A Tale of Talents

A Tale of Talents

പുൽക്കുടിലോളം താഴാൻ നീ കനിഞ്ഞതു,ണ്ണീ
പുൽക്കൊടി പോലുള്ളോരെൻ ജന്മഭാഗ്യം,
കാലപ്പിഴകൾക്കു മാപ്പേകുവാനല്ലോ
കാലം പകുത്തിങ്ങു വന്നതും നീ ധരേ..

തിരുപ്പാദേ ഉടഞ്ഞു വീഴുന്നതു,ണ്ണീ,
ശ്രേഷ്ഠമാം നാർദീൻ തൈലക്കുപ്പിയോ,
പൊള്ളയാ,മെൻ അഹം ബോധമോ, അതോ,
അനുതാപാർദ്രമാം ഹൃദയമോ?!

ക്ഷമിക്കും സ്നേഹത്തിൻ നിലാവാലല്ലോ ഉണ്ണീ,
നിനക്കായ് ഞാൻ തീർത്തു നേർത്ത കമ്പളം;
പങ്കിടും സൗഹൃദത്തിൻ നിറചിരിയല്ലോ ഉണ്ണീ,
നിനക്കുള്ളോ,രെൻ കിലുക്കാംപെട്ടികൾ..

തുളുമ്പും ഹൃദയപുഷ്പത്തിലെ തേൻകണം
നിനക്കായ് ഞാൻ മൂളു,മീ താരാട്ടുപാട്ടുകൾ,
മുറിച്ചു നല്കിടും കരുണാഭാവമല്ലോ ഉണ്ണീ,
നിനക്കുള്ളോ,രെൻ തിരുമുൽകാഴ്ചകൾ!!

Share This Post!