A Tale of Talents

A Tale of Talents

“കില്ലിംങ് മി .. കില്ലിംങ് മി സ്ലോലി ..” ടോമി വെക്സ്റ്റ് ബാഡ് വൂൾഫ്‌സിനു വേണ്ടി പാടിയ റോക്ക് സംഗീതം കേട്ടു കട്ടിലിൽ കിടക്കുകയാണ് ജോയേൽ. കൊട്ടാരം പോലുളള വീടിന്റെ മുകളിലത്തെ നിലയിലാണ് അവന്റെ മുറി. “മോനെ, ഇന്നു നേരത്തെ കിടന്നുറങ്ങണം കേട്ടോ. ഫോണിൽ നോക്കി അതുമിതും കണ്ടിരുന്നു നേരം കളയരുത്; നമുക്കു പാതിരാകുർബാനയ്ക്കു പോകാനുള്ളതാണ്,” ആനി താഴത്തെ നിലയിൽ അടുക്കളയിൽ ക്രിസ്മസ് കേക്ക് മിക്സ് ചെയ്യുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. ആനിയുടെ ഉപദേശരൂപേണയുള്ള സ്വരം ആദ്യം ജോയെലിന്റെ വാതിലിലും പിന്നെ ഇലക്ട്രിക് ഗിത്താറിന്റെ ശബ്ദത്തിലും തട്ടി ദൂരെ തെറിച്ചു വീണു; ചേമ്പിലയിൽ മഴത്തുള്ളി വീണതു പോലെ!

പതിവു പോലെ, മറുപടി ഒന്നും കിട്ടായ്കയാൽ അവൾ ജോമോളെ വിളിച്ചു പറഞ്ഞു: “മോളെ, അവൻ കേട്ട മട്ടില്ല; നീയൊന്നു പോയി പറയ്.” കൂട്ടുകാരിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ജോമോളുണ്ടോ അമ്മ പറഞ്ഞതു കേൾക്കാൻ! “ചക്കിക്കൊത്ത ചങ്കരൻ! കേക്ക് തിന്നാൻ നേരം നീയിങ്ങ് വന്നേയ്ക്ക്,” ആനി പിറുപിറുത്തു കൊണ്ട് മുകളിലത്തെ നിലയിലേയ്ക്ക് ചെന്നു.

വാതിലിൽ പലവുരു മുട്ടിയിട്ടും തുറക്കാഞ്ഞതു കൊണ്ട് അവൾ വാതിൽ തള്ളിത്തുറന്നു. “Bruh .. what are you doing here,” ജോയേൽ കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ആനിയെ രൂക്ഷമായി നോക്കി. അവൾ അതു ഗൗനിക്കാതെ പറഞ്ഞു: “ജോയേൽ, നേരത്തെ കിടന്നുറങ്ങാൻ നോക്ക്; പാതിരാകുർബാനയ്ക്കു പോകാനുള്ളതല്ലെ?” “Qurbana is boring.. I don’t want to go,” ജോയേൽ വീണ്ടും കട്ടിലിലേയ്ക്കു വീണു. തിങ്ങി വന്ന കണ്ണുനീർ കൈത്തലം കൊണ്ടു മെല്ലെ തടഞ്ഞു നിർത്താൻ ആനി ശ്രമിച്ചെങ്കിക്കും ഒരു പളുങ്കു പാത്രം നിലത്തു വീണാലെന്നതു പോലെ അതു മുറിയിൽ വീണു ചിന്നിത്തെറിച്ചു. അവൾ സാവകാശം അടുക്കളയിലേയ്ക്ക് മടങ്ങി; പിന്നിൽ, വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം!

