A Tale of Talents

A Tale of Talents

ബയോളജി ക്ലാസ്സിൽ, കോശങ്ങളെക്കുറിച്ചു പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലൊ. നിങ്ങൾക്കറിയാവുന്നതു പോലെ, നേത്രഗോചരമല്ലാത്ത, സൂക്ഷ്മമായ കോശങ്ങളാണ് ജീവന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റുകൾ. മനുഷ്യശരീരം – ചർമ്മം, പേശികൾ, രക്തം, അവയവങ്ങൾ എന്നിവയൊക്കെ – പലതരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദേശം 200 വ്യത്യസ്ത തരം കോശങ്ങൾ മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, എല്ലാ മനുഷ്യകോശങ്ങൾക്കും പൊതുവായുള്ള സവിശേഷത എന്തെന്നാൽ, അവയെല്ലാം ഒരു കൂട്ടം ജീനുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നു എന്നതാണ്. (കോശമർമ്മത്തിലുള്ള ഡി എൻ എ തന്മാത്രയുടെ സെഗ്മെന്റുകളെയാണ് ഓരോ പ്രോട്ടീൻ തന്മാത്രയ്ക്കും വേണ്ടിയുള്ള ഡി എൻ എ ഭാഗങ്ങൾ അഥവാ ജീനുകൾ എന്നു പറയുന്നത്). ഈ ജീനുകൾ എല്ലാം കൂടി ചേരുമ്പോൾ അവ മനുഷ്യ ജീനോം (Human genome) എന്നറിയപ്പെടുന്നു. അതായത്, കോശമർമ്മത്തിലുള്ള മുഴുവൻ ഡി എൻ എക്കും കൂടി പറയുന്ന പേരാണ് ഹ്യൂമൻ ജീനോം. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രത്യകതകൾ ആ വ്യക്തിയുടെ ജീനോമിന്റെ ഘടന നിദാനമാക്കിയാണ് ഉരുത്തിരിയുന്നത്. അതിനാലാണ്, ഒരു വ്യക്തിയുടെ ജീനോമിന്റെ തന്മാത്രാഘടനയാണ് ആ വ്യക്തിയുടെ ബ്ലൂപ്രിന്റ് എന്നു പറയുന്നത്.

