A Tale of Talents

A Tale of Talents

തിരുക്കുടുംബ സന്ന്യാസസഭയുടെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്ന ആർക്കും ആ വിശുദ്ധയോടു കൂടുതൽ കൂടുതൽ ആദരവു തോന്നും എന്നതു നിസ്സംശയം. വിശുദ്ധയെക്കുറിച്ചുള്ള അറിവുകൾ പലതും എനിക്കും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മറിയം ത്രേസ്യാ എന്ന പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്നിരുന്ന ചിത്രം വിശുദ്ധ അമ്മത്രേസ്യായുടേതായിരുന്നു താനും. ഈ രണ്ടു വിശുദ്ധർ വ്യത്യസ്തരായ രണ്ടുപേർ ആണെന്നറിയാൻ എനിക്കു മറിയം ത്രേസ്യായുടെ ജീവചരിത്രം വായിക്കേണ്ടി വന്നു എന്നു മാത്രമല്ല, എന്റെ അമ്മയോടു ചോദിച്ച് ഉറപ്പാക്കേണ്ടിയും വന്നു. വിശുദ്ധയുടെ ജീവചരിത്രത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോൾ, അവളുടെ പ്രാർത്ഥനാചൈതന്യവും, സഹനശക്തിയും, കുടുംബങ്ങളോടുള്ള പ്രത്യേക മമതയും, കാരുണ്യമനോഭാവവും, ഈശോ സഹിച്ച വേദന അറിയാനുള്ള തീക്ഷ്ണതയും നമുക്കനുഭവവേദ്യമാകും; അവൾ ഈശോയെ തന്റെ ഹൃദയത്തിൽ എത്രയോ ആഴത്തിൽ പ്രതിഷ്ഠിച്ചിരുന്നുവെന്ന് നമുക്കു മനസ്സിലാകുകയും ചെയ്യും.

കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം അറിയാമായിരുന്ന, രണ്ടാം ക്‌ളാസ്സ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന മറിയം ത്രേസ്യായ്ക്ക്, മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ എടുത്തു പറയത്തക്കതായ നേട്ടങ്ങൾ ഒന്നുമില്ലായിരുന്നു. പിതാവിന്റെയും സഹോദരന്റെയും മദ്യപാനം മൂലം, സമാധാനമില്ലായ്മയും അശാന്തിയും താണ്ഡവമാടിയിരുന്ന ഒരു സാധുകുടുംബമായിരുന്നുഅവളുടേത്. ഇരിങ്ങാലക്കുട രൂപതയിൽപ്പെട്ട പുത്തൻചിറ ഇടവകയിലെ ചിറമ്മൽ മങ്കുടിയാൻ കുടുംബത്തിൽ, കുഞ്ഞിത്തൊമ്മന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ താണ്ടയുടെയും മകളായി 1876 ഏപ്രിൽ 26 ന് മറിയം ത്രേസ്യാ ജനിച്ചു.

മറിയം ത്രേസ്യായുടെ അമ്മ, അവളെ കുഞ്ഞുന്നാളിൽ തന്നെ പരിശുദ്ധമായ ജീവിതം നയിക്കുന്നതിന് ഉപദേശിക്കുമായിരുന്നു. ഒരു ചെറിയ പാപം പോലും ചെയ്യരുതെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും അമ്മ നിരന്തരം ഉപദേശിച്ചിരുന്നു. തീരെ ചെറിയ കുട്ടിയായിരിക്കെ, അവൾ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ, ഈശോയുടെ പാടുപീഡകൾ മറിയം ത്രേസ്യായുടെ ഹൃദയത്തെ ഒരുപാട് ആഴത്തിൽ സ്പർശിച്ചിരുന്നു.

പന്ത്രണ്ട് വയസ്സാകാതെ പ്രഥമദിവ്യകാരുണ്യം സാധ്യമല്ലാതിരുന്നിട്ടും, ഈശോയെ സ്വീകരിക്കണം എന്ന തീവ്രമായ ആഗ്രഹത്താൽ, അമ്മയെയും കൂട്ടി രണ്ടര മൈൽ അകലെയുള്ള അമ്പഴക്കാട്ടു കൊവേന്തപ്പള്ളിയിൽ പോയി അവിടെ കണ്ടുമുട്ടിയ ഒരു പട്ടക്കാരനോട് അവൾ തന്റെ ആഗ്രഹം അറിയിച്ചു. മറിയം ത്രേസ്യയുടെ പ്രായം എത്രയാണെന്നു തിരക്കിയ വൈദികൻ, ആറു വയസ്സെന്ന മറുപടി കേട്ട് അവളെ മടക്കി അയയ്ക്കാൻ ശ്രമിച്ചു. ഒടുവിൽ, മറിയം ത്രേസ്യായുടെ നിർബന്ധത്താൽ, അദ്ദേഹം അവളെ കുമ്പസാരക്കൂട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി അനേകം ചോദ്യങ്ങൾ ചോദിച്ചു. മറിയം ത്രേസ്യായുടെ ഈശ്വരവിശാസത്തിലും അറിവിലും സംതൃപ്തനായ അദ്ദേഹം, അപ്പോൾ തന്നെ അവൾക്ക് പ്രഥമദിവ്യകാരുണ്യം നല്‌കി! ആ നിമിഷം തന്നെ മറിയം ത്രേസ്യാ അവാച്യമായ ആനന്ദനിർവൃതിയാൽ നിറഞ്ഞു.

