ദൈവത്തോട് അടുക്കരുത്! (കവിത)
ദൈവത്തോടു കൂടുതൽ അടുക്കരുത്;
അടുത്താൽ, അബ്രാഹത്തെപ്പോലെ നിനക്കു നിന്റെ
ദേശം വിട്ടു പോകേണ്ടിവരും,
ജോസഫിനെപ്പോലെ അവർ നിന്നെ ഇരുപതു
വെള്ളിക്കാശിനു വാണിഭം ചെയ്യും..മോശയോടെന്നപോലെ, നിന്റെ ജനം നിന്നെ പരാതികൾ
പറഞ്ഞു ശ്വാസം മുട്ടിക്കും,
പാലും തേനും കിനിയുന്ന കാനാൻദേശം നിനക്കു
കാണാക്കനിയാകും..ജോബിനെപ്പോലെ, മക്കളും വയലുകളും
സർവ്വസമ്പത്തും നിനക്കു നഷ്ടമാകും,
നിന്റെ ഭാര്യപോലും നിന്നെ നിന്ദിക്കും..ദേശത്തിന്റെ അധികാരി നിന്നെ തീച്ചൂളയിൽ എറിയാൻ
കല്പിക്കും;
ഡാനിയേലിനെപ്പോലെ, നീ സിംഹക്കുഴിയിൽ
തള്ളപ്പെടും..സ്നാപക യോഹന്നാനെപ്പോലെ, ഹേറോദേസിന്റെ
വാളിന്റെ വായ്ത്തല നിന്റെ രക്തം കുടിക്കും;
നിന്റെ തല ഒരു തളികയിൽ ശലോമിയുടെ
പാരിതോഷികമായി കൊണ്ടുവരപ്പെടും..ഒടുവിൽ, മുപ്പതു വെള്ളകാശിന് നീ ഒറ്റുകൊടുക്കപ്പെടും;
കുരിശിൽ നിന്റെ ജീവൻ നിലവിളിക്കുമ്പോൾ അവർ
ആർത്തു ചിരിക്കും..അതുകൊണ്ട്, ദൈവത്തോടു കൂടുതൽ അടുക്കരുത് ..
അടുത്താൽ നീ സ്നേഹിക്കാൻ നിർബന്ധിതനാകും;
സ്നേഹം വേദനയാണ്..