ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ!
ജെസ്സി റോബർട്ട്
ദുക്റാനത്തിരുനാളിനെപ്പറ്റി എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ വലിയ ഉൽകണ്ഠയും ഭയവുമാണ് ആദ്യമെനിക്കുണ്ടായത്. കഴിഞ്ഞ കുറേക്കാലം കാര്യമായി ഒന്നുംതന്നെ എഴുതേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാൽ എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് ഒരു പിടിയുമില്ലായിരുന്നു. തന്നെയുമല്ല, എഴുതേണ്ടത് ദുക്റാനത്തിരുനാളിനെക്കുറിച്ചാണെന്നോർത്തപ്പോൾ ഭയം വർദ്ധിക്കുകയും ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാർത്തോമാശ്ലീഹായെക്കുറിച്ച് എഴുതുകയെന്നാൽ ദുഷ്കരം തന്നെ എന്നതാണ് കാരണം! പക്ഷെ, പിന്നീടാലോചിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതെനിക്കു ദൈവം കനിഞ്ഞു നല്കിയ ഒരവസരമാണെന്ന്. കാരണം, വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷപ്രഘോഷണചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ചേർത്തല – പള്ളിപ്പുറം സെൻറ് മേരീസ് ഫൊറോനാ ദേവാലയമാണ് എന്റെ മാതൃഇടവക. വൈക്കം ചേർത്തല താലൂക്കുകളിലെയും കണയന്നൂർ താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലെയും സീറോ മലബാർ ദേവാലയങ്ങളുടെ മാതൃദേവാലയമാണ് പള്ളിപ്പുറം പള്ളി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് ഭൂരിഭാഗം ഇടവകാംഗങ്ങളും. അതുകൊണ്ടുതന്നെ പണത്തിന്റെ കൊഴുപ്പുള്ള മോടികൂടിയ ദേവവാലയമോ മറ്റു ധനാഗമമാർഗങ്ങളോ ഞങ്ങളുടെ ഇടവകക്കില്ല. പക്ഷെ, ഭാരത കത്തോലിക്കാസഭയുടെ ചരിത്രം പരിശോധിച്ചാൽ പള്ളിപ്പുറം പള്ളിയോളം ചരിത്രപ്രാധാന്യമുള്ള മറ്റു ദേവാലയങ്ങൾ വളരെ കുറവായിരിക്കും. എന്റെ തോറാനത്തിരുന്നാൾ ഓർമകളെപ്പറ്റി എഴുതുമ്പോൾ ഞങ്ങളുടെ പള്ളിയുടെ ചരിത്രം അല്പം കുറിക്കാതെ വയ്യ.
പള്ളിപ്പുറം പള്ളി – ലഘുചരിത്രം
തോമാശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച പള്ളികളിൽ (വിശ്വാസസമൂഹങ്ങൾ) ഏഴു പള്ളികൾ കേരളത്തിലാണെന്നു നമുക്കേവർക്കും അറിവുള്ളതാണല്ലോ. ഇവയിൽ ഒന്നായ കോക്കമംഗലം എന്ന സ്ഥലവും പള്ളി സ്ഥാപിതമായതിനു ശേഷം പള്ളിപ്പുറം എന്ന സ്ഥലനാമം ലഭിച്ച ഞങ്ങളുടെ സ്ഥലവും വേമ്പനാട്ടുകായലിന്റെ തീരത്താണു സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലങ്ങൾ തമ്മിൽ കായൽമാർഗമുള്ള ദൂരം ഏകദേശം അഞ്ചു കിലോമീറ്റർ മാത്രമാണ്. തോമാശ്ലീഹാ കോക്കമംഗലത്ത് ഒരു വിശ്വാസസമൂഹത്തിനാരംഭം കുറിക്കുകയും അവർക്കു വണങ്ങുവാനായി