ചെറുപ്പകാലത്ത്, എനിക്കു ദുഃഖവെള്ളിയാഴ്ചകൾ, ‘Good Friday’ കൾ ആയിരുന്നു! പലചരക്കു കച്ചവടക്കാരനായ എന്റെ അപ്പച്ചൻ, ഒരു മുഴുവൻ ദിവസം വീട്ടിൽ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്ന, വർഷത്തിലെ ഏകദിവസം!! സാധാരണയായി, ആഴ്ചയിൽ ഒരുദിവസം കട അടച്ചാലും, അയൽപക്കക്കാരും മറ്റും വന്ന് അവശ്യസാധനങ്ങൾക്കായ് കാത്തുനിൽക്കുമ്പോൾ, താല്പര്യമില്ലാതെയാണെങ്കിലും, പലപ്രാവശ്യം കട തുറന്നു സാധനങ്ങൾ എടുത്തു കൊടുക്കാൻ അപ്പച്ചൻ നിർബന്ധിതനായിക്കണ്ടിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച, പക്ഷെ, ഏതോ അനന്യമായ ഔചിത്യബോധം അയല്ക്കാരിൽ വന്നു നിറയുകയാലാവാം, അന്നേ ദിവസം കട തുറക്കാൻ ആരും ആവശ്യപ്പെടാറില്ലായിരുന്നു. രാവിലെ തന്നെയുള്ള പള്ളിയിൽ പോക്കുകഴിഞ്ഞാൽ ഞങ്ങൾ മൂന്നു പെണ്മക്കളും, അപ്പച്ചനും, അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു കയറുകയായി. അന്ന് ‘ഒരുനേരം’ ആയതിനാൽ, പ്രാതൽ കഴിക്കാത്തതിന്റെ ‘ചൂളംവിളികൾ’ എല്ലാ വയറുകളിലും നിന്നു BGM ആയി ഉയരുന്നുണ്ടാകും. പലതരം പച്ചക്കറികൾ അമ്മയുടെ നിർദ്ദേശാനുസരണം പല വലുപ്പത്തിലും ആകൃതിയിലും വെട്ടിനുറുക്കലാണ് ഞങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പണി. വർഷത്തിൽ ഒരിക്കൽ മാത്രം അടുക്കള കാണുന്ന ഞങ്ങളുടെ അപ്പൻ, പാചകത്തെക്കുറിച്ചു ഘോരഘോരം ക്ളാസ്സെടുക്കുന്നതും അന്നേ ദിവസത്തിന്റെ മാത്രം പ്രത്യേകതയാണ്. അവസാന വിഭവമായ പപ്പടം പൊരിക്കുമ്പോൾ, ഏറ്റവും കൂടുതൽ പോളകളോടുകൂടിയ പപ്പടം എങ്ങനെ പൊരിക്കാം എന്ന പ്രഭാഷണത്തോടെ അന്നത്തെ പാചകക്ളാസ്സുകൾക്കു പരിസമാപ്തി ആവുകയായി. ഉച്ചയോടെ, ഓണസദ്യയെക്കാൾ രുചികരമായ പലവിധ വിഭവങ്ങൾ മേശപ്പുറത്തു നിരന്നിരിക്കുന്നുണ്ടാകും. ‘ഒരുനേരം’ ആയതുകൊണ്ടും, രാത്രിയിൽ അത്താഴമില്ല എന്നറിയാവുന്നതുകൊണ്ടും, ആവുന്നതിന്റെ പരമാവധി കഴിക്കാൻ എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിക്കും. പായസത്തിനു പകരം, തലേദിവസത്തെ പെസഹാപ്പാൽ മിച്ചം വന്നത് അകത്താക്കും. അതിനുശേഷം മൂന്നുമണിക്കുള്ള പരിഹാരപ്രദക്ഷിണത്തിനു പോകാനുള്ള ഒരുക്കമായി. നടന്നുകൂട്ടേണ്ട വഴികളെക്കുറിച്ചുള്ള ഏകദേശധാരണയുള്ളതുകൊണ്ടു പോകണമോ, അതോ വേണ്ടയോ, എന്നു കൂലങ്കക്ഷമായി ചിന്തിച്ചുതുടങ്ങുമ്പോഴേയ്ക്കും, പോകാനൊരുങ്ങി കൂട്ടരും കൂട്ടുകാരും നിൽക്കുന്നുണ്ടാകും. പല വഴികൾ നടന്നതിന്റെ ക്ഷീണം തീർക്കുന്നത് പരിഹാരപ്രദക്ഷിണത്തിന്റെ സമാപനത്തിലെ നീണ്ട പ്രസംഗം ഒഴുകിയിറങ്ങുന്ന നേരത്താണ്. ഏതോ ഒരു വർഷത്തെ പ്രസംഗം കേട്ടപ്പോൾ, അച്ചൻ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നോ എന്നു പോലും തോന്നിപ്പോയി. കാരണം, അച്ചൻ പറഞ്ഞത് ‘ദുഃഖവെള്ളിയാഴ്ച എങ്ങനെ ഉചിതമായി ആചരിക്കാം’ എന്നതിനെക്കുറിച്ചായിരുന്നല്ലൊ. ഈശോയുടെ സഹനം മനസ്സിൽ കൊണ്ടുനടന്നും, അതിൽ പങ്കുചേരുന്നതിന്റെ ഭാഗമായി മിതമായി ഭക്ഷിച്ചും, ദുഃഖവെള്ളി ആചരിക്കേണ്ടതിന്റെ ആവശ്യം അച്ചൻ പറഞ്ഞുതന്നപ്പോൾ, ഞങ്ങൾ തലകുനിച്ചിരുന്നു. എങ്കിലും, പതിവുപോലെ, തുടർന്നു വന്ന വർഷങ്ങളിലും, ഞങ്ങൾ അടുക്കളയിൽ കയറി; പലതരം വിഭവങ്ങൾ കഴിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, അപ്പനോടൊന്നിച്ചുള്ള ആ അസുലഭനിമിഷങ്ങൾക്കു വേണ്ടി മാത്രം !!