യൗവ്വനയുക്തയായ മറിയം ത്രേസ്യായെ വിവാഹം കഴിപ്പിച്ചു അയയ്ക്കാനുള്ള അമ്മയുടെ ശ്രമത്തെ, അവൾ ശക്തിയുക്തം എതിർത്തു. മറിയം ത്രേസ്യാ ഈശോയെ ആത്മീയ തുണയായി സ്വീകരിച്ചു. വിശുദ്ധ ജോസഫിനെ പിതാവായും പരിശുദ്ധ കന്യാമറിയത്തെ അമ്മയായും തിരഞ്ഞെടുത്തു. പത്തൊൻപതാം വയസ്സിൽ മഠത്തിൽ ചേരാനുളള അവളുടെ ആഗ്രഹത്തെ ദൈവം തടഞ്ഞു. കാട്ടിൽ പോയി ഏകാന്തതയിൽ ദൈവത്തെ കൂടുതൽ സ്നേഹിക്കാം എന്ന ചിന്തയും തടസ്സപ്പെട്ടു. ഈശോയ്ക്ക് മറിയം ത്രേസ്യായെക്കുറിച്ചു വ്യക്തമായ പദ്ധതിയുണ്ടായിരുന്നു.

മറിയം ത്രേസ്യായ്ക്കു പാപത്തെക്കുറിച്ചും അതിനു പരിഹാരമാകുന്ന സഹനത്തെക്കുറിച്ചും ഉത്തമമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഓർമ്മ വച്ച കാലം മുതൽ, കർത്താവിനുവേണ്ടി എന്തും സഹിക്കാൻ അവൾ സന്നദ്ധയാകുമായിരുന്നു. പിശാചിന്റെ ഉപദ്രവങ്ങൾ പോലും, ഈശോ നൽകിയ കുരിശായിട്ടും, അവിടുത്തെ പങ്കപ്പാടിൽ പങ്കാളിയാകാനുള്ള പാതയൊരുക്കലായും, പഞ്ചക്ഷതങ്ങൾ പേറുവാനുള്ള പരിശീലനമായും കണ്ട അവൾ, അവയെല്ലാം സധൈര്യം നേരിട്ടു. ഈശോയുടെ പീഡാനുഭവം അതേ വേദനയോടും തീവ്രതയോടും കൂടെ അനുഭവിച്ചറിഞ്ഞ ഒരു വിശുദ്ധയായിരുന്നു മറിയം ത്രേസ്യാ. ഈശോനാഥന്റെ അഞ്ചുതിരുമുറിവുകൾ തന്റെ ശരീരത്തിലേക്ക് അവൾ സ്വയം ചോദിച്ചു വാങ്ങി. കൈകാലുകൾ ആണികളാൽ കുരിശിൽ തറക്കപ്പെട്ടപ്പോൾ ഈശോ അനുഭവിച്ച അതേ അനുഭവം നേരിടേണ്ടി വന്നപ്പോഴും, ചങ്കു രണ്ടായി പിളരുന്ന പോലെ അനുഭവപ്പെട്ടപ്പോഴും ഒരു മാലാഖാ പ്രതൃക്ഷപ്പെട്ടു കുന്തം കൊണ്ട് അവളുടെ ഇടത്തെ വിലാവിൽ കുത്തിയപ്പോഴും, ഈശോനാഥനോടുള്ള ഹൃദയം നിറഞ്ഞ സ്‌നേഹത്താൽ അവൾ എല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങി. അപ്പോഴും, തനിക്കുണ്ടായ അഞ്ചു മുറിവുകൾ ആരും കാണരുതെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു. ഈ സഹനങ്ങൾക്കു ശേഷം അവൾക്ക് ഈശോയെ നേരിട്ടു കാണുവാൻ സാധിച്ചിരുന്നു. പിശാചിന്റെ ക്രൂരമായ പീഡകൾ ഏൽക്കേണ്ടി വന്നപ്പോഴും, വളരെ കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോഴും തളർന്നു പോകാതെ, അവയെല്ലാം സധൈര്യം മറികടന്ന ഈ വിശുദ്ധ എനിക്കൊരു അത്ഭുതം തന്നെയാണ്!

