A Tale of Talents

A Tale of Talents

ലിസ്യുവിലെ മഞ്ഞുകാലകുസുമം!
ലിറ്റിൽ ഫ്ലവറിനൊപ്പം ഈ മിഷൻ സൺ‌ഡേ.

ലിസ്യൂവിലെ ഒരു കോൺവെന്റിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിച്ച ആഗോള മിഷനറി മധ്യസ്ഥ! സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ജീവിച്ച ഒരു സാധാരണ പെൺകുട്ടി!! ‘രക്തസാക്ഷി’ എന്ന പദവിയോ പ്രത്യേകമായ എന്തെങ്കിലും സവിശേഷതയോ വലിയ വലിയ അത്ഭുതങ്ങളുടെ അകമ്പടിയോ ഈ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവൾ എന്ന ഖ്യാതിയോ ഉള്ളവളായിരുന്നില്ല കൊച്ചുറാണി. കേവലം ഒരു സാധാരണ പെൺകുട്ടി. കൊച്ചുകാര്യങ്ങളുടെ കൊച്ചുറാണി! അവളെക്കുറിച്ചു വി. പത്താം പീയൂസ് പറഞ്ഞതിപ്രകാരമാണ്: “ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” തന്റെ ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹാഗ്നിയാൽ സ്വർഗ്ഗത്തിന്റെ പൂന്തോട്ടത്തിൽ വിശുദ്ധ ചെറുപുഷ്പമായി എന്നും പ്രശോഭിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യാ. ഈ ഭൂമിയിൽ നന്മ മാത്രം ചെയ്ത് തന്റെ സ്വർഗ്ഗം ചെലവഴിക്കുമെന്നു പറഞ്ഞവൾ.

“ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.”

അവളുടെ മാതാപിതാക്കൾ തങ്ങളുടെ മകളെ നന്നേ ചെറുപ്പത്തിൽ തന്നെ പരിശുദ്ധദൈവമാതാവിനു പൂർണ്ണമായി സമർപ്പിച്ചിരുന്നു. അവളെ മാത്രമല്ല, തങ്ങളുടെ അഞ്ചുമക്കളെയും അവർ ഈശോയുടെ പൂന്തോട്ടത്തിൽ സമർപ്പിച്ചിരുന്നു. രണ്ടുപേരും വിശുദ്ധർ: വി. ലൂയി മാർട്ടിനും വി. സെലി മാർട്ടിനും. വൈദികനാകാനാഗ്രഹിച്ച ലൂയി മാർട്ടിനും സന്ന്യസ്തയാകാൻ കൊതിച്ച സെലിയും. എന്നാൽ ദൈവത്തിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു. ഒരു കൊച്ചുവിശുദ്ധയുടെ വിശുദ്ധ പിതാവും വിശുദ്ധ മാതാവുമാകുവാനുള്ള ദൈവവിളി.
മനുഷ്യന്റെ ആഗ്രഹങ്ങളേക്കാൾ ദൈവത്തിന്റെ പദ്ധതി എത്രയോ വലുതാണെന്ന് സാരം.

ലൂയിസിന്റെയും സെലീയുടേയും അഞ്ചാമത്തെ മകൾ- കൊച്ചുറാണി. സെലി മാർട്ടിൻ എന്ന വിശുദ്ധയായ അമ്മ കൊച്ചുറാണി ഉദരത്തിലായിരുന്നപ്പോഴേ നല്ല സ്വർഗ്ഗീയചിന്തകൾ കൊണ്ടുനടന്നിരുന്നു. അവർ ഇപ്രകാരം പറയുകയുണ്ടായി: ‘ഞാൻ എന്റെ കുഞ്ഞു മാലാഖായെ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു.” അവളുടെ ജനനത്തിനുശേഷം അവർ പറഞ്ഞു: “ഇവളെ ദൈവം എനിക്ക് ദാനമായി തന്നതാണ്, ദൈവത്തിനു തന്നെ ഞാൻ ഇവളെ കൊടുക്കുന്നു” എന്ന്.

സ്വർഗ്ഗത്തിനായി ആത്മാക്കളെ നേടണമെന്നുള്ള ചെറുപ്പത്തിലേയുള്ള അതിയായ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി അവൾ തന്റെ കൊച്ചു ത്യാഗങ്ങൾ ഈശോയ്ക്കു കാഴ്ചവച്ചു. കുഞ്ഞുകാര്യങ്ങളുടെ കൊച്ചുറാണി. എപ്പോഴും ചിരിക്കുന്ന, മറ്റുള്ളവരെ ചിരിപ്പിക്കുന്ന സ്വർഗ്ഗത്തിലെ കൊച്ചുറോസാപ്പൂ. രോഗങ്ങളിലും വേദനകളിലും പീഡകളിലും അവൾ സഹനത്തിന്റെ മൂർത്തീഭാവമായിരുന്നു. ഏറ്റവും ചെറുതാകുവാൻ കൊതിച്ചു സ്വർഗ്ഗം എന്ന ഒരേയൊരു ലക്ഷ്യത്തിലേക്കു തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ചെന്നു ചേർന്നവൾ. താൻ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ഭൂമിയിലേക്ക് റോസാപ്പൂക്കൾ വർഷിക്കുമെന്നു പറഞ്ഞവൾ.

