മനസ്സിനു പുതുമയുള്ള വെളിച്ചം പകരുന്ന ഡിസംബറിലെ ഒരു പുലരി. എന്നത്തേയും പോലെ, മറിയാമ്മ രാവിലെ തന്നെ കർമ്മനിരതയായി. വെള്ളപ്പട്ടു പുതച്ച പുൽമേടുകളും, ഇലകൾ പൊഴിഞ്ഞ ഓക്ക് മരങ്ങളും, മാതളവും, അത്തിമരവും. ഇതിനിടയിൽ ഏഷ്യൻ പെയിന്റിന്റെ പരസ്യം പോലെ വെയിലത്തും മഴയത്തും, ഏതു മഞ്ഞിലും മസ്സിലുപിടിച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും. നിറയെ പച്ചിലകളും, സ്വർണത്തിൽ പൊതിഞ്ഞതുപോലെ നിറയെ കായ്കളുമായി പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന നാരകവും. ഈ മഞ്ഞുകാലത്ത് കുഞ്ഞിക്കുരുവികൾ, അണ്ണാൻ, തുടങ്ങി സകലമാന ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവും ഒരുക്കി, അടിപതറാതെ നിൽക്കുന്ന ഈ വൃക്ഷലതാദികളൊക്കെ മറിയാമ്മയുടെ പ്രിയപ്പെട്ട ചങ്ങാതിമാർ തന്നെ.
ഡിസംബർ.. വീടു വിട്ട് അകലെ പോയവർ തിരികെ കൂട്ടിൽ അണയുന്ന സമയം.. ഉറങ്ങിപ്പോയ വീട്ടിലെ ഇരുളടഞ്ഞ ഇടങ്ങൾ പ്രകാശമാനമായി, പാട്ടും ഉത്സവമേളങ്ങളും അലയടിക്കുന്ന ഒരു ദിവസം..
“അലക്സാ, സിങ് കിംഗ്സ്ഫർമേഷൻ ബൈ ഇമ്മിക്കോ..”
അലക്സാ: “ഐ ഡോണ്ട് നോ ദാറ്റ്.”
യു ആർ സൊ അനോയിങ് അലക്സാ..”
അവധിക്കു ആദ്യമായി വീട്ടിൽ തിരിച്ചെത്തിയ ടുട്ടുമോളും ‘അലക്സായും’ തമ്മിലുള്ള കശപിശ മറിയാമ്മയുടെ ചിന്തകൾക്ക് തെല്ലൊരു വിരാമമിട്ടുകൊണ്ട് വീടിനകത്തു മുഴങ്ങി. ഇപ്പോള് വീട്ടില് എല്ലാം ന്യൂജന് ടെക്നോളജിയാണ്. ‘അമ്മേ’ എന്ന് വിളിക്കുന്നതിലും അധികം കേള്ക്കുന്നത് ഗൂഗിള്, അലക്സാ, എന്നിവയാണ്. അവധിക്ക് വീട്ടിൽ വന്നതിൽ പിന്നെ അവളുടെ സ്റ്റാൻഡേർഡ് രണ്ടുപടി മുകളിലാണ്. സംസാരത്തിലും വേഷത്തിലും ഭാവത്തിലും സ്വയം ഒരു വിഐപി ആണെന്ന് അവളും, നീ ആരുമല്ലെന്ന് പറയാതെ പറഞ്ഞ് മറ്റുള്ളവരും.
“മമ്മി ആർ വി ഈറ്റിംഗ്?” വീണ്ടും അവളുടെ ഉച്ചസ്ഥായിലിലുള്ള ചോദ്യം. മറിയാമ്മ ഒന്നും ഉരിയാടാതെ പണിയെടുത്തു കൊണ്ടേയിരുന്നു. ടുട്ടുമോൾ ഒന്നുകൂടെ ഉറക്കെ പറഞ്ഞു, “മമ്മീ, തിന്നാമോ?” അപ്പോഴാണ് മറിയാമ്മയ്ക്ക് മനസ്സിലായത് അത് തന്നോടുള്ള ചോദ്യമാണെന്ന്. “വേണമെങ്കിൽ എടുത്ത് കഴിക്കെടീ.. ചോദിച്ചിട്ട് എല്ലാം ചെയ്യുന്ന ഒരു മര്യാദക്കാരി!” മറിയാമ്മ പിറുപിറുത്തു.
