A Tale of Talents

A Tale of Talents

ചങ്ങനാശ്ശേരി അതിരൂപതയിലെ വലിയ ഇടവകകളിൽ ഒന്നായ എടത്വ വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള പള്ളിയോടു ചേർന്നാണ് എന്റെ വീട്. ചരിത്രമുറങ്ങുന്ന ആ മണ്ണിൽ ജനിക്കാനും വളരെ പ്രസിദ്ധമായ ആ ദേവാലയത്തോടു ചേർന്നു ജീവിക്കാനും സാധിച്ചത് എനിക്കു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. തമിഴ്നാട്ടിൽ നിന്നും തെലുങ്കാനയിൽ നിന്നും ഒക്കെ വളരെയേറെ വിശ്വാസികൾ പങ്കെടുക്കുന്ന എടത്വാ പെരുന്നാൾ ചരിത്രപ്രസിദ്ധമാണ്. തിരുന്നാളിനു വന്നുചേരുന്ന വിശ്വാസികൾക്ക് പരമ്പരാഗതമായി നേർച്ചയായി നൽകാറുള്ള എണ്ണ, കുപ്പികളിൽ നിറയ്ക്കുന്നതു മിഷൻ ലീഗ് എന്ന സംഘടനയിലെ കുട്ടികളാണെന്നും, ജോലി എല്ലാം കഴിഞ്ഞു വൈകുന്നേരം ആകുമ്പോൾ അവർക്കു മാത്രം ബോളിയും പരിപ്പുവടയും ബ്രൂ കാപ്പിയും ലഭിക്കുമെന്നും, തിരുന്നാളിന് ശേഷം എണ്ണ നിറയ്ക്കാൻ സഹായിച്ച മേൽ പറഞ്ഞ സംഘടനയിലെ കുട്ടികളുമായി പള്ളിയിൽ നിന്ന് എല്ലാ വർഷവും ടൂർ പോകുമെന്നും മറ്റുമുള്ള നിറം പിടിപ്പിച്ച കഥകൾ കേട്ടു വളർന്ന എന്റെ കുഞ്ഞു മനസ്സിൽ, എങ്ങനെയെങ്കിലും മിഷൻ ലീഗിൽ ചേരുകയെന്ന ആശ അങ്ങനെ മൊട്ടിട്ടു വന്നു. ആദ്യകുർബാന സ്വീകരിച്ച കുട്ടികളെ മാത്രമേ മിഷൻ ലീഗിൽ ചേർക്കുകയുള്ളൂ എന്ന അറിവ് എന്റെ താത്കാലിക മോഹഭംഗമായി നിലകൊണ്ടെങ്കിലും, ആദ്യകുർബാന സ്വീകരണം കഴിഞ്ഞ ഉടനെ ഞാനും എന്റെ കൂട്ടുകാരും ആദ്യം ചെയ്തത് മിഷൻ ലീഗിൽ അംഗത്വം എടുക്കുകയായിരുന്നു. അങ്ങനെ ബോളിയുടെയും, പരിപ്പുവടയുടെയും, ബ്രൂ കാപ്പിയുടെയുടേയുമൊക്കെ വർണ്ണാഭമായ കഥകൾ ഞങ്ങൾക്ക്ക്കു യാഥാർഥ്യമായി ഭവിച്ചു.

