ശിഷ്യൻ:
പുരുഷനെ അറിയാത്തവൾ ഗർഭം ധരിച്ചതും,
തന്റെ ഗർഭരഹസ്യം ഇളയമ്മയെ അറിയിക്കാൻ അവൾ
തനിയെ ഒരു മലമ്പ്രദേശത്തു കൂടി വേപഥു പൂണ്ടു
തിടുക്കത്തിൽ നടന്നതും സന്തോഷവർത്തമാനമോ?ഗുരു:
ദൈവത്തിന് എല്ലാം സാധ്യമെന്നു വിശ്വസിച്ചതും,
അവളുടെ അഭിവാദനസ്വരത്തിൽ എലിസബത്തിന്റെ
ഉദരത്തിൽ ഒരു ശിശു കുതിച്ചു ചാടിയതുമാണ്
സന്തോഷരഹസ്യങ്ങൾ!ശിഷ്യൻ:
സത്രത്തിൽ ഇടം കിട്ടാതെ, നിറവയറുമായൊരുവൾ
പാതിരാവിന്റെ ഇരുളിൽ അലഞ്ഞതും,
ഒരു കിശോരത്തെ പുൽത്തൊട്ടിയിൽ പെറ്റിട്ടതും,
അവനെ പൊതിയാൻ പിള്ളക്കച്ചകൾ തിരഞ്ഞതും
സന്തോഷവർത്തമാനമോ?ഗുരു:
ഒരു പുതുജീവന്റെ നാമ്പു തളിരിട്ടു പൂത്തതും,
ആ ജീവന്റെ തുടിപ്പിൽ അവൾ ദൈവത്തെ
തിരിച്ചറിഞ്ഞതുമാണ് സന്തോഷരഹസ്യങ്ങൾ!ശിഷ്യൻ:
ഒരു ജോഡി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ
കുഞ്ഞുങ്ങളെയോ മാത്രം ബലിയർപ്പിച്ചതും,
ഒരു വാൾ അവളുടെ ചങ്കു പിളർക്കുമെന്നു ശീമോൻ
പ്രവചിച്ചതും സന്തോഷവർത്തമാനമോ?ഗുരു:
ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്നു കരുതിയതും,
ശീമോന്റെ വാക്കിന്റെ മുറിവിനെ ദൈവേഷ്ടമെന്നു
ധ്യാനിച്ചതുമാണ് സന്തോഷരഹസ്യങ്ങൾ!ശിഷ്യൻ:
പന്ത്രണ്ടാം വയസ്സിൽ മകനെ കാണാതെ പോയതും,
പുത്രദുഃഖക്കൊടുംതീയിൽ ഒരമ്മ വെന്തുനീറിയതും
സന്തോഷവർത്തമാനമോ?ഗുരു:
അന്വേഷിച്ചാൽ കണ്ടെത്തുമെന്നു പ്രത്യാശിച്ചതും,
ഒരു പുനഃസമാഗമത്തിൽ അവൾ നിർവൃതി
നേടിയതുമാണ് സന്തോഷരഹസ്യങ്ങൾ!