പ്രാർത്ഥിക്കാൻ മറന്നുപോയോ?
ജിമ്മിച്ചൻ മുളവന
പൗരോഹിത്യവും സന്യാസവും വിമർശിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ചാനൽ ചർച്ചകളിലെ ജഡ്ജിമാരും ഓൺലൈൻ മാധ്യമങ്ങളും പൗരോഹിത്യ-സന്യാസ ജീവിതങ്ങളെ, പ്രത്യകിച്ചും, കത്തോലിക്കാ സഭയെ, സത്യമറിയാതെയും മനഃപൂർവമായും കരിവാരിത്തേക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ, തിരുസഭയോടും വൈദികരോടും സന്യസ്ഥരോടും ക്രൈസ്തവരായ നമുക്കുള്ള കടമകൾ നമ്മൾ മറന്നുപോകുന്നോ എന്ന് നാം പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
“പിന്നെ അവൻ മലമുകളിലേക്ക് കയറി,തനിക്കു ഇഷ്ടമുള്ളവരെ അവൻ അടുത്തേക്കു വിളിച്ചു” (മർക്കോസ് 3 :13).
നമ്മുടെ കർത്താവിന്റെ വിശുദ്ധമായ വിളിയാണ് പൗരോഹിത്യവും സന്യാസവും. അത് എല്ലാവർക്കും ലഭ്യമായ ഒന്നല്ല. അവരെ ദൈവം പ്രത്യേകമായി പേരു ചൊല്ലി വിളിച്ചു വേർതിരിച്ചു നിർത്തുന്നതാണ്. കൈവയ്പ്പിലൂടെയാണ് ഈ പദവി നൽകപ്പെടുന്നത്. ഈ വിളിയുടെ ദൈവികവും യഥാർത്ഥവുമായ അർത്ഥം മനസിലാക്കാതെയുള്ള വിമർശനങ്ങളെയും കുറ്റാരോപണങ്ങളെയും നാം തീർച്ചയായും പ്രതിരോധിക്കേണ്ടിയിരിക്കുന്നു. വൈദികരും സന്യസ്ഥരുമില്ലാത്ത ഒരു സഭ നമുക്ക് മുൻപിൽ ഇല്ല എന്ന യാഥാർഥ്യം ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
“നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ 8:32).
എന്നാണല്ലോ തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ അഭിവന്ദ്യരായ മെത്രാന്മാരും, വൈദികരും, സന്യസ്ഥരും ഒരു ദിവസം കൊണ്ട് ഈ ഭൂമിയിലേക്ക് കെട്ടിയിറക്കപ്പെട്ടവരല്ല. ദീർഘനാളത്തെ പ്രാർത്ഥനയും ധ്യാനവും പരിശീലനവും മാത്രമല്ല, ദൈവവചനത്തെക്കുറിച്ചുള്ള ആഴമായ ബോധ്യങ്ങളും പഠനങ്ങളും കൈമുതലായുള്ളവരാണവർ. നല്ല ക്രൈസ്തവ കുടുംബങ്ങളിൽ വളർന്ന് ജീവിതം മുഴുവൻ ബലിയായി കർത്താവിനു സമർപ്പിച്ച ഈ വിശുദ്ധജീവിതങ്ങളെ ഓർക്കാനും അവരോടു ചേർന്ന് നിൽക്കാനും നമുക്കും കടമയുണ്ട്. ഇവരെ നമ്മുടെ സ്വന്തം സഹോദരനായും സഹോദരിയായും ജ്യേഷ്ടനായും അനുജനായും ഒക്കെ കണ്ടു സ്നേഹിക്കുവാനും ബഹുമാനിക്കുവാനും, അവരുടെ ത്യാഗപൂർണമായ ജീവിതങ്ങളെ നമ്മുടെ ഹൃദയത്തോട് ചേർത്തു നിർത്തി, അവർക്കുവേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുവാനും കടപ്പെട്ടവരാണ് നമ്മൾ. ഓരോ ദിവസത്തെയും കുടുംബപ്രാർത്ഥനകളിലും ജപമാലകളിലും വി.കുർബാനയുടെ അർപ്പണങ്ങളിലും സന്യസ്ഥരെയും വൈദികരേയും തിരുസ്സഭ മുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം പോലും മറക്കാതെ ഇവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പണ്ടെവിടെയോ കേട്ട ഒരു ചൊല്ല് ഓർക്കുന്നു:
“പ്രാർത്ഥിക്കുമ്പോൾ ഓർക്കുക, ഓർക്കുമ്പോൾ പ്രാർത്ഥിക്കുക!”
നമ്മുടെ ഒരു ചെറിയ പ്രാർത്ഥനപോലും ഇവർക്ക് തുണയും ബലവും ആയിരിക്കും. വിശുദ്ധരായ വൈദികരാകുവാൻ, സന്യസ്ഥരാകുവാൻ, ഇവർക്ക് ലഭിച്ച വിളിയിൽ നിലനിൽക്കുവാൻ, ധാരാളം ദൈവവിളികൾ ഉണ്ടാകുവാൻ ഒക്കെ നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്ക് ഉയരട്ടെ!
അവസാനമായി, നമുക്കു നമ്മോടു തന്നെ ഒന്ന് ചോദിക്കാം: ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മറന്നോ? ഓർക്കുക, ആത്മപരിശോധന ആത്മീയജീവിതത്തിന്റെ ആണിക്കല്ലാണ്.