വീട്ടിൽ വന്നു ആവേശത്തോടെ മിഷൻലീഗിൽ ചേർന്ന കാര്യം പറഞ്ഞപ്പോൾ, അനേകം വിശുദ്ധരുടെ  ജീവചരിത്രം വായിക്കുകയും മക്കൾക്കും അയൽപക്കങ്ങളിലുള്ള കുഞ്ഞുങ്ങൾക്കും വിശുദ്ധരുടെ പേരുകൾ നിർദ്ദേശിക്കുകയുമൊക്കെ ചെയ്തിരുന്ന എന്റെ പ്രായമായ അമ്മച്ചി (അമ്മച്ചിയുടെ അമ്പതാം വയസ്സിൽ പിറന്ന പത്താമത്തെ സന്താനമാണു ഞാൻ), മിഷൻ ലീഗിന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായെക്കുറിച്ചുള്ള കഥകൾ എനിക്കു പറഞ്ഞു തന്നു. അമ്മച്ചിയുടെ കഥപറച്ചിൽ വളരെ രസമാണ്. കഥയിലെ ഓരോ ആൾക്കാരെയും നമുക്ക് മനസ്സിലാക്കിത്തരാൻ അവരുടെ സംഭാഷണങ്ങൾ, മുഖഭാവങ്ങൾ ഒക്കെ അവരുടെ രീതിയിൽ അമ്മച്ചി അവതരിപ്പിക്കും. അമ്മച്ചിയുടെ കഥയിലൂടെ എന്റെ മുൻപിൽ ജീവിച്ച വിശുദ്ധ കൊച്ചുത്രേസ്യായെ ഞാനും സ്നേഹിച്ചു തുടങ്ങി.

അമ്മച്ചി കഥ പറഞ്ഞു തുടങ്ങി: ഫ്രാൻസിലെ അതിസുന്ദരമായ ഒരു ഗ്രാമത്തിൽ പ്രാർത്ഥനാതീക്ഷ്ണതയുള്ള ലൂയിമാർട്ടിൻ- സെലിൻ ദമ്പതികൾക്ക് 9 കുട്ടികൾ ഉണ്ടായിരുന്നു.അവരിൽ 4 പേര് കുഞ്ഞുപ്രായത്തിൽ തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ശേഷിച്ച 5 പെൺമക്കളിൽ ഏറ്റവും ഇളയവൾ ആയിരുന്നു കൊച്ചുത്രേസ്യാ. ചെറുപ്പത്തിൽ അവളുടെ രോഗാവസ്ഥ കണ്ട ആ പാവം മാതാപിതാക്കൾ, അവളും മറ്റു 4 മക്കൾക്കൊപ്പം നിത്യസമ്മാനത്തിനു പോവുകയാണെന്ന് വിചാരിച്ചു. എന്നാൽ, കുറച്ചുനാളുകൾക്കു ശേഷം കൊച്ചുതെരേസ ആരോഗ്യം നേടി സൗഖ്യം പ്രാപിച്ചു. എങ്കിലും, അവളുടെ ജീവിതത്തിൽ രോഗം സന്തത സഹചാരിയായിരുന്നു. മക്കളെയെല്ലാം ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥനാചൈതന്യത്തിൽ വളർത്താൻ ബദ്ധശ്രദ്ധയായിരുന്ന കൊച്ചു തെരേസയുടെ അമ്മ, തെരേസായുടെ നാലാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. അമ്മയുടെ വേർപാട് പാവം കൊച്ചു തെരേസയെ വല്ലാതെ വേദനിപ്പിച്ചു. പിന്നീട്, ചേച്ചിമാരായ സെലീന, മരിയ, പൗളിൻ, ലിയോനി എന്നിവരുടെ കുഞ്ഞുമാലാഖായായ് കൊച്ചു തെരേസ വളർന്നു. അമ്മയുടെ സ്ഥാനത്തു അവൾ കണ്ടിരുന്ന പൗളിൻ ചേച്ചി കർമ്മലീത്താ മഠത്തിൽ ചേർന്നപ്പോൾ, അവൾക്കും മഠത്തിൽ ചേരണമെന്ന ആഗ്രഹം ജനിച്ചു. ആ ആഗ്രഹം ഇടവകയിലെ വൈദികനോടും മെത്രാനച്ചനോടും ഒക്കെ പറഞ്ഞപ്പോൾ അവളെ അവർ നിരുത്സാഹപ്പെടുത്തി. തന്റെ ആഗ്രഹപൂർത്തീകരണത്തിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന കൊച്ചു തെരേസ, ഒരിക്കൽ പരിശുദ്ധ ലിയോ പതിമൂന്നാമൻ മാർപ്പാപ്പയെ കണ്ടപ്പോൾ പിതാവിന്റെ പാദം ചുംബിച്ചു കരഞ്ഞു മഠത്തിൽ ചേരാനുള്ള തന്റെ അദമ്യമായ ആഗ്രഹത്തെ അറിയിച്ചു. “മകളെ, അധികാരികൾ പറയുന്നത് അനുസരിക്കുക, ദൈവഹിതമെങ്കിൽ അതു നടക്കും,” എന്ന് പറഞ്ഞു അദ്ദേഹം അവളെ പറഞ്ഞയച്ചു. നമ്മുടെ ഏതു ചെറിയ ആഗ്രഹവും കാലത്തിന്റെ പൂർത്തിയിൽ സാധ്യമാക്കിത്തരുന്ന നമ്മുടെ ഈശോ, കൊച്ചു തെരേസയുടെ ആഗ്രഹവും നിറവേറ്റിക്കൊടുത്തു. അങ്ങനെ, അവൾ മഠത്തിൽ പ്രവേശിച്ചു. ത്യാഗങ്ങളും, സഹനങ്ങളും, ഉപവിപ്രവർത്തങ്ങളും എല്ലാം സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തുവച്ചിരുന്ന കൊച്ചു തെരേസ, മിഷൻ പ്രവർത്തനങ്ങളുടെ വിജയത്തിനായും, പാപികളുടെ മനസാന്തരത്തിനുമായി തന്റെ സഹനങ്ങൾ ഈശോക്ക് കാഴ്ചവെച്ചു.

