A Tale of Talents

A Tale of Talents

ലോസ് ആഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയിറങ്ങി!

തയ്യാറാക്കിയത്: സെലിൻ റോയ് & സോമി പുതനപ്ര

ലോസ് ആഞ്ചലസിലെ സാൻ ഫെർണാണ്ടോ വാലിയിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിലെ ഭക്തിസാന്ദ്രവും ആഘോഷനിർഭരവുമായ തിരുനാൾകർമ്മങ്ങൾക്ക് കൊടിയിറങ്ങി. ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ (സായനച്ചൻ) വിശുദ്ധബലിയർപ്പിച്ചു പരേതരായ ഇടവകാംഗങ്ങൾക്കുവേണ്ടി പ്രത്യേകപ്രാർത്ഥനകൾ നടത്തി. പതിനൊന്നു ദിവസം നീണ്ടുനിന്ന തിരുക്കർമ്മങ്ങളിൽ ഇടവകജനങ്ങളും അയൽഇടവകകളിൽ നിന്നുള്ള അനേകം വിശ്വാസികളും ഭക്തിപുരസ്സരം പങ്കുചേർന്നു. വിശുദ്ധകുർബാനയിലും അൽഫോൻസാമ്മയുടെ നവനാൾ പ്രാർത്ഥനകളിലും അയൽഇടവകകളിൽ നിന്നുള്ള വൈദികർ ഓരോ ദിവസവും ബലിയർപ്പിച്ചു സന്ദേശങ്ങൾ നല്കി.

ഇടവകാസ്ഥാപകനും എഴുത്തുകാരനുമായ ഫാ. പോൾ കോട്ടയ്ക്കൽ, മതബോധനക്‌ളാസ്സുകളിലെ കുട്ടികൾക്കായ് ബലിയർപ്പിക്കുകയും, ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകിയൊലിച്ച് ഉറയുന്നതാണ് യഥാർത്ഥ ആധ്യാത്മികത എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. യുവജനങ്ങൾ സംഘടിപ്പിച്ച ‘ചാരിറ്റി തട്ടുകട’ ഇത്തരുണത്തിൽ, ശ്രദ്ധേയമായി. പ്രധാനതിരുനാളിന്റെ തലേന്ന്, ക്നാനായ പള്ളിവികാരി ഫാ. സിജോ മുടക്കോടിൽ ബലിയർപ്പിച്ചു. അൽഫോൻസാമ്മയുടെ സഹനം നമ്മൾ ജീവിതപാഠമാക്കണമെന്ന് അച്ചൻ ഓർമ്മിപ്പിച്ചു. ആഘോഷരാവിനു മിഴിവേകിക്കൊണ്ടും ആത്മീയാനുഭൂതിയിൽ കാണികളുടെ കണ്ണും കരളും നനയിച്ചുകൊണ്ടും “ക്രൂശിതന്റെ പ്രണയിനി” എന്ന നൃത്തസംഗീതനാടകം അരങ്ങേറുകയുണ്ടായി. അൽഫോൻസാമ്മയുടെ ജീവിതവഴികളിൽ നിറഞ്ഞുനിന്ന സഹനത്തിന്റെ കൂർത്തമുള്ളുകളെ സ്നേഹാഗ്നികൊണ്ട് അവൾ എങ്ങനെയാണു ദഹിപ്പിച്ചില്ലാതാക്കിയതെന്നു പറയുന്ന ഈ കലോപഹാരം കാണികൾക്കായ് അണിയിച്ചൊരുക്കിയ ശ്രീമതി സോളി വെട്ടുകല്ലേലും സംഘവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അൽഫോൻസാ ഇടവകയിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളിൽ, കൈയ്യടിച്ചും നൃത്തംചവിട്ടിയും, സമൂഹമൊന്നാകെ പങ്കുചേർന്നു.

പ്രധാനതിരുനാൾദിനമായ ജൂലൈ 31 ന്, അൽഫോൻസാ ഇടവകയുടെ വികാരിയായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുള്ള ഫാ. കുര്യാക്കോസ് കുമ്പക്കിയിലിന്റെ സാന്നിധ്യം ഏവരെയും ഏറെ സന്തോഷിപ്പിച്ചു. കുര്യാക്കോസച്ചൻ നേതൃത്വം നല്കിയ ആഘോഷമായ റാസാ കുർബാനമധ്യേ ഫാ. ജോസ് ഫിഫിൻ സി. എസ്. ജെ. മനോഹരമായ സന്ദേശം നല്കി. കുറ്റപ്പെടുത്തലിന്റെ വേദനകളും ഒറ്റപ്പെടലിന്റെ നീറ്റലുകളും സ്നേഹത്തെപ്രതി സ്വീകരിക്കുന്നതാണ് യഥാർത്ഥ സഹനമെന്ന് അച്ചൻ പറഞ്ഞുവച്ചു. ഇടവകാംഗങ്ങൾ ഒന്നുചേർന്നു തയ്യാറാക്കിയ സമ്പൂർണ്ണബൈബിളിന്റെ കയ്യെഴുത്തുപ്രതിയും, അന്നേദിവസം, വികാരിയച്ചൻ പ്രകാശനം ചെയ്തു. മുത്തുക്കുടകളുടെ വർണ്ണശബളിമയോടും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടും കൂടെ വിശുദ്ധയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഏറെ ഹൃദ്യമായി. എല്ലാവർക്കുമായി സ്‌നേഹവിരുന്നും ഒരുക്കപ്പെട്ടിരുന്നു.

തിരുനാൾ കോർഡിനേറ്ററായ സിന്ധു വർഗ്ഗീസ് മരങ്ങാട്ട്, കൈക്കാരന്മാരായ സോണി അറയ്ക്കൽ, സന്തോഷ് കട്ടക്കയം, വിവിധ കമ്മറ്റി അംഗങ്ങൾ മുതലായവർക്ക്‌ സായനച്ചൻ പ്രത്യേകം നന്ദി പറഞ്ഞു. ഇനി അടുത്ത തിരുനാളിനുള്ള കാത്തിരിപ്പ് !

Share This Post!