മാക്സിമില്ല്യൻ കോൾബെ (കവിത)
ഞാൻ ഫ്രാൻസിസെക് !
നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ
പട്ടിണി മരണത്തിനു വിധിക്കപ്പെട്ട
പത്തു പേരിൽ ഒരാൾ!!
എനിക്കു പകരക്കാരനായി മരിക്കാൻ വന്ന
മാക്സിമില്ല്യൻ കോൾബെയെ
ഞാൻ ദൂരെ നിന്നു കണ്ടു..ഇരയെ കിട്ടിയ ചെന്നായ്ക്കളെ പോലെ,
പട്ടാളക്കാർ അദ്ദേഹത്തെ അടിക്കുകയും
കളിയാക്കുകയും ചെയ്യുന്നതു കണ്ടു
ഞാൻ കണ്ണുകൾ പൊത്തി;അപ്പോൾ, പീലാത്തോസിന്റെ മുമ്പിൽ നില്ക്കുന്ന
ഈശോയുടെ ദിവ്യരൂപം
എന്റെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു ..മരണം പോലെ ഇരുണ്ട തടവറയിൽ നിന്ന്
സങ്കീർത്തനങ്ങളും പ്രാർത്ഥനാഗീതങ്ങളും
ഒരു വിദൂരഗാനം പോലെ കേൾക്കാമായിരുന്നു;
പോകെപ്പോകെ, അവ നേർത്തു നേർത്ത് ഇല്ലാതായി ..
വിഷം നിറച്ച സിറിഞ്ചിലൂടെ മരണം നീലനിറം പൂണ്ട്,
കൊതിയോടെ ഒഴുകി വന്ന് അദ്ദേഹത്തിന്റെ
ഹൃദയഭിത്തികൾ തകർത്തു;എന്റെ ജീവൻ രക്ഷിക്കാനാണ് കോൾബെ മരിച്ചത്;
ആർക്കെങ്കിലുമൊക്കെ വേണ്ടി എനിക്കും മരിക്കണം..
(At his canonisation, in 1982 Pope John Paul II said: “Maximilian did not die, but gave his life … for his brother.”)