തന്റെ 22-)0 വയസ്സിൽ ക്ഷയ രോഗം അവളെ വല്ലാതെ തളർത്തി. ശരീരമാസകലം വേദനയാൽ പുളയുമ്പോഴും അതെല്ലാം ഈശോയുടെ സഹനങ്ങളോട് ചേർത്ത് വച്ച കൊച്ചു തെരേസ, തന്റെ സഹനങ്ങളിലും ക്രൂശിതന്റെ സ്നേഹം ആവോളം അനുഭവിച്ചു. ഈ ലോക ജീവിതം അവസാനിക്കുന്ന വേളയിലും ക്രൂശിതരൂപത്തെ നോക്കി കൊച്ചു തെരേസ ഇപ്രകാരം ഉരുവിട്ടു. “ഓ എന്റെ ഈശോയെ, ഞാൻ അങ്ങയെ ഒത്തിരി സ്നേഹിക്കുന്നു.” അമ്മച്ചിയുടെ കഥപറച്ചിൽ അങ്ങനെ കഴിഞ്ഞെങ്കിലും, അമ്മച്ചിയുടെ കഥകളോടുള്ള എന്റെ ഇഷ്ടം കൊച്ചു തെരേസയിലേക്കും കൊച്ചു തെരേസയുടെ മധ്യസ്ഥത്തിലുള്ള മിഷൻ ലീഗിലേക്കും വ്യാപിച്ചു. ക്രൂശിതരൂപത്തിനൊപ്പം റോസാപുഷ്പങ്ങളും നെഞ്ചോട് ചേർത്ത് നിൽക്കുന്ന സുന്ദരിയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപം കാണുമ്പോളെല്ലാം കൊച്ചുത്രേസ്യായെ പോലെ ഒരു വിശുദ്ധ ആകണമെന്ന ആഗ്രഹം എന്നിനും ഉണ്ടാകുമായിരുന്നു.