ഒരു മരക്കുരിശു സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, മതവിരോധികൾ ഈ കുരിശ് നശിപ്പിക്കുന്നതിനായി സമീപത്തുള്ള വേമ്പനാട്ടു കായലിൽ എറിയുകയും, അത് ഒഴുകി പള്ളിപ്പുറം എന്നറിയപ്പെടുന്ന ഞങ്ങളുടെ പ്രദേശത്തിന് കിഴക്കു ഭാഗത്തായി വേമ്പനാട്ടു കായലിന് നടുക്കുള്ള മാട്ടേൽതുരുത്ത് എന്ന ഒരു ചെറു ദ്വീപിൽ വന്ന് അടിയുകയും ചെയ്തു. ഞങ്ങളുടെ കരയിൽനിന്നു കന്നുകാലികൾക്ക് പുല്ലുചെത്തുവാനായി ചെറുവള്ളങ്ങളിൽ സ്ത്രീകൾ മാട്ടേൽത്തുരുത്തിൽ പോകുക പതിവായിരുന്നു. ദ്വീപിൽ എത്തിയ സ്ത്രീകൾ പുല്ലു ചെത്തുന്നതിനിടയിൽ തടിയിൽ തീർത്ത ഒരു വസ്തുവിൽ അവരുടെ അരിവാൾ കൊള്ളുകയും രക്തം പോലെ എന്തോ ഒഴുകുന്നതു കണ്ട് പരിഭ്രാന്തരാകുകയും ചെയ്തു. അവർ തങ്ങളുടെ നാട്ടിലെ കരപ്രമാണിമാരെ വിവരമറിയിക്കുകയും അവർ ദ്വീപിലെത്തി അത് ക്രിസ്തുമതവിശ്വാസികൾ ആരാധിക്കുന്ന കുരിശാണെന്നു തിരിച്ചറിയുകയും ചെയ്തു. നാട്ടിലെ ചില മതപണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഈ കുരിശുരൂപം കരയിൽ കൊണ്ടു വന്ന് ഒരു ഭവനത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന്, കുരിശു ലഭിച്ച ദ്വീപിൽ ഒരു ചെറിയ ദേവാലയവും പണികഴിപ്പിച്ചു. ഈ ദേവാലയം ഇന്ന്, മാട്ടേൽപള്ളി എന്നാണ് അറിയപ്പെടുന്നത്.
കുരിശിന്റെ പ്രശസ്തി നാടെങ്ങും പരന്നപ്പോൾ, കുരിശിനെ ആരാധിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി വളരെ അകലെനിന്നുപോലും ആളുകൾ എത്തുകയും കുറച്ചുകൂടി വലിയ ഒരു ദേവാലയം അന്നത്തെ പ്രധാന നാട്ടുവഴിയോടു ചേർന്ന് നിർമ്മിക്കുകയും ചെയ്തു. പിന്നീട്, പല കാലഘട്ടങ്ങളിലായി ദേവാലയം പുനരുദ്ധരിച്ചു. ഇന്ന്, ഏകദേശം 600 ക്രിസ്തീയകുടുംബങ്ങൾ ഞങ്ങളുടെ പള്ളിയിൽ ഇടവകക്കാരായുണ്ട്. കാലപ്പഴക്കം കൊണ്ടും കുരിശ് വണങ്ങാനെത്തുന്ന ഭക്തർ അടർത്തിയെടുത്തതുമൂലവും ഇന്ന് ഈ കുരിശ് പൂർണ്ണരൂപത്തിലല്ല കാണപ്പെടുന്നത്. 2014 ൽ പള്ളി നവീകരിച്ചപ്പോൾ പ്രത്യേകഅൾത്താര നിർമ്മിച്ച് അവിടെ ഈ വിശുദ്ധ കുരിശ് പരസ്യവണക്കത്തിനായി സ്ഥാപിച്ചു.
വളരെ അകലെനിന്നുപോലും ഈ കുരിശ് കാണുന്നതിനും പ്രാർത്ഥിക്കുന്നതിനും ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു. അല്പകാലം മുൻപ്, എറണാകുളം – അങ്കമാലി അതിരൂപതാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചപ്പോൾ ഈ വിശുദ്ധ കുരിശിന്റെ മാതൃക അദ്ദേഹത്തിനു നൽകുകയുണ്ടായി എന്നത് പള്ളിപ്പുറത്തിന്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു.
