A Tale of Talents

A Tale of Talents

“ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറി. 15 :14 ). ഈശോയുടെ ഉത്ഥാന സത്യം ഇല്ലാതെ ഒരു ക്രിസ്തീയ വിശ്വാസവും ക്രിസ്ത്യാനിയും ഇല്ല. ഈ ആമുഖം വായിച്ചിട്ടു ഇത് ഒരു ആധ്യാത്മിക ലേഖനമാണെന്നു തെറ്റിദ്ധരിക്കേണ്ടാ. ഈസ്റ്ററിന്റെ ചൂട് മാറാതെ നിൽക്കുന്ന ഈ സമയത്തു ഈസ്റ്റർ ആഘോഷത്തിന്റെ ശരിയായ അർത്ഥം വളരെ വൈകി മാത്രം മനസ്സിലാക്കിയ എന്റെ കുട്ടിക്കാലത്തെ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് ഒരു മടക്ക യാത്ര നടത്തിയാലോ എന്നാലോചിച്ചതിൽ തെറ്റുണ്ടോ? കുട്ടിക്കാലത്ത് എനിക്ക് ഈസ്റ്ററും ക്രിസ്തുമസ്സും ഒക്കെ മറ്റ് ആഘോഷങ്ങൾ പോലെ തന്നെ വെറുമൊരാഘോഷം മാത്രമായിരുന്നു. അടിച്ചുപൊളിക്കാനുള്ള അവധിക്കാലം.. പാട്ടും ബാന്റുമേളവും കൊഴുപ്പേകുന്ന പള്ളിപ്പരിപാടികൾ.. വർഷത്തിൽ വല്ലപ്പോഴും കിട്ടുന്ന പോത്തിറച്ചി.. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധത്തിന്റെ നനുത്ത ഓർമ്മകൾ നൽകുന്ന ആഘോഷങ്ങൾ…

ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം

മാർച്ചുമാസം അവസാനം ഇടകടത്തിയിൽ (എന്റെ ഗ്രാമം) ചൂട് കൂടുന്ന സമയം ആണ്. മീനമാസ സൂര്യൻ തന്റെ ചുട്ടുപൊള്ളുന്ന കിരണങ്ങൾ കൊണ്ട് എല്ലാത്തിനെയും വെല്ലുവിളിക്കുന്ന സമയം. വീണ്ടും ഒരു വസന്തത്തിനായുള്ള പ്രതീക്ഷ നല്കിക്കൊണ്ട് റബ്ബർ മരങ്ങളുടെ കൊഴിയാറായി നിൽക്കുന്ന ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രഭ ഭൂമിയിൽ നയനമനോഹരമായ ചിത്രങ്ങൾ രചിക്കുന്നതു കാണാം. പ്രഭാതം ഇടകടത്തിയിൽ എന്നും ശ്രവണമാധുര്യമുള്ള ഒരു ഗാനം പോലെയാണ്. ഗ്രാമം നിദ്രയിൽ നിന്നുണരുന്നത് കിളികളുടെ ആരവത്തിലും തൊട്ടടുത്തു കൂടി ഒഴുകുന്ന ചോലയുടെ കളകള നാദത്തിലുമാണ്. അതിന് ഏക അപവാദം അരുവിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന ഹുങ്കാരശബ്ദം മാത്രമാണ്. ഗ്രാമത്തോട് ചേർന്നു കിടക്കുന്ന മലയിലെ കാട്ടിൽ നിന്നും വരുന്നതാണ് ആ ചോല. ഇടവപ്പാതിക്കാലത്ത് രൗദ്രഭാവം കാട്ടി പാഞ്ഞു പോകുന്ന ആ ചോല ശിശിരമാകുമ്പോൾ വളരെ മെലിഞ്ഞു ഒരു പാവം ആകും, വേനൽ ചൂടിൽ വറ്റി വരളുകയും ചെയ്യും.