കഥയിൽ അല്പം കാര്യം
കേരളസഭയിൽ പ്രേഷിതവിളികൾ കണ്ടെടുക്കാനും സഭയുടെ വളർച്ചയ്ക്കായ് അതിനെ ഉപയോഗിക്കാനുമായി, മാലിപ്പറമ്പിലച്ചൻ രൂപം കൊടുത്ത അൽമായ സംഘടനയായ മിഷൻലീഗ്, 1947 ഒക്‌ടോബർ 3 നു ഭരണങ്ങാനത്തു സ്ഥാപിതമായി. പ്രേഷിതതീക്ഷ്ണതയാൽ നിറഞ്ഞ പി.സി. അബ്രഹാമിന്റെയും (കുഞ്ഞേട്ടൻ), മറ്റു 5 അല്മായരുടെയും സഹായത്താലാണ് ഇതു മെല്ലെ വളരാൻ തുടങ്ങിയത്.

എന്നെ ഞാനാക്കി തീർക്കാൻ മിഷൻ ലീഗ് വളരെയേറെ സഹായിച്ചു. സ്നേഹം, ത്യാഗം, സേവനം,സഹനം എന്നീ മുദ്രവാക്യങ്ങളെ മുറുകെപ്പിടിച്ചു, നമ്മുടെ സഹോദരങ്ങളിലേയ്ക്കിറങ്ങിച്ചെന്ന്, അവരുടെ നെഞ്ചിന്റെ ചൂടറിയാൻ, നോവറിയാൻ മിഷൻലീഗ് സംഘടനയിലൂടെ എനിക്ക് സാധിച്ചു.

ഞങ്ങളുടെ വീര സാഹസിക കഥകൾ
ഞങ്ങൾ കുട്ടനാട്ടുകാർ വർഷത്തിൽ 6 മാസവും വെള്ളപ്പൊക്കത്തിന്റെ ദുരന്തം അനുഭവിക്കുന്നവരാണ്. ഒരു വെള്ളപ്പൊക്കകാലം ഞങ്ങൾക്കൊപ്പം പഠിച്ചിരുന്ന ഒരു കുട്ടിയുടെ വീട്, അതിരുന്ന സ്ഥലം പോലും അജ്ഞാതമാകും വിധം ഒലിച്ചു പോയി! അന്ന്, അവളുടെ സങ്കടങ്ങൾ ഞങ്ങളുടെ സങ്കടങ്ങളായി, അവളുടെ നൊമ്പരം ഞങ്ങൾ ഏറ്റെടുത്തു. പള്ളിയിലെ മിഷൻ ലീഗിന്റെ ചുമതലയുള്ള തോമസ്കൊച്ചാലെച്ചംകലാം അച്ചനോടും സിസ്റ്റർ ലിസ്സ്യാമ്മയോടും അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആവശ്യം പറഞ്ഞപ്പോൾ നമുക്ക് അവർക്കൊരു വീട് അടുത്ത വെള്ളപ്പൊക്കത്തിനു മുമ്പ് വച്ചുകൊടുക്കാം, പക്ഷെ അതിനായി നിങ്ങൾ കുറെ ത്യാഗങ്ങളും സേവനങ്ങളും ഒക്കെ ചെയ്യണം, ഫണ്ട് കണ്ടെത്തണം എന്നൊക്കെ പറഞ്ഞു. പറയുന്നതെന്താണെന്നു വലിയ അറിവൊന്നും ഇല്ലാത്ത ഞങ്ങൾ, എന്തു വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. ആവശ്യമായ ഫണ്ട് കണ്ടെത്താൻ ഓരോരുത്തരും അവരവരുടെ വീട്ടിൽ നിന്ന് മുട്ടയോ, ലേലം വിളിക്കാൻ പറ്റിയ സാധനങ്ങളോ ഒരു തീപ്പെട്ടി നിറച്ചു അരിയോ ഒക്കെ കൊണ്ടു വരണമെന്നും, അങ്ങനെ സ്വരൂപിക്കുന്ന തുക വീട് നിർമ്മിക്കാൻ ഉപയോഗിക്കാമെന്നും അച്ചൻ പറഞ്ഞപ്പോൾ, വലിയ കൈയടിയോടു കൂടെ ഞങ്ങൾ അത് സ്വീകരിച്ചു. അന്നും ഇന്നും വല്യ കാര്യവിചാരമില്ലാത്ത ഞാൻ, അച്ചനോടു പറഞ്ഞു: “തീപ്പെട്ടി അരി എന്തിനുണ്ട്? ഞാൻ ചോറ്റുപാത്രത്തിൽ അരി കൊണ്ടുവരാം,” എന്ന്! എന്നിട്ട്, ഒരു ജേതാവിനെപ്പോലെ ഒറ്റ നില്പങ്ങു നിന്നു.

