A Tale of Talents

A Tale of Talents

ദൈവസ്നേഹത്താൽ പണിയപ്പെട്ട ഒരു ഭവനം! അവിടെ, ദൈവദൂതന്മാരുടെ നിർമ്മലസ്നേഹത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സ്വയം ത്യജിച്ചും, ദൈവഹിതത്തിന് കണ്ണും കാതും ഹൃദയവും തുറന്നിട്ട് ജീവിച്ച രണ്ട് പുണ്യാത്മാക്കൾ – ജോസഫും മറിയവും. എല്ലാ പുണ്യങ്ങളുടെയും വിളനിലമായിരുന്ന ആ കുടുംബത്തിലേക്ക് ദൈവപുത്രനായ ഈശോ പിറന്നു വീണപ്പോൾ, അത് തിരുക്കുടുംബമായി. ദൈവികസാന്നിധ്യം നിറഞ്ഞുനിന്ന, സമൃദ്ധിയുടെ നിറകുടമായ, സ്വർഗ്ഗതുല്യമായ നസ്രത്തിലെ തിരുക്കുടുംബം!

എന്തൊക്കെയായിരുന്നു തിരുക്കുടുംബത്തെ മറ്റു കുടുംബങ്ങളിൽ നിന്ന് വേറിട്ടു നിർത്തിയ സവിശേഷതകൾ? എങ്ങിനെയാണ് തിരുക്കുടുംബം ദൈവപ്രീതിക്കു പാത്രമായ്ത്തീർന്നത്? ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും അതിനോട് പ്രത്യുത്തരിക്കാനും തിരുക്കുടുംബത്തെ പ്രാപ്തമാക്കിയ നന്മകൾ എന്തൊക്കെയായിരുന്നു? ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന ഗ്രന്ഥത്തിൽ അവയെക്കുറിച്ച് അതിമനോഹരമായി വിവരിക്കുന്നുണ്ട്.

1. ദൈവഹിതത്തോടുള്ള പരിപൂർണ്ണ വിധേയത്വവും വിശ്വാസവും

ദൈവഹിതത്തിന് തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിച്ചവരായിരുന്നു ഈശോയും മാതാവും യൗസേപ്പിതാവും. മാനവകുലത്തിന്റെ രക്ഷയ്ക്കായ് കുരിശിൽ ബലിയാകാൻ സ്വയം ശൂന്യനായി, ദൈവപിതാവിന്റെ ഹിതമനുസരിച്ച് എളിയവരിൽ എളിയവനായി ഈ ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ പ്രിയപുത്രനായ ഈശോ, തന്റെ പിതാവിനോടുള്ള അനുസരണവും വിധേയത്വവും പരസ്യജീവിതകാലത്തും, ഗത്സേമനിയിലും, പീഡാനുഭവവേളയിലും തുടർന്നു. അതെ, അവൻ കുരിശു മരണത്തോളം ദൈവഹിതത്തിന് കീഴ്‌വഴങ്ങി! കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ ദൈവത്തിന് സ്വയം സമർപ്പിച്ച കന്യകാമറിയം, ദൈവഹിതത്തിന് വിധേയപ്പെട്ടു കൊണ്ട് ജോസഫിന്റെ ഭാര്യയായി. മംഗളവാർത്തയുമായി എത്തിയ ഗബ്രിയേൽ ദൂതന്റെ മുൻപിൽ “ഇതാ കർത്താവിന്റെ ദാസി” എന്നു പറഞ്ഞുകൊണ്ട്, വീണ്ടും, അവൾ ദൈവത്തിന് തന്നെത്തന്നെ വിട്ടുകൊടുത്തു. ബാലനായ യേശുവിനെ ദേവാലയത്തിൽ വച്ചു കാണാതായ നാൾമുതൽ തന്റെ ഹൃദയത്തെ തുളച്ച വ്യാകുലങ്ങളുടെ വാളുകൾക്കോ, യൗസേപ്പിതാവിന്റെ വേർപാട് തുടങ്ങി കൂട്ടായി വന്ന ഏകാന്തതകൾക്കോ, ദൈവഹിതത്തോടുള്ള അവളുടെ വിധേയത്വത്തിന് ഒരു കുറവും വരുത്താൻ കഴിഞ്ഞില്ല. സ്വപ്നങ്ങളിൽ പോലും ദൈവം നിറഞ്ഞവൻ, ആ സ്വപ്നങ്ങളിലൂടെ ലഭിച്ച ദൈവകൽപ്പനകൾ സ്വപ്നതുല്യമായി അനുസരിച്ചവൻ – അതായിരുന്നു യൗസേപ്പ് പിതാവ്. പഴയനിയമത്തിലെ സ്വപ്നക്കാരനായ ജോസഫിനെപ്പോലെ, പുതിയ നിയമത്തിലെ ജോസഫും സ്വപ്നദർശനങ്ങളിലൂടെ ദൈവഹിതം തിരിച്ചറിഞ്ഞു. ദൈവത്തിന് ഒരിക്കലും തെറ്റു പറ്റില്ലെന്ന് ജോസഫ് ഉറച്ചു വിശ്വസിച്ചു. തന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത കാര്യങ്ങൾ ദൈവദൂതൻ അറിയിച്ചപ്പോൾ, ആരോരുമറിയാതെ മറിയത്തെ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം തിരുത്തിക്കൊണ്ട്, യൗസേപ്പ് പിതാവ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുസരിക്കുകയും, അതുവഴി, തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനും പരിപാലകനുമായി മാറുകയും ചെയ്തു.

