാടു നല്ല ഓർമ്മകൾ നൽകിയിട്ടുണ്ട്. ചെറുപ്പകാലത്ത് പെസഹാ ദിവസം രാവിലെ വല്യമ്മച്ചിയുടെ കൂടെ അമ്മച്ചിയുടെ കൂട്ടുകാരുമൊത്താണു പള്ളിയിൽ പോയിരുന്നത്. അവരുടെ അന്നത്തെ സംസാരം, മിക്കവാറും, വൈകുന്നേരം അപ്പം ഉണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു. പള്ളിയിൽ ചെന്നു കഴിഞ്ഞാൽ, അച്ചൻ കാലു കഴുകുന്നതു കാണുവാൻ കൂട്ടുകാരുമൊത്ത് പള്ളിയുടെ ഒത്ത നടുക്കുള്ള സീറ്റിൽ ഇരിപ്പുറപ്പിക്കുന്നതും, പെസഹായുടെ എല്ലാ കർമ്മങ്ങളും സാകൂതം വീക്ഷിക്കുന്നതും ഇന്നും പച്ചയായ ഓർമ്മയായി മനസ്സിലുണ്ട്.
അന്നത്തെ ദിവസം, വല്യമ്മച്ചിയും മമ്മിയും അടുക്കളയിൽ അപ്പവും പാലും ഒരുക്കുന്നതിനുള്ള തിരക്കിലായിരിക്കും. എനിക്കും ചേട്ടനുമുള്ള ജോലിയാകട്ടെ, വീടുമുഴുവൻ വൃത്തിയാക്കുകയാണ്. പിന്നീട്, വൈകുന്നേരമാകുമ്പോൾ, ഓശാന ഞായറാഴ്ച പള്ളിയിൽ നിന്ന് കൊണ്ടുവന്ന ഉണങ്ങാതെ സൂക്ഷിച്ചുവച്ച കുരുത്തോലയിൽ ഒന്നെടുത്തു വൃത്തിയായ് മുറിച്ചു കുരിശുണ്ടാക്കി ചാച്ചനെ ഏല്പിക്കണം; ആ കുരിശു വച്ചാണ് വൈകുന്നേരത്തെ കുരിശപ്പം ചാച്ചൻ തയ്യാറാക്കുന്നത്. വൈകുന്നേരത്തെ ഒരു മണിക്കൂർ ആരാധനയ്ക്കു പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവർഷവും രണ്ടപ്പമെങ്കിലും അമ്മച്ചി പൊതിഞ്ഞു വയ്ക്കും. എന്തിനാണെന്നല്ലെ? പാരമ്പര്യമനുസരിച്ച്, ആരുടെയെങ്കിലും പ്രിയപ്പെട്ടവർ തന്നാണ്ടിൽ മരിച്ചു പോയാൽ ആ വർഷം ആ വീട്ടിൽ അപ്പം ഉണ്ടാക്കിക്കൊടുക്കുന്നത് അടുത്തുള്ള വീട്ടിൽ നിന്നാണ്; അവർക്കുള്ള കരുതലാണ് ആ രണ്ടപ്പം! പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും നല്ല പാഠങ്ങൾ ഞങ്ങൾ സ്വായത്തമാക്കിയത് ഇത്തരം കൊച്ചു കൊച്ചു പങ്കുവയ്ക്കലുകളിൽ കൂടി ആയിരുന്നു.
വൈകുന്നേരം പള്ളിയിൽ പാന വായിക്കുന്നതു കേൾക്കുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. വീട്ടിൽ കുടുംബ പ്രാർത്ഥനയ്ക്കു ശേഷം ബൈബിൾ വായിച്ച് ചാച്ചൻ അപ്പം മുറിച്ച് എല്ലാവർക്കും തരും. അതിനു ശേഷം അമ്മച്ചി ഒരു കഥ പറയും; അതു ശരിക്കും കഥയല്ല, അനുഭവസാക്ഷ്യം തന്നെയായിരുന്നു. അന്നത്തെ പെസഹാ അപ്പത്തിന്റെ മണവും അമ്മച്ചിയുടെ കഥകളുടെ രുചിയും ഇപ്പോഴും ഇന്ദ്രിയങ്ങളിൽ പടർന്നു കയറാറുണ്ട്.