എന്നാൽ, ഒരു വസ്തുവിനെ, അല്ലെങ്കിൽ, ഒരു അസ്തിത്വത്തെ (entity) പൂർണ്ണമാക്കുന്നത് അതിന്റെ ശരീരത്തിലെ ട്രില്യൻ കണക്കിന് സൂക്ഷ്മജീവി കോശങ്ങൾ കൂടിച്ചേർന്നാണ്. ഈ സൂക്ഷ്മാണുക്കളും അവയുടെ ജീനോമുകളും മനുഷ്യശരീരത്തിൽ ഒത്തുചേരുമ്പോൾ അതിനെ മനുഷ്യസൂക്ഷ്മജീവി (human microbiome) എന്ന് വിളിക്കാം. 1880-കളുടെ മധ്യത്തിൽ, Theodor Escherich എന്ന ഓസ്ട്രിയൻ ശിശുരോഗവിദഗ്ദൻ ആരോഗ്യമുള്ളവരും വയറിളക്കമുള്ളവരുമായ കുട്ടികളുടെ കുടലിൽ Escherichia coli എന്ന ബാക്ടീരിയയെ കണ്ടെത്തി. സൂക്ഷ്മാണുക്കൾ മനുഷ്യവ്യവസ്ഥയുടെ ഒരു സാധാരണ ഭാഗമാണെന്നതിന്റെ ആദ്യത്തെ ശാസ്ത്രീയ തെളിവായിരുന്നു അത്. മൈക്രോബയോമിൽ ഏകദേശം 100 ട്രില്യൺ (100,000,000,000,000) സൂക്ഷ്മജീവി കോശങ്ങൾ ഉൾപ്പെടുന്നു. ഒരു ശരാശരി മനുഷ്യശരീരത്തിൽ 30 ട്രില്യൺ മനുഷ്യകോശങ്ങളുണ്ട്. അതായത്, മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികോശങ്ങളുടെ എണ്ണം മനുഷ്യകോശങ്ങളുടെ എണ്ണത്തേക്കാൾ 3.3 മടങ്ങ് കൂടുതലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ഒരു മനുഷ്യൻ എന്നതിനേക്കാൾ കൂടുതൽ ഒരു സൂക്ഷ്മജീവിയാണ് എന്നു സാരം. ബാക്ടീരിയയെ കൂടാതെ, മൈക്രോബയോമിൽ ധാരാളം വൈറസുകൾ, ഫംഗസ്, ആർക്കിയ, ഏകകോശ യൂക്കരിയോട്ടുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. മൈക്രോബയോം ഒരു ചലനാത്മക സമൂഹമായതിനാൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ അക്കങ്ങൾ മാറിയേക്കാം. എന്നിരുന്നാലും, ഏത് അളവുകോലു വച്ചു നോക്കിയാലും, അതിന്റെ മൊത്തത്തിലുള്ള ഭാരവും, നിലനില്ക്കാൻ അതിനു വേണ്ടി വരുന്ന സ്ഥലവും കണക്കിലെടുക്കുമ്പോൾ, മൈക്രോബയോം വളരെ വലുതാണ്! മിക്ക കണക്കുകളും അനുസരിച്ച്, ശരാശരി മനുഷ്യ സൂക്ഷ്മജീവികളുടെ ഭാരം ഏകദേശം 2.5 പൗണ്ട് ആണ്. എന്നാൽ വ്യത്യസ്ത ശരീരഭാഗങ്ങളിൽ, വ്യത്യസ്ത മൈക്രോബിയൽ കമ്മ്യൂണിറ്റികളുടെ വ്യത്യസ്ത സാന്ദ്രതകളുണ്ടെന്നും, മൈക്രോബയോം ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങില്ലെന്നും കൂടി ഓർമ്മിക്കുക. രക്തവും ലിംഫാറ്റിക് ദ്രാവകങ്ങളും ഏതാണ്ട് പൂർണ്ണമായും അണുവിമുക്തമാണ്. എന്നാൽ, വൻകുടലും ചെറുകുടലും ഭൂമിയിലെതന്നെ ഏറ്റവും സാന്ദ്രമായ സൂക്ഷ്മജീവി സമൂഹങ്ങളിലൊന്നാണ്.

