A Tale of Talents

A Tale of Talents

ഗ്രീക്ക് പുരാണത്തിൽ ഒരു കഥയുണ്ട്. മനുഷ്യരിൽ അപ്രീതനായിത്തീർന്ന സീയൂസ് ദേവൻ, അവരിൽ നിന്ന് അഗ്നി ഒളിപ്പിച്ചു വയ്ക്കുന്നു. ദേവന്മാരിൽ ഒരുവനായ പ്രോമിതിയോസ്, മനുഷ്യരെ അത്രമേൽ സ്നേഹിക്കയാൽ, സ്വർഗ്ഗത്തിൽ നിന്ന് അഗ്നി കട്ടെടുത്ത്, അവർക്കു തിരികെ നല്കുന്നു. ഇതിൽ കോപം പൂണ്ട സീയൂസാകട്ടെ, പ്രോമിതിയൂസിനെ ഒരു വലിയ പാറയിൽ കാലങ്ങളോളം കെട്ടിയിടാൻ ഉത്തരവിടുകയും അവന്റെ കരളു കൊത്തിപ്പറിക്കാൻ ഒരു കഴുകനെ ഏല്പിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ നീളുന്നു.

പ്രോമിതിയോസിന്റെ കഥയുടെ കാതൽ സ്നേഹവും ത്യാഗവുമാണ്. സകല മനുഷ്യരെയും ദൈവവുമായി എന്നേയ്ക്കും വിളക്കിച്ചേർക്കുന്ന മനുഷ്യാവതാരരഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിയുന്നതും സ്നേഹത്തിന്റെ പര്യായമായ ത്യാഗത്തിന്റെ ചിത്രം തന്നെ. വിശുദ്ധ യോഹന്നാന്റെ ഭാഷയിൽ പറഞ്ഞാൽ, “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു!” (യോഹന്നാൻ 3:16) അതിരുകളില്ലാത്ത ദൈവസ്നേഹവും അതിൽനിന്ന് ഇതൾവിരിയുന്ന സമാധാനവുമാണ് മനുഷ്യാവതാരത്തിന്റെ സന്ദേശം എന്നു സാരം. “അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശമുദിച്ചു.” (ഏശയ്യാ 9:2) ഈ ഉദയസൂര്യനെ, ഈ സ്വർഗ്ഗക്കനലിനെ, പ്രവാചകൻ സമാധാനരാജാവെന്നു വിളിച്ചു: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.. സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും.” (ഏശയ്യാ 9: 6) ഇവിടെ, ഇതാ സ്വർഗ്ഗത്തിന്റെ അഗ്നി! മനുഷ്യന്റെ സങ്കടം തീർക്കാൻ, സ്വപുത്രനെ ഭൂമിയിലേയ്ക്കയ്ക്കാൻ തിരുവുള്ളമായ ദൈവപിതാവിന്റെ സ്നേഹാഗ്നി.. പാപത്തിന്റെ കൊടുംശൈത്യത്തിൽ തണുത്തുറഞ്ഞു പോയ ദൈവമനുഷ്യബന്ധത്തിനു ചൂടും വെളിച്ചവും പകർന്ന ദൈവപുത്രന്റെ ത്യാഗാഗ്നി.. അനന്യമായ സ്നേഹത്താൽ പ്രേരിതമായ ഈ അതുല്യത്യാഗത്തിന്റെ പുത്തൻ യാഗാഗ്നിയിലാണ് ഇനി ബന്ധങ്ങളുടെ മാറ്റ് തെളിയിക്കപ്പെടുക. ശുദ്ധമായതു തെളിഞ്ഞു തെളിഞ്ഞു വിളങ്ങും; കപടമായതു കരിഞ്ഞു കരിഞ്ഞു ചാരമാകും.

