രണ്ടു കൈകളും ഇല്ലാതെ ജനിച്ച ഒരു പെൺകുട്ടിയെ കുറെ നാളുകൾക്കു മുൻപ് പരിചയപ്പെടാനിടയായി. തന്റെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് ഒരു അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു, അവൾ. തന്റെ സഹനമൊന്നും അവൾക്കൊരു പ്രശ്നമേയല്ലെന്നും, ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ കൊടുക്കുന്ന എല്ലാ ശ്രദ്ധയും അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും കണ്ടറിഞ്ഞപ്പോൾ, അവളോടെനിക്ക് ആരാധന കലർന്ന സ്നേഹമായി. ഡെലിവറിയ്ക്ക് ഏകദേശം ഒരു മാസം ഉള്ള സമയത്തു അവളുടെകൂടെ ഭർത്താവിനേയും രണ്ടു വയസ്സുള്ള മറ്റൊരു കുട്ടിയെ കൂടി കണ്ടപ്പോൾ എന്റെ അത്ഭുതം അനുകമ്പയായി മാറി. പിന്നീട് പലതവണ അവളെയും കുടുംബത്തയും കണ്ടപ്പോഴൊക്കെ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. കുട്ടി ജനിച്ച് അധികനാൾ കഴിയും മുൻപേ അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ പോയി. രണ്ടു കൈകളും ഇല്ലാത്തയവൾ വളരെ സന്തോഷത്തോടെ ആ കുഞ്ഞിനെ പാലൂട്ടുന്നതും കാലുകളുപയോഗിച്ചുകൊണ്ടു പരിചരിക്കുന്നതും കണ്ട് അത്ഭുതപ്പെട്ട, മൂന്നു കുട്ടികളുടെ അമ്മയായ ഞാൻ ഈശോയോടു പറഞ്ഞു, ‘നീ വിതച്ച വിത്ത് 30 മേനിയും, 60 മേനിയും 100 മേനിയുമൊക്കെ ഫലം നൽകി ഒരു വടവൃക്ഷമായി എന്റെ മുന്നിൽ നിൽക്കുന്നു’ എന്ന്. ചില ജീവിതങ്ങൾ അങ്ങനെയാണ്. ഒരുപാടൊന്നും അവർക്കു പറയാനുണ്ടാവില്ല. പക്ഷെ, അവർ നമ്മെ ചിന്തിപ്പിക്കും, ആശ്ചര്യം കൊള്ളിക്കും, നമുക്ക് പ്രതീക്ഷകൾ തരും, നമ്മെ സന്തോഷിപ്പിക്കും.
നീ വിതച്ച വിത്ത് 30 മേനിയും, 60 മേനിയും 100 മേനിയുമൊക്കെ ഫലം നൽകി ഒരു വടവൃക്ഷമായി എന്റെ മുന്നിൽ നിൽക്കുന്നു
മോനിക്ക പുണ്യവതിയും അങ്ങനെയൊരു വ്യക്തിത്വമായിരുന്നു. “എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ എന്റെ അമ്മയ്ക്ക് ഒരു പ്രാവശ്യമേ പ്രസവവേദന അനുഭവിക്കേണ്ടി വന്നുള്ളൂ, എന്നാൽ എനിക്ക് നിത്യജീവൻ തരാൻ ദീർഘനാൾ അവൾ കഠിനവേദനയിലൂടെ കടന്നുപോയി.” ‘കുമ്പസാരങ്ങൾ’ എന്ന തന്റെ ആത്മകഥയിൽ, വി. അഗസ്റ്റിൻ അമ്മയായ മോനിക്ക പുണ്യവതിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിവ. നീണ്ട പതിനേഴു വർഷക്കാലം തന്റെ മകന്റെ മാനസാന്തരത്തിനായി ഉള്ളുലഞ്ഞു പ്രാർത്ഥിച്ച ഒരമ്മ, കത്തോലിക്കാ സഭയ്ക്കു നേടിക്കൊടുത്തത് പകരം വയ്ക്കാനാവാത്ത രണ്ടു വിശുദ്ധരെയാണ്!
എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ എന്റെ അമ്മയ്ക്ക് ഒരു പ്രാവശ്യമേ പ്രസവവേദന അനുഭവിക്കേണ്ടി വന്നുള്ളൂ, എന്നാൽ എനിക്ക് നിത്യജീവൻ തരാൻ ദീർഘനാൾ അവൾ കഠിനവേദനയിലൂടെ കടന്നുപോയി
AD 332-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, കത്തോലിക്കാവിശ്വസികളായ മാതാപിതാക്കളുടെ മകളായായിരുന്നു മോനിക്കായുടെ ജനനം. പ്രാർത്ഥയും, സഹജീവികളോടുള്ള കരുണയും, സ്നേഹവും ജീവിതത്തിന്റെ മുഖമുദ്രയായി കൊണ്ടുനടന്ന അവളുടെ അമ്മയായിരുന്നു അവളുടെ ജീവിതമാതൃക. പതിനാറാം വയസ്സിൽ ഒരു പേഗൻ മതവിശ്വാസിയായിരുന്ന പട്രീഷ്യസുമായുള്ള വിവാഹത്തോടെ, വിശ്വാസത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർത്താവിന്റെ അമ്മയിൽനിന്നും വളരെയേറെ പീഡനങ്ങൾ മോനിക്കായ്ക്കു അനുഭവിക്കേണ്ടിവന്നു. ഇത്രയേറെ പീഡിപ്പിക്കപ്പെട്ടിട്ടും, തന്നോട് വളരെ സൗമ്യമായ പെരുമാറ്റം വച്ച് പുലർത്തുകയും തനിക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തുപോന്ന മോനിക്കയുടെ വിശ്വാസത്തിലേക്ക് പതിയെ പട്രീഷ്യസും മാറുകയായിരുന്നു.
തങ്ങളുടെ മൂന്നു മക്കളിൽ ഒന്നാമനായി അഗസ്റ്റിൻ ജനിച്ചതോടെ, ആ ദമ്പതികൾ തങ്ങളുടെ മകനെ നന്മയുടെ വഴിയിൽ നയിക്കാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു. എന്നാൽ അഗസ്റ്റിൻ ഇതിലൊന്നും തല്പരനായിരുന്നില്ല; എന്നു മാത്രമല്ല, പാപത്തിന്റെ പടുകുഴിയിൽ തന്റെ ജീവിതം തല്ലിയുടയ്ക്കുകയും ചെയ്തു. അനേകം വർഷങ്ങൾ പ്രാർത്ഥനയും പരിത്യാഗവുമായി തന്റെ മകന്റെ മാനസാന്തരത്തിനായി കാത്തിരുന്നിട്ടും, വിവാഹം കഴിക്കാതെ ഒരു കുഞ്ഞിന്റെ പിതാവായിത്തീർന്ന, പാഷണ്ഡത പ്രചരിപ്പിക്കാൻ നടന്ന ഒരു മകന്റെ കുത്തഴിഞ്ഞ ജീവിതത്തിന് അവൾ സാക്ഷിയാകേണ്ടി വന്നു. അത്രയേറെ അധഃപതനത്തിന്റെ നീർക്കയത്തിലാണ്ടു പോയ മകനെ, അവൾ സ്വന്തം ഭവനത്തിൽ കയറ്റാൻ പോലും വിസമ്മതിച്ചു. എങ്കിലും അവൾ ദൈവത്തോട് ഒരിക്കലും മറുതലിച്ചില്ല. ഒരു മടുപ്പും കൂടാതെ പ്രാർത്ഥനയോടെ ആദ്യം റോമിലേക്കും പിന്നീട് മിലാനിലേക്കും ആ അമ്മ മകനെ അനുയാത്ര ചെയ്തു. മിലാനിൽ വച്ച് വി. അംബ്രോസിന്റെ നിരവധി പ്രസംഗങ്ങൾ കേൾക്കാനിടയായത് അഗസ്റ്റിന്റെ ജീവതത്തിലെ വഴിത്തിരിവായി. തന്റെ അമ്മയുടെ പ്രാർത്ഥനയ്ക്ക് ആദ്യത്തെ ഉത്തരമെന്നപോലെ പാഷണ്ഡത ഉപേക്ഷിക്കാൻ തീരുമാനിച്ച അഗസ്റ്റിൻ വർഷങ്ങൾക്കു ശേഷം 387-ലെ ഉയിർപ്പു തിരുനാൾ ദിവസം ജ്ഞാനസ്നാനം സ്വീകരിച്ചു കത്തോലിക്കാ വിശ്വാസത്തെ ആശ്ലേഷിച്ചു. അതിനുശേഷം മോനിക്ക മകനുമൊത്ത് ആഫ്രിക്കയിലേക്ക് മടങ്ങി.
