A Tale of Talents

A Tale of Talents

അക്ഷരങ്ങളുടെ ലോകത്തിന് അല്പം ഇടവേള കൊടുത്തുകൊണ്ട് വീണ്ടും ഒരു മധ്യ വേനലവധിക്കാലം വരികയായി! ഔദ്യോഗികമായി കുട്ടികൾക്കു മാത്രമാണ് അവധിയെങ്കിലും, ഒരർത്ഥത്തിൽ അത് മാതാപിതാക്കൾക്കും കൂടിയുള്ളതാണ്; ഒരു ദീർഘനിശ്വാസം വിടാനുള്ള സമയം. ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു..

ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു

സ്നേഹം അതിരില്ലാത്തതാണെന്നും, വിട്ടുകൊടുക്കുന്നതാണെന്നും, വാചാലമാകാത്തതാണെന്നും പറയാതെ പറഞ്ഞു കൊതി തീരുവോളം നമ്മെ സ്നേഹിച്ച മൂന്നു ഹൃദയങ്ങളെപ്പറ്റി ചിന്തിക്കുന്ന കാലമാണ് ജൂൺമാസം. ഈശോയുടെ തിരുഹൃദയവും, പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും, വിശുദ്ധ യൗസേപ്പിതാവിന്റെ നിർമ്മലഹൃദയവും വളരെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടുന്ന ഈ മാസത്തിൽ നമ്മുടെ മക്കളെയും കൂടെ ഈ ഹൃദയങ്ങളുടെ കരുതലിനായി കൊടുക്കാം.

മനുഷ്യക്കടത്തിനിരയായ ഒരു പതിനാറു വയസ്സുകാരിയെ അവിചാരിതമായി ഒരു കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായി കണ്ടുമുട്ടിയപ്പോൾ എന്നിലെ മാതൃഹൃദയം വളരെയേറെ സങ്കടപ്പെട്ടു. തീർത്തും ശിഥിലമായ ഒരു കുടുംബബന്ധത്തിന്റെ ബാക്കിപത്രമായിരുന്നു അവൾ. വർഷങ്ങളായി ജയിലിൽ കഴിയുന്ന അമ്മയും, വേറെ ബന്ധങ്ങൾ തേടിപ്പോയ അപ്പനും. അസുഖം ഭേദപ്പെട്ട്, അവൾ ഒരു ഫോസ്റ്റർ കുടുംബത്തോടൊപ്പം പോയപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചെങ്കിലും, അല്പായുസ്സായിരുന്നു ഞങ്ങളുടെ ആഹ്ലാദം. ഏഴാം പക്കം, അവളുടെ മരണ വാർത്തയാണ് ഞങ്ങളെ തേടിയെത്തിയത്. സ്കൂളിലേയ്ക്ക് പോയ കുട്ടി മടങ്ങി വരാൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ അവർക്കു ലഭിച്ചത് അവളുടെ ജീവനറ്റ ശരീരമായിരുന്നു. അവളുടെ മുഖം ഒരു തേങ്ങലായി എന്റെ മനസ്സിലേക്ക് കടന്നു വന്നപ്പോഴെക്കെ, ഒരിക്കലും കാണാത്ത, അറിയാത്ത, അവളുടെ അമ്മയെ ഞാൻ മനസ്സാ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒരമ്മയ്ക്ക് സ്വന്തം മകളെ എങ്ങനെ മറക്കാൻ സാധിക്കുമെന്ന് അപ്പോഴൊക്കെ ഞാൻ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം, പരിശുദ്ധ കന്യകാമാതാവിന്റെ തുടിക്കുന്ന ഹൃദയം എന്റെ മനസ്സിലേക്ക് ആശ്വാസമായി കടന്നുവന്നു. സ്വന്തം മകൻ അതിക്രൂര പീഡനങ്ങൾക്കു വിധേയനായി കാൽവരി കയറിയപ്പോൾ, ഒന്നും ഉരിയാടാതെ നിശ്ശബ്ദം ആ മകനെ അനുയാത്ര ചെയ്ത ആ അമ്മയുടെ ഹൃദയം ധ്യാനിക്കപ്പെടുന്ന ഈ ജൂൺ മാസത്തിൽ, പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോട് നമ്മുടെ ഹൃദയങ്ങൾ ചേർത്തുവയ്ക്കാം. നമ്മുടെ ജീവിതത്തിലെ സഹനങ്ങളും വിഷമതകളും സന്തോഷത്തോടെ സ്വീകരിക്കുവാനുള്ള വലിയ കൃപയ്ക്കു വേണ്ടി നമുക്ക് യാചിക്കാം.

