

കത്തോലിക്കാ കുടുംബങ്ങളിലെ പ്രാർത്ഥനാനുഷ്‌ഠാനങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ ജപമാല അമ്മമാതാവിന്റെ സ്നേഹസമ്മാനമാണ്. അത്, ദുഷ്ടാരൂപിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും, തന്മൂലമുള്ള സകല അനർത്ഥങ്ങളിൽ നിന്നും നമ്മെ മറച്ചു പിടിക്കാൻ പര്യാപ്തമായ സ്വർഗ്ഗീയ ആയുധമാണ്.
അമ്മ മാത്രമാണ് തന്റെ മകന്റെ ഈ ലോകത്തിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം ഏറ്റവും കൂടുതൽ അടുത്തറിഞ്ഞിട്ടുള്ളത്. അമ്മയിലുള്ള പരിശുദ്ധാത്മ നിറവിൽനിന്നുളവായതാണ് ഈ അറിവ്. തന്റെ ഉദരത്തിൽ ദൈവകുമാരനെ വഹിച്ചപ്പോൾ തന്നിൽ വന്നു നിറഞ്ഞ ആ പരിശുദ്ധാത്മ ചൈതന്യം അഥവാ ജ്ഞാനം, സാക്ഷാൽ പരിശുദ്ധാത്മാവു തന്നെ. മറ്റാർക്കും ലഭിക്കാതെപോയ മഹാഭാഗ്യമാണത്. ദൈവപുത്രന്റെ അമ്മയാകാൻ വിളിക്കപ്പെട്ട അവളിൽ എത്രമാത്രം പരിശുദ്ധാരൂപിയുണ്ടായിരുന്നു എന്നതു ഉത്തരം അർഹിക്കാത്ത ഒരു ചോദ്യമാണ്. യേശു ലോകരക്ഷകനാണെന്ന സത്യം ആത്മനിറവിനാലേ അമ്മ അറിഞ്ഞിരുന്നു.
ലോകാരൂപിയിലുള്ള എല്ലാ മോഹങ്ങളെയും ഉപേക്ഷിച്ചു ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം.
സന്തോഷത്തിന്റെ രഹസ്യങ്ങൾ
വിശകലനം ചെയ്യുമ്പോൾ ഓരോ രഹസ്യത്തിലും നാം ധ്യാനവിഷയം ആക്കേണ്ടതു എന്താണെന്നു നോക്കാം.
സന്തോഷത്തിന്റെ ഒന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവേ, ദൈവവചനം അങ്ങയുടെ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേൽ ദൂതൻ വഴി ദൈവകൽപനയാൽ അങ്ങയെ അറിയിച്ചതിനെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങയെ സംഗ്രഹിച്ചുകൊണ്ടിരിപ്പാൻ കൃപ ചെയ്യണമേ.
ഒന്നാം രഹസ്യത്തിൽ നാം ദൈവപുത്രന്റെ സാനിധ്യത്തിനുവേണ്ടി അപേക്ഷിക്കുന്നു. ദൈവവചനം ഹൃദിസ്ഥമാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക.
“പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും, വിവിധ രീതിയിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാന നാളുകളിൽ തന്റെ പുത്രൻവഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.” ( ഹെബ്രായർ 1: 1, 2)
ഈ വർത്തമാനകാലത്ത് ദൈവം നമ്മുടെ ഇടയിൽ വസിക്കുന്നത് ദൈവവചനത്തിലൂടെയാണ്. ഇവിടെ, ആദ്യത്തെ സന്തോഷത്തിന്റെ രഹസ്യത്തിൽ നമ്മൾ ധ്യാനിക്കുന്നതു അമ്മയുടെ ഉദരത്തിൽ വചനം മാംസമായി രൂപാന്തരീകരിക്കപ്പെട്ടതിനെക്കുറിച്ചാണ്.