നമ്മുടെയുള്ളിലുള്ള സൂക്ഷ്മാണുക്കളിൽ ഭൂരിഭാഗവും മറ്റു മനുഷ്യരിൽ നിന്നു ലഭിക്കുന്നതാണ്. ഒരു നവജാത ശിശു ആദ്യമായി സൂക്ഷ്മാണുക്കളെ കണ്ടുമുട്ടുന്നത് ജനനസമയത്താണ്. കുഞ്ഞ് ജനിക്കുമ്പോൾ അമ്മയുടെ ജനന കനാലിലെ സൂക്ഷ്മാണുക്കൾ നവജാതശിശുവിനെ പൊതിയുന്നു. സിസേറിയൻ വഴി ജനിക്കുന്ന കുഞ്ഞുങ്ങൾ ആദ്യം അമ്മയുടെ ചർമ്മത്തിൽ നിന്നും, തുടർന്നു കുഞ്ഞിനെ തൊടുന്ന മറ്റു വ്യക്തികളിൽ നിന്നും സൂക്ഷ്മാണുക്കളെ കണ്ടുമുട്ടുന്നു. സൂക്ഷ്മാണുക്കളുടെ അടുത്ത ഉറവിടം മുലപ്പാൽ ആണ്. ആശ്ചര്യപ്പെട്ടോ? നമ്മളിൽ ഭൂരിഭാഗം ആളുകളും സൂക്ഷ്മാണുക്കളെ ദോഷകരമായി കണക്കാക്കുന്നതിനാൽ, അമ്മയുടെ പാലിൽ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അറിയുന്നതു ഞെട്ടൽ ഉളവാക്കും. വാസ്തവത്തിൽ, പാലിലെ സൂക്ഷ്മാണുക്കൾക്ക് കുഞ്ഞിന്റെ ആരോഗ്യകരമായ മൈക്രോബയോമിന്റെ വികാസത്തിൽ കാര്യമായതും, ആകർഷകമായതുമായ പങ്കുണ്ട്. കൂടാതെ, നവജാതശിശുക്കൾ അവരുടെ പിതാവിൽ നിന്നും, സഹോദരങ്ങളിൽ നിന്നും, പരിചരിക്കുന്നവരിൽനിന്നും സൂക്ഷ്മാണുക്കളെ നേടുന്നു. കുഞ്ഞുങ്ങൾ വളരുകയും ചുറ്റുപാടുകളുമായി ഇടപഴകാൻ തുടങ്ങുകയും ചെയ്യുമ്പോൾ, അവർ പരിസ്ഥിതി സൂക്ഷ്മാണുക്കളെയും (മണ്ണിലും വെള്ളത്തിലും കാണപ്പെടുന്നവ) മറ്റ് ആളുകളും വളർത്തുമൃഗങ്ങളും സസ്യങ്ങളും ചൊരിയുന്ന സൂക്ഷ്മാണുക്കളെയും കണ്ടുമുട്ടുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം വൈവിധ്യവത്കരിക്കപ്പെടുമ്പോൾ, അവർ ഭക്ഷണത്തിലൂടെയും സൂക്ഷ്മാണുക്കളെ ഉൾക്കൊള്ളുന്നു. പാരിസ്ഥിതിക സൂക്ഷ്മാണുക്കളിൽ ഭൂരിഭാഗവും മനുഷ്യശരീരം നൽകുന്ന ആവാസവ്യവസ്ഥയിൽ തഴച്ചുവളരാൻ കഴിയാത്തതിനാൽ മൈക്രോബയോമിന്റെ ഭാഗമാകില്ല. എന്തെന്നാൽ, പുതുതായി കണ്ടുമുട്ടുന്ന സൂക്ഷ്മാണുക്കൾ കുഞ്ഞിനുള്ളിൽ സ്ഥാപിതമായിട്ടുള്ള സൂക്ഷ്മാണുക്കളുമായി മത്സരിക്കണം.