രക്ഷാകര സംഭവങ്ങളെക്കുറിച്ചു ധ്യാനിക്കാനും, ദിവസേന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും, തപസ്സുചെയ്യാനും അവൾ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. അവൾക്ക്, ആകാശലോകത്തിൽ നിന്നുള്ള ദർശനങ്ങളുടെയും വെളിപാടുകളുടെയും വിവിധ അനുഭവങ്ങൾ ഉണ്ടായിരുന്നു. ശിശുവായും, പ്രായപൂർത്തിയായവനായും, കഷ്ടപ്പെടുന്നവനായും, ക്രൂശിക്കപ്പെട്ടവനായും, ദിവ്യകാരുണ്യനാഥനായും, വിശുദ്ധഹൃദയനായും, ന്യായാധിപനായും, സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനായും ഒക്കെ യേശു അവളെ സന്ദർശിച്ചിരുന്നു. ഈ അനുഭവങ്ങൾ അവളെ ക്രിസ്തു സംഭവത്തിന്റെ മുഴുവൻ നിഗൂഢതകളിലേയ്ക്കും നയിച്ചു.

ശുദ്ധികരണസ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, രോഗാതുരരായവരുടെ അവസ്ഥ ഈശോയോടു ചോദിച്ചു വാങ്ങി അവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കാനും, അവൾ പ്രത്യേകം താല്പര്യപ്പെട്ടിരുന്നു. തന്റെ ആത്മീയ ഗുരുവിന്റെ അനുവാദത്തോടെ, അവൾ മുള്ളരഞ്ഞാണം കെട്ടുകയും, ചമ്മട്ടിയടി ഏൽക്കുകയും, മുൾച്ചട്ടയും മുൾമുടിയും ധരിക്കുകയും, അതോടൊപ്പം, ഞെരിഞ്ഞിൽ മുള്ളു നിറച്ച തലയണ ഉപയോഗിക്കുകയും ചെയ്തിരുന്നു. സ്വർഗ്ഗകവാടം തുറക്കുന്ന, മാന്ത്രിക വിളക്കാകുന്ന ‘മരിയ ഭക്തി’യെക്കുറിച്ച്, മറിയം ത്രേസ്യാ പലപ്പോഴും പറയുമായിരുന്നു.

ഏകാന്തജീവിതം നയിക്കുന്നതിനും, ത്യാഗത്തിലധിഷ്ഠിതമായ സൽപ്രവർത്തികൾ ചെയ്യുന്നതിനും അവൾക്കവസരം ഒരുക്കുന്നതിനായി, ദൈവം കുറച്ചു നല്ല വ്യക്തികളെ അവൾക്കു കാണിച്ചു കൊടുക്കുകയും, അവർ മുഖാന്തരം, അവൾക്കു താമസിക്കാനുള്ള ഒരു ഭവനം സംലഭ്യമാകുകയും ചെയ്തു. അവളുടെ ആത്മിയഗുരുവായ ഫാ. ജോസഫ് വിതയത്തിലിന്റെ കൂടെ ശ്രമഫലമായി ഉയർന്ന ആ ഭവനത്തിന്റെ വെഞ്ചെരിപ്പ് 1913 ഒക്ടോബർ 7-ന് നടന്നു. അവൾക്ക് കൂട്ടായി, മൂന്ന് ആത്മമിത്രങ്ങളെയും ലഭിച്ചു.

1914 മെയ് 14- ന് മറിയം ത്രേസ്യായും കൂട്ടുകാരികളും വ്രതവാഗ്ദാനം ചെയ്തു. അന്നുതന്നെ, ആത്മിയഗുരു ബഹുമാനപ്പെട്ട ഫാ. വിതയത്തിലിന്റെയും മേനാച്ചേരി ജോൺ തിരുമേനിയുടെയും സാന്നിധ്യത്തിൽ, പുതിയ സന്യാസിനി സഭയായി ‘തിരുക്കുടുംബ സഭ’ പിറവിയെടുത്തു. ഈ തിരുക്കുടുംബ സഭയാകട്ടെ, പ്രാർത്ഥന, ധ്യാനം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, രോഗീസന്ദർശനം, നന്മരണത്തിനുള്ള ഒരുക്കപ്രാർത്ഥന, അനാഥരുടെ ശുശ്രൂഷ, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു പൊന്നു.