ഏശയ്യാ പ്രവചനം നമുക്കു ധ്യാനിക്കാം. “യുവതി ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും.” (ഏശയ്യാ 7:14)
ഈ പ്രവാചകവചനം നിവർത്തിയാക്കപ്പെടുകയായിരുന്നു അമ്മയുടെ ഉദരത്തിലെ ഈശോയുടെ രൂപാന്തരീകരണത്തിലൂടെ. അപ്പോൾത്തന്നെ ഗബ്രിയേൽ ദൈവദൂതൻ അവളുടെ അടുത്തു വന്നു പറഞ്ഞു “ ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കർത്താവു നിന്നോടു കൂടെ.” (ലൂക്കാ 1: 28)
ഏശയ്യ പ്രവാചകന്റെ വചനം തന്നിൽ നിവർത്തിയാക്കപ്പെട്ടപ്പോൾ മറിയം ദൈവകൃപ നിറഞ്ഞവളായി. അതുപോലെതന്നെ, പരിശുദ്ധ വേദപുസ്തകത്തിലെ ഓരോ വചനവും നാം ഹൃദിസ്ഥമാക്കുമ്പോൾ നമ്മളും ദൈവകൃപ നിറഞ്ഞവരായി മാറുന്നു. നമ്മുടെ കാവൽമാലാഖ നമ്മോടും പറയും ദൈവകൃപ നിറഞ്ഞവരേ എന്ന്. ഓരോ വചനവും നാം മനഃപാഠമാക്കുമ്പോൾ, എത്രമാത്രം ദൈവകൃപയാണ് നമുക്കു ലഭിക്കുന്നതെന്നു ചിന്തിക്കാം.
ആവർത്തിച്ചാവർത്തിച്ചു ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ഉരുവിടുമ്പോൾ, ദൈവവചനങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കാനും ആ വചനങ്ങളുടെ പൊരുളറിഞ്ഞു ജീവിക്കാനുമുള്ള അനുഗ്രഹം മാതാവുവഴി നമുക്കു യാചിക്കാം.
സന്തോഷത്തിന്റെ രണ്ടാം രഹസ്യം
പരിശുദ്ധ ദൈവമാതാവേ, അങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങ് ചെന്നു കണ്ടപ്പോൾ, ആ പുണ്യവതിക്കു സർവേശ്വരൻ ചെയ്ത കരുണയെ കണ്ടു അങ്ങേക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ ലൗകിക സന്തോഷങ്ങളെ ത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചു തേടുവാൻ കൃപചെയ്യണമേ
സന്തോഷത്തിന്റെ രണ്ടാം രഹസ്യത്തിലൂടെ നാം പരിശുദ്ധ ത്രിത്വത്തിലെ പരിശുദ്ധാത്മാവിനായി പ്രാർത്ഥിക്കുന്നു. നമ്മിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനെ ഉജ്വലിപ്പിക്കണമേയെന്നും, നിരന്തരം പ്രവർത്തിക്കുകയും പരിവർത്തിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവാൽ നമ്മെ നിറയ്ക്കണമേയെന്നും നമുക്കു പ്രാർഥിക്കാം.
കൂദാശകളിലൂടെ നമുക്കു കിട്ടിയ പരിശുദ്ധാത്മാവ് നാമെല്ലാവരിലും വസിക്കുന്നുണ്ട്. ആ പരിശുദ്ധാത്മാവ് എത്രമാത്രം തീവ്രമായി നമ്മിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ് നമുക്കറിയേണ്ടത്. നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികം തരാൻ ശക്തിയുള്ളവനാണ് പരിശുദ്ധാത്മാവ് (എഫെസോസ് 3-20,21)
രണ്ടാമത്തെ രഹസ്യത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം നടക്കുന്നത് നമുക്ക് വ്യക്തമായി കാണാം. പരിശുദ്ധ അമ്മയ്ക്ക് ഗബ്രിയേൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് മംഗളവാർത്ത അറിയിച്ച മാത്രയിൽ തന്നെ, തന്റെ ഉദരത്തിൽ പുത്രൻ തമ്പുരാൻ രൂപം കൊണ്ടു. അപ്പോൾ മാതാവ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവളായി. അങ്ങനെ പരിശുദ്ധാത്മാവു നിറഞ്ഞ അമ്മ, തന്റെ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ സന്ദർശിച്ചപ്പോൾ അമ്മയിലുള്ള ആ പരിശുദ്ധാത്മ തീവ്രതകൊണ്ട് അമ്മയെ കണ്ട മാത്രയിൽ ഏലീശ്വാ പുണ്യവതി പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. അവളുടെ ഉദരത്തിലുള്ള ശിശു തുള്ളിച്ചാടി.