ഞാൻ വീട്ടിൽ വന്നു മിഷൻലീഗിൽ തീരുമാനിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. “അമ്മേ, നാളെ എനിക്ക് ഒരു ചോറ്റുപാത്രം അരി വേണം!” (എന്റെ വീട്ടിൽ പത്തു മക്കൾ ഉൾപ്പെടെ എല്ലാവർക്കും ഒരുനേരം സുഭിക്ഷമായി കഴിക്കാനുള്ള അരിയുണ്ട്‌ ഒരു ചോറ്റുപാത്രം അരി!) അമ്മ പറഞ്ഞു: “എല്ലാ ദിവസവും ഒരു ചോറ്റുപാത്രം അരി കൊണ്ടുപോകാൻ നീ പാറായി കുഞ്ഞിന്റെ മകളാണോ? നാളെ ഒരു തീപ്പെട്ടി അരി കൊണ്ടുപോയാൽ മതി!” എന്റെ മുഖം വിളറിവെളുത്തു. കാരണം, നാലുപേരുടെ മുമ്പിൽ ഇത്തിരി ‘ഗമ’ കാണിക്കാൻ കിട്ടിയ അവസരം ഒരു ചീട്ടുകൊട്ടാരം പോലെ എന്റെ മുൻപിൽ തകർന്നു വീണല്ലൊ.. എന്റെ വിളറിയ മുഖം വലതു കൈകൊണ്ടു തലോടി എന്റെ അപ്പൻ പറഞ്ഞു: “എന്റെ മോള് ഒരു ചോറ്റുപാത്രം അരിയല്ല, ഒരു ‘പറ’ അരി കൊണ്ടു പൊയ്ക്കൊള്ളൂ,” എന്ന്. ആദ്യം ഞാൻ വിചാരിച്ചു എന്റെ അപ്പൻ എന്നെ കളിയാക്കിയതാണെന്ന്; പക്ഷെ,അല്ലായിരുന്നു. അപ്പൻ എനിക്ക് ഉപായവും പറഞ്ഞു തന്നു. എടത്വചന്തയിൽ പഴവർഗ്ഗങ്ങൾ വിൽക്കുന്ന ഞങ്ങളുടെ കടയിൽ വല്ലപ്പോഴുമൊക്കെ അപ്പനെ സഹായിക്കാൻ പോകുന്ന എന്റെ ചിരപരിചിതമായ മുഖം അവിടെയുള്ള കടക്കാർക്കൊക്കെ ഇഷ്ടമാണെന്നും, അവരോടു നിന്റെ ആവശ്യം പറഞ്ഞാൽ അവർ സഹായിക്കുമെന്നും അപ്പൻ പറഞ്ഞപ്പോൾ എന്റെ ഉത്സാഹം തിരിച്ചു വന്നു. കൂടെ അപ്പൻ ഒരു കാര്യം കൂടി പറഞ്ഞു: “അവർ തരുന്നത് പണം ആയാലും അരി ആയാലും പച്ചക്കറിയായാലും, ഉണക്കമീൻ ആയാൽ പോലും, അത് നിന്റെ ചെറുപുഷ്പത്തിനുള്ളതാണ്!”