നമ്മുടെ കുടുംബങ്ങളിലെ പല വീഴ്ചകൾക്കും കാരണം, ദൈവഹിതം തിരിച്ചറിയാനുള്ള വിവേകമില്ലായ്മയാണ്. സ്വാർത്ഥതാല്പര്യങ്ങളുടെ പിന്നാലെ പാഞ്ഞു പലപ്പോഴും നമ്മൾ ദൈവത്തിന്റെ ഇഷ്ടം തേടാൻ മറന്നു പോകുന്നു. സ്വന്തം താൽപര്യങ്ങൾക്കും കഴിവുകൾക്കുമാണ് നാം മുൻഗണന കൊടുക്കാറുള്ളത്‌. പലപ്പോഴും, ദുഃഖങ്ങൾ മാത്രമാണ് ഇവ നമുക്ക് സമ്മാനിക്കുക. ഇവിടെയാണ് തിരുക്കുടുംബത്തിന്റെ മാതൃക നമുക്ക് വഴികാട്ടിയാവുന്നത്. സങ്കടങ്ങളിലും, സംശയങ്ങളിലും, ജീവിതം വഴിമുട്ടി നിൽക്കുന്ന അവസരങ്ങളിലും മറ്റുള്ളവരിലേക്കോ, തന്നിലേയ്ക്കു തന്നെയോ അല്ല, മറിച്ച്, ദൈവത്തിലേയ്ക്കാണ് നാം കണ്ണുകൾ ഉയർത്തേണ്ടതെന്നും, അവിടുത്തെ ഉത്തരത്തിനാണ് നാം കാതോർക്കേണ്ടതെന്നും തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നു. മാതാവ് പറയുന്നു, “ദുഃഖങ്ങൾ ഞങ്ങളുടെ വിശ്വസ്തസ്നേഹിതരായിരുന്നു. എല്ലാ തിന്മകളും ഞങ്ങളുടെ ചുറ്റിലും നൃത്തം ചെയ്യാൻ സാത്താൻ ഇടയാക്കിയിരുന്നു. എന്നാൽ, ദൈവത്തെ പ്രീതിപ്പെടുത്താൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തത് നിമിത്തം സാത്താന്റെ ഉദ്ദേശത്തിന്റെ വിപരീതഫലമാണ് അവയെല്ലാം ഞങ്ങളിൽ ഉണ്ടാക്കിയിരുന്നത്.” (ദൈവമനുഷ്യന്റെ സ്നേഹഗീത)

ദുഃഖങ്ങൾ ഞങ്ങളുടെ വിശ്വസ്തസ്നേഹിതരായിരുന്നു. എല്ലാ തിന്മകളും ഞങ്ങളുടെ ചുറ്റിലും നൃത്തം ചെയ്യാൻ സാത്താൻ ഇടയാക്കിയിരുന്നു. എന്നാൽ, ദൈവത്തെ പ്രീതിപ്പെടുത്താൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തത് നിമിത്തം സാത്താന്റെ ഉദ്ദേശത്തിന്റെ വിപരീതഫലമാണ് അവയെല്ലാം ഞങ്ങളിൽ ഉണ്ടാക്കിയിരുന്നത്.