ഒരു കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ, അതു സമ്പർക്കത്തിൽ വരുന്ന സൂക്ഷ്മാണുക്കളുമായി പരസ്പര തിരഞ്ഞെടുപ്പിന്റെ പ്രക്രിയയിൽ ഏർപ്പെടുന്നു. സൂക്ഷ്മജീവികൾ, അവയുടെ 3.5 ബില്യൺ വർഷത്തെ പരിണാമ ചരിത്രത്തിൽ വൈവിധ്യമാർന്ന ചുറ്റുപാടുകളിൽ ജീവിക്കാനുള്ള കഴിവ് നേടിയിട്ടുണ്ട്. ഇത് അവയുടെ ശ്രദ്ധേയമായ വൈവിധ്യത്തിന് കാരണമാകുന്നു. വെളിച്ചമില്ലാത്ത, മിക്കവാറും വെള്ളമില്ലാത്ത സ്ഥലങ്ങൾ, പൂജ്യത്തിനു താഴെ മുതൽ ഏതാണ്ട് തിളച്ചുമറിയുന്ന താപനില ഉൾപ്പെടെ, ഭൂമിയിലെ മിക്കവാറും എല്ലാത്തരം പരിതസ്ഥിതികളിലും ജീവിക്കാനുതകുന്ന രീതിയിൽ വ്യത്യസ്ത തരം സൂക്ഷ്മാണുക്കൾ പരിണമിച്ചിട്ടുണ്ട്. ആ വലിയ വൈവിധ്യത്തിന്റെ വളരെ ചെറിയ ഒരു ശതമാനത്തിന് മാത്രമേ മനുഷ്യനോടൊപ്പം നിലനിൽക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, മനുഷ്യ മൈക്രോബയോമിൽ നൂറുകണക്കിനു വ്യത്യസ്ത ഇനം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും, ഇത് ഭൂമിയിൽ നിലനിൽക്കുന്ന ഒട്ടനേകതരം സൂക്ഷ്മാണുക്കളുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. മനുഷ്യ ജീനോമിന് തനിയെ സാധിക്കാത്ത ജനിതക ശേഷിയുടെ ഒരു വലിയ സാധ്യത മൈക്രോബയോം നമുക്ക് പ്രദാനം ചെയ്യുന്നു. ഉദാഹരണമായി, കാർബോഹൈഡ്രേറ്റുകളുടെ ദഹനം പരിഗണിക്കുക. മനുഷ്യർ കഴിക്കുന്ന സസ്യങ്ങളിൽ ആയിരക്കണക്കിന് വ്യത്യസ്ത രാസഘടനകളുള്ള കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ദഹന സമയത്ത്, ആ കാർബോഹൈഡ്രേറ്റുകൾ അവയുടെ ഏറ്റവും ലളിതമായ ഘടകങ്ങളായി വിഘടിച്ച് നമുക്ക് ഊർജ്ജം നൽകുന്നു. എന്നാൽ, മനുഷ്യ ജീനോമിന് കാർബോഹൈഡ്രേറ്റുകളെ ദഹിപ്പിക്കുന്ന എൻസൈമുകൾ 20 എണ്ണത്തിൽ താഴെ മാത്രമാണുള്ളത്. നമ്മൾ കഴിക്കുന്ന മിക്ക കാർബോഹൈഡ്രേറ്റുകളും വിഘടിപ്പിക്കാൻ മനുഷ്യകോശങ്ങൾക്ക് സ്വയം കഴിവില്ല. നേരെമറിച്ച്, വെറും ഒരു ഗട്ട് ബാക്ടീരിയയുടെ (Bacteroides thetaiotaomicron) ജനിതകഘടനയിൽ, അത്തരം 260-ലധികം എൻസൈമുകൾ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റുകളെ ദഹിപ്പിക്കുന്ന എൻസൈമുകൾ, മൈക്രോബയോം വഴി മനുഷ്യർക്ക് ലഭിക്കുന്ന ജനിതക ഉപകാരങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്.

മനുഷ്യശരീരം പുറംലോകവുമായി ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം ഒരു സൂക്ഷ്മജീവി സമൂഹമുണ്ട്. ചർമ്മത്തിന്റ ഉപരിതലത്തിലും, ശ്വാസകോശം, ദഹനവ്യവസ്ഥ, മൂത്രനാളി, നാസികാദ്വാരം എന്നിവയുടെ ആവരണങ്ങളിലും സൂക്ഷ്മജീവ സമൂഹങ്ങൾ വസിക്കുന്നു. മനുഷ്യന്റെ വായിൽ ഏകദേശം 1000 സൂക്ഷ്മജീവികളെ കണ്ടെത്തിയിട്ടുണ്ട്. ചർമ്മം പോലെ, വായിലും, പല്ലിന്റെ പ്രതലങ്ങൾ, നാവ്, കവിൾ, മോണകൾ മുതലായവയിലും നിരവധി സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്.