ഈ രണ്ടാമത്തെ രഹസ്യത്തിൽ അമ്മയോടൊത്ത് കൈകോർത്തുപിടിച്ച് അമ്മയിൽ നിറഞ്ഞുനിന്ന ആ പരിശുദ്ധാത്മ സാനിധ്യം നാം ഓരോരുത്തരിലും ലോകം മുഴുവനിലും നിറയാൻ പ്രാർത്ഥിക്കാം.
വിശുദ്ധ ജോൺപോൾ മാർപാപ്പ പറഞ്ഞതുപോലെ, അമ്മയോടൊത്ത് പ്രാർത്ഥിക്കുമ്പോൾ അമ്മയുടെ മടിയിൽ കിടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഭാവം ഉണ്ടായ്‌വരും. അമ്മയിൽ നിറഞ്ഞുനിന്ന ആ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവു നമ്മിൽ ഓരോരുത്തരിലും വന്നു നിറയാൻ അമ്മയോടു ചേർന്നു പ്രാർത്ഥിക്കാം.
സന്തോഷത്തിന്റെ മൂന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവേ അങ്ങേ കന്യാത്വത്തിനു അന്തരം വരാതെ ദൈവകുമാരനെ പ്രസവിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങ് ജ്ഞാനവിധമായി പിറപ്പാൻ കൃപചെയ്യണമേ
സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിലൂടെ പുത്രനായ ദൈവത്തിന്റെ കൃപയും, തുടർന്നു രണ്ടാം രഹസ്യത്തിലൂടെ പരിശുദ്ധാത്മാവിന്റെ നിറവും നമ്മൾ സ്വീകരിച്ചല്ലൊ. മൂന്നാം രഹസ്യത്തിലൂടെ, പിതാവായ ദൈവത്തിന്റെ സ്നേഹം (ജ്ഞാനം) നമ്മിൽ വന്നു നിറയാൻ നമുക്കു പ്രാർത്ഥിക്കാം.
“തേജസ്സുറ്റതാണ് ജ്ഞാനം , അതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു അവളെ തേടുന്നവർ കണ്ടെത്തുന്നു.” (ജ്ഞാനം 6:12)
പിതാവായ ദൈവത്തിന്റെ പ്രവർത്തനങ്ങൾ മറ്റാർക്കും അറിഞ്ഞുകൂടാ, സ്വന്തം പുത്രനു പോലും അത് ഗ്രഹിക്കാൻ പ്രയാസമാണ്. പിതാവിന്റെ മഹത്വപൂർണമായ ഒരു പ്രവർത്തനമാണു മാനവരാശിയെ രക്ഷിക്കാൻ സ്വന്തം പുത്രനെ ഒരു കന്യകയിൽനിന്നു ജനിപ്പിച്ചത്. അതിനാലാണ്, പിതാവു എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ് എന്നു പറയുന്നത്.