പുറപ്പാട് പുസ്തകത്തിൽ പെസഹാ ആചരണത്തെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായ് ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. (പുറപ്പാട് 12: 24 – 27).
“ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായ് ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. (പുറപ്പാട് 12: 24 – 27).
യഹൂദർ പെസഹാ ഭക്ഷിച്ചതിനു ശേഷം, വീട്ടിലെ മുതിർന്നയാൾ കുട്ടികളുടെ ചോദ്യത്തിനു മറുപടിയെന്നോണം പുറപ്പാടു സംഭവം വിവരിച്ചു കൊടുക്കുമായിരുന്നു. ദൈവമായ കർത്താവ് എങ്ങനെയാണ് ഈജിപ്തിനെ അടിമത്തത്തിൽനിന്ന് തങ്ങളുടെ പിതാക്കന്മാരെ രക്ഷിച്ചതെന്ന് അവരെ പറഞ്ഞു കേൾപ്പിക്കും. എന്നാൽ, അമ്മച്ചിയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്നതു വർഷങ്ങൾക്കു മുമ്പു നടന്ന മലബാർ കുടിയേറ്റത്തിന്റെ ഐതിഹാസിക വിവരണങ്ങളായിരുന്നു. കഥാതന്തുവാകട്ടെ, ഇസ്രായേൽക്കാർ വാഗ്ദാന പേടകം കാത്തുസൂക്ഷിച്ചതു പോലെ മലബാറിലേക്കുള്ള യാത്രയിൽ കെടാവിളക്കു പോലെ അവർ ഹൃദയത്തിൽ ഏറ്റവും അമൂല്യമായി കാത്തുസൂക്ഷിച്ച ദൈവവിശ്വാസവും! കഷ്ടപ്പാടിന്റെയും വേദനകളുടെയും രോഗങ്ങളുടെയും ഇടയിലും, ദൈവാരാധനയിലും ദേവാലയകാര്യങ്ങളിലും അവർ കാണിച്ച ആത്മാർത്ഥതയും സ്ഥൈര്യവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്!
മരുഭൂയാത്രയിൽ, ഇസ്രായേൽകാർക്കു കുടിക്കാൻ നീരുറവയും ഭക്ഷിക്കാൻ മന്നായും പകൽ വഴികാട്ടാൻ മേഘ സ്തംഭവും രാത്രിയിൽ പ്രകാശം നൽകുവാൻ അഗ്നിസ്തംഭവുമായ് ദൈവം അവരുടെ കൂടെ നടന്നു. അമ്മച്ചിയുടെ കുടിയേറ്റക്കഥകളിൽ, ഇതുപോലെ ദൈവം നേരിട്ട് ഇടപെട്ട ഒരുപാടു കഥകൾ ഉണ്ട്. മോശയും അഹറോനും ജോഷ്വയും പഴയനിയമ ജനതയെ നയിച്ചതു പോലെ, അവരെ മലബാറിലേക്കു നയിക്കാനും ഒരുപാടു ധീരനായകന്മാരും എത്തിയിരുന്നു. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത വല്യപ്പച്ചനും എൻറെ മനസ്സിലെ ഒരു ഹീറോ ആയിരുന്നു. അമ്മച്ചിയുടെ വാക്കുകളിൽ പറഞ്ഞാൽ, “എല്ലാം ദൈവത്തിന്റെ ഓരോ പദ്ധതികളാണ്.”