‘The Shower of Roses’ എന്ന പുസ്തകത്തിൽ വിശുദ്ധയുടെ മാധ്യസ്ഥ്യം വഴിയായി ലഭിച്ച ഏതാണ്ട് മൂവായിരത്തോളം അത്ഭുതങ്ങൾ മനോഹരമായി വിവരിക്കുന്നുണ്ട്. കൊച്ചുറാണിയുടെ പേരിൽ എഴുന്നൂറോളം സന്യസ്തഭവനങ്ങളും ആയിരത്തി എഴുന്നൂറിലധികം ദൈവാലയങ്ങളും എട്ടു കത്തീഡ്രൽ ദൈവാലയങ്ങളും മുസ്ലിം രാജ്യമായ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഒരു ബസിലിക്കയും ഉണ്ടെന്നറിയുമ്പോൾ അത്ഭുതമാകുന്നു. ഇന്നും സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ ഈശോയുടെ പ്രിയപ്പെട്ട കൊച്ചുറാണി അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ തന്നോട് മാധ്യസ്ഥം അപേക്ഷിക്കുന്നവർക്ക് വർഷിച്ചുകൊണ്ടേയിരിക്കുന്നു. പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി, ചെറിയകാര്യങ്ങളുടെ വലിയ മധ്യസ്ഥയായ വിശുദ്ധയോടു നമുക്കും യാചിക്കാം. ചെറിയ കാര്യങ്ങളിൽ പോലും വിശ്വസ്തരാകുവാനും വിശുദ്ധിയിൽ വളരുവാനും സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ഈശോയ്ക്കുവേണ്ടി ആത്മാക്കളെ നേടുവാനുമുള്ള ആഗ്രഹത്താൽ മുന്നേറുവാൻ നമുക്ക് വിശുദ്ധയുടെ മാധ്യസ്ഥ്യം യാചിക്കാം. ഇന്നത്തെ ലോകത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ജീവിതവിശുദ്ധിയും സത്യവും നന്മയും സ്നേഹവും മറ്റുള്ളവരെ പരിഗണിക്കാനുള്ള കൊച്ചു പുണ്യങ്ങളും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വി.കൊച്ചുത്രേസ്യായെ നമുക്കു മാതൃകയാക്കാം.

ഹൃദയനൈർമല്യമുള്ളവർക്കും പാപികൾക്കും എപ്പോഴും ദൈവസന്നിധിയിൽ ഓടിയണയാനുള്ള സ്വാതന്ത്ര്യത്തിന്റെയും മാനസാന്തരത്തിന്റെയും കുഞ്ഞു വഴികൾ കൊച്ചുറാണി തുറന്നിട്ടിരിക്കുന്നു. ഈ കൊച്ചുവിശുദ്ധയെപ്പോലെ ചിരിച്ചും ചിരിപ്പിച്ചും, സ്നേഹിച്ചും സ്നേഹിപ്പിച്ചും ക്ഷമിച്ചും സഹിച്ചും, വിട്ടുകൊടുത്തും എളിമപ്പെട്ടും നമ്മുടെ ജീവിതങ്ങളും സ്വർഗ്ഗത്തിനും തിരുസഭയ്ക്കും അനുഗ്രഹദായകങ്ങളാക്കാം. ലോകം മുഴുവനും മിഷൻ സൺ‌ഡേ ആഘോഷിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ, മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ നമ്മുടെ കുഞ്ഞുങ്ങളെ ഒരുക്കുന്നതിനൊപ്പം, ധാരാളം ദൈവവിളികൾ ഉണ്ടാകുവാനും മിഷനറി പ്രേഷിതരുണ്ടാകുവാനും നമുക്ക് പ്രാർത്ഥിക്കാം.

“വിളവധികം, വേലക്കാരോ ചുരുക്കം; അതിനാൽ, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കുവിൻ.” (വി. മത്തായി 9: 37 – 38)

ലോകമെമ്പാടുമുള്ള എല്ലാ മിഷനറിമാരെയും എല്ലാ വൈദികരെയും സന്യസ്തരെയും ഈശോയ്ക്കു സമർപ്പിച്ചു പ്രാർത്ഥിക്കാം. വി. യോഹന്നാന്റെ സുവിശേഷത്തിൽ അദ്ധ്യായം 3: 30 ഇപ്രകാരം പറയുന്നു: “ഞാൻ കുറയുകയും അവൻ എന്നിൽ വളരുകയും വേണം.” നമ്മുടെ കുഞ്ഞുമക്കളെയും മറ്റുള്ള കുഞ്ഞുങ്ങളെയും ഒന്നായി കണ്ടുകൊണ്ടു അവരെ ഈശോയ്ക്കായി വളർത്താം. നമുക്ക് ചെറുതാകാം. കുഞ്ഞുങ്ങൾ ഈശോയിൽ വളരട്ടെ. അവർക്കായി എല്ലാം സമർപ്പിക്കാം. അവർക്കായി എല്ലാം വിട്ടുകൊടുക്കാം. നമ്മുടെ ഈശോ നമ്മുടെ കുഞ്ഞുങ്ങളിൽ വളരട്ടെ. നമ്മുടെ മക്കളും കൊച്ചുറാണിയെപ്പോലെ സ്വർഗ്ഗത്തിലെ കൊച്ചുറോസാപ്പൂക്കളായി പരിലസിക്കട്ടെ. എല്ലാവർക്കും മിഷൻ സൺ‌ഡേ ആശംസകളും പ്രാർത്ഥനകളും സ്നേഹപൂർവ്വം നേരുന്നു.
Jimmichen Mulavana

Share This Post!