2. പ്രാർത്ഥന

പ്രാർത്ഥനയുടെ ചൈതന്യം നിറഞ്ഞു നിന്നിരുന്ന തിരുക്കുടുംബത്തിൽ, സങ്കീർത്തനങ്ങളും ദൈവസ്തുതികളും കൃതജ്ഞതാസ്തോത്രങ്ങളും നിരന്തരം ഉയർന്നിരുന്നു. ക്ഷീണം, തിരക്ക് ആകുലതകൾ, ജോലി, യാത്രകൾ എന്നിവയൊന്നും അവരുടെ പ്രാർത്ഥനയ്ക്കു വിഘാതമായില്ലെന്നു മാത്രമല്ല, കൂടുതൽ പ്രാർത്ഥിക്കുവാൻ അവരെ സഹായിക്കുകയും ചെയ്തു. പ്രാർത്ഥനകൾ അവർക്ക് ദുഃഖങ്ങളിൽ ആശ്വാസവും സന്തോഷങ്ങളിൽ സംഗീതവും ആയിരുന്നു. അവരുടെ വിശ്രമവും അധ്വാനവും പ്രകാശവും പ്രത്യാശയും എല്ലാം പ്രാർത്ഥന തന്നെയായിരുന്നു. അവരുടെ ജീവിതം തന്നെ ഒരു പ്രാർത്ഥനയായി മാറി. ദൈവം നൽകുന്ന നന്മകളെയും അനുഗ്രഹങ്ങളെയും നാം സൗകര്യപൂർവ്വം മറക്കുകയും ഇല്ലായ്മകളെ ചൊല്ലി നിരന്തരം പരാതി പറയുകയും, പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്താൻ പോലും കഴിയാതെ ജീവിത വ്യഗ്രതയിൽ മുഴുകുകയും ചെയ്യുന്ന ഇക്കാലത്ത്, നന്ദി നിറഞ്ഞ ഹൃദയത്തോടെയും ഉറച്ച വിശ്വാസത്തോടെയും ഉള്ള പ്രാർത്ഥനയുടെ മാതൃക തിരുകുടുംബം നമുക്ക് നൽകുന്നു.

പ്രാർത്ഥന നമ്മെ ദൈവത്തിലേക്ക് ഉയർത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ തിന്മകൾ, ജഡത്തിന്റെ പ്രലോഭനങ്ങൾ, മനസ്സിന്റെ അഹന്ത തുടങ്ങിയ സാത്താന്റെ ആയുധങ്ങൾ നിഷ്പ്രഭമാക്കുന്ന ശക്തമായ ആയുധമാണ് പ്രാർത്ഥന. മക്കൾക്ക് വേണ്ടിയുള്ള അമ്മമാരുടെ പ്രാർത്ഥന എത്ര ശക്തമാണെന്നതിനു എത്രയോ ഉദാഹരണങ്ങൾ സുവിശേഷത്തിലും ജീവിതത്തിലും നാം കാണുന്നു! എന്നാൽ, പിതാവിന്റെ പ്രാർത്ഥന ഒരു കുടുംബത്തെ മുഴുവൻ രക്ഷിക്കാൻ പോന്നതാണെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ, മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള പ്രാർത്ഥനയുടെ ശക്തി എത്രമാത്രം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലൊ. സ്വർഗ്ഗം തുറന്നു കൃപകളും അനുഗ്രഹങ്ങളും വർഷിക്കപ്പെടുന്ന സമയമാണ് കുടുംബ പ്രാർത്ഥനയുടെ സമയം. “The family that prays together, stays together.”

The family that prays together, stays together.