ഒരാളുടെ ശരീരത്തിനുള്ളിൽ, ഗട്ട് മൈക്രോബയോം ഒരു മൈക്രോസ്കോപ്പിക് ലോകമായി നിലനിൽക്കുന്നു. അവിടെ വസിക്കുന്ന ട്രില്യൺ കണക്കിന് സൂക്ഷ്മാണുക്കൾ പരസ്പരം വിവിധ രീതികളിൽ അവയുടെ പരിസ്ഥിതിയെ ബാധിക്കുന്നു. ഗട്ട് മൈക്രോബയോം 3.3 ദശലക്ഷം ജീനുകളെ എൻകോഡ് ചെയ്യുന്നു. ഇത് മനുഷ്യജീനുകളുടെ എണ്ണത്തേക്കാൾ 100 മടങ്ങ് കൂടുതലാണ്. അതിനാൽ, ഗട്ട് മൈക്രോബയോമിനെ മനുഷ്യന്റെ രണ്ടാം ജീനോം എന്നും വിളിക്കുന്നു. ദഹനനാളത്തിലെ ഭൂരിഭാഗം സൂക്ഷ്മാണുക്കളും വൻകുടലിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ, നമ്മുടെ ഭക്ഷണക്രമം നമ്മുടെ കുടൽ മൈക്രോബയോമിൽ സ്വാധീനം ചെലുത്തുന്നു എന്നതിൽ അതിശയിക്കാനില്ല. നമ്മൾ നേരത്തെ ചർച്ച ചെയ്തതുപോലെ, ഗട്ട് മൈക്രോബയോം വളരെ പ്രധാനമാണ്. കാരണം, മനുഷ്യർക്ക് സ്വന്തമായി ദഹിപ്പിക്കാൻ കഴിയാത്ത പല സംയുക്തങ്ങളും സൂക്ഷ്മാണുക്കൾക്ക് വിഘടിപ്പിക്കാൻ കഴിയും. ആയതിനാൽ, ഈ സൂക്ഷ്മജീവികൾ വഴി, മനുഷ്യൻ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന് പ്രയോജനം നേടുന്നു.

ദഹനത്തെയും ദഹനനാളത്തിന്റെ മറ്റു പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കുടൽ ഭിത്തിയിലെ നാഡീകോശങ്ങളുടെ ഒരു സങ്കീർണ്ണ ശൃംഖലയാണ് എന്ററിക് നാഡീവ്യൂഹം (enteric nervous system). തലച്ചോറുമായി താരതമ്യപ്പെടുത്താവുന്ന സങ്കീർണ്ണത മൂലം, രണ്ടാം മസ്തിഷ്കമെന്നും ഇതറിയപ്പെടുന്നു. സെൻസറി ന്യൂറോണുകൾ, സർക്യൂട്ട് ന്യൂറോണുകൾ, മോട്ടോർ ന്യൂറോണുകൾ എന്നിവയുൾപ്പെടെ, ന്യൂറോണുകളുടെ രണ്ടു നേർത്ത പാളികളാലാണ് എന്ററിക് നാഡീവ്യൂഹം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിൽ ഏകദേശം 100 ബില്യൺ ന്യൂറോണുകൾ ഉണ്ട്. കുടലിൽ കാണപ്പെടുന്ന 500 ദശലക്ഷം ന്യൂറോണുകൾ നാഡീവ്യവസ്ഥ വഴി തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തലച്ചോറിനെയും കുടലിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ നാഡിയാണ് വാഗസ് നാഡി (vagus nerve). മസ്തിഷ്ക രസതന്ത്രത്തെ നിയന്ത്രിക്കുകയും, സമ്മർദ്ദ പ്രതികരണം, ഉത്കണ്ഠ, മെമ്മറി പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോ-എൻഡോക്രൈൻ സിസ്റ്റങ്ങളെ (neuro-endocrine system) സ്വാധീനിക്കുകയും ചെയ്യുന്നതിലൂടെ ഗട്ട് മൈക്രോബയോട്ട, കേന്ദ്ര നാഡീവ്യവസ്ഥയുമായി സംവദിക്കുന്നു. ഗട്ട് മൈക്രോബയോമിൽ മാറ്റം വരുത്തുന്നതു വഴി, മസ്തിഷ്ക വൈകല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സിക്കുന്നതിനും സാധിച്ചേക്കാം.