മുകളിൽ അടുത്ത ആൾ – സ്വയം പ്രഖ്യാപിത പാട്ടുകാരൻ – ഗിറ്റാർ വച്ച് തൊണ്ട പൊട്ടുമാറ് ഉറക്കെ പാടുകയാണ്.
“സീസർ യു ആർ ദ ബെസ്റ്റ്,
യു ആർ ദ ബെസ്റ്റ് ഇൻ മൈ ലൈഫ്
യു ഗിവ് അസ് പോസിറ്റീവ് എനർജി
സീസർ…. സീസർ….”
അവസാനത്തെ വരി പാടുമ്പോൾ സീസർ കോറസ് ആയി ശ്വാസം വിടാതെ മോങ്ങിക്കൊണ്ടു അവന്റെ വാൽ വട്ടത്തിലും കുറുകെയും ആട്ടി രസിക്കുന്നുണ്ടായിരുന്നു. ആദ്യമായ് പുകഴ്ത്തൽ കേൾക്കുന്നതിന്റെ ആഹ്ളാദം അവന്റെ ഓരോ അനക്കത്തിലും നോട്ടത്തിലും പ്രകടമായിരുന്നു. ഉണ്ണി പിറക്കുന്ന സമയം അവനും ഏറെ സന്തോഷമുള്ള കാലമാണ്. വീട് നിറയെ അവനെ കൊഞ്ചിക്കാൻ ആൾക്കാരുള്ള സമയം.രണ്ടുപേരുടെയും ഒന്നിച്ചുള്ള മോങ്ങൽ കേട്ട് പിരി ഇളകി അയൽവാസികൾ ഓടി വന്നാലോ എന്നു പേടിച്ച് മറിയാമ്മ ആ ഗാനമേളയ്ക്ക് അവസാനം കുറിപ്പിച്ചു. ചക്കരക്കുട്ടന്റെ ആലാപനമാധുര്യവും, കുതന്ത്രങ്ങളും എല്ലാം തന്റേതു മാത്രമാണ്, അപ്പോൾ എന്തായാലും അവനോട് ചോദിക്കുന്നതിൽ ഒരു നാണക്കേടും വേണ്ടാ.വളരെ സ്നേഹവാത്സല്യത്തോടെ മറിയാമ്മ മകനോടു പറഞ്ഞു, “എടാ കുട്ടാ, ഇതുപോലെ ഒരു ബ്യൂട്ടിഫുൾ സോങ്, ചക്കര, മമ്മിക്ക് വേണ്ടിക്കൂടി പാടുമോ?”ചക്കരക്കുട്ടൻ മംഗ്ലീഷിൽ മൊഴിഞ്ഞു, “മമ്മീ, സീസർ ഒരു പാവം പട്ടി, മമ്മി അതുപോലാണോ?” പെട്ടെന്നുള്ള ഉത്തരം കേട്ട് മറിയാമ്മ സ്തബ്ധയായ് നിന്നു പോയി. ജീവിതം മുഴുവൻ ഇവന് വേണ്ടിയാണോ താൻ ഉഴിഞ്ഞു വെച്ചത് എന്ന് ഹൃദയഭാരത്തോടെ അവൾ ചിന്തിച്ചു. കൂടുതൽ ഡയലോഗ്സ് ഒന്നും അടിക്കാതെ മറിയാമ്മ പെട്ടെന്ന് തലയും ചൊറിഞ്ഞ് അടുക്കളയിലേക്ക് പിന്മാറി. മറിയാമ്മയുടെ അന്നത്തെ ദേഷ്യം മുഴുവൻ സഹിക്കേണ്ടി വന്നത് പാവം കറിയാച്ചൻ ആയിരുന്നു.
വർഷങ്ങൾക്കു മുൻപേ, അമേരിക്കയിൽ വന്ന കാലം മുതൽക്കേ, വെളുത്ത മഞ്ഞും എവിടെയും ഉള്ള ദീപാലങ്കാരങ്ങളും മറിയാമ്മയെ ഹഠാദാകർഷിച്ചിരുന്നു. നവംബർ മുതൽ അവൾ ആ വർഷത്തെ ക്രിസ്തുമസ് ഡെക്കറേഷൻ പ്ലാനിങ് തുടങ്ങിയിരുന്നു. വർഷങ്ങളായുള്ള ക്രിസ്തുമസ് ലൈറ്റ്സ് ഈ വർഷം ഒന്ന് മാറ്റിയാലോയെന്ന ആലോചനയുമായി അവൾ കറിയാച്ചനെ സമീപിച്ചു. വെറൈറ്റിയായ, പല ഷേപ്പ് ആൻഡ് കളേഴ്സ് ഉള്ള ലൈറ്റുകൾ മറ്റൊരു മലയാളിയുടെ വീട്ടിലും കാണല്ലേ എന്നു മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് രണ്ടാളും ചേർന്നു വാങ്ങിച്ചു. “ഇത്തവണ ഞാനൊന്ന് പൊളിക്കും. കരോൾ വരുമ്പോൾ എല്ലാവരും ഞെട്ടണം.” തന്റെ വീടിനെ ഭാവനയിൽ കണ്ടു ഒരു നിമിഷം ആഹ്ളാദത്തിൽ അവൾ സ്വയം അറിയാതെ തുള്ളിച്ചാടി.
