ഈശോയുടെ തിരുഹൃദയം
Shinitha Sony
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ?
ജൂൺ മാസത്തിൽ, ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചെഴുതണം, എന്തെങ്കിലുമൊക്കെ പറയണം എന്നാവശ്യപ്പെട്ടപ്പോൾ, ആദ്യം മനസ്സിലേയ്ക്കു വന്ന ചിന്ത ഇതാണ്: യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തിട്ടു പോലും ‘സ്നേഹിതാ’ എന്നു വിളിച്ച, ഉപാധികളില്ലാത്ത സ്നേഹം! അതിന്റെ ഉറവ എവിടെ നിന്നായിരിക്കും? എന്റെ ആശ്ചര്യകരമായ ചിന്ത ചെന്നെത്തി നിന്നത് എവിടെയാണെന്ന് അറിയാമോ ? ഈശോയുടെ തിരുഹൃദയത്തിൽ തന്നെ; സ്നേഹം വറ്റാത്ത തിരുഹൃദയത്തിൽ !
ഈ വാക്കുകൾ പറയുമ്പോൾ തന്നെ എന്തു മധുരമാണല്ലെ? സ്നേഹം വറ്റാത്ത തിരുഹൃദയം..
സ്നേഹം വറ്റാത്ത തിരുഹൃദയം
കാന്തം പോലെ ആകർഷിക്കുന്ന വാക്കും അനുഭവവും. ഈ സ്നേഹ കടലിൽ ആവോളം നീന്തിത്തുടിച്ചവർക്കെല്ലാം ഇതുതന്നെയായിരിക്കും പറയാനുണ്ടാവുക. ഒരുവട്ടമെങ്കിലും, ആഴത്തിൽ അനുഭവിച്ചറിഞ്ഞവർ തിരിഞ്ഞു നടക്കില്ല; നടക്കാൻ അവർക്കു സാധിക്കുമൊ?
ഒപ്പം, വേറൊരു ചിന്ത കൂടി മനസ്സിലേയ്ക്കു വന്നു: ഈശോ തന്റെ പന്ത്രണ്ടു ശ്ലീഹന്മാരെയും തിരുഹൃദയത്തോടു ചേർത്തു തന്നെയല്ലേ ഇരുത്തിയത്? എന്നിട്ടെന്തേ, യൂദാസ് തിരിഞ്ഞുനടന്നു?! ഏതോ ഒരു ബലഹീന നിമിഷത്തിൽ, എന്തേ, പത്രോസ് തള്ളി പറഞ്ഞു?! എല്ലാവരിലും നിന്നു വ്യത്യസ്തനായി, ഈശോയുടെ മാറിൽ തലചായ്ച്, തിരുഹൃദയത്തോടു ചേർന്നു കിടന്ന്, ആ സ്നേഹത്തെ തൊട്ടറിഞ്ഞ യോഹന്നാൻ ശ്ലീഹാ മാത്രം, പരിശുദ്ധ അമ്മയോടൊപ്പം, കാൽവരി ചുവടു വരെ നടന്ന്, പീഡാസഹനത്തിൽ പങ്കു ചേർന്നു കൊണ്ട് അവസാന നിമിഷം വരെ ഈശോയ്ക്ക് കൂട്ടായി നിന്നതിന്റെ രഹസ്യം എന്തായിരിക്കും? ചിന്തകൾ കടലുപോലെ അനന്തമായ്, മനസ്സിന്റെ തീരത്തേയ്ക്കു അലയടിച്ചാർത്തു വന്നു.. പലവട്ടം തിരുഹൃദയ നാഥനിൽ നിന്ന് അനുഭവിച്ചറിഞ്ഞ വറ്റാത്ത സ്നേഹം വത്സല ശിഷ്യന്റെ ഹൃദയത്തിൽ പടർന്നുകയറിയിട്ടുണ്ടാകണം, അല്ലെ? അത് തന്നെയല്ലേ അതിന്റെ രഹസ്യം?