ബന്ധങ്ങളുടെ ആധാരം സ്നേഹമാണല്ലൊ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണ് ജീവിതം. സ്നേഹിക്കലാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി; വെറുക്കുന്നതു മഹാപാപവും. അതുകൊണ്ടുതന്നെ, സ്നേഹനിരാസം ഏറ്റവും കടുത്ത ശിക്ഷയാണ്. സ്നേഹം നിരസിക്കപ്പെട്ടവർ അസ്വസ്ഥരും അശാന്തരുമാണ്. തങ്ങളുടെ സ്നേഹം സ്വീകരിക്കപ്പെടുന്നില്ല എന്നു ഭയപ്പെടുന്ന അവർ, മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ പല കുറുക്കുവഴികളും കണ്ടെത്താൻ ശ്രമിക്കുമെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ്‌ അഡ്‌ലെർ പറയുന്നുണ്ട്. ഇത്തരക്കാരിൽ കണ്ടുവരുന്ന പലതരം വ്യക്തിത്വവൈകല്യങ്ങളും വിഷാദരോഗങ്ങളും, ലഹരിവസ്തുക്കളോടും മയക്കുമരുന്നുകളോടുമുള്ള അഭിനിവേശവും ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കരുണാർദ്രസ്നേഹവും സഹാനുഭൂതിയുമുള്ള (Merciful love and empathy) ആത്മീയമനുഷ്യർക്കു മാത്രമേ, ഇവരെ തിരികെപ്പിടിക്കാൻ കഴിയൂ. തങ്ങളുടെ ശരീരങ്ങളുടെ തൃഷ്ണകളെ മെരുക്കിയവരും ആത്മാവിൽ അനിർവചനീയമായ സമാധാനം അനുഭവിക്കുന്നവരുമാണ് ആത്മീയമനുഷ്യർ.വിനയാന്വിതമായ മനസ്സും അപരോന്മുഖമായ ജീവിതവുമാണ് അവരുടെ കൈമുതൽ.

എന്നാൽ, ഉൽക്കർഷതാബോധമെന്നു മനഃശാസ്ത്രജ്ഞന്മാർ ഓമനപ്പേരിട്ടു വിളിക്കുന്ന ‘അഹന്ത,’ മനുഷ്യമനസ്സുകളിൽ അസമാധാനത്തിന്റെ വിത്തുപാകുന്നു. അസൂയ, അപകർഷത, കുറ്റബോധം, ഭയം മുതലായ വേഷഭൂഷാദികളിൽ അതു പുറത്തേയ്ക്കു വരുന്നു. ഈദും ഈഗോയും സൂപ്പർഈഗോയും (Id, ego and superego) തമ്മിലുള്ള നിരന്തരസമരങ്ങളുടെ അശാന്തഭൂമികയാണ് മനുഷ്യമനസ്സെന്നു ഫ്രോയിഡും, എതിർദിശകളിലേയ്ക്കു വലിക്കുന്ന രണ്ടു കുതിരകളെക്കൊണ്ടു പൂട്ടിയ തേരാണ് അതെന്നു പ്ലേറ്റോയും പറയുന്നുണ്ട്. വിശുദ്ധ പൗലോസ്, അതിനെ ശരീരത്തിന്റെ അഭിലാഷങ്ങളെന്നാണ് വിളിക്കുക: “ജഡികാഭിലാഷങ്ങൾ മരണത്തിലേയ്ക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങൾ ജീവനിലേയ്ക്കും സമാധാനത്തിലേയ്ക്കും.” (റോമാ 8:6) “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാൻ പ്രവർത്തിക്കുന്നത്,” (റോമാ. 7:19) എന്നു നെടുവീർപ്പിടുന്ന ശ്ളീഹാ, മനുഷ്യന്റെ ഉള്ളിൽ പതിയിരിക്കുന്ന പാപത്തെയും, തന്മൂലമുള്ള മനുഷ്യന്റെ ദുർഭഗതയെയുമാണ് സൂചിപ്പിക്കുക. അപ്പോൾ, ‘ഞങ്ങളുടെ ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്ക’ എന്ന കർതൃപ്രാർത്ഥന മെല്ലെ രൂപാന്തരം ഭവിച്ച്, ‘ഞങ്ങളിൽ നിന്നു തന്നെ ഞങ്ങളെ രക്ഷിക്ക’ എന്നോ, ‘ശരീരത്തിന്റെ തൃഷ്ണകളിൽ നിന്നു ഞങ്ങളെ രക്ഷിക്ക’ എന്നോ ഒക്കെയായി മാറുന്നതു കാണാം. ചലനാത്മകവും കർമ്മനിരതവുമാകണം നമ്മുടെ പ്രാർത്ഥനകൾ എന്നർത്ഥം. നീണ്ടുനില്ക്കുന്ന സമാധാനവും സന്തോഷവുമായിരിക്കും അതിന്റെ ഫലങ്ങൾ. അങ്ങനെ, അവനവനോടു തന്നെ പടവെട്ടി നേടുന്ന വിജയത്തിന് ഇരട്ടി മധുരമായിരിക്കും.