“പിള്ളേര് എന്തിയേടീ,” ജോലികഴിഞ്ഞു മടങ്ങിവന്ന് ചൂടുള്ള കാപ്പി രുചിച്ചു കൊണ്ട് ജെയ്സൺ ആനിയോടു ചോദിച്ചു. “നിങ്ങൾക്കറിയാമല്ലോ അവർ രണ്ടാളും എന്തു ചെയ്യുകയായിരിക്കുമെന്ന്. മുറിയിൽ കയറി കതകടച്ചിരുന്നു ഫോണിൽ തോണ്ടിക്കളിക്കുന്നു,” ആനി ഏറെ വിഷമത്തോടും പരിഭവത്തോടും കൂടി പറഞ്ഞു. “സാരമില്ലെടീ, നമ്മളും ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തന്നെ അല്ലായിരുന്നോ?” ജെയ്‌സൺ ആനിയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞൂ. “എന്നാലും എന്റെ ചേട്ടായീ, നമ്മളൊക്കെ കാർന്നോമ്മാരെ എത്രമാത്രം ബഹുമാനിച്ചിരുന്നു? സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ പോലും വേദപാഠത്തിനു പോയിരുന്നില്ലേ? പുൽക്കൂടുണ്ടാക്കുന്നതും പാതിരാകുർബാനയ്ക്കു പോകുന്നതും ഒക്കെ എത്രമാത്രം രസമായിരുന്നു?” ആനിയുടെ സങ്കടം വാക്കുകളുടെ പെരുമഴയായ് പെയ്തു തുടങ്ങിയപ്പോൾ ജെയ്‌സൺ എഴുന്നേറ്റ് അവളെ ചേർത്തുപിടിച്ചു കുറെനേരം നിന്നു. അവന്റെ കണ്ണുകളും സജലങ്ങളായിരുന്നു. “സാരമില്ലെടാ, അവർ പുതിയ തലമുറയല്ലെ; പോരാത്തതിന് സ്കൂളിലും മറ്റുമായി ഏറെ സമ്മർദ്ദങ്ങൾ അവർക്കുമുണ്ടല്ലോ. നമുക്കു പള്ളിയിൽ പോകാം. ഉണ്ണീശോയോടു നമ്മുടെ സങ്കടങ്ങൾ പറയാം. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നല്ലെ ഗബ്രിയേൽ മാലാഖാ മറിയത്തോടു പറഞ്ഞത്,” ജെയ്‌സൺ ഒരു വിധത്തിൽ ആനിയെ ആശ്വസിപ്പിച്ചു.

“Joel, Jomol, we are going to church,” ജെയ്സൺ മക്കളെ വിളിച്ചു പറഞ്ഞെങ്കിലും, പതിവു പോലെ, റോക് മ്യൂസിക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം മാത്രം അന്തരീക്ഷത്തിൽ അലയടിച്ചു. യാത്രയിൽ രണ്ടു പേരും പരസ്പരം ഒന്നും പറഞ്ഞില്ല. പള്ളിയിൽ ചെന്നു പുൽക്കൂടിന്റെ മുമ്പിൽ മുട്ടുകുത്തി ആനി വിങ്ങിക്കരഞ്ഞു. “Annie aunty, are you ok? Why are you crying? What happened? Where is Joel and Jomol?”  മനു ആനിയെ കെട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു. അയല്പക്കത്തുള്ള പീറ്ററിന്റെ ഏക മകനാണ് ഓട്ടിസം ബാധിച്ച മനു. മനുവിന്റെ സ്നേഹപ്രകടനം ആനിയെ അല്പമൊക്കെ ആശ്വസിപ്പിച്ചെങ്കിലും, മക്കളെക്കുറിച്ചുള്ള അവളുടെ ദുഃഖം ഏറുകയാണു ചെയ്തത്.