അന്ത്യത്താഴ മേശയ്ക്കരികിൽ എന്ന പോലെ, ഇന്നും, ഈശോ നമ്മെ തിരുഹൃദയത്തോടു ചേർത്തു തന്നെ ഇരുത്തുന്നുണ്ട്. തള്ളി പറയാതെയും തിരിഞ്ഞു നടക്കാതെയും യോഹന്നാനെ പോലെ, നമ്മളും, അവിടുത്തെ സ്നേഹത്തെ തിരിച്ചറിയും എന്ന പ്രതീക്ഷയിലാണ് അവിടുന്ന്. തോമാശ്ലീഹായെ പോലെ “എന്റെ കർത്താവേ എന്റെ ദൈവമേ” എന്നു ഹൃദയം തുറന്ന് ഏറ്റു പറയുന്നതു കേൾക്കാൻ കാതോർത്തിരിക്കുന്ന ഒരു ഈശോയുണ്ടു നമുക്ക്. തിരുഹൃദയ വാതിൽ ഇങ്ങനെ തുറന്നിട്ടുകൊണ്ട്….
“എന്റെ കർത്താവേ എന്റെ ദൈവമേ” എന്നു ഹൃദയം തുറന്ന് ഏറ്റു പറയുന്നതു കേൾക്കാൻ കാതോർത്തിരിക്കുന്ന ഒരു ഈശോയുണ്ടു നമുക്ക്. തിരുഹൃദയ വാതിൽ ഇങ്ങനെ തുറന്നിട്ടുകൊണ്ട്….
ഈ സ്നേഹം തന്നെയല്ലെ കുരിശുകൾ വരുമ്പോൾ മാറിപ്പോകാതെ, സ്നേഹത്തോടെ അവയെ സ്വീകരിക്കാൻ നമുക്കു ശക്തി തരുന്നതും, കുരിശിൻ ചുവട്ടിൽ തന്നെ നമ്മെ പിടിച്ചു നിർത്തുന്നതും?
സ്നേഹത്തെ പ്രതി സഹിക്കുക – അതാണ് തിരുഹൃദയ നാഥൻ നമുക്കു കാട്ടിത്തന്ന വലിയ മാതൃക. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഒരിക്കൽ പറഞ്ഞത്, “ക്രിസ്തു സ്നേഹത്താൽ പിളർക്കപ്പെടുന്ന ഹൃദയമായിരിക്കണം ക്രൈസ്തവന്റേതെ”ന്ന്.
ക്രിസ്തു സ്നേഹത്താൽ പിളർക്കപ്പെടുന്ന ഹൃദയമായിരിക്കണം ക്രൈസ്തവന്റേതെ
ആവോളം തിരുഹൃദയ സ്നേഹം അനുഭവിച്ചവർ മറ്റൊരു സ്നേഹവും അന്വേഷിച്ചു പോകാൻ സാധ്യതയില്ല. കാരണം, വയറുനിറച്ചു കഴിച്ചവർക്ക് പിന്നെ എന്തു കൊടുത്താലും കഴിക്കാൻ സാധിക്കില്ല എന്നതു തന്നെ. എപ്പോഴും നിറഞ്ഞ അനുഭവം: അതായിരിക്കില്ലേ അവർക്കുണ്ടാവുക? തന്നെയുമല്ല ഒരിക്കലും വറ്റാത്ത തിരുഹൃദയ സ്നേഹത്തിൽ നിന്ന് നുകർന്നു കൊണ്ടേയിരിക്കുന്നവർ മറ്റൊരാളിലേയ്ക്ക് പകർന്നു കൊണ്ടേയിരിക്കയും ചെയ്യും; അതാണ് വേറൊരു പ്രത്യേകത. കാരണമെന്താണെന്നല്ലെ? നാം സ്വീകരിക്കുന്നത് കേവലം മനുഷ്യസ്നേഹമല്ല; പിന്നെയോ, തിരുഹൃദയ നാഥന്റെ സ്നേഹമാണ്.! വറ്റാത്ത നീരുറവപോലെ അതു നമ്മെ നനച്ചു കൊണ്ടിരിക്കും!
കൂട്ടുകാരെ, ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്ലാതെ, നമുക്കു കിട്ടിയ സ്നേഹം കൊടുത്തു കൊണ്ടേയിരിക്കാൻ, നമുക്കും പ്രാർത്ഥിക്കാം:
എന്നോടുള്ള സ്നേഹത്താൽ, സദാ സമയവും കത്തിയെരിയുന്ന ഈശോയുടെ തിരുഹൃദയമെ, അങ്ങയോടുള്ള സ്നേഹത്താൽ എന്നെ വീണ്ടും വീണ്ടും ജ്വലിപ്പിക്കണമെ. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലാതെ, മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമെ. ആമേൻ ?