വർഷാവസാനപ്പരീക്ഷ കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് ആഘോഷമാണ്. കുട്ടികൾ എന്നു പറഞ്ഞാൽ, എന്റെ നേരേമൂത്ത ജ്യേഷ്ഠൻ ജിജിയും, അനുജൻ ഷാജനും, അയല്പക്കത്തു നിന്നുള്ള തങ്കപ്പൻ ചേട്ടന്റെ പൊന്നമ്മയും, കുഞ്ഞുമോനും, മിനിയും, പുരുഷൻ ചേട്ടന്റെ അജിയും, വൈക്കത്തെ പ്രശയും, കറിയയുടെ തങ്കച്ചനും ഒക്കെയുള്ള ഒരു കുട്ടിപ്പട്ടാളം. ഞങ്ങൾ എല്ലാവരും കൂടെയാണ് ആടിനെ തീറ്റുന്നതും തലപ്പന്തു കളിക്കുന്നതും മറ്റും. സമയം പോകുന്നത്‌ ഒരു പ്രശ്നമേ അല്ല എന്നു കരുതിയിരുന്ന ആ നല്ല കാലങ്ങളിൽ, ഉണങ്ങിക്കിടക്കുന്ന തോട്ടിൽ നിന്നും ചരൽ കല്ലുകൾ പെറുക്കിയും, തോടിന്റെ നടുവിൽ, വെള്ളം വറ്റിയ ഇടം നോക്കി കുഴിച്ചിരുന്ന ഓലിയിൽ നിന്നു വെള്ളം കോരിക്കുടിച്ചതും, ഓടപ്പഴങ്ങളും തൊണ്ടിപ്പഴങ്ങളും ശേഖരിച്ചും ഒക്കെ ഗൃഹാതുരഓർമ്മകളായ് മനസ്സിൽ തെളിഞ്ഞുവരുന്നു.

അക്കാലത്ത് സമയം കണക്കാക്കാൻ ഞങ്ങൾക്ക് യന്ത്രങ്ങളുടെ ആവശ്യം ഇല്ലായിരുന്നു. കാര്യം പറഞ്ഞാൽ, വീട്ടിൽ ഞങ്ങളുടെ അച്ചാച്ചന് ഒരു വാച്ചുണ്ട്. പിന്നെ ടൈം പീസ് എന്നറിയപ്പെടുന്ന ഒരു ഘടികാരവും. ഇവ ഒരിക്കലും ആവശ്യമായി ഒരിക്കലും തോന്നിയിട്ടില്ല എന്നതിന്റെ കാരണം, ദിവസം മൂന്നു നേരം കൃത്യമായി ഇടകടത്തിയിലേക്കു വന്നിരുന്ന കെ. കെ. എം. എസ്. ബസ്സിന്റെ ശബ്ദമായിരുന്നു. എന്നാൽ, ക്രിസ്തുമസിന് പാതിരാക്കുർബാനയ്ക്കു പോകാനും, ഈസ്റ്ററിനു പുലർച്ചക്കുള്ള കുർബാനയ്ക്കു പോകാനും അച്ചാച്ചന്റെ വാച്ച് ഉപയോഗ്യമായിരുന്നു എന്നതു ചാച്ചന്റെ വാച്ചിന് ഒരു വി. ഐ. പി. പവർ ഒക്കെ കൊടുത്തിരുന്നു.

എന്റെ ജ്യേഷ്ഠൻ ജിജി പോളിടെക്‌നികിൽ ഒന്നും പോയിട്ടില്ലെങ്കിലും, യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു അത്യാവശ്യം ധാരണയുള്ള ഒരു എൻജിനീയർ ആയിരുന്നു. എന്നുവച്ചാൽ, അത്യാവശ്യം കിട്ടുന്ന യന്ത്രങ്ങൾ ഒക്കെ അഴിച്ച് ഭാഗങ്ങൾ വേർപെടുത്തി തിരികെ ഘടിപ്പിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിനോദം. അച്ചാച്ചനും അമ്മയും സ്ഥലത്തില്ലാത്തപ്പോൾ മാത്രമായിരുന്നു ഈ വിനോദപരിപാടി. പക്ഷെ, ഇവ തിരികെ ഘടിപ്പിക്കുമ്പോൾ പല ഭാഗങ്ങളും ശേഷിച്ചിരുന്നു എന്നതായിരുന്നു ഒരു രസകരമായ വസ്തുത. ഈ പരിപാടിക്ക് ഏറ്റവും കൂടുതൽ തവണ ഇരയായ ഒരു വസ്തുവായിരുന്നു വീട്ടിൽ ഉണ്ടായിരുന്ന ടൈം പീസ്. തുറന്ന ടൈം പീസിലെ തിരിയുന്ന ചക്രങ്ങളിലേക്കു നോക്കുമ്പോൾ ഒരു ന്യൂറോ സർജൻ തുറന്ന തലച്ചോറിലേക്ക് നോക്കുന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്. ജ്യേഷ്ഠന്റെ ഈ വീരസാഹസം കണ്ട് അത്ഭുതം കൂറാനും കയ്യടിക്കാനും ഞങ്ങൾ സഹോദരങ്ങൾ കൂടെ ഉണ്ടാവും. അച്ചാച്ചനും അമ്മയും തിരികെ എത്തുന്നതിനു മുൻപ് എല്ലാം ഭദ്രമായി തിരികെ വച്ച് അവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ പാവമാകും.