മകന്റെ മാനസാന്തരം മാത്രമായിരുന്നു തന്റെ ജീവിതത്തിന്റെ ആഗ്രഹപൂർത്തീകരണമെന്നു മനസ്സിലാക്കിയ ആ അമ്മ, 56-ആം വയസ്സിൽ തന്റെ നിത്യസമ്മാനത്തിനായി യാത്രയായപ്പോൾ, “നിങ്ങൾ എവിടെയാണെങ്കിലും കർത്താവിന്റെ അൾത്താരയിൽ മാത്രം എന്നെ ഓർക്കണം” എന്ന് തന്റെ മക്കളോട് പറഞ്ഞേൽപ്പിച്ചു. എല്ലാ ദിവസവും മുടങ്ങാതെ വി. കുർബാനയിൽ സംബന്ധിച്ചു ശക്തി നേടിയിരുന്ന ആ അമ്മയ്ക്ക് ബലിപീഠത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ഈശോയുടെ തിരുരക്തത്തിന്റെ വിലയറിയാവുന്നതുകൊണ്ടാവണം അൾത്താരയിൽ മാത്രം തന്നെ ഓർക്കണമെന്ന് മക്കളോട് ആവശ്യപ്പെട്ടത്.
നിങ്ങൾ എവിടെയാണെങ്കിലും കർത്താവിന്റെ അൾത്താരയിൽ മാത്രം എന്നെ ഓർക്കണം
എന്തിനാണ് ഇങ്ങനെ ഓരോ സഹനങ്ങൾ എന്ന് പലപ്പോഴും പലരിൽ നിന്നും നാം കേട്ടിട്ടുണ്ടാവണം, നമ്മോടു തന്നെ ചോദിച്ചിട്ടുമുണ്ടാവണം. പക്ഷെ, മോനിക്ക പുണ്യവതിയുടെ ജീവിതം നമുക്കു കാട്ടിത്തരുന്ന സഹനത്തിന്റെ അർത്ഥതലങ്ങൾ, ദൈവത്തിന്റെ പദ്ധതികൾ അളക്കാൻ നാമാരാണെന്നുള്ള ചോദ്യത്തിലേക്ക് നമ്മെ എത്തിക്കും. തന്നെ നിരന്തരം പീഡിപ്പിച്ചിരുന്ന ഭർത്താവും അമ്മയും മനസാന്തരപ്പെട്ടത്, അയൽവീടുകളിൽ സമാധാനം ഉണ്ടാക്കാൻ കഴിഞ്ഞത്, ദുർനടത്തം ശീലമാക്കിയ, പാഷണ്ഡതയിൽ വീണുപോയ മകൻ മാനസാന്തരപ്പെട്ട് കത്തോലിക്കാ സഭയിലെ വിശുദ്ധനായി, വേദപാരംഗതനായി, സഹസ്രാബ്ദങ്ങൾക്കിപ്പറവും അതിശയത്തോടെ മാത്രം സഭാപണ്ഡിതന്മാർ നോക്കിക്കാണുന്ന അറിവിന്റെ ഭണ്ഡാഗാരമായി മാറിയതൊക്കെയും, ദൈവത്തോട് മറുതലിക്കാതെ, കണ്ണീരുണങ്ങാതെയുള്ള ഒരമ്മയുടെ പ്രാത്ഥനയുടെ ഫലമാണെന്നുള്ള ഓർമ്മപ്പെടുത്തലാകുന്നു. ദൈവഹിതപ്രകാരമുള്ള സഹനത്തിൽ പതറാതെയുള്ള പ്രാർത്ഥന, ദൈവസന്നിധിയിൽ എന്നും വിലപ്പെട്ടതാണെന്നുള്ള തിരിച്ചറിവ് നമ്മിൽ ഊട്ടിയുറപ്പിക്കുന്നതുമാകുന്നു.