നേരം വെളുക്കുന്നതുവരെ ആരോട്, എന്ത്, എങ്ങനെ ചോദിക്കണമെന്ന് ആലോചിച്ചു ഉറങ്ങിപ്പോയ ഞാൻ, രാവിലെ എന്ത് ചെയ്യുന്നതിനു മുമ്പും പരിശുദ്ധ അമ്മയെ കൂട്ട് വിളിക്കണമെന്നുള്ള അമ്മച്ചിയുടെ ഉപദേശം ശിരസ്സാവഹിച്ച്, “അമ്മേ, കൂട്ടായിരിക്കണേ..” എന്നുപറഞ്ഞു ഒരു പെറ്റിക്കോട്ടുകൂടും പിടിച്ചു ചന്തയിലേക്ക് ഇറങ്ങിയോടി. ആദ്യം നാണത്തോടും മടിയോടും കൂടി സംസാരിച്ചു തുടങ്ങിയ ഞാൻ, വളരെ പെട്ടെന്ന് ആവേശഭരിതയായി. “ കൊട്, നിനക്ക് നല്കപ്പെടും; അള നിനക്ക് അളക്കപ്പെടും.. അമർത്തി കുലുക്കി കവിയും വണ്ണം..” എന്ന പാട്ടൊക്കെ പാടി സ്വതസിദ്ധമായി അഭിനയിച്ചു കാണിച്ചു, കടക്കാരെ കൈയ്യിലെടുത്തു. കച്ചവടക്കാർ പണമായും , പച്ചക്കറിയായും അവർക്കു നല്കാവുന്നതൊക്കെ നൽകി എന്നെ പ്രോത്സാഹിപ്പിച്ചു. ലോകം പിടിച്ചടക്കിയ മട്ടിൽ തെല്ലൊന്നു അഹങ്കാരത്തോടെ ഏതാണ്ട് 8 കിലോ അരിയും 108 രൂപയും ഉണക്കമീൻ, പച്ചക്കറി , തുടങ്ങി കുറെയധികം സാധനങ്ങളും ആദ്യദിവസം തന്നെ പള്ളിയിൽ കൊടുക്കാൻ സാധിച്ച എന്റെ പിന്നെയുള്ള പ്രവർത്തനമണ്ഡലം അയല്പക്കങ്ങളിലെ സമ്പന്ന വീടുകളായിരുന്നു. അവിടെ ചെന്ന് ഇതേ ആവശ്യം പറഞ്ഞു മുട്ട, കുടമ്പുളി , ലോലോലിക്ക, നെല്ലിക്ക എന്നിവ കൈപ്പറ്റി ഒരു ജേതാവിനെ പോലെ നിവർന്നു നിന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ അന്നേ ഞാൻ നന്മ മരങ്ങളിൽ ആദ്യം സ്ഥാനം പിടിച്ചേനെ.:-)

കുട്ടികളായ ഞങ്ങളുടെ ത്യാഗപ്രവൃത്തി ഫലം കണ്ടു. ഞങ്ങൾ സ്വരൂപിച്ച പണം കൊണ്ടു ആ കുട്ടിക്ക് ഒരു ചെറിയ വീട് വച്ച് കൊടുക്കാൻ സാധിച്ചു. വീടിന്റെ നിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ വള്ളത്തിൽ കൊണ്ടുവരുമ്പോൾ, അതിറക്കാനും അടുക്കി വയ്ക്കാനും എല്ലാം കുട്ടികളായ ഞങ്ങൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. അന്നത്തെ അവരുടെ സന്തോഷം ഞങ്ങളുടെയും സന്തോഷമായി.. കഴിഞ്ഞ വെക്കേഷന് നാട്ടിൽ ചെന്നപ്പോൾ ആ വീട് മനോഹരമായ ഒരു ഇരുനിലവീടായി കണ്ടപ്പോൾ ഞാൻ ദൈവത്തെ സ്തുതിച്ചു.