3. അനുസരണം

തന്റെ അഹങ്കാരത്തിന്മേൽ അടയിരുന്ന് വിരിയിച്ച തിന്മയെ സാത്താൻ ആദിമാതാപിതാക്കളിൽ കുത്തിവെച്ചു. അത് അവരെ ദൈവത്തോടുള്ള അവിശ്വാസത്തിലേയ്ക്കും അനുസരണക്കേടിലേയ്ക്കും നയിച്ചു. ആ തിന്മയിലൂടെ അവർ താഴേക്കിറങ്ങിയ അതേ പടികൾ ചവിട്ടി, ദൈവത്തോടുള്ള പരിപൂർണ്ണ അനുസരണത്താൽ, തിരുക്കുടുംബം ആ പാപത്തിനു പരിഹാരം ചെയ്തു. സംശയത്തിന്റെ മുൾമുനയിൽ നിന്നപ്പോഴും, ദൈവമാതാവെന്ന തന്റെ മഹത്വത്തെ ദൈവഹിതം അനുസരിച്ചുകൊണ്ട് മറിയം തന്റെ ഭർത്താവായ ജോസഫിൽ നിന്നുപോലും മറച്ചുവച്ചു. മറിയം പറയുന്നു, “ജോസഫ് അനുഭവിക്കാനിടയുള്ള മനോവ്യഥയോർത്തു ഞാൻ വളരെയേറെ കരഞ്ഞു. എങ്കിലും അനുസരിക്കുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ കർത്താവിന്റെ ദാസിയാണ്; ദാസർ അനുസരിക്കയല്ലാതെ ലഭിക്കുന്ന കല്പനകളെക്കുറിച്ചു ചർച്ച ചെയ്യാറില്ലല്ലൊ, ഏറെ കണ്ണീർ പൊഴിക്കേണ്ടി വന്നാലും” (ദൈവമനുഷ്യന്റെ സ്നേഹഗാഥ). ആ അനുസരണവും വിധേയത്വവും ജീവിതാവസാനം വരെ അവൾ പാലിച്ചു – ദൈവത്തോടും തന്റെ ഭർത്താവായ ജോസഫിനോടും. യൗസേപ്പിതാവും അങ്ങിനെതന്നെയായിരുന്നു. ദൈവദൂതന്റെ വാക്കുകളെ ചോദ്യം ചെയ്യാതെ ജോസഫ് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു. മറിയത്തെ ഭാര്യയായി സ്വീകരിച്ചപ്പോഴും, ബേത്ലഹേമിലേയ്ക്കുള്ള യാത്രയിലും, ഈജിപ്തിലേയ്ക്കുള്ള പലായനവേളയിലും, നസ്രത്തിലെ വാസത്തിലുമെല്ലാം വിശ്വാസത്താലുള്ള അനുസരണം എന്ന വലിയ പുണ്യം യൗസേപ്പിതാവ് സ്വജീവിതത്തിൽ പ്രാവർത്തികമാക്കി. മാതാപിതാക്കൾക്ക് വിധേയനായി മുപ്പതുവർഷം ഈശോ തിരുക്കുടുംബത്തിൽ ജീവിച്ചുവെന്നു ലൂക്കായുടെ സുവിശേഷത്തിൽ എഴുതിയിരിക്കുന്നു. തന്റെ പരസ്യജീവിതകാലത്തും പിതാവിന്റെ ഇഷ്ടം മാത്രം അനുസരിച്ച ഈശോ ഗത്സെമനിയിൽ, “പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നും അകറ്റണമേ,” എന്ന രക്തംവിയർത്ത പ്രാർത്ഥനക്കൊടുവിൽ
“എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ,” എന്നു പറഞ്ഞുകൊണ്ട് അനുസരണത്തിന്റെ ഉത്തമമാതൃക നമുക്ക് നൽകി. ആ അനുസരമാണ് നമ്മുടെ രക്ഷക്ക് കാരണമായത്.

“ Why” എന്ന ചോദ്യത്തിന്റെ അതിപ്രസരണമുള്ള ഈ കാലഘട്ടത്തിലെ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും അതിനുള്ള ഏറ്റവും ഉത്തമമായ മറുപടിയാണ് തിരുക്കുടുംബത്തിന്റെ അനുസരണമെന്ന പുണ്യം. അനുസരണമുള്ള മക്കൾ കുടുംബത്തിന്റെ അനുഗ്രഹമാണ്. നിർഭാഗ്യവശാൽ, ഇക്കാലത്ത് കുട്ടികൾ വീടുകളിൽ സ്വേച്ഛാധിപധികളായി മാറിയിരിക്കുന്നു. മാതാപിതാക്കളോടും മുതിർന്നവരോടും അപമര്യാദയായും കഠിനമായും പെരുമാറാൻ അവർക്കു മടിയില്ലാതായിരിക്കുന്നു. മാതാപിതാക്കൾക്കു പലപ്പോഴും ഭയമാണ് മക്കളെ തിരുത്തുവാൻ. മക്കൾക്ക് ശരീരം മാത്രമല്ല ഹൃദയവും ആത്മാവുമുണ്ടെന്നും, അവരുടെ മനസ്സിനെയും, ഹൃദയത്തെയും, ആത്മാവിനെയും രൂപീകരിക്കാൻ മാതാപിതാക്കളെക്കാൾ അവകാശവും ഉത്തരവാദിത്വവും മറ്റാർക്കുമില്ലെന്നും നാമോർത്തിരിക്കണം. മക്കളെ അനുസരണത്തിൽ വളർത്താതെ അവരുടെ ശാഠ്യത്തിനു വഴങ്ങുമ്പോൾ, നമ്മൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും നാശത്തിനും തകർച്ചയ്ക്കുമാണ് വഴിയൊരുക്കുന്നതെന്നു പറയുന്നത് അതിശയോക്തിയാവില്ല.