കണ്ണുനീരിന്റെ പുത്രിയായതുകൊണ്ടാണോ മോനിക്ക പുണ്യവതി ഇത്രയേറെ വാഴ്ത്തപ്പെടുന്നത്? ആയിരിക്കാം. പക്ഷേ എനിക്ക് തോന്നുന്നതിങ്ങനെയാണ്. ദൈവം തന്നെയേല്പിച്ച ആരെയും ആ അമ്മ നഷ്ടപ്പെടുത്തിയില്ല എന്നുള്ളത് തന്നെ ഏറ്റവും വലിയ ഒരു കാര്യമല്ലേ? ചെയ്ത ദ്രോഹങ്ങളെല്ലാം മറന്ന് ദ്രോഹിച്ചവരുടെ ആത്മരക്ഷയ്ക്കായ് നിരന്തരം പ്രാർത്ഥിക്കാൻ അത്ര എളുപ്പമല്ല! ചിലപ്പോഴെല്ലാം ഞാൻ ചിന്തിക്കാറുണ്ട്, പാപത്തിൽ ജീവിച്ച അഗസ്റ്റിനെന്ന പുത്രനില്ലായിരുന്നെങ്കിൽ, മോനിക്ക എന്ന പുണ്യവതി ഉണ്ടാകുമായിരുന്നില്ല എന്ന്. ഈ രണ്ടു വിശുദ്ധരുടെയും ജീവിതങ്ങൾ നമുക്ക് നൽകുന്ന പാഠങ്ങൾ ചെറുതൊന്നുമല്ല. അതിജീവിക്കാനാവില്ല എന്ന് നമ്മൾ കരുതിയ ചില നൊമ്പരങ്ങളും മുറിപ്പെടലുകളുമല്ലേ ദൈവത്തിന്റെ കരുതലിനും കരുണയ്ക്കും പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല എന്ന തിരിച്ചറിവ് നമുക്ക് നൽകിയത്? മോനിക്ക പുണ്യവതിയെ പോലെ ഏതു പേമാരി വന്നാലും, കാറ്റടിച്ചാലും, ജീവിതമാകുന്ന തോണി പാതി മുങ്ങിയാലും, ഞാൻ തോൽക്കില്ല എന്ന് പറഞ്ഞു മനസ്സിനെ ബലപ്പെടുത്തി, പ്രാത്ഥനയുടെ കൂട്ടും പിടിച്ച്, മുന്നോട്ടുതന്നെ നടക്കുമെന്ന് ഉറപ്പിക്കുന്ന നിമിഷം വിജയത്തിന്റെ നനുത്ത പുഞ്ചിരി നമ്മുടെ ചുണ്ടിലും വിരിയും. കാരണം കണ്ണുനീർ നനച്ചുനട്ട നിലങ്ങളിലെല്ലാം അനുഗ്രഹത്തിന്റെ, നന്മയുടെ വിളവ് ആയിരം മേനിയായിരിക്കും. നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടി, ബന്ധങ്ങൾക്ക് വേണ്ടി നമുക്ക് വിശുദ്ധ മോനിക്കയുടെ മാധ്യസ്ഥം അപേക്ഷിക്കാം.
സങ്കീർത്തകൻ പറയുന്നു “അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്”. -Psalms 56:8
വാൽക്കഷണം: ലോസ് ആഞ്ചലസിനടുത്തുള്ള സാന്റാ മോനിക്കാ നഗരം വിശുദ്ധ മോനിക്കയുടെ സ്മരണാർത്ഥം പേര് നൽകപ്പെട്ടിട്ടുള്ളതാണ്.