A Tale of Talents

A Tale of Talents

നാം കുഞ്ഞുനാൾ മുതൽ കേട്ടുവളർന്ന പേരുകളാണല്ലൊ പാദുവായിലെ വി. അന്തോനീസും, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായും, ഫ്രാൻസിലെ ലൂർദുമാതാവും. ഈ വിശുദ്ധരുടെ സവിശേഷ സാന്നിധ്യമുള്ള സ്ഥലങ്ങളൊക്കെ സന്ദർശിക്കണമെന്നും, പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടണമെന്നുമുള്ളത് എന്റെ ജീവിത്തിലെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെ, ഞങ്ങളുടെ ഇടവകയിൽ നിന്നും ഒരു തീർത്ഥാടനത്തിനുള്ള അവസരം വന്നു ചേർന്നു. വളരെ നാളത്തെ ഒരുക്കത്തിനു ശേഷം ഞങ്ങൾ കുറേപ്പേർ ചേർന്ന് യൂറോപ്പ് ട്രിപ്പ് ആരംഭിച്ചു. റോം, പ്രാൻസ്, സ്വിട്സർലാൻഡ്, ഫാത്തിമാ, ലിസ്യൂ, പാദുവാ.. അങ്ങനെ കുറേ പുണ്യഭൂമികൾ! അതു വലിയ അനുഭവവും എക്കാലത്തേക്കുമുള്ള ഓർമ്മകളുമായി മാറി.

ഓരോരോ ദിവസവും ഓരോരോ മനോഹരമായ അനുഭവക്കാഴ്ചകൾ! ലൂർദിലെ അനുഭവവും നേർക്കാഴ്‌ചയുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
എങ്ങനെയാണ് ഫ്രാൻസിലെ ലൂർദ് ഇത്ര പ്രശസ്തമായത്? ആരാണ് ബർണ്ണദീത്ത? അവിടെ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമാണെന്നു മാത്രമറിയാം; വേറൊന്നും അറിയില്ല. വിശദാംശങ്ങളിലേയ്ക്കു കടക്കുന്നതിനു മുമ്പ്, ദിവ്യമായ ഈ ഇടം സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള അതീവസന്തോഷം മുഖവുരയായിത്തന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനഭാഗ്യം ലഭിച്ച അത്ഭുതബാലികയാണ് വിശുദ്ധ ബർണ്ണദീത്ത. പ്രാൻസിലെ പിരനീസു മലനിരകളുടെ താഴ്വാരത്തിലെ ഒരു കൊച്ചുഗ്രാമമാണ് ലൂർദ്. അവിടെ, ദരിദ്രമായ സുബീരസ് എന്ന കുടുംബത്തിലാണ് ബർണ്ണദീത്ത ജനിച്ചത്. ഗവു നദിയിലെ വെള്ളംകൊണ്ടു കറങ്ങുന്ന മില്ല് നടത്തിവരികയായിരുന്നു അവളുടെ കുടുംബം. ഫ്രാൻസിസിന്റെയും ലൂയിസയുടെയും മൂത്തമകളാണ് ബർണ്ണദീത്ത. 1844 ജനുവരി 7 നാണ് ജനനം. അമ്മയ്ക്കു പൊള്ളലേറ്റതുകൊണ്ട് കുഞ്ഞിനെ വളർത്താൻ ഏറെ ദൂരെയുള്ള മരിയ ലാഗ്സ് എന്ന സ്ത്രീയെ ഏല്പിച്ചു. അവരാണ് ബർണ്ണദീത്തയെ വളർത്തിയതും വിശുദ്ധകുർബാനയ്ക്കു ഒരുക്കിയതും. ഇക്കാലയളവിൽ, ബർണ്ണദീത്തയുടെ കുടുംബത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായി. അവളുടെ പിതാവിന്റെ ജോലി പോയി, അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടമായി. ഏറെ താമസിയാതെ അവളുടെ സഹോദരനും മരിച്ചു. ബർണ്ണദീത്തയ്ക്കാകട്ടെ, ആസ്ത്മയും ക്ഷയവും കൂടപ്പിറപ്പായിരുന്നു. ഒരിക്കൽ, അവളുടെ പിതാവ്, ജോലി ചെയ്‌തിരുന്ന സ്ഥലത്തു നിന്ന് ധാന്യം മോഷ്ടിച്ചു എന്നാരോപിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. അവരുടെ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. തടവുപുള്ളികളെ പാർപ്പിച്ചിരുന്ന (‘കഷോ’) ഒരു മുറി അവർക്കു താമസിക്കാൻ ലഭിച്ചു.