ദുക്റാനത്തിരുന്നാൾ:
ഭാരതത്തിലെ ക്രൈസ്‌തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിക്ഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരു നാളാണ് ദുക്റാന അഥവാ തോറാന. വിശുദ്ധ തോമാശ്ലീഹാ തമിഴ്നാട്ടിലെ മൈലാപ്പൂരിനു സമീപമുള്ള ചിന്നമല എന്ന സ്ഥലത്ത് മതവിരോധികളുടെ കുന്തമുനയേറ്റു രക്തസാക്ഷിത്വം വരിച്ചതിന്റെ സ്മരണയാണല്ലോ ജൂലൈ 3 ന് ദുക്റാനത്തിരുനാളായി നാം ആഘോഷിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ ദുക്റാന വളരെ ആഘോഷത്തോടെ ആചരിക്കുന്ന ദേവാലയം ഞങ്ങളുടേത് മാത്രമാണ്. തോമാശ്ലീഹായുടെ കുരിശു കണ്ടെത്തിയ മാട്ടേൽപള്ളിയിലാണ് ദുക്റാന തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കുക. പള്ളിപ്പുറം ഫൊറോനായുടെ കീഴിലുള്ള മറ്റു പള്ളികളിൽ നിന്നും ധാരാളം വിശ്വാസികൾ ജൂലൈ 3 ന് മാട്ടേൽ പള്ളിയിൽ എത്തിച്ചേരും. മാട്ടേൽത്തുരുത്തിൽ നിന്ന് കണ്ടെത്തിയതും ഇപ്പോൾ പള്ളിപ്പുറം പള്ളിയിലെ പ്രത്യേക അൾത്താരയിൽ പ്രതിഷ്ഠിച്ചിട്ടുള്ളതുമായ ദിവ്യകുരിശ് തിരുനാൾദിനത്തിൽ പ്രദക്ഷിണമായി മാട്ടേൽപള്ളിയിലേക്ക് കൊണ്ടുപോകും. കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ വൈദീകരും വിശ്വാസികളുമടങ്ങുന്ന ഒരു വലിയ സമൂഹം തന്നെ അണിനിരക്കും. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച ചങ്ങാടത്തിലാണ് പ്രദിക്ഷണം ദ്വീപിലേക്ക് എത്തുന്നത്. എന്റെ ചെറുപ്പകാലത്ത് രണ്ടു വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ തട്ട് ഇട്ടാണ് 200 പേർക്കോളം കയറാവുന്ന ചങ്ങാടം തയ്യാറാക്കിയിരുന്നത്. എന്നാൽ, കാലം പുരോഗമിച്ചപ്പോൾ, ഒരേസമയം 500 പേർക്കുവരെ കയറാവുന്ന വലിയ ജങ്കാറുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മാട്ടേൽ പള്ളിത്തിരുന്നാൾ ജാതിമതഭേദമെന്യേ ഞങ്ങളുടെ നാട്ടുകാർക്കെല്ലാം ഒരു ഉത്സവം തന്നെയാണ്. ചെറുതും വലുതുമായ ധാരാളം കളിവള്ളങ്ങൾ അലങ്കരിച്ച് പ്രദക്ഷിണത്തിന് അകമ്പടി സേവിക്കും. ചില വർഷങ്ങളിൽ കുട്ടനാട്ടിൽനിന്നും ചുണ്ടൻവള്ളങ്ങളും തിരുനാളിന് മോടികൂട്ടാൻ എത്തിക്കാറുണ്ട്.
‘തോറാനക്ക് ആറാന ഒഴുകിവരും’ എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട്. തോറാന തിരുനാൾ ആഘോഷിക്കുന്ന ജൂലൈ മാസം കാലവർഷ സമയമായതിനാൽ മിക്കവർഷവും വലിയ മഴയും കാറ്റുമൊക്കെയുണ്ടാകും. നനഞ്ഞു കുളിച്ചാണ് വിശ്വാസികൾ മാട്ടേൽ പള്ളിയിലേക്കും തിരിച്ചും പോകാറുള്ളത്. എന്നാലും, തോമാശ്ലീഹായുടെ ചരിത്രമുറങ്ങുന്ന മാട്ടേൽപള്ളിയിലെത്താൻ വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവസരം ആരും നഷ്ടപ്പെടുത്താറില്ല. ആകെ 50 പേരെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന ചെറിയ പള്ളിയാണ് മാട്ടേൽപള്ളി. തിരുനാളിനു പന്തലും മറ്റും ഉണ്ടാവുമെങ്കിലും മുഴുവൻ വിശ്വാസികളെയും ഉൾക്കൊള്ളുവാൻ അതിനാവുകയില്ല. അതുകൊണ്ടുതന്നെ, ഭൂരിഭാഗം പേരും മഴനനഞ്ഞുനിന്നാണ് ദിവ്യബലിയിൽ പങ്കെടുക്കുന്നത്. എത്ര മോശം കാലാവസ്ഥയാണെങ്കിലും, മാട്ടേൽ പള്ളിത്തിരുന്നാളിനെത്താനുള്ള വിശ്വാസികളുടെ ഉത്സാഹം ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല. വിശുദ്ധ തോമാശ്ലീഹായോടുള്ള സ്നേഹവും വിശ്വാസതീക്ഷ്ണതയും തന്നെ ഇതിനു കാരണം!