ഇടവകക്കാരെല്ലാം ഒരു കുടുംബം പോലെ അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചും സഹകരിച്ചും ജീവിച്ചിരുന്ന കഥകൾ കേട്ടപ്പോൾ, പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഊഷ്മളത ഞാനനുഭവിച്ചു.വർഷങ്ങൾക്കുശേഷം, എന്റെ ചാച്ചൻ അമേരിക്കയിൽ എന്നെ കാണാൻ വന്നപ്പോൾ ലോസ് ആഞ്ചലസിലെ ഒരു ചെറിയ കൂട്ടായ്മയിൽനിന്ന് ഒരു വലിയ ഇടവകയായി അൽഫോൻസാ സമൂഹം വളർന്ന കഥകൾ ഞാനും പറഞ്ഞു കേൾപ്പിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒന്നു പുഞ്ചിരിച്ചിട്ടു ചാച്ചൻ പറഞ്ഞു: “മോഡേൺ കുടിയേറ്റം!” ഓർത്തപ്പോൾ, അതു വളരെ ശരിയാണെന്ന് എനിക്കും തോന്നി. പണ്ട്, സാമ്പത്തിക പ്രതിസന്ധിയും രോഗാവസ്ഥയും വന്യമൃഗങ്ങളുമായിരുന്നു വെല്ലുവിളികളെങ്കിൽ, അധുനിക സാങ്കേതികവിദ്യയുടെ അതിപ്രസരവും സാംസ്കാരികമായ വെല്ലുവിളികളും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ദൈവവിശ്വാസവുമാണ് ഇന്നത്തെ സമസ്യകൾ എന്നു മാത്രമേ വ്യത്യാസമുള്ളൂ. സാഹചര്യങ്ങൾ രണ്ടാണെങ്കിലും നമ്മുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെയാണ്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠയും നമ്മുടെ വിശ്വാസം പകർന്നു കൊടുക്കുവാനുള്ള തത്രപ്പാടുകളും! ഈ പെസഹാ ദിനത്തിലും, നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾ ചോദിക്കട്ടെ പെസഹാ ആചരണത്തിന്റെ ലക്ഷ്യം എന്തെന്ന്. നമുക്കും പറഞ്ഞു കൊടുക്കണം ദൈവം നമ്മെ നയിച്ച വഴികളെക്കുറിച്ചും അനുദിന ജീവിത സാഹചര്യങ്ങളിൽ നാം അനുഭവിച്ച ദൈവപരിപാലനയെക്കുറിച്ചും. നാമൊന്നു ചേർന്ന്, ഇവിടെ ഇങ്ങനെ ഒരു കൂട്ടായ്മയും ഒരു ഇടവക ദേവാലയവും നിർമ്മിച്ചതും ദൈവത്തിന്റെ പദ്ധതിയാണെന്ന് അവരും മനസ്സിലാക്കട്ടെ. വർഷങ്ങൾക്കു ശേഷവും, ഒരു പുതിയ തലമുറയ്ക്കു പകർന്നേകാൻ, വിശ്വാസത്തിന്റ ഒരു നറുതിരി വെട്ടം കൊളുത്തിവയ്ക്കാൻ അവർക്കും കഴിയട്ടെ. അവർ ഏതൊക്കെ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്താലും അവിടെയൊക്കെ ഒരു കൂട്ടായ്മയും ഒരു ദേവാലയവും അവർക്കും നിർമ്മിക്കാൻ ആവട്ടെ.
ഇന്നത്തെ പെസഹാ ആചരണം എന്നെ വീണ്ടും ഓർമ്മിപ്പിക്കുന്നത് യേശുവിൻറെ അന്ത്യത്താഴ സമയമാണ്. ഈജിപ്തിലെ അടിമത്തം പോലെതന്നെ, പാപത്തിന്റെ അടിമത്തത്തിൽ കഴിയുന്ന നമ്മെ സ്വന്തം ജീവൻ നൽകി രക്ഷിക്കുവാനും നമുക്കായ് പുതിയ പെസഹാ ഒരുക്കുവാനും സ്വയം ബലിയായ ദൈവപുത്രന്റെ പരിശുദ്ധ കുർബാന തന്നെ അത്.“പിന്നെ അവന് അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.” (ലൂക്കാ 22 : 19).
“പിന്നെ അവന് അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.” (ലൂക്കാ 22 : 19).