4. എളിമ

എളിമയുടെയും, വിനയത്തിന്റെയും വിളനിലമായിരുന്നു തിരുക്കുടുംബം. യൗസേപ്പിതാവായിരുന്നു തിരുക്കുടുംബത്തിന്റെ തലവൻ. അദ്ദേഹത്തിന്റെ അധികാരത്തെക്കുറിച്ചു യാതൊരു സംശയവും തർക്കവും അവിടെയുണ്ടായിരുന്നില്ല. ദൈവത്തിന്റെ മണവാട്ടിയും മാതാവുമായ മറിയം കുടുംബത്തലവനായ ജോസഫിന്റെ മുമ്പിൽ ബഹുമാനപൂർവ്വം തലകുനിച്ചു. അഹങ്കരിക്കാൻ ഒരായിരം കാരണങ്ങളുണ്ടായിരുന്നിട്ടും, മാതാവ് അത്യന്തം എളിമയോടെ യൗസേപ്പിതാവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും തിരുക്കുടുംബത്തിൽ ജീവിച്ചു. ദൈവപുത്രനായ ഈശോയും തന്നെത്തന്നെ തിരുക്കുടുംബത്തിനു വിധേയനാക്കി. മംഗളവാർത്തയൊഴികെ എല്ലാ ദൈവദൂതുകളും, ജോസഫിലൂടെ വെളിപ്പെടുത്തി സ്വർഗ്ഗവും അത് സ്ഥിരീകരിച്ചു. യൗസേപ്പിതാവിന്റെ വാക്കായിരുന്നു അവിടെ അവസാനവാക്ക്. അതിനെക്കുറിച്ചു ദീർഘമായ ചർച്ചകളും സൂക്ഷ്മനിരീക്ഷണങ്ങളും എതിർപ്പുകളും ഒന്നും അവിടെയുണ്ടായില്ല. എന്നാൽ, എളിമയുടെ നിറകുടമായിരുന്ന അദ്ദേഹം കുടുംബത്തലവനെന്ന ഗർവ്വോ, യുക്തിഹീനങ്ങളായ തീരുമാനങ്ങളോ എടുക്കാതെ എല്ലാക്കാര്യങ്ങളിലും കൃപാപൂരിതയായ മാതാവിന്റെ ഉപദേശം തേടി. ദൈവം ചെയ്യുന്ന വലിയ കാര്യങ്ങളെക്കുറിച്ച്, അവ വെളിപ്പെടുത്തേണ്ട ആവശ്യമില്ലാത്തപ്പോൾ മൗനം പാലിക്കുന്ന എളിമയുടെ ഒരു ഉയർന്നതലം ഉണ്ട്. തിരുക്കുടുംബം അതിനൊരു ഉത്തമോദാഹരണമായിരുന്നു.