പാട്ടു കേട്ടു മയങ്ങിപ്പോയ ജോയേൽ ഒരു സ്വപ്നം കണ്ടു. കാട്ടിനുള്ളിൽ തണുത്തു വിറങ്ങലിച്ചു തങ്ങളുടെ ആടുകൾക്കു കൂട്ടിരിക്കുന്ന ഇടയന്മാർ. ഉടനെ ആകാശം നക്ഷത്രങ്ങൾ കൊണ്ടു നിറയുന്നു. ഗ്ലോറിയാ ഗാനം ഉയരുന്നു. ഇടയന്മാർക്ക് സന്തോഷവാർത്തയുമായി വരുന്ന മാലാഖാവൃന്ദം. അവർ ഉടനെ തന്നെ ആടുകളെ എടുത്തും നയിച്ചും കൊണ്ടു പുൽക്കൂട് തേടി യാത്രയാകുന്നു. മെല്ലെ കണ്ണു തുറന്നു നോക്കി ജോയേൽ വീണ്ടും ഉറക്കത്തിലേയ്ക്കു വഴുതി വീണു.

സ്വപ്‌നങ്ങൾ ജോയേലിനെ വിടാൻ ഭാവമില്ല. ഇപ്പോൾ ആകാശത്തു ഒരൊറ്റ നക്ഷത്രം മാത്രം. മൂന്നു രാജാക്കന്മാർ ആ നക്ഷത്രം നീങ്ങുന്ന വഴി പിന്തുടരുന്നു. പോകെപ്പോകെ, മൂന്നു പേരിൽ രണ്ടു പേർ അപ്രത്യക്ഷരാകുന്നു. മൂന്നാമത്തെ ആൾക്ക് ജോയേലിന്റെ മുഖം! അയാൾ യാത്ര തുടരുകയാണ്. ഉടനെ ഒരു ശബ്ദം: “Joel, are you crazy?!” ജോമോളുടെ അലോസരം പൂണ്ട ചോദ്യം. ജോയേൽ അതു കേട്ടില്ല. അവൻ നടന്ന് സ്റ്റെയർകേസ് ഇറങ്ങി അടുക്കളയിൽ ചെന്ന് അവ്യക്തമായി എന്തോ പിറുപിറുത്തു. അവൻ ഉറക്കത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്നു മനസ്സിലാക്കിയ ജോമോൾ, അവനെ സാവകാശം അനുഗമിച്ച്, മെല്ലെ വിളിച്ചു ചോദിച്ചു: “Joel, are you ok?” സ്ഥലകാലബോധം തിരിച്ചു കിട്ടിയെങ്കിലും ജോയേൽ പറഞ്ഞു: “Sis, let’s go to church!” ജോമോൾ ചോദിച്ചു: “Are you kidding me?!” “No, I am serious; let’s go to church,” അവൻ ആവർത്തിച്ചു. “Dude, qurbana must have started already,” ജോമോൾ രക്ഷപെടാൻ അവസാന വഴി തേടി. “Come on! Get ready quick; Let’s go.. don’t waste time..” ഒന്നും മനസ്സിലാകാത്തതു പോലെ, അവൾ അല്പസമയം പകച്ചു നിന്നു. എന്നിട്ട്, വേഗം റെഡിയായി വന്നപ്പോഴേയ്ക്കും ജോമോൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു.

കാർ വല്ലവിധേനയും പാർക്കു ചെയ്തു പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്ന അവരുടെ കാതുകളിലേയ്ക്ക് ഗ്ലോറിയാ ഗീതം ഒഴുകി വന്നു. ഗായകസംഘം മനോഹരമായി പാടുകയാണ്. അവർക്കു ഏറെ സുപരിചിതമായ പാട്ടു തന്നെ. അവർ, ആദ്യം ജോമോനും, പിന്നെ ജോമോളും പാട്ട് ഏറ്റു പാടി. ഗായക സംഘവും പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും അമ്പരന്നു തിരിഞ്ഞു നോക്കി. ആനിയ്ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! പരിസരം മറന്ന്, ഗ്ലോറിയാ ഗീതം ഉച്ചത്തിൽ ഏറ്റുപാടി പുൽക്കൂടിനടുത്തേയ്ക്ക് മെല്ലെ നടന്നു വരുന്ന മക്കളെ അവൾ അമ്പരപ്പോടെ നോക്കി നിന്നു. അവർക്കു മാലാഖമാരുടെ മുഖമായിരുന്നു.

Share This Post!