A Tale of Talents

A Tale of Talents

“സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!” സിസ്റ്റർ റാണി മരിയയുടെ ജീവനെടുത്ത സമന്ദർ സിങ്, പിന്നീട്, അവളുടെ സ്മൃതിമണ്ഡപത്തിൽ തിരിതെളിച്ചു പ്രാർത്ഥിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ്, സമന്ദർ സിങ് കുത്തിയ 54 കുത്തുകളിലൊന്ന് വാരിയെല്ലിലൂടെ തുളച്ചു കയറി സിസ്റ്ററിന്റെ ഹൃദയം തകർത്തപ്പോൾ കൊഴിഞ്ഞു വീണത് ഈശോയുടെ സ്നേഹമായിരുന്ന ഒരു കുഞ്ഞു റോസാപ്പൂവ് ആയിരുന്നു. അനുതാപത്തിന്റെ കാതങ്ങൾ താണ്ടിയ സമന്ദർ സിങ് ആകട്ടെ, താൻ കടന്നുപോയ പാപവഴികളെ മറന്നു സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും മാർഗ്ഗത്തിൽ ചരിക്കുന്നു.

സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!

ഫ്രാൻസിസ്കൻ ക്‌ളാരസഭാംഗമായി, ക്രിസ്തു നാഥന്റെ വിളിക്കു സ്നേഹത്തോടെ പ്രത്യുത്തരം നൽകിയ സിസ്റ്റർ റാണി മരിയയുടെ 41 വർഷം മാത്രം നീണ്ടുനിന്ന ജീവിതവും പ്രവർത്തങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ നീതിക്കും സ്നേഹത്തിനും വേണ്ടി സമർപ്പിച്ചവ ആയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ പുല്ലുവഴി സെൻറ് തോമസ് ഇടവകയിലെ വട്ടാലിൽ വീട്ടിൽ പൈലിഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29 നു മറിയം എന്ന മേരിക്കുഞ്ഞു ജനിച്ചു. ഏഴാം വയസ്സിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും പന്ത്രണ്ടാം വയസ്സിൽ സ്ഥൈര്യലേപന കൂദാശയും സ്വീകരിച്ച മറിയം, മാതാപിതാക്കൾക്ക് അഭിമാനമായി വളർന്നു. 1972  ജൂലൈ മൂന്നാം തീയ്യതി, ഫ്രാൻസിസ്കൻ ക്‌ളാരസഭയുടെ എറണാകുളം പ്രൊവിൻസിൽ അംഗമാകുന്നതിനായി, കിടങ്ങൂർ മഠത്തിൽ ചേർന്നു പരിശീലനം ആരംഭിച്ച മരിയ, ആദ്യവ്രത വാഗ്ദാനത്തിനു ശേഷം, ബിജ്‌നോർ രൂപതയിൽ ചേർന്ന്, യേശുവിനെ അറിയാത്ത ജനങ്ങൾക്കായ് തന്റ ജീവിതം സമർപ്പിച്ചു. തന്റെ നിത്യവ്രത വാഗ്ദാനത്തിനു ശേഷം, ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നാമാണ്ടോടുകൂടി, സത്നാ രൂപതയിൽ എത്തിയ സിസ്റ്റർ, അവിടെയുള്ള പാവപ്പെട്ട ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായുള്ള പല പദ്ധതികൾക്കും രൂപം കൊടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായ്‌, പ്രത്യേക താല്പര്യം കാണിച്ചിരുന്ന സിസ്റ്റർക്കു പല വിധ വെല്ലുവിളികളും എതിർപ്പുകളും നേരിടേണ്ടതായും വന്നു.

സിസ്റ്റർ തന്റെ കാരുണ്യ പ്രവർത്തികൾ വഴി, തന്റെ പ്രവർത്തന മേഖലയിലെ മക്കളെ ദൈവസ്‌നേഹത്തിലേയ്ക്കാനയിച്ചു. “കർത്താവിനു വേണ്ടിയും അവിടുത്തെ മക്കൾക്കു വേണ്ടിയും നന്മ ചെയ്യുമ്പോൾ നമ്മൾ നിശിതമായി വിമർശിക്കപ്പെടാം, എതിർപ്പുകൾ ഉണ്ടാവാം, മരണം തന്നെയും സംഭവിക്കാം,” എന്നു പറഞ്ഞിരുന്ന സിസ്റ്റർ, കർത്താവിനെക്കുറിച്ച് ഒരു വാക്കെങ്കിലും ആരോടെങ്കിലും പറയാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിലുണ്ടാകരുതേ എന്ന് നിരന്തരം പ്രാർത്ഥിക്കുമായിരുന്നു. സാമൂഹിക ഉന്നമനത്തിനുള്ള സിസ്റ്ററിന്റെ അക്ഷീണപരിശ്രമങ്ങൾ കൂടുതൽ മക്കളെ ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് ആകർഷിക്കുകയും, തൽഫലമായി, വളരെയേറെപ്പേർ ക്രൈസ്തവ മതം സ്വീകരിക്കുന്നതിന് ഇടയാകുകയും ചെയ്തു. പല തരത്തിലുള്ള സഹകരണ സംഘങ്ങളും, സ്വാശ്രയ സംരംഭങ്ങളും സിസ്റ്റർ ആരംഭിച്ചത്, അവിടങ്ങളിലെ ജന്മിമാർക്ക് സിസ്റ്ററിനോടുള്ള വിദ്വേഷത്തിനു കാരണമായി. അതുമൂലം, അവർ സിസ്റ്ററിനെ വകവരുത്താൻ തീരുമാനിച്ചു. 1995 ഫെബ്രുവരി 25 ന്, ഉദയനഗറിൽ നിന്ന് ഇൻഡോറിലേയ്ക്കുള്ള യാത്രാമധ്യേ, സമന്ദർ സിങ് എന്ന വാടകക്കൊലയാളിയുടെ മൂർച്ചയേറിയ കഠാര, സിസ്റ്ററിന്റെ ശരീരത്തിൽ 54 പ്രാവശ്യം കയറിയിറങ്ങി; സിസ്റ്റർ ഇഹലോകവാസം വെടിഞ്ഞു!