മനുഷ്യന്റെ കുടലിൽ, ഡോപമൈൻ (dopamine), സെറോടോണിൻ (serotonin) എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരം ന്യൂറോ ട്രാൻസ്മിറ്ററുകൾ (neurotransmitters) ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തവത്തിൽ നമ്മുടെ ശരീരത്തിലെ 90-95% സെറോടോണിനും, 50% ഡോപമൈനും സംഭരിച്ചിരിക്കുന്നതും കുടലിലാണ്. ‘സന്തോഷകരമായ ഹോർമോൺ’ (happy hormone) ആയ സെറോടോണിൻ, മനുഷ്യന്റെ മാനസികാവസ്ഥ, ഉറക്ക രീതികൾ, ദഹനം, ന്യൂറോളജിക്കൽ പ്രക്രിയകൾ എന്നിവയെ ബാധിക്കുന്നു. കൂടാതെ, ശ്വസനത്തിനും ദഹനത്തിനും ഇത് സഹായിക്കുന്നു. വിഷാദത്തിന്റെ ലക്ഷണങ്ങളായ ഉദാസീനതയും നിരാശയും ഡോപാമൈനിലെ അസന്തുലിതാവസ്ഥയിലൂടെ ഉണ്ടാകാം. അതിനാൽ, നമ്മുടെ ’gut feelings’-ൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.

നമ്മുടെ കുടലിലെ മിക്ക സൂക്ഷ്മാണുക്കൾക്കും അവയുടെ ആതിഥേയരായ നമ്മളുമായി സഹജീവി ബന്ധമുണ്ട്. ആ ബന്ധം രണ്ടുപേർക്കും പ്രയോജനകരമാണ്. നമ്മൾ അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നു; അവരാകട്ടെ, നമ്മുടെ ശരീരത്തിന് പ്രധാനപ്പെട്ട സേവനങ്ങൾ നൽകുന്നു. ഗട്ട് മൈക്രോബയോമിന് മനുഷ്യന്റെ ദഹനവ്യവസ്ഥയിൽ സങ്കീർണ്ണമായ സ്വാധീനമുണ്ട്. ആയതിനാൽ, ഗട്ട് മൈക്രോബയോമിന്റെ ഘടനയിലെ മാറ്റങ്ങൾ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്യാസ്ട്രോഇൻന്റെസ്റ്റൈനൽ ഡിസോർഡേഴ്സ് (ഉദാ: gastroenteropancreatic neuroendocrine neoplasms, inflammatory bowel disease, and colon cancer), ന്യുറോളജിക്കൽ ഡിസോർഡേഴ്സ് (ഉദാ. Alzheimer’s disease, multiple sclerosis, and Parkinson’s disease), വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ (ഉദാ. bronchial asthma, chronic obstructive pulmonary disease, and infectious lung diseases), മെറ്റബോളിക് രോഗങ്ങൾ (ഉദാ. obesity and type 2 diabetes), പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ (ഉദാ. rheumatoid arthritis and ankylosing spondylitis), ഹൃദയ സംബന്ധമായ രോഗങ്ങൾ (ഉദാ. Atherosclerosis) എന്നിവയ്ക്കു ഗട്ട് മൈക്രോബയോട്ടയുമായി ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