തിരസ്കൃതമായ സ്നേഹത്തിന്റെ നീറുന്ന ഓർമ്മച്ചിത്രങ്ങളാണ് ദുഃഖവെള്ളികൾ എന്നു സാമാന്യമായി പറയാം. കുരിശുമരണത്തോളം എത്തിയ ഈശോയുടെ സഹനവഴികളിൽ, ഇടയ്ക്കു വച്ചു പലപ്പോഴായി നിലച്ചുപോയ ബന്ധങ്ങൾ അവിടുത്തെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചിട്ടുണ്ടാകുക. ഈശോ ഗാഗുൽത്തായിൽ കഠിനമായി വ്യസനിച്ചതും രക്തം വിയർത്തതും, ഒരുപക്ഷെ, തനിക്കായി സ്വർഗ്ഗപിതാവു കാത്തുവച്ചിരിക്കുന്ന ആത്മാവും ശരീരവും നുറുങ്ങുന്ന കഠിനപീഡകളെ ഓർത്തായിരുന്നിരിക്കില്ല; ഒറ്റപ്പെടലിന്റെയും അവഗണനയുടെയും മണിക്കൂറുകളെക്കുറിച്ചോർത്തു തന്നെ ആയിരുന്നിരിക്കണം എന്നെനിക്കു തോന്നാറുണ്ട്. മൂന്നുവർഷം നിഴലുപോലെ കൂടെ നടന്നവർ, മൂന്നുമണിക്കൂർ കഴിയും മുമ്പേ ഓടിയകന്നു. ‘ഒരിക്കലൂം നിന്നെ വിട്ടുപോകില്ല,’ എന്നു പറഞ്ഞ ശിമയോൻ പത്രോസ്, ഇരുട്ടിവെളുക്കും മുമ്പേ, മൂന്നു പ്രാവശ്യം അവിടുത്തെ തള്ളിപ്പറഞ്ഞു. ‘നിന്റെയൊപ്പം മരിക്കാൻ ഞങ്ങളും കൂടെ വരാം,’ എന്നു പറഞ്ഞ തോമസിനെ അവിടെയെങ്ങും കണ്ടതേയില്ല. ആ സഹനയാത്രയിൽ, രണ്ടോ മൂന്നോ സ്ത്രീകളൊഴിച്ച്, കൂടപ്പിറപ്പുകളെപ്പോലെയും ഉറ്റ സുഹൃത്തുക്കളെപ്പോലെയും താൻ കരുതിയിരുന്ന ഒരാളെപ്പോലും, ഈശോയ്ക്കു തന്റെ കൺവെട്ടത്തു കാണാൻ കഴിഞ്ഞില്ല. ഒരുപക്ഷെ, പാതിരാത്രിയിലെ ഇത്തിരി വെട്ടത്തിൽ യൂദാസ് കൊടുത്ത ചുംബനമായിരിക്കാം ഈശോയുടെ ഹൃദയം തകർത്തു കളഞ്ഞത്. സ്നേഹത്തിന്റെ അടയാളമായ ചുംബനത്തെ, അവൻ ചതിയുടെ അടയാളമാക്കുമെന്നറിഞ്ഞിട്ടായിരിക്കാം, അവിടുന്ന് ഏകാന്തതയിൽ രക്തം വിയർത്തത്. “അവൻ ജനിക്കാതിരുന്നെങ്കിൽ,” എന്നു ചിന്തിക്കുമാറ്, ആ വഞ്ചനയുടെ തീവ്രത ഈശോയെ ഉലച്ചിട്ടുണ്ടാകണം. ആ വലിയ ആൾക്കൂട്ടത്തിൽ തനിയെ ആയപ്പോഴായിരിക്കണം അവിടുന്ന് ഒന്നും, രണ്ടും, മൂന്നും പ്രാവശ്യം വീണുപോയത്.
