A Tale of Talents

A Tale of Talents

ജനപ്രമാണികൾ അവനെ പരിഹസിച്ചാർത്തട്ടഹസിക്കവെ,
പടയാളികള്‍ ഹിസോപ്പു തണ്ടിൽ മുക്കിയ വിനാഗിരി അവനു നേരെ നീട്ടി, കളിയാക്കി ചിരിക്കവെ,
ഒരു വശത്തെ കുരിശില്‍ തൂക്കപ്പെട്ടിരുന്ന ഞാനും അവനെ ദുഷിച്ചു പറയവെ,
അവന്റെ മറുവശത്തെ കുരിശിൽനിന്ന് ഒരാർത്തനാദം കേൾക്കയായ്:
“യേശുവേ, നീ നിന്റെ രാജ്യത്തു വരുമ്പോൾ
എന്നെയും ഓര്‍ക്കേണമേ..”

രക്തവും വെള്ളവും വാർന്ന,
ഗുരുവിൻ ഹൃത്തിൽനിന്ന് അവസാന തുടിപ്പൂപോൽ,
ഉണങ്ങി വരണ്ട തൊണ്ടയിൽ നിന്നു
മെല്ലെ മെല്ലെ മൃദുമന്ത്രണം പോൽ,
ഉതിർന്നൂ മൊഴിമുത്തുകൾ,
ഭാഗ്യതാരകം പോലെ:
“നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.”

ഒരുമാത്ര,യെൻ ശാപഗ്രസ്തമാം പ്രജ്ഞയിൽ
ഏതോ അഭൗമപ്രകാശത്തിൻ നിഴലാട്ടമോ?
എന്റെ അബോധമണ്ഡലത്തിൽ നിന്ന് ആരോ
എന്നെ ശകാരിക്കുന്നതാവാം..
‘അല്ലയൊ, ഭോഷാ!’ എന്ന് ഒളിച്ചിരുന്നെന്നെ കളിയാക്കുന്നതാവാം..
കണ്ടിട്ടും കാണാത്തവൻ,
കേട്ടിട്ടും കേൾക്കാത്തവൻ,
പൊട്ടക്കിണറുകളിൽ ജലം തേടിയലഞ്ഞ നിസ്വൻ,
‘സത്യം ഇരിക്കവേ, സാക്ഷി തേടിപ്പോയ അല്പൻ, പാപത്തിൻ വിഷവിത്തുപാകി,
മരണത്തിൻ കളകൾ കൊയ്തു കൊയ്തു കൂട്ടിയ ദുർഭഗനായ മനുഷ്യൻ,
പറുദീസാനഷ്ടത്തിൻ ദുഃഖം ഘനീഭവിച്ചൊരാ – ഇരുളാർന്ന ചക്രവാളസീമയിൽ
ജന്മം തളച്ചിട്ട ഭ്രാന്തൻ ഞാൻ ..

ഒടുവിൽ,
അനല്പദുഃഖമോടെ, മുറ്റും നിരാശയോടെ,
അതിലേറെ, അസൂയയോടെ ഞാൻ
നിന്നെ നോക്കി നോക്കി കിടക്കുന്നീ
അഭിശപ്തമാം കുരിശിൽ!
തസ്‌കരനാം സുഹൃത്തേ,
നിനക്കു നമോവാകം!
നമുക്കു മധ്യേ നാട്ടപ്പെട്ട കുരിശിൽ പിടയുന്നവൻ സത്യമാണെന്നു നീ
ഹൃദയം തൊട്ട് അറിഞ്ഞുവല്ലോ,
അറിഞ്ഞ സത്യത്തെ നീ
അധരംകൊണ്ടേറ്റു പറഞ്ഞുവല്ലോ,
നീ ചൊല്ലിയ മായാമന്ത്രം രക്ഷണീയം, ശക്തം,
നിന്റെ ‘ഞാൻ പിഴയാളികൾ’ തൻ മാറ്റൊലി സ്വർഗ്ഗവാതിൽ മലർക്കെ തുറക്കും സ്വർണ്ണതാക്കോൽ!
നീ സ്വർഗ്ഗം കവർന്ന കള്ളൻ!!

Share This Post!