തൈറോയ്ഡ്-ഗട്ട് ആക്സിസ് (thyroid-gut axis) എന്ന ആശയം മുൻനിർത്തി, ഗട്ട് മൈക്രോബയോട്ടയും തൈറോയ്ഡ് ഡിസോർഡേഴ്സുമായുള്ള ബന്ധം പഠനവിധേയമായിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈപ്പർതൈറോയിഡിസമുള്ള രോഗികളുടെ കുടലുകളിൽ bifidobacteria, lactobacilli എന്നിവ ഗണ്യമായ അളവിൽ കുറഞ്ഞും, enterococci വളരെ വർദ്ധിച്ച അളവിലും കാണപ്പെടാറുണ്ട്. ഗട്ട്-ലംഗ് ആക്സിസ് (gut-lung axis) പഠനം, ഗട്ട് മൈക്രോബയോട്ടക്ക് ശ്വാസകോശ പ്രതിരോധ ശേഷിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അലർജി, ആസ്ത്മ, സിസ്റ്റിക് ഫൈബ്രോസിസ് എന്നിവയുൾപ്പെടെ നിരവധി ശ്വാസകോശ രോഗങ്ങൾ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

നിങ്ങളുടെ ഉള്ളിൽ താമസിക്കുകയും നിങ്ങളുടെ ആരോഗ്യത്തിൽ ഇത്രയും വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന ട്രില്യൺ കണക്കിന് സൂക്ഷ്മാണുക്കളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരാളുടെ ഭക്ഷണക്രമം ഏതു തരത്തിൽ മൈക്രോബയോമിനെ ബാധിക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഒരു ഗർഭിണിയായ സ്ത്രീ, രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കുന്നുവെന്ന് പറയുന്നതുപോലെ, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളെപ്പോലെ തന്നെ കോടാനുകോടി സൂക്ഷ്മാണുക്കൾക്കും ഭക്ഷണം നൽകുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും അവയുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണത്തിൽ നമുക്ക് ദഹിപ്പിക്കാൻ കഴിയാത്ത ചില കാർബോഹൈഡ്രേറ്റുകൾ ഉണ്ട്. അവയെ നാം പ്രീബയോട്ടിക്സ് (prebiotics) എന്ന് വിളിക്കുന്നു. നിങ്ങൾ പ്രീബയോട്ടിക്കുകൾ ഭക്ഷിക്കുമ്പോൾ അവ ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും കേടുകൂടാതെ കടന്ന് വൻകുടലിൽ എത്തുകയും, തുടർന്ന് വൻകുടലിലെ ബാക്ടീരിയകൾ അവയെ വിഘടിപ്പിച്ച് (fermentation) ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ബാക്ടീരിയയുടെ പുനരുൽപ്പാദനത്തിനും, അതുവഴി, നല്ല ബാക്ടീരിയകളുടെ വലിയ കോളനികളുടെ സൃഷ്ടിക്കും കാരണമാവുന്നു.

നിങ്ങളുടെ gastrointestinal മൈക്രോബയോട്ടയെ മാറ്റാൻ കഴിവുള്ള സൂക്ഷ്മാണുക്കളെ ഭക്ഷിക്കുന്നത്‌, ആരോഗ്യകരമായ മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു രീതിയാണ്. പ്രോബയോട്ടിക്സ് (probiotics) എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മാണുക്കൾകൊണ്ടു മാത്രം നിർമ്മിതമായ സപ്ലിമെന്റുകളും ഉണ്ട്. പ്രോബയോട്ടിക്കുകൾ മിക്കപ്പോഴും സപ്ലിമെന്റുകളായാണ് മാർക്കറ്റിൽ ലഭ്യമാവുന്നത് എന്നു വരികിലും, അവ ചില ഭക്ഷണപദാർത്ഥങ്ങളിലും കാണപ്പെടാറുണ്ട്. തൈര്, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിങ്ങളുടെ ദഹനനാളത്തിലുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. നല്ല ബാക്ടീരിയകൾ കുടലിൽ നില നിൽക്കുന്നതിനും മൈക്രോബയോമിലെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു.