മത്തായി 1:20 പറയുന്നു: “ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.” യൗസേപ്പിതാവിന് ഈ ദൈവിക രഹസ്യം വെളിപ്പെടുത്തി കിട്ടിയതുപോലെ, നമ്മുടെ ജീവിതത്തിലും ദൈവിക രഹസ്യങ്ങൾ വെളിപ്പെടുത്തി കിട്ടാനുള്ള ജ്ഞാനം നമുക്ക് ലഭിക്കാൻ സർവ ജ്ഞാനത്തിന്റെയും ഉറവിടമായ പിതാവായ ദൈവത്തോടു നമുക്ക് പ്രാർത്ഥിക്കാം.
ജ്ഞാനം എങ്ങനെ സ്വന്തമാക്കാമെന്ന് ജ്ഞാനം 6:11 ൽ ദൈവം തന്നെ വെളിപ്പെടുത്തുന്നു: “എന്റെ വചനങ്ങളിൽ അഭിലാഷമർപ്പിക്കുവിൻ, അവളോടു തീവ്രാഭിനിവേശം കാണിക്കുവിൻ, നിങ്ങൾക്ക് ജ്ഞാനം ലഭിക്കും.”
ജ്ഞാനം 6:13-14ൽ നാം ഇപ്രകാരം വായിക്കുന്നു: “തന്നെ അഭിലഷിക്കുന്നവർക്ക് വെളിപ്പെടാൻ അവൾ തിടുക്കം കൂട്ടുന്നു. പ്രഭാതത്തിൽ ഉണർന്നു അവളെ തേടുന്നവർ പ്രയാസം കൂടാതെ അവളെ കണ്ടുമുട്ടും. അവൾ വാതിൽക്കൽ കാത്തുനിൽപ്പുണ്ട്.” തുടർന്നു നാം ഇങ്ങനെ വായിക്കുന്നു: “ശിക്ഷണത്തോടുള്ള ആത്മാർത്ഥമായ അഭിലാഷമാണ് ജ്ഞാനത്തിന്റെ ആരംഭം.അവളുടെ നിയമങ്ങൾ പാലിക്കലാണ് അവളോടുള്ള സ്നേഹം. അങ്ങനെ ജ്ഞാനതീക്ഷ്ണത രാജത്വം നൽകുന്നു.” ജ്ഞാനം 6: (17,18,20)
അമ്മയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം . പിതാവായ ദൈവമേ, വിശുദ്ധ സ്വർഗത്തിൽനിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽനിന്ന് ജ്ഞാനത്തെ അയച്ചുതരേണമേ. അവൾ ഞങ്ങളോടൊത്ത് വസിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യട്ടെ. അങ്ങനെ, അങ്ങയുടെ ഹിതം ഞങ്ങൾ മനസ്സിലാക്കട്ടെ. അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽ നിന്നും നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആര് അറിയും? (ജ്ഞാനം 9:10,17)
സന്തോഷത്തിന്റെ നാലും അഞ്ചും രഹസ്യങ്ങളിൽ ദൈവം നാം ഓരോരുത്തരോടും ഒരു ആത്മശോധനയ്ക്കു ആവശ്യപ്പെടുകയാണ്.
ആദ്യത്തെ മൂന്നു രഹസ്യത്തിലൂടെ കടന്നുപോയ നാം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന്റെ സാന്നിധ്യത്തിലാണ്. എവിടെയൊക്കെ ഈ ദൈവിക സാന്നിധ്യം ഉണ്ടോ, അവിടെയെല്ലാം മാതാവും സകല വിശുദ്ധരും മാലാഖാമാരും അടങ്ങുന്ന സ്വർഗ്ഗീയവൃന്ദവും സന്നിഹിതരാണ്.
സന്തോഷത്തിന്റെ നാലാം രഹസ്യം
പരിശുദ്ധദൈവമാതാവെ, അങ്ങേ തിരുക്കുമാരനെ ദൈവാലയത്തിൽ കാഴ്ചവച്ചപ്പോൾ, മഹാത്മാക്കൾ തന്നെ സ്തുതിക്കുന്നതു കണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ അങ്ങേയ്ക്ക് യോഗ്യമായ ദൈവാലയമായിരിപ്പാൻ കൃപചെയ്യണമേ.