ജനിച്ചനാട്ടിൽനിന്നും, ഏറെയകലെ, അന്യദേശങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർക്കു സുഹൃത്തുക്കൾ തന്നെയാണല്ലൊ ബന്ധുക്കൾ. ഒരുപക്ഷെ, ബന്ധങ്ങളുടെ ഊഷ്മളത ഏറെ അനുഭവിച്ചുകൊണ്ടിരുന്ന ചെറുപ്പകാലത്തു തന്നെ, പല നാടുകളിലേയ്ക്കും പറിച്ചുനടപ്പെട്ട പ്രവാസികൾ, കണ്ടുമുട്ടിയവരിൽ പലരെയും സുഹൃത്തുക്കളാക്കിയവരും, അതിൽനിന്നു വീണ്ടും തെരഞ്ഞെടുത്തവരെ ഉറ്റസുഹൃത്തുക്കളാക്കിയവരുമാണ്. ഇത്തരുണത്തിൽ, പ്രവാസികളായ നമ്മളും, ഏറ്റവും സൗകര്യമുള്ള വീടുകളിൽ താമസിക്കുമ്പോഴും, സാങ്കേതികത്തികവിൽ മുമ്പന്തിയിലുള്ള വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും, ഇത്തിരി സൗഹൃദത്തിന്റെ ഒത്തിരി മധുരത്തിൽ ആനന്ദം കണ്ടെത്തുന്നവരാണ്. എന്നിട്ടും, ചിലപ്പോഴെങ്കിലും, ഈശോ അനുഭവിച്ച അവഗണനയിലൂടെയും ഒറ്റപ്പെടലിന്റെ അനുഭവത്തിലൂടെയും നമ്മിൽ പലരും കടന്നു പോയിട്ടുണ്ടാകാം. അതിനാൽതന്നെ, പലവിധ കാരണങ്ങളാൽ ഇടയ്ക്കുവച്ചു നിലച്ചുപോകുന്ന സൗഹൃദങ്ങൾ, നമ്മെ ഒട്ടൊന്നുലയ്ക്കുകയും വീഴ്ത്തുകയുമൊക്കെ ചെയ്തേക്കാം; സൗഹൃദത്തിന്റെ ആഴമനുസരിച്ചു വീഴ്ചയുടെ തീവ്രത വർധിക്കുകയും ചെയ്യാം.
ഒരുപാടു തവണ കൂട്ടിയും കിഴിച്ചും നോക്കിയിട്ടും, ‘കൂട്ടിനു’ എന്തു സംഭവിച്ചു എന്നറിയാതെ പകച്ചുനില്ക്കുന്ന ദൗർഭാഗ്യകരമായ നിമിഷങ്ങളിലും, ഏറ്റവും അടുത്തിരുന്നവർ അകന്നകന്നു പോകുന്നുവെന്ന തിരിച്ചറിവ്, നമ്മെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുക. ഒറ്റപ്പെടലിന്റെ വേദനയും, അവഗണനയുടെ തീവ്രതയും തീരെ അറിയാതെയോ, അവഗണിച്ചോ, അങ്ങേത്തലക്കൽ, പുതിയ സൗഹൃദങ്ങൾ തിരയുന്ന നമ്മുടെ കൂട്ടുകാർ, നമ്മെ വീണ്ടും സങ്കടക്കടലിലാക്കുന്നു. നമ്മുടെ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും ക്രൂശിതനായ ഈശോയ്ക്കു സമർപ്പിക്കാം. “അവർ ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല, അവരോടു ക്ഷമിക്കേണമേ,” എന്നു പറഞ്ഞ ഈശോയുടെ മനോഭാവത്തോടെ, നമ്മെ വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തവരെ, നമുക്കു ഹൃദയത്തോടു ചേർത്തുവയ്ക്കാം. ദുഃഖവെള്ളിയാഴ്ച കാണാതായ ശിഷ്യന്മാരെ, ഉയിർപ്പു ഞായറാഴ്ച്ച ചേർത്തുവച്ച ഈശോയാകട്ടെ നമ്മുടെ മാതൃക. ഒരുവേള, കൂട്ടുകാരുടെ അകൽച്ചയ്ക്കു നാം തന്നെയോ നിദാനം എന്നു ചിന്തിക്കുന്നതും ഉചിതമായിരിക്കും. “സ്നേഹിതനു വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല,” എന്നു പറഞ്ഞു സൗഹൃദത്തിന്റെ ആഴം ലോകത്തിനു മനസ്സിലാക്കിക്കൊടുത്ത ഈശോ, നമ്മുടെ സൗഹൃദങ്ങളെയെല്ലാം അവിടുത്തെ തിരുച്ചോരയാൽ കഴുകി വിശുദ്ധീകരിച്ചു ദൃഢമാക്കട്ടെ.