മിഷൻ ലീഗിന്റെ മുദ്രവാക്യമായ സ്നേഹം, സേവനം, സഹനം, ത്യാഗം.. എല്ലാം, ഞാനറിയാതെ തന്നെ എന്റെ ജീവിതത്തിൽ അടിത്തറ പാകുകയായിരുന്നു. മിഷൻലീഗും കൊച്ചു തെരേസയും എന്റെ ജീവിതത്തിൽ അന്ന് തെളിച്ച ആ തിരികൾ, ഇന്നും, മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ഉള്ളറിഞ്ഞു അവർക്കു സേവനം ചെയ്യാനുമുള്ള കെടാത്ത തിരിയായി എന്നിൽ നിറഞ്ഞു നിൽക്കുന്നു.

എന്റെ അമ്മച്ചി ഒരു സംഭവമാണേ
എല്ലാ ശനിയാഴ്ചയും മിഷൻ ലീഗിലെ കുട്ടികൾ എല്ലാവരും ഏതെങ്കിലും ഒരു വിശുദ്ധ ജീവിതത്തെപ്പറ്റി ഒരു പേജ് എഴുതി നല്കണമെന്നുള്ള സിസ്റ്റേഴ്സിന്റെ പിടിവാശിയും അതിലേറെ ഗൂഗിൾ പോലെയുള്ള വിവര സഹായികളുടെ അഭാവവും, പിന്നെയും എന്നെ, വിശുദ്ധ ജീവിതങ്ങളുടെ ഒരു എൻസൈക്ലോപീഡിയ തന്നെ എന്നു ഞാൻ വിശ്വസിക്കുന്ന, വെറും മൂന്നാം ക്‌ളാസ്സ് മാത്രം പഠിപ്പുള്ള അമ്മച്ചിയുടെ അടുക്കൽ എത്തിച്ചു. ദോഷം പറയരുതല്ലോ, അമ്മച്ചിയുടെ അറിവ് എന്നെ വീണ്ടും അത്ഭുതപ്പെടുത്തി!!

വിശുദ്ധ സിസിലിയ എന്നുള്ളതിന്, കുസൃതിക്കാരനായ എന്റെ സഹോദരൻ വിശുദ്ധ കിക്കിളിയായെ എന്ന് ചൊല്ലുന്നതും, അമ്മച്ചി സ്നേഹത്തോടെ വിശുദ്ധ സിസിലിയ എന്ന് തിരുത്തുന്നതും, ഇരട്ടകളായ വിശുദ്ധന്മാരായ പ്രോത്താസീസിന്റെയും ഗർവാസീസിന്റെയും പേര് ചേർത്ത് ചെല്ലുന്നത് എന്തിനാണെന്നുമുള്ള അമ്മച്ചിയുടെ തിരുത്തലുകളും ..ഒക്കെ ഒരു നനുത്ത ഓർമ്മയായി എന്നിൽ നിറഞ്ഞു നിൽക്കുന്നു. നമ്മുടെ ഇടവകയിലെ പ്രോത്താസീസ് ചേട്ടനെ കണ്ടപ്പോൾ അമ്മച്ചിയുടെ ഇരട്ട വിശുദ്ധരിൽ ഒരാളെ കണ്ട സന്തോഷവും എന്റെ മനസ്സിൽ നിറഞ്ഞു.

