A Tale of Talents

A Tale of Talents

അഞ്ചുനാൾ വേലചെയ്തീശനവൻ
ചേലിലൊരുക്കിയവനി,യിഹ
എത്ര ചേതോഹരം സർവമെന്നു
ചിത്തേ നിരൂപിച്ചു സന്തുഷ്ടനായ്.

ആറാംദിനം സൃഷ്‌ടവസ്തുക്കളെ
പാലനം ചെയ്യാൻ മെനഞ്ഞു നമ്മെ;
പേരുവിളിക്കുവാൻ ഉല്ലസിക്കാൻ
പാരിതിൽ ദൈവത്തിൻ കൂട്ടാകുവാൻ.

നമ്മളഹന്തയാൽ കെട്ടു പോയി,
നന്മവൃക്ഷത്തിൻ ഫലമിറുത്തു,
ലജ്ജയില്ലാതെ കലഹിക്കയാൽ
തമ്പുരാനെ വ്യസനത്തിലാഴ്ത്തി.

കണ്ണിൽ കനലുമായ്, ദുഃഖസാന്ദ്രം
വിണ്ണവൻ നിന്നു വിചാരമാർന്നു,
കണ്ഠമിടറിയും ദണ്ഡമോടും
കരുണാമയൻ പിന്നെ ചൊല്ലിയേവം:

“മുൾക്കാടു പൂക്കുന്ന കാലമാണ്,
സർപ്പമിഴയുന്ന നേരമാണ്,
വേർപ്പിന്റെ ഉപ്പു ചേർത്തുണ്ണണം നീ,
മക്കളെ നൊന്തു പ്രസവിക്കണം,

രക്ഷകൻ ദൈവമെടുത്തു കൊള്ളും
സർവ്വദുഃഖങ്ങളും തന്റെ തോളിൽ,
നോവു നൽകീടൊല്ല മേലിലാർക്കും,
നോവിപ്പതല്ലയോ പാപ,മോർത്താൽ!”

Share This Post!