പോസ്റ്റ്ബയോട്ടിക്സ് (postbiotics) എന്ന പദം ജീവനുള്ള ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന സ്രവത്തേയോ, അല്ലെങ്കിൽ, ബാക്ടീരിയൽ കോശത്തിന്റെ തകർച്ചയെ തുടർന്ന് പുറത്തുവിടുന്ന പദാർത്ഥങ്ങളെയോ, മെറ്റബോളിറ്റുകളെയോ ഒക്കെ സൂചിപ്പിക്കുന്നു. കുടലിലെ ബാക്ടീരിയയുടെ പ്രയോജനകരമായ ഫലങ്ങളിൽ ഭൂരിഭാഗവും സൂക്ഷ്മാണുക്കളിൽ നിന്നു നേരിട്ടല്ല, മറിച്ച്, അവയുടെ ഉപാപചയ ഉൽപ്പന്നങ്ങളിൽ (metabolic by-products) നിന്നാണു നമുക്കു ലഭിക്കുക. ഉദാഹരണത്തിന്, നമ്മൾ നാരുകൾ കഴിക്കുമ്പോൾ, bifidobacteria എന്ന സൂക്ഷ്മജീവി അവയിൽനിന്നു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (short-chain fatty acids) ഉത്പാദിപ്പിക്കുന്നു. ഇതു നമ്മുടെ ശരീരം രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു. വിറ്റാമിൻ B, വിറ്റാമിൻ K, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ആരോഗ്യകരമായ പോസ്റ്റ്ബയോട്ടിക്സിന്റെ (postbiotics) ഉദാഹരണങ്ങളാണ്.

ആൻറിബയോട്ടിക്കുകൾ (antibiotics) നമുക്ക് വളരെ പരിചിതമാണ്. നിങ്ങൾക്ക് എപ്പോഴെങ്കിലും ഒരു ബാക്ടീരിയ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ, അവയെ നശിപ്പിക്കാൻ ഡോക്ടർ അമോക്സിസില്ലിൻ (amoxicillin) പോലുള്ള ആൻറിബയോട്ടിക്കുകൾ നിർദ്ദേശിച്ചേക്കാം. അസുഖം വരുത്തുന്ന ബാക്ടീരിയകളെ കൊല്ലുമ്പോൾ തന്നെ, ആൻറിബയോട്ടിക്കുകൾ പ്രയോജനകരമായ ബാക്ടീരിയകളെയും കൊല്ലുന്നു. ദോഷകരമായ സൂക്ഷ്മാണുക്കളെ സന്തുലിതമാക്കാൻ മതിയായ നല്ല ബാക്ടീരിയകൾ ഇല്ലാത്തതിനാൽ, ഇതു മറ്റ് അണുബാധകൾക്കും കാരണമായേക്കാം.

ചുരുക്കത്തിൽ, മനുഷ്യശരീരം എന്നത് നിരവധി അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈവിധ്യമാർന്ന സൂക്ഷ്മാണുക്കളുടെ ഭവനമാണ്. അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ് മനുഷ്യ മൈക്രോബയോമിനെക്കുറിച്ചുള്ള പഠനം. പുതിയതും ആവേശകരവുമായ കണ്ടെത്തലുകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഹ്യൂമൻ മൈക്രോബയോമിനെക്കുറിച്ച് (human microbiome) നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങൾ മനുഷ്യ ശരീരശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് മനുഷ്യ പോഷകാഹാരത്തിന്റെ അടിസ്ഥാന വശങ്ങളിലേക്ക് വെളിച്ചം വീശുന്നത് തുടരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. പോഷകാഹാര ആവശ്യകതകളെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണ, ഭക്ഷണ ശുപാർശകളിലും ഭക്ഷ്യോല്പാദന രീതികളിലും മാറ്റങ്ങൾ കൊണ്ടുവന്നേയ്ക്കാം. കൂടാതെ, ഹ്യൂമൻ മൈക്രോബയോമിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ, മനുഷ്യരിലുള്ള പലതരം രോഗങ്ങൾ നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നൂതനമായ സമീപനങ്ങൾ സൃഷ്ടിക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

Share This Post!