സമ്മാനത്തിന് വേണ്ടിയായിരുന്നു ഈ വിശുദ്ധ ജീവിതങ്ങളെപ്പറ്റി ഞാൻ പഠിച്ചതെങ്കിലും, പിന്നീട്, അവർ തെളിച്ചു തന്ന വിശ്വാസത്തിന്റെ ദീപങ്ങൾ, അവരെ പോലെ ആയിത്തീരണമെന്നുള്ള ആഗ്രഹം എന്നിൽ ഉണർത്തി എന്നതും, അത് നമ്മുടെ തിരുസഭയെ അറിയാനും സ്നേഹിക്കാനും എന്നെ പ്രാപ്തയാക്കി എന്നുള്ളതും എനിക്ക് ലഭിച്ച മഹാഭാഗ്യമായി ഞാൻ കരുതുന്നു. എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, എന്നിൽ വേരൂന്നിയ പരസ്നേഹവും നേതൃത്വപാടവവും പരിശീലിക്കാൻ എന്നെ സഹായിച്ചത് മിഷൻ ലീഗും അതിലെ എന്റെ പ്രവർത്തനങ്ങളുമാണ്. കുഞ്ഞുന്നാളിൽ എത്ര കുർബ്ബാന കൂടി, എത്ര സുകൃതജപം ചൊല്ലി, എത്ര ആശയടക്കം ചെയ്തു, എത്ര ത്യാഗപ്രവൃത്തി ചെയ്തു, എത്ര സേവനം ചെയ്തു, എത്ര അദ്ധ്യായം ബൈബിൾ വായിച്ചു, എന്നൊക്കെയുള്ള ചോദ്യങ്ങൾ അടങ്ങിയ മിഷൻ ലീഗിന്റെ കാർഡ്, അന്ന് വെറുതെ പൂരിപ്പിക്കാൻ വേണ്ടിയാണു ചെയ്തുകൂട്ടിയതെങ്കിലും, ഇന്ന് ആ നല്ല വിത്താണ് എന്നിൽ ഇപ്പോഴും നല്ല ഫലം പുറപ്പെടുവിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. കഴിഞ്ഞു പോയ കാലങ്ങളെയും കൊഴിഞ്ഞു പോയ ദിനങ്ങളെയും കുറിച്ചൊക്കെ ഓർക്കുമ്പോൾ ഒരുപാട് മനം കുളിർക്കുന്ന അനുഭവങ്ങളും നന്ദി നിറഞ്ഞ ഹൃദയവുമാണ് എന്നുള്ളതും എന്നെ ഇപ്പോഴും മിഷൻ ലീഗിനോടും വിശുദ്ധ കൊച്ചു ത്രേസ്യായോടുമൊക്കെ ചേർത്തു നിറുത്തുന്നു.

നമുക്ക് എല്ലായ്പ്പോഴും വിശുദ്ധ കൊച്ചു ത്രേസ്യായോട് പ്രാർത്ഥിക്കാം. സ്വർഗ്ഗത്തിൽ നിന്ന് റോസാപുഷ്പങ്ങൾ അനുഗ്രഹങ്ങളായി നമുക്ക് വർഷിക്കും എന്ന് വാഗ്‌ദാനം ചെയ്ത ചെറുപുഷ്പമേ, കൂടുതൽ കൂടുതൽ തീക്ഷ്ണതയോടെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ..

വാൽക്കഷ്ണം
ചെറുപ്പ കാലത്തു അമ്മച്ചിയുടെ നിറം പിടിപ്പിച്ച കഥകളിൽ കേട്ട ഫ്രാൻസിലെ ആ സുന്ദരമായ ഗ്രാമവും വിശുദ്ധ കൊച്ചു ത്രേസ്യായുടെ മഠവും, വിശുദ്ധയുടെ കൈപ്പടയും, ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പല കാര്യങ്ങളും ഈ കഴിഞ്ഞ ജൂൺ മാസത്തിൽ എനിക്ക് നേരിട്ട് കാണാൻ സാധിച്ചു എന്നതും എനിക്ക് വേണ്ടി കാലം കാത്തുവച്ച കാവ്യനീതിയാണെന്നു ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കൊച്ചു ത്രേസ്യായെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..

വിശുദ്ധ കൊച്ചു ത്രേസ്യായെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..

Share This Post!