A Tale of Talents

A Tale of Talents

പണ്ടൊക്കെ,
കാരിരുമ്പു പോലെ ഉറച്ചതായിരുന്നു നമ്മുടെ സൗഹൃദം;
ആ സൗഹൃദത്തിന്റെ കണ്ണികൾ ഓരോന്നായ് അകന്നകന്നു പോയതെങ്ങനെയാണ്?

പണ്ടൊക്കെ,
കഞ്ഞിയും തേങ്ങാ ചമ്മന്തിയും കടുമാങ്ങാ ഉപ്പിലിട്ടതും പോലെ രുചികരമായിരുന്നു നമ്മുടെ കൂടിച്ചേരലുകൾ; ആ കൂടിച്ചേരലുകളുടെ ഉപ്പ് ഉറകെട്ടു പോയതെപ്പോഴാണ്?

പണ്ടൊക്കെ,
മരപ്പൊത്തിൽ നിന്നു കണ്ടെടുത്ത തേനടകൾ പോലെ മധുരവും പരിശുദ്ധവുമായിരുന്നു നമ്മുടെ സ്നേഹം;
ആ മധുരസ്നേഹത്തേനടയിൽ കാപട്യത്തിന്റെ കയ്പുനീർ കലർത്തിയതാരാണ്?

പണ്ടൊക്കെ,
കുയിൽപ്പെണ്ണിന്റെ ഗാനവും നമ്മുടെ മറുപാട്ടിന്റെ ഈണവും നന്നായി ശ്രുതി ചേർന്നു നിന്നിരുന്നു;
ഇന്ന് ആ കുയിൽനാദവും നമ്മുടെ കുസൃതിപ്പാട്ടും എവിടെ പോയ്മറഞ്ഞു?

പണ്ടൊക്കെ,
നമ്മളൊന്നിച്ചൊരു പുഴയുടെ കുളിരായ് മെല്ലെ മെല്ലെ ഒഴുകിയിരുന്നു;
ഇന്നു ‘ഞാനും’ ‘നീയു’മായ് നമ്മൾ കൈവഴികളായ് പിരിഞ്ഞതെന്തേ?

Share This Post!