ആയിടയ്ക്ക് പത്താം തരം പാസ്സായി വീട്ടിൽ നിൽക്കുന്ന ഞങ്ങളുടെ മേഴ്‌സി ചേച്ചിക്കു വേണ്ടി ഒരു തയ്യൽ മെഷീൻ വാങ്ങിച്ചു. ചെറിയ യന്ത്രങ്ങളിൽ നിന്നും വലിയ ഒരു യന്ത്രത്തിലേക്കു തന്റെ പരീക്ഷണങ്ങൾ മാറ്റാൻ ലഭിച്ച അവസരമോർത്ത് അവൻ വളരെയേറെ സന്തോഷിച്ചു. അങ്ങനെ, ചേച്ചി ഇല്ലാത്ത ഒരവസരം നോക്കി ആ തയ്യൽ മെഷീനും അവൻ അഴിച്ചു പണിതു. പക്ഷെ, തിരികെ ഘടിപ്പിച്ചപ്പോൾ ആകെ പ്രശ്നം. അതിന്റെ ഒരു ആണി കാണ്മാനില്ല. ചേച്ചിയാണെങ്കിൽ ഒരു പ്രശ്നക്കാരി. അടി കിട്ടും എന്നുറപ്പായപ്പോൾ, ടൈം പീസ് തുറന്നു അതിൽ നിന്നും ഒരു ആണി എടുത്തു തയ്യൽ മെഷീൻ ശരിയാക്കി വച്ചു. പക്ഷെ, അതോടെ ആ ടൈം പീസ് നിലച്ചു! ഏറെ ശ്രമിച്ചിട്ടും ശരിയാക്കാൻ സാധിക്കാത്തതിനാൽ വളരെ വിഷമത്തോടെ ആ ശ്രമം ഉപേക്ഷിച്ചു. സത്യം അറിയാവുന്ന ഞങ്ങൾ അടി ഭയന്ന് നിശബ്ദരായി.

ഞങ്ങളുടെ നാട്ടിൽ അക്കാലത്തു വൈദ്യുതി ഇല്ലായിരുന്നെങ്കിലും, ജനറേറ്റർ വാടകയ്‌ക്കെടുത്തു കൊണ്ടുവന്ന് മൈക്കും, പാട്ടും, ‘പിണ്ടി’ബൾബും ഒക്കെയായി വെടിയിലും പുകയിലും നിന്നു കർത്താവിനെ ഉയിർപ്പിക്കുന്ന ചേട്ടന്മാർ ഞങ്ങൾക്കെന്നും അത്ഭുതമായിരുന്നു. ഒരിക്കൽ, ഉത്ഥിതനായ ഈശോയെ ഉയർത്തിപ്പോന്നിരുന്ന ചേട്ടൻ ഉറങ്ങിപ്പോയതിനാൽ വികാരിയച്ചൻ ഗുഹയ്ക്കകത്തു കയറി ഈശോയെ ഉയർപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഒരു നല്ല കാലത്തോളം ഇതിനൊക്കെ ആയിരുന്നു ഞങ്ങൾ രാത്രി കുർബാനയ്ക്കു പോയിരുന്നത്.