ഒരു പിതാവിനു തന്റെ പ്രിയ ജനത്തോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമാണല്ലൊ ഈശോ. ഈശോയുടെ പരസ്യജീവിതകാലത്ത്, അവിടുന്നു പ്രവർത്തിച്ച അത്ഭുതങ്ങളിൽ ഉടനീളം, സഹജീവികളോടുള്ള അവിടുത്തെ കരുണയും സ്നേഹവുമാണു നാം കാണുന്നതെങ്കിൽ, ആ സ്നേഹത്തിന്റെ പരമകോടിയാണ് കാൽവരിബലിയിൽ നിറഞ്ഞു തുളുമ്പുന്നത്! അതിനാൽതന്നെ, നമുക്കു ചുറ്റുമുള്ളവരോടും, നമ്മുടെ കൂട്ടുകാരോടുമൊക്കെ നാം പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ തീവ്രതയും അനുകമ്പയുടെ ആഴവും ഈ നോമ്പുകാലത്തു ചിന്താവിഷയമാക്കുന്നതു നല്ലതായിരിക്കുമെന്നു തോന്നുന്നു. പലതരം തെറ്റിദ്ധാരണകളാൽ അകന്നു പോയവരെയും, അകറ്റി നിർത്തിയവരെയും ചേർത്തുപിടിക്കാനുള്ള സമയമാകട്ടെ, ഈ നോമ്പുകാലം. അതിലുമപ്പുറം, വാക്കുകളാലും പ്രവൃത്തികളാലും നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനുള്ള സമയംകൂടിയാണിത്. എന്റെ സുഹൃത്തിന് എവിടെ കാലിടറി എന്നു ചിക്കിച്ചികഞ്ഞു നേരം കളയാതെ, എന്റെ തന്നെ ഉള്ളിലേയ്ക്കു ഞാൻ നോക്കേണ്ടുന്ന സമയം. ‘ഞാൻ’ എന്ന ഭാവം മാറ്റിവച്ച്, ക്ഷമ ചോദിക്കേണ്ടവരോട് അതു ചോദിക്കാനുള്ള സമയം. കുമ്പസാരമെന്ന വിശുദ്ധകൂദാശയെ, അതിന്റെ മുഴുവൻ പവിത്രതയോടെ സമീപിക്കേണ്ട വിശുദ്ധനാളുകൾ. പലരോടും സങ്കടം പറഞ്ഞു തീർക്കുന്ന തിരക്കിൽ, ഈ മഹനീയ കൂദാശയെ വിസ്മരിക്കരുതേ.. നമ്മുടേതല്ലാത്ത കാരണങ്ങളാൽ, നമ്മുടെ സ്നേഹബന്ധങ്ങളുടെ കണ്ണികളിൽ വന്നുഭവിച്ച വിള്ളലുകളെ, ഈശോയുടെ തിരുരക്തത്താൽ വിളക്കിച്ചേർക്കാം. വിരിച്ച കരങ്ങളും, രക്തം വിയർത്ത മുഖവുമായി നിൽക്കുന്ന ഈശോ എന്ന ഏറ്റവും നല്ല സ്നേഹിതന്, നമ്മുടെ മുറിവുകൾ ഉണക്കാൻ ഒരു നിമിഷം മാത്രം മതിയല്ലൊ. വിശുദ്ധ കുർബാനയ്ക്കു ‘അനുരഞ്ജിതരായ് തീർന്നിടാം’ എന്ന്, അർത്ഥവത്തായി പാടുന്നതിനേക്കാൾ വലിയ ഒരു സ്നേഹസമ്മാനം നമുക്ക് ഈശോയ്ക്കു കൊടുക്കാനില്ല. ദുഃഖശനിയുടെ പുതുവെളിച്ചത്താലും പുത്തൻജലത്താലും, നമ്മുടെ ദുഃഖവെള്ളിയുടെ കണ്ണീരോർമ്മകൾ മാഞ്ഞുപോകട്ടെ. ഉയിർപ്പുഞായറിന്റെ പ്രകാശത്തിൽ, നമുക്കൊരു പുതിയ ലോകം കെട്ടിപ്പടുക്കാം: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുണയുടെയും ഊഷ്മളതയുള്ള ഒരു പുതിയ ലോകം!