നാലാമത്തെ രഹസ്യത്തിൽ ദൈവം നമ്മോടു ചോദിക്കുകയാണ്, നമ്മുടെ ശരീരങ്ങൾ അവിടുത്തേയ്ക്കു വസിക്കുവാൻ യോഗ്യമായ ആലയങ്ങളാണോ എന്ന്.
നമ്മുടെ ശരീരങ്ങൾ ദൈവാത്മാവിന്റെ അലയങ്ങൾ ആയിരിക്കട്ടെ
വിശുദ്ധിയോടെയാണ് ഈശോയെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നത്. പുറപ്പാട് 13:1,2 ൽ നാം കാണുന്നു: “കർത്താവ് മോശയോടു കല്പിച്ചു: ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്ക് സമർപ്പിക്കുക.”
കാനാൻ ദേശത്ത് പ്രവേശിച്ചു കഴിയുമ്പോൾ, ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണമെന്നും പുളിമാവ് നിങ്ങളുടെയിടയിൽ കാണരുതെന്നും പറയുമ്പോൾ, വചനം നമ്മോടാവശ്യപ്പെടുന്നത് വിശുദ്ധിയോടുകൂടെ വ്യാപരിക്കണം എന്നാണ്.
ഈശോയെ ദൈവാലയത്തിൽ സമർപ്പിച്ചപ്പോൾ ശിമയോൻ കുട്ടിയെ കയ്യിലെടുത്തുകൊണ്ടു പറഞ്ഞു: “സകലജനത്തിനും വേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു . അതു വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രയേലിന് മഹിമയുമാണ്.” ലൂക്കാ 2: 25, 32)
അമ്മേ മാതാവേ, അമ്മയുടെ മകനെക്കുറിച്ച് ശിമയോൻ പ്രവചിച്ചതുപോലെ, മറ്റുള്ളവർ ഞങ്ങളെ കാണുമ്പോൾ ദൈവത്തിന്റെ ആലയങ്ങളാണ്, അല്ലെങ്കിൽ ദൈവമക്കളാണ് ഞങ്ങളെന്നു പറയുവാൻ തക്കവണ്ണം ദൈവികചൈതന്യം ഞങ്ങളിൽ നിറയ്ക്കണമെ. ഞങ്ങളെ ദൈവസ്വഭാവത്തിന് അനുരൂപരാക്കണമേ.
ഈശോ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ, ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു പറയുമ്പോൾ, സ്വർഗ്ഗരാജ്യം ഭൂമിയിൽ കാണപ്പെടുന്നതു ദൈവമക്കളിലൂടെയാണെന്ന് നമുക്കോർക്കാം. ദൈവികസ്വഭാവം നമ്മളിൽ നിറയുമ്പോൾ മറ്റുള്ളവർ നമ്മിൽ ദൈവത്തിന്റെ സ്വഭാവം ദർശിക്കും. ദൈവിക പദ്ധതികൾ നമ്മിൽ നിറവേറും.
1 കോറി 6: 19, 20: “നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.”
1 കൊറിന്തോസ് 3: 16, 17 : “നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവരെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾതന്നെ.”
ദൈവത്തിന്റെ ആലയമായിത്തീരാൻ വിളിക്കപ്പെട്ട അമ്മേ, മാതാവേ, ഞങ്ങളുടെ ബലഹീനതകൾ പരിഹരിച്ചു വിശുദ്ധിയിലേക്ക് ഞങ്ങളെ നയിച്ചു, ദൈവത്തിന്റെ ആലയങ്ങളാക്കിത്തീർക്കേണമേ.