നമ്മുടെ കുടുംബങ്ങളുടെ നിലനിൽപ്പിന് അവശ്യം വേണ്ടുന്ന ഒരു പുണ്യമാണ് എളിമ. ഭർത്താവിന് വിധേയപ്പെടാൻ ഭാര്യയ്ക്കും, ഭാര്യയെ ഉള്ളുതുറന്ന് അംഗീകരിക്കാൻ ഭർത്താവിനും, മാതാപിതാക്കളെ ബഹുമാനിക്കാൻ മക്കൾക്കും, മക്കളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്കും അത്യന്തം എളിമയുണ്ടായേ മതിയാവൂ. എനിക്ക് തെറ്റുപറ്റാൻ സാധ്യതയുണ്ടെന്ന് സമ്മതിക്കാൻ, തെറ്റുപറ്റിയെന്ന് പറയാൻ നമ്മളിൽ എത്രപേർക്ക് കഴിയും? സൗന്ദര്യത്തിന്റെ, സമ്പത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, ജോലിയുടെ, പാരമ്പര്യത്തിന്റെ, സ്ത്രീപുരുഷസമത്വത്തിന്റെ ഒക്കെ പേരിൽ നിരന്തരം വഴക്കടിക്കുന്ന ഭാര്യാഭർത്താക്കന്മാർ! സ്വാതന്ത്ര്യം, “newgen” എന്നൊക്കെ ഓമനപ്പേരിട്ടുവിളിച്ചു മാതാപിതാക്കളെ ഉത്തരം മുട്ടിക്കുന്ന മക്കൾ! ഒരല്പം എളിമയോടെ താഴ്ന്നുകൊടുത്തിരുന്നെങ്കിൽ പരിഹരിക്കാമായിരുന്ന ചെറിയ പ്രശ്നങ്ങൾ പോലും വിവാഹമോചനങ്ങളിലും ആത്മഹത്യകളിലും ചെന്നെത്തുന്ന ഇക്കാലത്തു തിരുക്കുടുംബത്തിന്റെ എളിമയെയാണ് നാം പാഠപുസ്തകമാക്കേണ്ടത്.

5. സ്നേഹവും ത്യാഗവും

സ്നേഹം തന്നെയായ ദൈവത്തിന്റെ ഏറ്റം വലിയ സ്നേഹസമ്മാനമായിരുന്നു തന്റെ പുത്രനായ ഈശോ. ആ ഈശോ വസിച്ച തിരുക്കുടുംബത്തിൽ സ്നേഹമല്ലാതെ മറ്റെന്താണ് കാണാൻ കഴിയുക? കൊറിന്തോസ് 13:7 പറയുന്നു, ” സ്നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്ന സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.” മാനുഷികമായി ചിന്തിച്ചാൽ ദൈവത്തോടുള്ള ഐക്യത്തിന്റെ ഫലമായി തിരുക്കുടുംബത്തിനു ലഭിച്ചത് ഉത്കണ്ഠകളും, വേദനകളും, കഷ്ടപ്പാടുകളും, പീഡനങ്ങളും മാത്രമായിരുന്നു. എന്നാൽ, ദൈവസ്നേഹത്താൽ ഇവയെല്ലാം അവർക്കു അളവറ്റ സമാധാനത്തിനും, സന്തോഷത്തിനും കാരണമായിത്തീർന്നു. ദൈവസ്നേഹത്താൽ നിറഞ്ഞ തിരുക്കുടുംബത്തിൽ അവർ ഓരോരുത്തരും സ്വയം ത്യജിച്ച്‌, സ്വയം മറന്ന്, ആര് ആരെ ഏറെ സ്നേഹിച്ചുവെന്നു തോന്നുമാറ് പരസ്പരം സ്നേഹിച്ചു. തിരുക്കുടുംബത്തിലെ ദൈവസ്നേഹത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും നിറവിൽനിന്ന് ചുറ്റുമുള്ളവരിലേക്കും ആ സ്നേഹം കവിഞ്ഞൊഴുകി.