ശനിയും ഞായറും പണിയോട് പണി. ഗൂഗിൾ സെർച്ച് ആയിരുന്നു അവളുടെ ഡിക്ഷ്ണറി. പത്ത് പ്രാവശ്യം കറിയാച്ചനെ വിളിച്ച് അതും ഇതും ഫിറ്റ് ചെയ്യിച്ചു. കറിയാച്ചൻ ടെക്നോളജി എക്സ്പെർട്ട് ആണ്. സ്വന്തമായ ചില പൊടിക്കൈകൾ അയാളും പരീക്ഷിച്ചു. ഒരു ചെയ്ഞ്ചിന് രണ്ട് വലിയ ക്രിസ്മസ്ട്രീ. ഒന്നിനും കുറവുണ്ടാകരുത്. കറിയാച്ചൻ ഒറ്റക്കുത്തിൽ എല്ലാ ലൈറ്റും ഒന്നിച്ചു കത്തിക്കും, ഒന്നിച്ച് ഓഫാക്കും. അതുകണ്ട് മുഴുവൻ സാറ്റിസ്ഫാക്ഷനിൽ അവൾ സ്വന്തം മുഖം കണ്ണാടിയിൽ നോക്കി ചിരിക്കുന്നതു പോലെ ലൈറ്റ്സ് നോക്കി പലവുരു പുഞ്ചിരിച്ചു കൊണ്ടിരുന്നു.
കരോൾ സമയമായി. വിഐപി മോളും ഗായകനും എന്നും കറക്കമാണ്. പതിവു പോലെയുള്ള കറക്കത്തിന് അവർ പോയി. “ഞാൻ പെട്ടെന്ന് കുറച്ച് സാധനങ്ങൾ വാങ്ങി വരാം,” എന്നു പറഞ്ഞു കറിയാച്ചൻ സ്ഥിരമായുള്ള കലാപരിപാടിക്കും പോയി. കറിയാച്ചൻ വീടുവിട്ടിറങ്ങിയതും കരോൾസംഘം അടുത്ത വീട് സ്കിപ്പ് ചെയ്തു വീട്ടിൽ വരികയാണെന്ന് അറിയിച്ചു. മറിയാമ്മ ജീവനും കൊണ്ടോടി. എല്ലാ ലൈറ്റും ഓണാക്കാൻ ഓടി നടന്നു. ഒന്നും കത്തുന്നില്ല. ഓണാക്കാൻ സ്വിച്ച് ഒന്നിനും കാണുന്നില്ല. പകരം വെള്ള വട്ടത്തിലുള്ള എന്തോ ഒന്ന് സ്വിച്ചിന്റെ സ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്നു. മറിയാമ്മ കുറേനേരം അത് പറ്റും പോലെ കറക്കി. സ്വന്തം തല കറങ്ങുകയല്ലാതെ ഒരു ലൈറ്റ് പോലും തെളിഞ്ഞില്ല. തല പോയ കോഴിയെപ്പോലെ അവൾ അങ്ങോട്ടുമിങ്ങോട്ടും ഓടി. മറിയാമ്മയുടെ മുഖം കാർവർണ്ണമായി. സുറിയാനി ക്രിസ്ത്യാനി എന്ന പാരമ്പര്യം നാഴികയ്ക്ക് നാൽപതുവട്ടം കുടുംബമഹിമയായി പറയുന്ന മറിയാമ്മ, തന്റെ സർവ്വ അവകാശങ്ങളോടും കൂടി, കണ്ണടച്ച് അല്പം ഭയഭക്തി ബഹുമാനത്തോടെ വിളിച്ചു കൂവി, “എന്റെ ഈശോയെ, കാനായിലെ കല്യാണവിരുന്നിൽ ഒരു നിമിഷം കൊണ്ട് വെള്ളം വീഞ്ഞാക്കിയതു പോലെ, ഈ ലൈറ്റുകൾ എല്ലാം കത്തിക്കേണമേ!” പ്രതീക്ഷയോടെ മിഴി തുറന്ന മറിയാമ്മയ്ക്ക് ഒരു അത്ഭുതമോ അടയാളമോ അവിടെ കണാൻ സാധിച്ചില്ല. അവൾ പിറുപിറുത്തു: “അല്ലെങ്കിലും ഈ ഈശോയ്ക്ക് അത്യാവശ്യനേരത്ത് കേൾവി കുറവാണ്.”