സന്തോഷത്തിന്റെ അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരനെ പന്ത്രണ്ടു വയസ്സിൽ കാണാതെ പോയതിൻ ശേഷം മൂന്നാം ദിവസം ദൈവാലയത്തിൽ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കണ്ടെത്തിയതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങളും തന്നെ ഒരിക്കലും പാപത്താൽ വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞാൽ ഉടനെ മനസ്താപത്താൽ തന്നെ കണ്ടെത്താനും ഉള്ള കൃപ നൽകണമേ
സന്തോഷത്തിന്റെ അഞ്ചാം രഹസ്യം ധ്യാനിക്കുമ്പോൾ പാപം ചെയ്ത് ഈശോയിൽ നിന്നും വേർപെട്ടിരിക്കുന്ന നമുക്ക് ഈശോയിലേയ്ക്ക് തിരിച്ചുവരാനുള്ള ആഗ്രഹം എത്രമാത്രം തീക്ഷ്ണത ഉള്ളതാണെന്ന് ചോദ്യം ചെയ്യപ്പെടുകയാണ്.
നീതി- ദൈവനീതിക്കു വേണ്ടി പ്രാർത്ഥിക്കാം
ജറുസലേം ദൈവാലയത്തിൽ വച്ചുള്ള ആ മൂന്നുദിവസത്തെ ഭയാനകമായ വേർപാടിനുശേഷം മാതാവും യൗസേപ്പിതാവും തിരുക്കുമാരനെ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ ആനന്ദം വർണ്ണിക്കാൻ സാധ്യമോ?!
കർത്താവായ ദൈവമേ, അനുനിമിഷം പാപത്തിനും ദുഷ്വിചാരങ്ങൾക്കും അടിമപ്പെട്ടിരിക്കുന്ന ഞങ്ങളെ എത്രയും പെട്ടെന്ന് ഈശോയുമായി അനുരഞ്ജനപ്പെടാൻ സഹായിക്കണമേ.
ധൂർത്തപുത്രന്റെ ഉപമയിൽ പറഞ്ഞിരിക്കുന്നതുപോലെ, പാപം ചെയ്തു തന്നിൽനിന്നും അകന്നുപോയ മകൻ തിരിച്ചുവരുമ്പോൾ പിതാവിനുണ്ടാകുന്ന സന്തോഷം എത്ര വലുതാണെന്ന് നമുക്കറിയാമല്ലോ .
നീതിയാണ് ജീവന്റെ മാർഗ്ഗം (ജ്ഞാനം 1) എന്ന് തിരിച്ചറിഞ്ഞു അനശ്വരമായ നീതിയിൽ ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ.
എന്താണ് ദൈവനീതി? എങ്ങനെയാണ് നീതിയിൽ ജീവിക്കുന്നത്? ആരാണ് ദൈവനീതിയിൽ നിന്നും ഓഴിഞ്ഞുമാറി ജീവിക്കുന്നതെന്ന് ജ്ഞാനത്തിന്റെ പുസ്തകം ഒന്നാം അധ്യായം എണ്ണമിട്ടു പറയുന്നുണ്ട്: 1) അവിശ്വാസികൾ 2) കുടിലബുദ്ധി 3) കഠിനഹൃദയർ 4) വഞ്ചകർ 5) ഗൂഢാലോചന നടത്തുന്നവർ 6) ദൈവദൂഷണം പറയുന്നവർ 7) ദുർഭാഷണം നടത്തുന്നവർ 8) അധർമ്മ ചിന്താഗതിക്കാർ 9) മുറുമുറുക്കുന്നവർ 10) പരദൂഷണം പറയുന്നവർ 11) രഹസ്യം പറയുന്നവർ 12) നുണ പറയുന്നവർ. ഇവയെല്ലാം ആത്മാവിനെ നശിപ്പിക്കുന്നു. മരണം ക്ഷണിച്ചു വരുത്തുന്നു. ഇവയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയുള്ള ജീവിതമാണു നീതിയിലുള്ള ജീവിതം.