മനുഷ്യന്റെ അഹന്തയോടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ദൈവത്തിന്റെ മനുഷ്യാവതാരം. പുൽക്കുടിലിലെ കൽത്തൊട്ടിയിൽ പിറന്ന ദൈവം സ്വയം ശൂന്യമാകുന്നതിന്റെ മകുടോദാഹരണമാണ്. (Kenosis) “ഇതാ കർത്താവിന്റെ ദാസി, അവിടുത്തെ തിരുഹിതം പോലെ എന്നിൽ നിറവേറട്ടെ,” എന്ന മറിയത്തിന്റെ വാക്കുകൾ, സമ്പൂർണ്ണസമർപ്പണത്തിന്റെയും അനുസരണത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരു വാക്കും പറയാതെ, ദൈവത്തിന്റെ പദ്ധതികൾക്കു ജീവിതം തീറെഴുതിക്കൊടുത്ത ജോസഫ്, താൻപോരിമകളുടെ നേരെയുള്ള ചൂണ്ടുവിരലാണ്. പിന്നീട്, യേശുവിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ല എന്നു വിളിച്ചുപറഞ്ഞ സ്നാപക യോഹന്നാനും, പാപികളിൽ ഒന്നാമനാണു താനെന്നു കുറിച്ചുവച്ച വിശുദ്ധ പൗലോസുമൊക്കെ അവനവനു മേൽ വിജയം വരിക്കാനുള്ള സൂത്രവാക്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്.

യേശുവിന്റെ പേരിൽ ഇനി യുദ്ധങ്ങൾ വേണ്ടാ; കാരണം, അവൻ സമാധാനത്തിന്റെ രാജാവാണ്. “വാളെടുക്കുന്നവൻ വാളാൽ നശിക്കും.” (വി. മത്തായി 26:52) അവന് ആവശ്യമെങ്കിൽ അവന്റെ പിതാവ് മാലാഖാമാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയക്കുകയും അവർ അവനു വേണ്ടി യുദ്ധം ചെയ്യുകയും ചെയ്തേനെ; എന്നാൽ, അവന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട്, ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവാൻ നമുക്കു മത്സരിക്കാം. തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ അനുഗ്രഹിക്കാം. (വി. പത്രോസ് 3: 8, 9) സമാധാനത്തിനും പരസ്പരോല്കർഷത്തിനും ഉതകുന്നവ നമുക്കനുവർത്തിക്കാം. (റോമാ 14:19) ജീവിതത്തിന്റെ ലഹരി വീണ്ടെടുക്കുന്ന അനുരഞ്ജനത്തിന്റെ പാഠങ്ങൾ ഹൃദിസ്ഥമാക്കാം. എണ്ണിയെണ്ണിപ്പറയുന്ന ക്ഷമായാചന ഹൃദയത്തിന്റെ മുറിവുകൾ ഉണക്കുന്ന ലേപനമാകട്ടെ. ദൈവത്തിലേയ്ക്കും മനുഷ്യരിലേക്കും, ലംബമാനമായും തിരശ്ചീനമായും (Vertical and horizontal) ഒരേപോലെ ഉയരുന്ന ഗ്രാഫു പോലെയാകട്ടെ ജീവിതം. ‘സാരമില്ലെടാ’, ‘പോട്ടെടാ’,’സോറി’, ‘ഇറ്റ് ഈസ് ആൾറൈറ്റ്,’ തുടങ്ങിയ വാക്കുകൾ മനസ്സിന്റെ ധ്യാനവും നാവിന്റെ മന്ത്രവുമാകട്ടെ. ബന്ധങ്ങൾ ഊഷ്മളമാകുന്നത് അങ്ങനെയാണ്. “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും!” (വി. മത്തായി 5:9)

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും!

Share This Post!