തോറാനക്ക് ആറാന ഒഴുകിവരും
പാച്ചോർ നേർച്ച:
തോറാനയുടെ ഓർമ്മകളിൽ നാവിൽ വെള്ളമൂറുന്ന ഒരു കാര്യമാണ് അവിടുത്തെ പാച്ചോർ നേർച്ച. ഇടവകയിലെ ഭൂരിഭാഗം വീടുകളിലും അന്ന് പാച്ചോർ ഉണ്ടാക്കും. അമ്മമാർ വളരെ നേരത്തെ തന്നെ ഇതിനുള്ള പച്ചനെല്ല് കുത്തിയെടുത്ത അരി കരുതിവച്ചിരിക്കും. പാച്ചോർ ശർക്കര ചേർത്തും പഞ്ചസാര ചേർത്തും ഉണ്ടാക്കാറുണ്ട്. അമ്മച്ചിമാർ ഉണ്ടാക്കി, വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു നൽകുന്ന പാച്ചോറുമായാണ് കുട്ടികൾ പള്ളിയിലേക്കു വരാറുള്ളത്. വിശ്വാസികൾ കൊണ്ടു വരുന്ന പാച്ചോർപൊതികൾ പള്ളിയിലെ തിരുക്കർമ്മങ്ങൾക്കു ശേഷം അച്ചൻ വെഞ്ചെരിച്ച് വിശ്വാസികൾക്കായി വിതരണം ചെയ്യും. തിരുക്കർമ്മങ്ങൾ കഴിയുമ്പോൾ ഏകദേശം രണ്ടരമണിയൊക്കെയാകും. വിശന്നുവലഞ്ഞു നിൽക്കുമ്പോൾ ലഭിക്കുന്ന ആ പാച്ചോറിന്റെ രുചി ഒരു കാലത്തും മറക്കാൻ കഴിയില്ല. ഒരിക്കൽ കൂടി മാട്ടേൽ പള്ളിയിലെത്താനും പ്രാർത്ഥിക്കാനും വല്ലാതെ കൊതിതോന്നുന്നു!
തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം
വി. യോഹന്നാൻ 20: 24-28 വരെയുള്ള സുവിഷേശഭാഗത്ത് യേശു തന്റെ ഉയിർപ്പിനു ശേഷം ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നതും ആ സമയം അവരോടൊപ്പം ഇല്ലാതിരുന്ന തോമാശ്ലീഹാ, തനിക്കും യേശുവിനെ കാണണമെന്നും, കണ്ടാൽ മാത്രമേ താൻ വിശ്വസിക്കു എന്നും വാശിപിടിക്കുന്നതും നാം വായിക്കുന്നു. ആ വാശിയുടെ മുൻപിൽ ഈശോ താഴ്ന്നുകൊടുക്കുന്നു. എട്ടു ദിവസങ്ങൾക്കു ശേഷം ഈശോ വീണ്ടും തന്റെ ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുമ്പോൾ തോമാശ്ലീഹായും അവരോടൊപ്പം ഉണ്ടായിരുന്നു. ഈശോ അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് തോമാശ്ലീഹായോട് “നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക” എന്നു പറയുന്നു. അപ്പോൾ, തോമാശ്ലീഹായാകട്ടെ, ഈ ലോകം കേട്ടിട്ടുള്ള ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനം നടത്തുന്നു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” ആ വിശ്വാസസാക്ഷ്യവുമായി തോമാശ്ലീഹാ ഭാരതത്തിൽ എത്തി, നമ്മുടെ പൂർവികർക്ക് വിശ്വാസദീപം കൈമാറി. ഒത്തിരി നന്ദിയുള്ളവരായിരിക്കാം നമുക്ക് – ഈശോയോട്, തോമാശ്ലീഹായോട്.
“എന്റെ കർത്താവേ, എന്റെ ദൈവമേ!”