അതുപോലെ ഒരു വർഷം! കാത്തിരുന്ന ഈസ്റ്റർ ദിനം വന്നെത്തി. രാത്രി രണ്ടേ മുക്കാലിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. രണ്ടുമണിക്കെങ്കിലും ഇറങ്ങിയാലേ സമയത്തു പള്ളിയിലെത്താൻ സാധിക്കൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾക്കെല്ലാം നേരത്തേകൂട്ടി അത്താഴം നൽകി ഉറങ്ങാൻ വിട്ടു. കഷ്ടകാലത്തിനു അന്ന് തന്നെ അച്ചാച്ചന്റെ വാച്ചും നിലച്ചു. ഏതായാലും ഏതാണ്ടൊരു സമയമൊക്കെ കണക്കാക്കി അമ്മ ഞങ്ങളെയെല്ലാം വിളിച്ചുണർത്തി, ഒരുക്കി പള്ളിയിലേയ്ക്കയച്ചു. എല്ലാവർക്കും നേർച്ചയിടാനായി 25 പൈസ വീതം കിട്ടി. പള്ളിയിലേക്ക് കുറെ നടക്കണം. തോടും കടന്ന്‌ സോമൻ ചേട്ടന്റെയും സുകുച്ചേട്ടന്റെയും റബ്ബർതോട്ടവും കടന്നു പ്രധാന പാതയിൽ എത്തിയപ്പോഴാണ് മനസ്സിലാകുന്നത്, സമയം ഒന്നും ആയിട്ടില്ല എന്ന്. ഞങ്ങൾ കുട്ടികൾക്ക് വളരെ സന്തോഷമായി: അത്രയും നേരം പള്ളിയുടെ പരിസരത്തു ച്ചുറ്റിപ്പറ്റി നിന്ന് കോളാമ്പിപ്പാട്ടും കേട്ട്, പിണ്ടി ബൾബുകളുടെ അടുത്തുകൂടി നടക്കാമല്ലൊ. എന്നാൽ, മുതിർന്നവർക്ക് അതത്ര പിടിച്ചില്ല. അച്ചാച്ചൻ അകാരണമായി ദേഷ്യപ്പെടുന്നു. മേഴ്‌സി ചേച്ചിക്കും ദേഷ്യമായി, ചേച്ചി നടപ്പു വളരെ മെല്ലെയാക്കി.

അതിനിടയിൽ ചേച്ചിയുടെ 25 പൈസ താഴെ വീണു പോയി. അങ്ങനെ കുറെ സമയം പോയ്ക്കിട്ടിയതിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് മുതിർന്നവർ ഇരുന്ന് ടോർച്ചിന്റെ സഹായത്തോടെ പൈസ തിരയാൻ തുടങ്ങി. വിയർപ്പിന്റെ വില നന്നായി അറിയാമായിരുന്ന അച്ചാച്ചൻ 25 പൈസ വെറുതെ കളയാൻ തയ്യാറായിരുന്നില്ല. ഇടയ്ക്കിടെ ചേച്ചിയെ വഴക്കു പറഞ്ഞുകൊണ്ട് അവർ തിരച്ചിൽ തുടർന്നു. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇനി തിരഞ്ഞിട്ടു കാര്യമില്ല എന്ന് ദേഷ്യപ്പെട്ടു കൊണ്ട് അച്ചാച്ചൻ എഴുന്നേറ്റു യാത്ര തുടരാൻ തീരുമാനിച്ചു. പെട്ടെന്ന് ചെറിയവരിൽ ഒരാൾ, “നിങ്ങൾ എല്ലാം തോറ്റേ,”എന്നു പറഞ്ഞുകൊണ്ട്, ആ നേരമത്രയും ചേച്ചിയുടെ കാല്പാദത്തിൻ കീഴിലായിരുന്ന പൈസ എടുത്തു ചേച്ചിയ്ക്ക് കൊടുത്തു. അച്ചാച്ചന്റെ കേൾവിക്കുറവ് ചേച്ചിയെ ഒരു അടിയിൽ നിന്ന് രക്ഷിച്ചു.

പൈസ തിരഞ്ഞു അത്രയും സമയം പോയിട്ടും ഞങ്ങൾ പള്ളിയിൽ നേരത്തെ തന്നെ എത്തി. അലങ്കാര വിളക്കുകളും ‘കോളാമ്പിയിൽ’ നിന്നുള്ള പാട്ടുമൊക്കെ ആദ്യം കേൾക്കുന്ന വിസ്മയത്തോടെ ആസ്വദിച്ച് ഞങ്ങൾ പള്ളിപ്പരിസരം മുഴുവൻ കറങ്ങി നടന്നു. തിരുക്കർമ്മങ്ങളിൽ ഉടനീളം ഉറങ്ങാതിരുന്നു സംബന്ധിച്ചത്, പള്ളിയിൽ നിന്നും വീട്ടിൽ ചെല്ലുമ്പോൾ കഴിക്കാൻ കിട്ടുന്ന അപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും മണത്തിന്റെയും രുചിയുടെയും ഓർമ്മയിൽ ആയിരുന്നു. ഇപ്പോഴും മനം നിറയ്ക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ…

ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന…

Share This Post!