A Tale of Talents

A Tale of Talents

ലോസ് ആഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവഴികളെ ഓർമ്മിച്ചെടുക്കാനും ധന്യമായ ആ ജീവിതത്തിൽ നിന്നു പ്രകാശം സ്വീകരിക്കാനും ലോസ് ആഞ്ചലസ്‌ സെൻറ് അൽഫോൻസാ സീറോ മലബാർ ദേവാലയം ഒരുങ്ങിക്കഴിഞ്ഞു! ജൂലൈ 22, 2022 മുതൽ ജൂലൈ 31, 2022 വരെ നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾ നഗരത്തെ ഭക്തിസാന്ദ്രമാക്കും. ഗോതമ്പുമണി അഴിഞ്ഞില്ലാതാകുന്നതുപോലെയും മെഴുകുതിരി കത്തിയമരുന്നതുപോലെയും തന്റെ ജീവിതം സഹനത്തിന്റെ തീച്ചൂളയിൽ എരിയാൻ വിട്ടുകൊടുത്ത ആ മഹാത്യാഗത്തിന്റെ ഓർമ്മകൾ അയവിറക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സഹർഷം സ്വാഗതം ചെയ്‌തുകൊള്ളുന്നു.

ജൂലൈ 22 നു വൈകിട്ട് 7:30 ന് കൊടിയേറുന്ന തിരുനാൾ ആഘോഷങ്ങൾ, ദിവസേനയുള്ള വിശുദ്ധകുർബ്ബാനയേയും വിശുദ്ധയോടുള്ള നവനാൾപ്രാർത്ഥനയേയും കേന്ദ്രീകരിച്ചായിരിക്കും മുന്നേറുക. ജൂലൈ 23 നു ഇടവകയിലെ യുവജനങ്ങളെയും 24 നു വേദപാഠക്‌ളാസ്സുകളിലെ കുട്ടികളെയും യഥാക്രമം സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ നടത്തപ്പെടും. യുവജനങ്ങൾ സംഘടിപ്പിക്കുന്ന തട്ടുകടയും സിനിമാ പ്രദർശനവും തിരുനാൾ ആഘോഷങ്ങളെ മോടിപിടിപ്പിക്കും. ജൂലൈ 25, 26, 27 തീയ്യതികളിൽ പതിനാലു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ സമർപ്പിച്ചു വിശുദ്ധബലിയർപ്പിക്കപ്പെടും. 28 നു വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും, 29 നു മാതാപിതാക്കളെയും പ്രത്യേകം പ്രത്യേകം അനുസ്മരിക്കുന്നതാണ്. ഓരോ ദിവസത്തെയും വിശുദ്ധബലിയർപ്പണത്തിനു  വിവിധ ഇടവകകളിൽ നിന്നുള്ള ബഹുമാന്യരായ വൈദികർ എത്തിച്ചേരുന്നതാണ്.

പ്രധാന തിരുനാൾ ദിവസങ്ങളായ ജൂലൈ 30, 31 തീയ്യതികളിൽ ആഘോഷമായ റാസാ കുർബ്ബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നീ വിശുദ്ധ കർമ്മങ്ങളും, കൂടാതെ, ചെണ്ടമേളവും വിവിധതരം കലാപരിപാടികളുമുണ്ടായിരിക്കും. വിശൂദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ  ചില സുപ്രധാന ഘട്ടങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, ഇടവകാംഗങ്ങൾ ചേർന്നവതരിപ്പിക്കുന്ന ‘ക്രൂശിതന്റെ പ്രണയിനി’ എന്ന മ്യൂസിക്കൽ ഡ്രാമ ആഘോഷരാവിനു മിഴിവേകും.

ജൂലൈ 30 ശനിയാഴ്ച വൈകിട്ട് നാലുമണിക്കും, 31 ഞായറാഴ്ച രാവിലെ പത്തു മണിക്കും തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഞായറാഴ്ചത്തെ റാസാ കുർബ്ബാന അർപ്പിക്കുവാനായി മുൻവികാരി ബഹുമാനപ്പെട്ട ഫാ. കുര്യാക്കോസ് കുമ്പക്കീൽ ഫിലാഡൽഫിയായിൽ നിന്നും എത്തിച്ചേരും. ആഗസ്റ്റ് 1 നു വൈകിട്ട് 7:30 ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാന, ഇടവകയിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയവരുടെ അനുസ്മരണാർത്ഥം കൊണ്ടാടപ്പെടും. തുടർന്ന്, ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ കൊടിയിറക്കി തിരുനാൾ ആഘോഷങ്ങൾക്കു സമാപനം കുറിക്കും.
എന്ന്,
വികാരിയച്ചനും ഇടവകാംഗങ്ങളും

Share This Post!