“ജൂണിലെ യഥാർത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്!” 2023 ൽ ഈശോയുടെ തിരുഹൃദയത്തിരുനാളിനോടനുബന്ധിച്ചു തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറുവിലെ ലിമായിൽ സ്ഥാപിക്കപ്പെട്ട കൂറ്റൻ പരസ്യബോർഡിലെ വാചകങ്ങളാണിത്. ഈശോയുടെ തിരുഹൃദയ ഭക്തിക്കായി തിരുസഭ സമർപ്പിച്ചിരിക്കുന്ന ഈ മാസത്തിൽ, കോരിച്ചൊരിയുന്ന മഴപോലെ തിരുഹൃദയ സ്നേഹം ധ്യാനിക്കപ്പെടുന്നു. നമ്മോടുള്ള സ്നേഹത്താൽ കുരിശോളമെത്തിയ സ്നേഹത്തെപ്പറ്റി നമുക്കും ഒന്ന് ചിന്തിക്കാം. ഒറ്റിക്കൊടുക്കപ്പെട്ടപ്പോഴും, തള്ളിപ്പറയപ്പെട്ടപ്പോഴും, അടിച്ചു വീഴ്ത്തപ്പെട്ടപ്പോഴുമൊക്കെ, ആ ഹൃദയത്തിന്റെ നിമന്ത്രണങ്ങൾ, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു,’ എന്നു മാത്രമായിരുന്നു. എന്നിട്ടും മതിവരാതെ, കുരിശിൽ ചേർത്തു വച്ച്, പച്ചമാംസത്തിൽ ആണിയടിച്ചു കയറ്റിയപ്പോഴും കോപാഗ്നിക്കു പകരം സ്നേഹാഗ്നിയാൽ എരിഞ്ഞു ക്രൂശിതൻ പറഞ്ഞു: “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ!”എന്ന്. അന്ത്യനിമിഷത്തിൽ പോലും, തന്നെ ദ്രോഹിച്ചവർക്കുവേണ്ടി വക്കാലത്തു പറഞ്ഞ തിരുഹൃദയം! കുത്തിത്തുറക്കപ്പെട്ട ആ ഹൃദയത്തിൽ, അവൻ മനുഷ്യസങ്കടങ്ങളെ മുഴുവൻ ചേർത്തുവച്ചു. ആർക്കും തകർക്കാനാവാത്ത വിധം സ്നേഹത്തെ അവൻ ബലപ്പെടുത്തി. സ്നേഹിച്ചതിന്റെ പേരിൽ, മുറിവുകളും മുറിപ്പാടുകളും ഏറ്റെടുത്തു കൊണ്ട്, ആർക്കും വേണ്ടാത്തവനായി, പരിഹസിക്കുന്നവരുടെയും പടയാളികളുടെയും അകമ്പടിയോടെ, കാൽവരിയെ നോക്കി നീങ്ങുമ്പോൾ, ലോകത്തിനു വേണ്ടി ബലിയാക്കപ്പെടുന്ന കുഞ്ഞാടാണെന്നറിഞ്ഞിട്ടും അവൻ നിശ്ശബ്ദനായിരുന്നു. കാരണം അവന്റെ ഹൃദയം മുഴുവൻ നിറഞ്ഞു നിന്നതു അലിവിൻറെയും ആർദ്രതയുടെയും നീർച്ചാലായിരുന്നു.

ജൂണിലെ യഥാർത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്!

വിതയ്ക്കാത്തിടത്തുനിന്നു ശേഖരിക്കാനും, വിതറാത്തിടത്തുനിന്നു കൊയ്യാനും ആഗ്രഹിക്കുന്ന ഇന്നിന്റെ ലോകത്തിൽ, നിസ്സാരസന്തോഷങ്ങൾക്കും സ്വാർത്ഥതയ്ക്കും വേണ്ടി ബന്ധങ്ങൾ കുരുതികൊടുക്കപ്പെടുന്നു. ജീവിതപങ്കാളികൾ സംശയത്തിന്റെയും സ്വാർത്ഥതയുടെയും പേരിൽ ക്രൂശിക്കപ്പെടുകയും കുഴിച്ചു മൂടപ്പെടുകയും ചെയ്യുന്നു. ലോകത്തിൽ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന അമ്മയുടെ ഉദരം പോലും കൊലക്കളമാകുന്നു. എല്ലായിടത്തും സ്നേഹം അറ്റുപോയിരിക്കുന്നു. സങ്കടങ്ങളുടെയും, കുറ്റപ്പെടുത്തലുകളുടെയും ദുരിതങ്ങളുടെയും ഭാരവുമായ് നാം യാത്ര ചെയ്യുമ്പോൾ, നമ്മെ സ്നേഹപൂർവ്വം ചേർത്ത് നിറുത്തുന്ന തിരുഹൃദയത്തെ മറന്നു പോകാതിരിക്കാം. നമ്മുടെ സങ്കടവഴികളിൽ നമുക്ക് ശക്തിപകരുന്ന ഈശോയുടെ ഹൃദയത്തെ നമ്മുടെ ഹൃദയം കൊണ്ട് ഇറുകെപ്പുണരാം.

ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും, ആകുലതകളിലും, ഉത്ക്കണ്ഠകളിലും ദൈവത്തോടു ചേർന്നുനിന്ന്, ദൈവഹിതത്തിനു സ്വയം വിട്ടുകൊടുത്ത തിരുക്കുടുംബത്തിന്റെ കാവലാളായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ, നമുക്കും നമ്മുടെ ജീവിതങ്ങളെ ദൈവഹിതത്തിനു വിട്ടു കൊടുക്കാം, ദൈവ സ്വരത്തിനായി കാതോർക്കാം. നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബം പോലെ ആയിത്തീരാൻ, നമുക്ക് യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാം.

Most Sacred heart of Jesus… Bless us
Immaculate Heart of Mother Mary.. pray for us
The most Chaste Heart of St. Joseph… pray for us

Share This Post!