യോഹന്നാൻ 11 : 16 ൽ തോമാശ്ലീഹായുടെ ധൈര്യത്തെപ്പറ്റി നാം വായിക്കുന്നു. ഈശോ ശിഷ്യന്മാരോട് യൂദായിലേക്ക് പോകാമെന്നു പറയുമ്പോൾ അവർ തടസ്സം പറയുന്നുണ്ട്. യഹൂദർ യേശുവിനെ കല്ലെറിയാൻ അന്വേഷിക്കുകയാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. അപ്പോൾ, തോമാശ്ലീഹാ “നമുക്കും അവനോടു കൂടെ പോയി മരിക്കാം” എന്നു പറഞ്ഞുകൊണ്ട് തന്റെ ധൈര്യം പ്രകടിപ്പിക്കുന്നു. നമുക്കും, ക്രിസ്തിയവിശ്വാസത്തിൽ ഉറപ്പും അതേറ്റുപറയുന്നതിൽ ധൈര്യമുള്ളവരാകാം. ഒപ്പം, പുതിയ തലമുറയ്ക്ക് ഈ വിശ്വാസദീപം പകർന്നു നൽകുന്നതിൽ ജാഗരൂകതയുള്ളവരുമാകാം.
ദുക്റാന തിരുനാളിനെപ്പറ്റി എന്റെ ഇടവകാംഗമായ ഫാദർ വർഗ്ഗീസ് ആലുംചുവട്ടിൽ (നമ്മുടെ സിമ്മി അച്ചൻ) പറയുന്നതു കൂടി കേൾക്കാം:
എല്ലാക്കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഒരു ദുക്റാന തിരുനാൾകൂടി നാം ആഘോഷിക്കുമ്പോൾ, തോമാശ്ലീഹായുടെ ജീവിതമാതൃക എപ്പോഴും നമുക്ക് പ്രചോദനം നല്കുന്നതാകട്ടെ. ഒരിക്കലും അവസാനിക്കാത്ത ക്രിസ്തുസ്നേഹത്തിനു സ്വജീവൻ നൽകി പ്രതിസ്നേഹം കാട്ടിയ ഒരു ശിഷ്യന്റെ ആത്മസമർപ്പണത്തെയാണ് നാം അനുസ്മരിക്കുക. “എന്റെ കർത്താവെ, എന്റെ ദൈവമേ” എന്ന ആഴമായ വിശ്വാസം ഹൃദയത്തികവിൽ നിന്ന് അധരങ്ങളിലൂടെ ഏറ്റുപറഞ്ഞുകൊണ്ടു “നമുക്കും അവനോടുകൂടെ പോയി മരിക്കാം” എന്ന ദൃഢനിശ്ചയത്തിലൂന്നി കാതങ്ങൾ താണ്ടി ഭാരതമണ്ണിൽ ജനലക്ഷങ്ങൾക്കു വിശ്വാസവെളിച്ചം പകർന്നുകൊടുത്തുകൊണ്ടു “അവനുവേണ്ടി” മരിച്ച തോമാശ്ലീഹാ ഓരോ ഭാരതകത്തോലിക്കന്റെയും, പ്രത്യേകിച്ച്, ഓരോ മാർത്തോമ്മാ ക്രിസ്ത്യാനിയുടെയും അഭിമാനമാണ്. അനുദിനസാഹചര്യങ്ങൾ എന്തുതന്നെ ആയിക്കൊള്ളട്ടെ, അവിടെയെല്ലാം “അത് ക്രിസ്തുവാണ് ” എന്ന തിരിച്ചറിവിലേക്ക് വളർന്നുകൊണ്ട്, എല്ലാം വിശ്വാസവെളിച്ചത്തിൽ ഏറ്റെടുക്കുവാൻ നമുക്കും സാധിക്കട്ടെ. അപ്പോൾ “ദുക്റാന” എന്നിലും അന്വർത്ഥമാകും; ഓരോ “തോറാന” തിരുനാളും എന്റെയും കൂടിയാകും.
ഈ സ്മരണകൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!!
എല്ലാവർക്കും ദുക്റാന തിരുനാൾ ആശംസകൾ സ്നേഹപൂർവ്വം നേർന്നുകൊള്ളുന്നു!!
അടുത്തുവരുന്ന ദുക്റാനത്തിരുന്നാളിനു നമ്മുടെയെല്ലാവരുടെയും സ്വന്തം മാട്ടേൽ പളളിയിലേക്കു പോയാലോ?
ഇക്കൊല്ലത്തെ തിരുനാൾകർമ്മങ്ങൾ വിശദമായി വായിച്ച്, നമുക്കും ഭക്തിപൂർവ്വം അവയിൽ പങ്കുകൊള്ളാം.. നന്ദി!