തിരുക്കുടുംബ സഭയിൽ ചേർന്നവരുടെ എണ്ണം വളരെയധികമായതിനാൽ, മറ്റൊരു സന്യാസ സഭ തന്നെ സ്ഥാപിക്കേണ്ടി വന്നു. തൽഫലമായി, ഹോളി ഫാമിലി സന്യാസിനി സഭ സ്ഥാപിതമായി. പന്ത്രണ്ടു വർഷത്തിനു ശേഷം, 1926 ജൂൺ 8-ന് മറിയം ത്രേസ്യാ, നിത്യസമ്മാനത്തിനു വേണ്ടി, സ്വർഗ്ഗീയനാഥന്റെ സന്നിധിയിലേക്ക് യാത്രയായി. അവർണനീയമായ മനസ്സമാധാനത്തോടും ആനന്ദത്തോടും കൂടി, മറിയം ത്രേസ്യാ, തന്റെ ആത്മാവിനെ തിരുക്കുടുബത്തിനു സമർപ്പിച്ചാണ് ഈ ലോകം വെടിഞ്ഞത്. അതിന്റെ ഫലമായി, അവളുടെ മരണ സമയത്ത് തിരുക്കുടുംബത്തിന്റെ സാന്നിധ്യമുണ്ടായി.
അൻപത്തിമൂന്നാമത്തെ വയസ്സിൽ അവൾ ഇഹലോകവാസം വെടിഞ്ഞപ്പോൾ, അവളുടെ സംരക്ഷണയിൽ 55 സഹോദരിമാരും, 30 ബോർഡിംഗ് കുട്ടികളും, 10 അനാഥരും ഉണ്ടായിരുന്നു. മറിയം ത്രേസ്യാ, മൂന്നു കോൺവെന്റുകളും, ഒരു ബോർഡിംഗ് ഹൗസും, രണ്ടു സ്കൂളുകളും, ഒരു അനാഥാലയവും സ്ഥാപിച്ചിരുന്നു.

ചുരുട്ടുകാലുകൾ ഉള്ളവനായി ജനിച്ച (bilateral congenital clubfoot) മാത്യു ഡി. പെല്ലിശ്ശേരി എന്ന ബാലന്റെ അംഗവൈകല്യം, മറിയം ത്രേസ്യായുടെ മദ്ധ്യസ്ഥതയാൽ സാധാരണ കാലുകൾ പോലെ ആയതിന്റെ ഫലമായി, 1975-ൽ മറിയം ത്രേസ്യായെ ജോൺപോൾ രണ്ടാമൻ മാർപാപ്പ ‘ദൈവദാസി’യായി പ്രഖ്യാപിച്ചു. 2000 ഏപ്രിൽ 9- ന്, പരിശുദ്ധ പിതാവ് തന്നെ അവളെ ‘വാഴ്ത്തപ്പെട്ടവളാ’യി പ്രഖ്യാപിക്കുകയും ചെയ്തു. 2009-ൽ, ക്രിസ്റ്റഫർ എന്ന കുഞ്ഞ് അവികസിത ശ്വാസകോശങ്ങളും ഹൃദയത്തിൽ മൂന്ന് ദ്വാരങ്ങളും ഉള്ളവനായി ജനിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട് മരണാസന്നനായി കിടന്നിരുന്ന ഈ കുഞ്ഞിന്റെ മുത്തശ്ശിയുടെ വിശ്വാസത്താൽ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് വീട്ടിൽ നിന്നും എടുത്തു കൊണ്ടു വന്ന്, ഈ കുഞ്ഞിന്റെ ശരീരത്തിൽ വെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി അവന്റെ രോഗം സുഖപ്പെടുകയും അവൻ ജീവിതത്തിലേയ്ക്കു തിരികെയെത്തുകയും ചെയ്തു. ഈ അത്ഭുതം, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധരുടെ നിരയിലേക്കുയർത്താൻ കാരണമായി. 2019 ഒക്ടോബർ 13 – ന് റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെച്ച് ഫ്രാൻസിസ് പാപ്പായാണ് അവളെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

“ഭാരതസഭയുടെ പുണ്യാത്മാവായ വിശുദ്ധ മറിയം ത്രേസ്യാ, കുടുംബങ്ങളെ സ്നേഹിച്ച, കുടുംബങ്ങളുടെ മദ്ധ്യസ്ഥേ, ഞങ്ങൾ ഓരോരുത്തരെയും, അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു. സഹനത്തിന്റെ വിശുദ്ധേ, ഞങ്ങൾക്കുണ്ടാകുന്ന സങ്കടങ്ങളും പ്രയാസങ്ങളും കഷ്ടതകളും മാറാരോഗങ്ങളും, നിന്റെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു. ദയാപൂർവ്വം, അവയെല്ലാം ഈശോയുടെ സവിധത്തിൽ ചേർത്ത്, ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് അപേക്ഷിച്ചുകൊള്ളണമേ.”

Share This Post!