1858 ഫെബ്രുവരി 11ന് നദീതീരത്തു വിറകു പെറുക്കാൻ പോയ ബർണ്ണദീത്തായ്ക്ക് മൊസാംബിയ ഗ്രോട്ടോയിൽ വച്ചു പരിശുദ്ധ കന്യകാമാതാവിന്റെ ദർദശനമുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യക്ഷീകരണം (apparition) ഉണ്ടായി. ഫെബ്രൂവരി 18 നു മാതാവ് അവളോടു പറഞ്ഞു: “നിനക്കു ഈ ലൊകത്തിൽ ഞാൻ സൗഭാഗ്യം വാഗ്‌ദാനം ചെയ്യുന്നില്ല; പരലോകത്തിൽ നീ സന്തോഷവതിയായിരിക്കും.” പോലിസ് അവളെ വിളിച്ചു ചോദ്യം ചെയ്തൂ. മൊസാംബിയയിൽ പോകുന്നതിൽ നിന്നു വിലക്കി. എന്നാൽ, അവൾ വീണ്ടും അവിടെ പോയി; മാതാവിന്റെ ദർശനം വീണ്ടും ഉണ്ടാവുകയും ചെയ്തു. മാതാവ് അവളോടു പറഞ്ഞു: “പാപികൾക്കു വേണ്ടി പ്രർത്ഥിക്കുക. അസ്വസ്തമായിരിക്കുന്ന ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുക.” ഇരുപത്തിനാലാം തീയ്യതി വീണ്ടും ഒരു ദർശനത്തിൽ, “പ്രായശ്ചിത്തം” ചെയ്യണമെന്നു മാതാവ് പറഞ്ഞു. മാതാവ് അവളെ വഴി നടത്തി. ഇടവകാവൈദികനെ ചെന്നു കണ്ട്, അവിടെ പ്രദക്ഷിണമായി വരാനും, ഒരു ദേവാലയം പണിയാനും ആവശ്യപ്പെടണമെന്നു മാതാവ് അവളെ അറിയിച്ചു. പുരോഹിതന്റെ ആവശ്യപ്രകാരം, ‘അങ്ങ് ആരാണ്’ എന്ന് ബർണ്ണദീത്താ ചോദിച്ചപ്പോൾ, “ഞാൻ അമലോത്ഭവ,” എന്നു മാതാവിന്റെ മറുപടി കിട്ടി. അവൾ ഇക്കാര്യം പുരോഹിതനോടു പറഞ്ഞപ്പോൾ, അദ്ദേഹം ഏറെ ആശ്ചര്യപ്പെട്ടു. മാതാവു നിർദ്ദേശിച്ച സ്ഥലത്തു നിന്നു മണ്ണു മാന്തിയപ്പോൾ അവിടെനിന്ന് ഒരു അത്ഭുത നീരുറവ പുറപ്പെട്ടു. അവൾ ആ വെള്ളം കോരിക്കുടിച്ചു. പലരും ആ ഉറവയിൽ നിന്നു കുടിച്ചപ്പോൾ, അത്ഭുത രോഗശാന്തികളുണ്ടായി. ആളുകൾ അവിടേയ്ക്കു പ്രവഹിച്ചു. നിരീശ്വരവാദിയായ അവിടുത്തെ മേയർ, ആ ഗ്രോട്ടോ അടപ്പിച്ചു. എന്നാൽ, ഒക്ടോബർ 5ന്, ഫ്രാൻസിലെ രാജാവ് അതു വീണ്ടും പൊതുജനങ്ങൾക്കു തുറന്നുകൊടുത്തൂ. 1862 ജനുവരി 18 നു ലൂർദിലെ പ്രത്യക്ഷീകരണത്തിന്റെ വസ്തുതകൾ പരിശോധിച്ച മെത്രാൻസമിതി, അതു സത്യമാണെന്നു സ്ഥിരീകരിച്ചു. അങ്ങനെ, ലൂർദ് പ്രസിദ്ധമായി. നന്ദി സൂചകമായി പലരും ബർണ്ണദീത്തായ്ക്കു പണം നൽകി. എന്നാൽ, അവൾ വിനയപുരസ്സരം അതു നിരസിച്ചുകൊണ്ടു പറഞ്ഞു: “എന്റെ കൈ പൊള്ളുന്നതിനു തുല്യമാണ് നിങ്ങളോടു പണം സ്വീകരിക്കുന്നത്. ദൈവത്തിന്റെ പേരിൽ പണം വാങ്ങാൻ എനിക്കു വയ്യ.”