ഓരോ വിശുദ്ധ കുർബാന അർപ്പണത്തിലും, യേശുവിന്റെ ആ പെസഹാ രഹസ്യത്തിൽ നാമും പങ്കാളികളാകുന്നു. ആദിമ ക്രൈസ്തവർക്ക് അപ്പം മുറിക്കലും കൂട്ടായ്മയും ആയിരുന്നു ശക്തികേന്ദ്രം. ഇന്ന് വിശുദ്ധകുർബാനയാണ് നമ്മുടെ ശക്തികേന്ദ്രം. പുതിയ പെസഹാ കുഞ്ഞാടായ യേശുവിന്റെ ബലിയോടു ചേർത്തു നമ്മൾ സ്വയം ദാനമായ് അർപ്പിക്കുമ്പോൾ, അവിടുത്തോട് ഒന്നായിത്തീരുന്ന മഹാത്ഭുതമാകട്ടെ നമ്മുടെ ഓരോ ബലിയർപ്പണവും. ഈ കാലഘട്ടത്തിൽ ഓരോ പെസഹാ ദിനത്തിലും നമുക്ക് കുഞ്ഞുങ്ങളെ ദിവ്യബലിയോടു ചേർന്ന് ജീവിക്കുവാൻ പഠിപ്പിക്കാം. ഓരോ ബലിയർപ്പണവും ഓരോ പെസഹാ അനുഭവമായി മാറട്ടെ. നമ്മുടെ പൂർവികർ നമുക്കു പകർന്നു തന്ന വിശ്വാസവും ദിവ്യകാരുണ്യത്തോടുള്ള അഗാധമായ സ്നേഹവും തലമുറകളിലൂടെ അനർഗ്ഗളം പ്രവഹിക്കട്ടെ. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം കുടുംബങ്ങളിൽ വളർത്തിയെടുത്താൽ മാത്രമേ, ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തരണം ചെയ്യുവാൻ കുടുംബങ്ങൾക്ക് സാധിക്കുകയുള്ളൂ. ഫ്രാൻസിസ് പാപ്പാ പറയുന്നതു പോലെ, “വിശുദ്ധ കുർബാനയാണ് കുടുംബ കേന്ദ്രീകൃതമായ ആധ്യാത്മികതയുടെ ശക്തിസ്രോതസ്സ്” (സ്നേഹത്തിന്റെ ആനന്ദം 15).
“വിശുദ്ധ കുർബാനയാണ് കുടുംബ കേന്ദ്രീകൃതമായ ആധ്യാത്മികതയുടെ ശക്തിസ്രോതസ്സ്” (സ്നേഹത്തിന്റെ ആനന്ദം 15).
ആധുനിക സമൂഹവും നമ്മുടെ മക്കളും എല്ലാം ഉറ്റു നോക്കുന്നത് നമ്മുടെ ക്രൈസ്തവ ജീവിതശൈലിയിലേയ്ക്കു തന്നെയാണ്. നമ്മുടെ പരസ്പര സ്നേഹത്തിലൂടെയും സഹായം അർഹിക്കുന്നവരോടുള്ള സഹാനുഭൂതി യിലൂടെയും മറ്റൊരു ക്രിസ്തുവായി ജീവിക്കാൻ സാധിക്കുമ്പോഴാണ് ആധുനിക സമൂഹം ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെട്ടുക. യോഗ്യതയോടു കൂടി നാം അർപ്പിക്കുന്ന ഓരോ വിശുദ്ധ കുർബാനയും നമ്മെ നിത്യജീവിതത്തിനു അർഹരാക്കുന്നു. വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം. യുദ്ധഭൂമിയിൽ ബങ്കറുകളിൽ വച്ചു വിശുദ്ധ കുർബാന അർപ്പിക്കുന്നത് ഈയിടെ നമ്മൾ മാധൃമങ്ങളിലൂടെ കാണുകയുണ്ടായി. യുദ്ധങ്ങളുടെയും പകർച്ചവ്യാധികളുടെയും നടുവിൽ ദൈവത്തിലേക്ക് തിരിയുവാനും വിശുദ്ധ കുർബാന ജീവിതത്തിന്റെ കേന്ദ്രമാക്കുവാനും നമുക്കു പരിശ്രമിക്കാം. ഈ പെസഹാ ഓരു കടന്നു പോക്ക് ആവാതെ ഒരു തിരിച്ചു പോക്ക് ആകട്ടെ. ക്രിസ്തുവിന്റെ സ്നേഹത്തിലേയ്ക്കൊരു തിരിച്ചു പോക്ക്!