ഏറ്റവും ശ്രേഷ്ഠമായ ഒരു പുണ്യമാണ് സ്നേഹം. ജീവിതത്തിൽ നാം എന്തൊക്കെ ചെയ്തുകൂട്ടിയാലും സ്നേഹത്തോടെയല്ലെങ്കിൽ അതെല്ലാം പാഴ്‌വേലയായിപ്പോകും. തലമുറകൾക്കുവേണ്ടി ഭൗതികസമ്പത്തു കരുതിവെക്കാൻ നെട്ടോട്ടമോടുന്ന നമ്മൾ, സ്നേഹമെന്ന മഹാസമ്പത്ത് നമ്മുടെ കുടുംബത്തിൽ കരുതിവയ്ക്കുന്നുണ്ടോ? സ്നേഹത്തിനായി വിശന്നും ദാഹിച്ചും കഴിയുന്ന മാതാപിതാക്കളും ഭാര്യാഭർത്താക്കന്മാരും സഹോദരങ്ങളും കുഞ്ഞുങ്ങളും ഉള്ള ദരിദ്രകുടുംബമാണോ നമ്മുടെ കുടുംബമെന്നു ചിന്തിക്കാറുണ്ടോ? സ്നേഹത്താൽ പണിതുയർത്തപ്പെട്ടില്ലെങ്കിൽ ജീവിതത്തിന്റെ കാറ്റിലും കോളിലും പെട്ട് തകരുന്ന മണൽപ്പുറത്തെ ഭവനങ്ങളായി നമ്മുടെ കുടുംബങ്ങൾ മാറില്ലേ? സ്നേഹമാകുന്ന സമ്പത്തു തലമുറകൾക്കു പകരാൻ നമുക്ക് കഴിയണമെങ്കിൽ ആദ്യം ആ സ്നേഹസമ്പത്ത് നമ്മിലുണ്ടാവേണ്ടേ? ഇല്ലാത്ത സ്നേഹം എങ്ങിനെ കൊടുക്കാൻ കഴിയും? അതിനുള്ള ഏക പോംവഴി, “പരിശുദ്ധാത്മാവേ, ദൈവസ്നേഹമായി ഞങ്ങളിൽ നിറയണെ,” എന്ന് പ്രാർത്ഥിക്കുകയാണ്. അങ്ങനെ, ദൈവസ്നേഹത്താൽ നിറഞ്ഞു സമ്പന്നമാക്കപ്പെട്ട നമ്മുടെ കുടുംബത്തിൽ ആർക്കും സ്നേഹം തേടി അലയേണ്ട ആവശ്യമുണ്ടാവില്ല, പകരം, സ്നേഹം നല്കുന്നവരായി നമ്മൾ മാറും.

സ്നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്ന സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല

6. വിശുദ്ധി

അതിവിശുദ്ധയായ കന്യകാമാതാവ്, നീതിമാനും വിരക്തനുമായ യൗസേപ്പിതാവ്, അവരുടെ മദ്ധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചു വളർന്ന ഈശോ.. അതായിരുന്നു തിരുക്കുടുംബം! ചാരിത്ര്യം ഉപവിയോട് ചേരുമ്പോൾ വളരെയേറെ സുകൃതങ്ങൾ അതിൽനിന്നുളവാകും. ചാരിത്ര്യശുദ്ധിയോടെ സ്നേഹിക്കുന്നവർ പരിപൂർണ്ണരായിത്തീരും. (ദൈവമനുഷ്യന്റെ സ്നേഹഗീത)

വിശുദ്ധരായ കുഞ്ഞുങ്ങൾ കുടുംബത്തിലുണ്ടാകാൻ വിശുദ്ധരായ മാതാപിതാക്കൾ വേണം. ഏതു വിശുദ്ധരുടെയും ജീവചരിത്രം പരിശോധിച്ചാൽ അതിനുപിറകിൽ അവരുടെ വിശുദ്ധരായ മാതാപിതാക്കളുടെ സ്വാധീനം കാണാം. വിശുദ്ധിയെന്ന പുണ്യം നമ്മുടെ കുടുംബങ്ങളിൽ വളരാൻ നമുക്ക് തിരുക്കുടുംബത്തിലേക്ക് നോക്കാം.