സിസ്റ്റർ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത് അവളുടെ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും ഉതിർന്ന സ്നേഹം, സത്യം, നീതി എന്നീ ദൈവിക മൂല്യങ്ങൾക്ക് വേണ്ടിയാണ്. തന്റെ ദിവ്യ മണവാളനോടുള്ള അദമ്യമായ സ്നേഹമാണ് സിസ്റ്ററിന്റെ പ്രേഷിത പ്രവർത്തനങ്ങളുടെ പ്രചോദനമായി നിലകൊണ്ടത്. ആ ദിവ്യമണവാളനോട് അനുരൂപപ്പെടാൻ, തന്റെ അവസാനതുള്ളി രക്തവും ചിന്തി, അവൾ ജീവൻ സമർപ്പിച്ചു. സിസ്റ്ററിന്റെ കല്ലറയിൽ എഴുതപ്പെട്ട, “സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല,” എന്ന തിരുവചനം, സിസ്റ്റർ തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു. തങ്ങളുടെ പ്രിയപ്പെട്ടവളുടെ കൊലയാളിക്കു മാപ്പു കൊടുത്തും, അയാളെ അവരുടെ സ്വന്തമായി സ്വീകരിച്ചും സ്നേഹിച്ചും, സിസ്റ്ററിന്റെ കുടുംബം ഈശോയുടെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ ജീവിക്കുന്ന അനുഭവമായി മാറി.

സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല.

2017 നവംബർ 4 ന്, സിസ്റ്റർ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്യപ്പെട്ടു. വിശുദ്ധരുടെ ജീവിതവും മാധ്യസ്ഥ ശക്തിയുമാണ് സഭയെ എന്നും ബലപ്പെടുത്തുകയും കൂട്ടായ്മയിൽ ഉറപ്പിച്ചു നിറുത്തുകയും ചെയ്തിട്ടുള്ളത്. കേരള സഭയുടെ അഭിമാനപുത്രിയും ധീര രക്തസാക്ഷിയുമായ സിസ്റ്റർ റാണി മരിയയുടെ ജീവിത മാതൃകയും മാധ്യസ്ഥ ശക്തിയും, നമുക്ക് പ്രചോദനവും ശക്തിയുമായി തീരട്ടെ. “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ,” എന്ന യേശു നാഥന്റെ ആഹ്വാനം, ജീവിതത്തിൽ പ്രാവർത്തികമാക്കിയ സിസ്റ്റർ, ദൈവസ്നേഹത്തിലും പരസ്നേഹത്തിലും നമുക്കു മാതൃകയാണ്. “നമുക്കും അവനോടുകൂടെ പോയി മരിക്കാം,” എന്ന നമ്മുടെ പിതാവായ തോമാശ്ലീഹായുടെ വാക്കുകൾ സിസ്റ്ററും കടമെടുത്തിരുന്നോ എന്നു തോന്നിക്കും വിധം, സിസ്റ്റർ തന്റെ ജീവിതം ഈശോയുടെ ഒരിക്കലും മരിക്കാത്ത സ്നേഹത്തിനു പകരമായി കൊടുത്തു.

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.

പ്രാർത്ഥനയെ കർമ്മമായും, കർമ്മത്തെ പ്രാർത്ഥനയായും മാറ്റുന്ന ജീവിതമന്ത്രം നമുക്കു കാട്ടിത്തന്ന സിസ്റ്റർ, തന്റെ ഇഹലോക ജീവിതത്തിലെ ചുരുങ്ങിയ നാളുകൾകൊണ്ട്, സാധാരണകാര്യങ്ങൾ അസാധാരണരീതിയിൽ ചെയ്തു തീർക്കുകയായിരുന്നു. ഞെരുക്കത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും, ക്രൂശിതനെ മുറുകെ പുണർന്നു നമുക്കും പരസ്നേഹത്തിൽ ജീവിക്കാം. കാൽവരിയാത്രയിൽ, തനിക്കൊരു കൈത്താങ്ങായ് നിന്ന വെറോനിക്കായുടെ തൂവെള്ളത്തൂവാലയിൽ, ഈശോയുടെ തിരുമുഖം പതിഞ്ഞതു പോലെ, അവിടുത്തെ സ്നേഹം മറ്റുള്ളവരിലേയ്ക്കെത്തുന്നതിനു ക്രൂശിതനൊരു കൈത്താങ്ങായ് നിന്നു നമുക്കും, നമ്മുടെ ഹൃദയഫലകങ്ങളിൽ ഈശോയുടെ തിരുമുഖം പതിപ്പിച്ചു വയ്ക്കാം. അങ്ങനെയെങ്കിൽ, സിസ്റ്റർ റാണി മരിയയെ പോലെയും, മറ്റു വിശുദ്ധാത്മാക്കളെ പോലെയും, നമ്മുടെ ജീവിതവും അനുഗൃഹീതമായിത്തീരും.

ഞെരുക്കത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും, ക്രൂശിതനെ മുറുകെ പുണർന്നു നമുക്കും പരസ്നേഹത്തിൽ ജീവിക്കാം.

Share This Post!