

വിമലേ,
നിൻ കമനീയമാം കൺകളിൽ മിന്നിവിളങ്ങി
നില്പതേതൊരു തേജസ്സിൻ വെള്ളിവെളിച്ചം?
പുൽക്കുടിലിൽ വിരിഞ്ഞു പരിലസിച്ചതാം വിശുദ്ധനിലാവിൻ പ്രോജ്ജ്വലപ്രകാശമോ?ധന്യേ,
നിൻ തേനോലും വാക്കിൽ തുള്ളിത്തുളുമ്പി നില്പതേതൊരു കനിവിൻ മായാവിലാസം?
കാനായിലെ കല്ല്യാണവിരുന്നിൽ നുരഞ്ഞതാം പുതുവീഞ്ഞിൻ അത്ഭുതലഹരിയോ?അമ്മേ,
നിൻ ഹൃദയധമനികളിൽ തിങ്ങിവിങ്ങി
നില്പതേതൊരഭൗമ വികാരവായ്പിൻ രാഗപരാഗം?
വചനവിത്തുകൾ മൊട്ടിട്ടുല്ലസിപ്പതിൻ
ഹർഷാരവങ്ങളോ?അതോ,
വ്യാകുലസമുദ്രത്തിരമാലകൾ തൻ
ശോകസാന്ദ്ര സംഗീതധാരയോ?