റോമ 1: 16, 17: “സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. അതിൽ വിശ്വാസത്തിൽനിന്നും വിശ്വാസ്വത്തിലേക്കു നയിക്കുന്ന നീതി വെളിപ്പെടുത്തിയിരിക്കുന്നു.” അതിനാൽ, സുവിശേഷാനുസൃതമായ ജീവിതം നീതിയിലുള്ള ജീവിതമാണെന്നു നമുക്കു മനസ്സിലാക്കാം.
എന്നാൽ മനുഷ്യനായി ജനിച്ചവരിൽ ഒരുവൻ പോലും നീതിമാനല്ലെന്നു റോമാക്കാരുടെ ലേഖനത്തിൽ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു.എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. അവിടുത്തെ കൃപയാൽ, യേശുക്രിസ്തുവിലുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നമ്മൾ നീതീകരിക്കപ്പെടുകയാണ്. അതിനാൽ, ദൈവം കൃപ ചൊരിഞ്ഞാൽ മാത്രമേ ഒരുവനു നീതിയിൽ ജീവിക്കാൻ സാധിക്കൂ.
മത്തായി 5: 6: “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർക്കു സംതൃപ്തി ലഭിക്കും.”
അമ്മേ, മാതാവേ, മകനെ നഷ്ടപ്പെട്ടപ്പോൾ അങ്ങേയ്ക്കുണ്ടായ വേദന ഞങ്ങൾ അറിയുന്നു.അതേ തീവ്രവേദനയോടെ, ഈശോയിലേക്ക് തിരിച്ചുവരാൻ പാപികളായ ഞങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നു.
ഞങ്ങളിൽ പാപബോധവും പശ്ചാത്താപവും തന്നു നീതിയിൽ ജീവിക്കുവാനും, അനുദിനം ഉന്നതത്തിൽ നിന്നും ആത്മാവിനെ സ്വീകരിച്ചു നീതിയിൽ വളരുവാനും, അങ്ങനെ നീതിയുടെ ഫലമായ സമാധാനവും പ്രശാന്തതയും പ്രത്യാശയും ഞങ്ങളിൽ നിറയുവാനും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലാണ് ഞങ്ങൾ ജീവിക്കുന്നതെന്നു ഉറപ്പുവരുത്താനുള്ള കൃപയ്ക്കായ് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഈ രീതിയിൽ നിയോഗങ്ങൾ സമർപ്പിച്ച് ജപമാല ചൊല്ലുന്നതു വഴി, നാം ദിവസവും നമ്മുടെ ജീവിതമൂല്യങ്ങളെ നവീകരിക്കുകയാണ് ചെയ്യുന്നത്. ദൈവസന്നിധിയിൽ പരിശുദ്ധിയും നീതിയും ഉള്ളവരായി വസിക്കാനുതകുന്ന ഒരു ആത്മപരിശോധന കൂടിയാണ് ഇത്. നാം ഈശോയുമായി ഒരു തുറന്ന സംഭാഷണത്തിൽ ഏർപ്പെടുകയാണ്. അതതു ദിവസങ്ങളിൽ, നാം ഈശോയെ ഏതെങ്കിലും വിധത്തിൽ സഹായിച്ചോ? മുള്ളുകളാണോ നാം ഈശോയ്ക്ക് സമ്മാനിച്ചത്? അവിടുത്തെ മുറിവുകൾ ഉണക്കുന്നതിനു പകരം, എത്രപ്രാവശ്യം നാം അവിടുത്തെ വേദനിപ്പിച്ചു? എല്ലാറ്റിലുമുപരി, ഓരോ ജപമാല ധ്യാനവും നാം ഈശോയോടു ചെയ്യുന്ന ഒരു വാഗ്ദാനമാണ്: ഞാൻ എന്റെ ഇന്നത്തെ ഈ ദിവസം ആരംഭിക്കുന്നത് എനിക്കിഷ്ടമുള്ള രീതിയിലല്ല, എന്റെ ഈശ്വോയ്ക്കു ഇഷ്ടമുള്ള രീതിയിലാണു എന്ന്.