പിന്നീട്, ബർണ്ണദീത്താ സന്യാസത്തിലേയ്ക്കു തിരിച്ചു. ന്വേറിലെ മിണ്ടാമഠത്തിലാണ് അവൾ ചേർന്നത്. വിരുദ്ധരുടെ ബലഹീനതകളും അവ തിരുത്താൻ അവർ കാണിച്ച ധീരതയുമാണ് മറ്റുളളവരെ അറിയിക്കേണ്ടതെന്ന് അവൾ വിശ്വസിച്ചു. മാനസാന്തരത്തിന്റെ മഹനീയത ഉൾക്കൊണ്ടും, അനുദിന ജീവിതവ്യാപാരങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കേണ്ടതിന്റെ ആവശ്യകത സ്വജീവിതത്തിൽ പകർത്തിയും വളരെ ലാളിത്യത്തോടെയാണ് അവൾ മഠത്തിൽ ജീവിച്ചത്. 1866 ജുലൈ 7നു മഠത്തിൽ വന്നവൾ, ആ മഠം വിട്ട് പുറത്തു പോയിട്ടില്ല. ആസ്ത്മയും ക്ഷയവും കലശലായി. രോഗംമൂലം വ്രതവാഗ്‌ദാനം നെരത്തേ തന്നെ നടത്തി. ലൂർദിൽ പോയി ആ വിശുദ്ധ ജലത്തിൽ കഴുകി സൗഖ്യം പ്രപിച്ചുകൂടേയെന്നു പലരും ചോദിച്ചു. എന്നാൽ, അവളുടെ മറുപടി എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു: “ലൂർദും ലൂർദിലെ ജലവും എനിക്കുള്ളതല്ല. എനിക്കുള്ളത് എനിക്കു നല്കപ്പെട്ടിരിക്കുന്നു. ചൂല് അഴുക്കു നീക്കാൻ ഉപയോഗിക്കുന്നു; പണി കഴിഞ്ഞാൽ, അതിന് അവിടെ സ്ഥാനമില്ല. ഇപ്രകരമാണ് ഞാനും!”