6. കഠിനാധ്വാനവും മിതത്വവും

എടുത്തു പറയത്തക്ക യാതൊരു മേന്മയുമില്ലാത്ത ഒരു ചെറുഭവനമായിരുന്നു നസ്രത്തിലെ തിരുക്കുടുംബം വസിച്ച ഭവനം. തികച്ചും ലളിതമെങ്കിലും, അടുക്കും ചിട്ടയും ശുചിത്വവും കൊണ്ട് ആ വീട് ഏറ്റവും പ്രതാപമുള്ള രാജകൊട്ടാരത്തേക്കാൾ മനോഹരമായിത്തീർന്നു. ദരിദ്രമായ ഭവനമെങ്കിലും, കഠിനാധ്വാനത്താൽ അവരതു സ്വർഗ്ഗതുല്യമാക്കി. വിനീതവും ലളിതവുമെങ്കിലും, വെടിപ്പുള്ള വസ്ത്രധാരണത്താൽ, അവർ ബഹുമാന്യരായി കണക്കാക്കപ്പെട്ടു. ഭക്ഷണത്തിൽ മിതത്വം പാലിച്ചുകൊണ്ട്‌ സുഖലാലസതയെയും ഭോഗാസക്തികളെയും അവർ കീഴടക്കി. ജോലിയെ സ്നേഹിച്ചവരായിരുന്നു തിരുക്കുടുംബം. അലസത പിശാചിന്റെ പണിപ്പുരയാണ്; ദൈവം വസിച്ച തിരുക്കുടുംബത്തിൽ അതിനു സ്ഥാനമില്ലായിരുന്നു. യൗസേപ്പിതാവിനെ ജോലിയിൽ സഹായിക്കാൻ പ്രോത്സാഹിപ്പിക്കുന്ന മാതാവിന്റെയും, മാതാവിന് ഉപകാരപ്പെടുന്ന സാധനങ്ങൾ നിർമ്മിക്കാൻ ഈശോയെ ജോലി പഠിപ്പിക്കുന്ന യൗസേപ്പിതാവിന്റെയും മനോഹരചിത്രം ദൈവമനുഷ്യ സ്നേഹഗീതയിൽ വരച്ചു കാട്ടിയിട്ടുണ്ട്.

അധ്വാനിക്കുന്നവരുടെ ഹൃദയത്തിലും കുടുംബത്തിലും തിന്മ വളരുകയില്ല. സ്നേഹവും, ബഹുമാനവും, ഒരുമയും വളർത്താൻ കുടുംബത്തിന്റെ ഒത്തൊരുമയോടെയുള്ള അധ്വാനം സഹായിക്കുന്നു. സഹജീവികളുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും കാണാൻ നമ്മുടെ കണ്ണുകൾ തുറക്കണമെങ്കിൽ, ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും കൊട്ടാരങ്ങളിൽനിന്നു നാം ഇറങ്ങി വന്നേ മതിയാകൂ. ഒരു നേരത്തെ ആഹാരത്തിനായി കേഴുന്നവരെയും ഉപജീവനത്തിന് മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നവരെയും ഓർത്താൽ, രോഗം വരുത്തിവയ്ക്കുന്നതു വരെ കഴിക്കാനും, വിലകൂടിയ ഭക്ഷണങ്ങൾ വാങ്ങി പാഴാക്കിക്കളയാനും നമുക്കെങ്ങനെ കഴിയും? തിരുക്കുടുംബത്തിന്റെ ലളിതജീവിതം മിതത്വമുള്ള അധ്വാനജീവിതത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുന്നു.

നമുക്കും പണിയേണ്ടേ ഇതുപോലൊരു സ്നേഹഭവനം? തിരുക്കുടുംബം പോലൊരു കുടുംബം! നമ്മുടെ അന്തരംഗങ്ങളിൽ മന്ത്രിക്കുന്ന ദൈവത്തിന്റെ ആ സ്നേഹക്ഷണത്തിനു നമുക്ക് കാതോർക്കാം. ഈശോ വസിച്ച കുടുംബമായിരുന്നു തിരുക്കുടുംബം. നമ്മുടെ ഹൃദയങ്ങളിൽ, കുടുംബങ്ങളിൽ ഈശോ വസിക്കുമ്പോൾ നമ്മുടെ കുടുംബവും തിരുക്കുടുംബസമാനമായി മാറുമെന്നതിനു യാതൊരു സംശയവുമില്ല. നമുക്കും പണിയാം തിരുക്കുടുംബം പോലൊരു കുടുംബം, ഇടവകാകുടുംബം, സഭാകുടുംബം! ദൈവീകസാന്നിധ്യമുള്ള, ഈശോ വസിക്കുന്ന പാറമേൽ പണിത സ്നേഹഭവനം!

നമുക്കും പണിയാം തിരുക്കുടുംബം പോലൊരു കുടുംബം, ഇടവകാകുടുംബം, സഭാകുടുംബം! ദൈവീകസാന്നിധ്യമുള്ള, ഈശോ വസിക്കുന്ന പാറമേൽ പണിത സ്നേഹഭവനം!

(കടപ്പാട് : ദൈവമനുഷ്യന്റെ സ്നേഹഗീത by മരിയ വാൾതോർത്ത)

Share This Post!