ഇനി അടുത്ത ലൈഫ് ലൈൻ…. അവൾ അറ്റ കൈക്ക് വിളിച്ചു, “ഗൂഗിൾ,” “അലക്സാ,” “ഹെല്പ് മീ…” ഒരു ചുക്കും സംഭവിച്ചില്ല. കരോൾ സംഘം ദേ വീടിനകത്ത്! ദീപാലങ്കാരമൊ, ആളനക്കം പോലുമോ ഇല്ലാത്ത ഒരിടത്തു ചെന്നുപെട്ട പ്രതീതിയിൽ സോഫിയാകട്ടെ, മ്ലാനവദനയായി നില്ക്കുന്ന മറിയാമ്മയോട് ഒരൊന്നൊന്നര ചോദ്യം: “ഇതെന്താ, ക്രിസ്മസ് ട്രീ ഓൾഡ് ആണോ? ലൈറ്റ് എല്ലാം പോയോ?” അവൾ ഉത്തരമൊന്നും പറഞ്ഞില്ല. അരണ്ട വെളിച്ചത്തിൽ അച്ചൻ ഒരു ചെറിയ പ്രസംഗം പറഞ്ഞു: “നിങ്ങളുടെ ഉള്ളിലുള്ള വെളിച്ചം ഒരിക്കലും ലോകത്തിന്റെ മാസ്മരികതയിൽ അണഞ്ഞു പോകാതിരിക്കട്ടെ!” ജീവിതത്തിൽ ആദ്യമായി പുറമേയുള്ള വിളക്കുകൾ എല്ലാം അണഞ്ഞപ്പോൾ, ഉള്ളിൽ ഉറങ്ങിക്കിടന്ന തിരിനാളം ജ്വലിച്ചു. അപ്പോൾ അവൾക്ക് വ്യക്തമായി കേൾക്കാൻ പറ്റി: “നമുക്കുള്ളവ മറ്റുള്ളവരെ ലജ്ജിപ്പിക്കാൻ ഇടയാകാതിരിക്കട്ടെ!”
കരോൾ പോയതും കറിയാച്ചൻ ഓടിക്കിതച്ച് എത്തി. “അവർ വന്നോ?” അവൾ കാം ആൻഡ് കൂൾ ആയി പറഞ്ഞു: “വന്നു….പോയി!” പതിവിനു വിപരീതമായി വഴക്കുണ്ടാക്കാതെ അവൾ മയത്തിൽ പറയുന്നതു കേട്ട് അയാൾ ഞെട്ടി. “നീയെന്നാ ലൈറ്റ് ഒന്നും ഇടാത്തെ?!” കറിയാച്ചൻ ഒരു നിലവിളി പോലെ ചോദിച്ചു. എന്നിട്ട് അലക്സയോട് ഒറ്റ കല്പന: “അലക്സാ ടേൺ ഓൺ ഓൾ ലൈറ്റ്സ്!” മാജിക് പോലെ വീട് മുഴുവൻ വെട്ടിത്തിളങ്ങി! എങ്കിലും അവളുടെ ഹൃദയത്തിന്റെ തെളിച്ചം അതിന്റെ നൂറിരട്ടി പവർ ഉള്ളതായിരുന്നു. അവൾ അനുസരണയുള്ള ഒരു മാടപ്രാവിനെപ്പോലെ പറഞ്ഞു, “സാരമില്ല കറിയാച്ചാ, പുറമേ എത്ര തെളിഞ്ഞാലും അകം ഇരുട്ടായാൽ എന്തു പ്രയോജനം?”
ആ വർഷത്തെ ഉണ്ണീശോയുടെ പിറവി അവർക്കൊരു പുതു ജന്മംപോലെ ആയിരുന്നു.