രോഗിയായ അവൾക്ക് പ്രത്യേക നിയോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സമയം മുഴുവൻ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുവാനും കഴിവുപോലെ രോഗികളെ സഹായിക്കാനുമായിരുന്നു അവൾക്കുള്ള നിർദ്ദേശം.
ന്വേരിലെ മഠത്തിന്റെ ചാപ്പലിൽ അൾത്താരയ്ക്കു സമീപം അഴുകാത്ത അവളുടെ ശരീരം സൂക്ഷിക്കപ്പെടുന്നു; മധ്യസ്ഥബലിജീവിതത്തെ സ്വർഗ്ഗം മാനിക്കുന്നു എന്നതിനുള്ള സാക്ഷ്യപത്രം പോലെ!
1879 ഏപ്രിൽ 16 ന്, മുപ്പത്തഞ്ചാമത്തെ വയസ്സിൽ ബർണ്ണദീത്താ ഇഹലോകവാസം വെടിഞ്ഞു. 1925 ജൂൺ 14ന്, പതിനൊന്നാം പീയൂസ് പാപ്പാ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ദാരിദ്ര്യവും ലാളിത്യവും സ്വജീവിതത്തിൽ പകർത്തിയ അവൾ എപ്പോഴും ഇങ്ങനെ പറയുമായിരുന്നു: “സ്വർഗ്ഗമാണ് എന്റെ ഭവനം; അവിടെ എത്തുന്നതിനു ഞാൻ എല്ലാ ശ്രമവും ചെയ്തുകൊണ്ടിരിക്കും!” ഇഹലോകവാസം സ്വർഗ്ഗയാത്രയാണെന്ന സത്യം നമുക്ക്‌ മറക്കാതിരിക്കാം.

സ്വർഗ്ഗമാണ് എന്റെ ഭവനം; അവിടെ എത്തുന്നതിനു ഞാൻ എല്ലാ ശ്രമവും ചെയ്തുകൊണ്ടിരിക്കും!

ലൂർദിലെ വിശുദ്ധമായ അന്തരീക്ഷം.. പള്ളി.. നദി.. ഗ്രോട്ടോ.. ഒന്നും മനസ്സിൽ നിന്നു മായുന്നില്ല! ഒരുപാടു ജനങ്ങൾ നിറഞ്ഞു നിരന്നു നില്ക്കുന്ന ഒരു പുണ്യസ്ഥലം! മാതാവു പ്രത്യക്ഷപ്പെട്ട ആ പുണ്യസ്ഥലത്തു ഞങ്ങളുടെ വികാരിയച്ചനുമൊത്തു വിശുദ്ധ കുർബ്ബാന അർപ്പിക്കാനും, അവിടുത്തെ വിശുദ്ധ ജലം കുടിക്കാനും ഒക്കെ സാധിച്ചു. അതോടൊപ്പം, അവിടുത്തെ പ്രാർത്ഥനാനിർഭരമായ പ്രദക്ഷിണം ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. എണ്ണിയാൽ തീരാത്തത്ര ജനങ്ങൾ.. മാതാവിന്റെ തിരുസ്വരൂപം കൈകളലേന്തി, വളരെ ഭക്തിനിർഭരമായി, കത്തിച്ച തിരികളുമേന്തി, കൊന്ത ചൊല്ലിക്കൊണ്ടു മണിക്കൂറുകൾ നീണ്ട പ്രദക്ഷിണം! ക്ഷീണമൊ, വിരസതയൊ ഇല്ല. പല ഭാഷകളിൽ കൊന്ത ചൊല്ലി പ്രർത്ഥിക്കുന്നവർ.. വീൽ ചെയറിൽ മെല്ലെ നീങ്ങുന്ന രൊഗികളും അവരെ ശുശ്രൂഷിക്കുന്നവരും.. ഈ വിശുദ്ധസ്ഥലങ്ങൾ ചുറ്റിസഞ്ചരിച്ചപ്പോൾ, ഇവയ്ക്കു പിന്നിലുള്ള ചരിത്രമെല്ലാം നേരത്തേതന്നെ അറിഞ്ഞിരുന്നുവെങ്കിൽ, കുറേക്കൂടി ആഴമേറിയ ഒരു ദിവ്യാനുഭവം സ്വായത്തമാക്കാൻ കഴിഞ്ഞേനെ എന്നു തോന്നിപ്പോയി! സാരമില്ല, ഇനിയും പോകാമല്ലോ..

Reference:
തിരുസഭാരാമത്തിലെ പുണ്യപുഷ്പങ്ങൾ, ഡോ. ജെയിംസ് കിളിയനാനിക്കൽ, ഒന്നാം പതിപ്പ് 2020

Share This Post!