‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ
മുട്ടത്തുപാടത്തെ പൊൻകതിർ’
Soly Mathew
“കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത്. സഹിക്കുന്നത് എനിക്ക് സന്തോഷം ആണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.” -വി. അൽഫോൻസാ
“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തൻറെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻറെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും.” John 12: 24-26
ഈശോയുടെ കൂടെയായിരിക്കുക എന്നതായിരുന്നു അൽഫോൻസാമ്മയുടെ ജീവിതാഭിലാഷം. അതിനായി വളരെ ചെറുപ്പത്തിൽ തന്നെ തന്റെ മനസ്സിനെ അവൾ ഒരുക്കി. തന്റെ സ്വർഗ്ഗിയമണവാളന്റെ സഹനത്തിൽ ഭാഗഭാക്കാകണമെങ്കിൽ താനാകുന്ന ഗോതമ്പുമണി നിലത്തുവീണലിയണമെന്ന ഉത്തമബോധ്യം അവൾക്കുണ്ടായിരുന്നു. അതിനായി, തന്നെ മുഴുവനായി ഈശോക്ക് വിട്ടുകൊടുത്തുകൊണ്ട് അവനെ അവൾ സ്നേഹിച്ചു, പ്രണയിച്ചു. അങ്ങനെ മുട്ടത്തുപാടത്തു പൊട്ടിമുളച്ച, ആ ഗോതമ്പുമണി, സ്വർഗ്ഗിയ പൂങ്കാവനത്തിൽ വിളഞ്ഞ പൊൻകതിരിലെ ഒരു ഗോതമ്പുമണിയായിത്തീർന്നു.
തന്റെ പ്രണയസാഫല്യത്തിനായി സഹനം ചോദിച്ചു വാങ്ങിയ പ്രണയിനി – അതായിരുന്നു വിശുദ്ധ അൽഫോൻസാ! നന്നേ ചെറുപ്പത്തിൽതന്നെ, ഈശോയെ സ്നേഹിക്കാൻ മനസ്സിനെ ഒരുക്കിയ അൽഫോൻസാമ്മയ്ക്ക് താൻ വളരുന്തോറും ആ സ്നേഹം ഈശോയോടുള്ള പ്രണയമായി മാറിയെന്ന് മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
തന്റെ മണവാളനെ സ്വന്തമാക്കാൻ എന്തും സഹിക്കാൻ അവൾ ഒരുക്കമായിരുന്നു. തന്റെ സഹനങ്ങളെല്ലാം, ഈശോയ്ക്കു തന്നോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളായിക്കണ്ട്, അതിനെയെല്ലാം പുഞ്ചിരിപ്പൂക്കളാൽ നിറച്ച പ്രണയോപഹാരങ്ങളാക്കി മാറ്റി, തന്റെ പ്രിയനു തിരിച്ചു നൽകുന്നതിൽ അവൾ ആനന്ദം കണ്ടെത്തി.
ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന്, നമ്മുടെ ഇടയിൽ ജീവിച്ചു മരിച്ച ഒരു വ്യക്തി. കുലീനതയും സാമ്പത്തിക ഭദ്രതയും തികഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചിട്ടും, ലൗകികസുഖങ്ങളൊന്നും, തന്റെ പ്രാണനാഥനോടുള്ള പ്രണയത്തിൽ നിന്ന് അവളെ പിന്തിരിപ്പിച്ചില്ല. വീട്ടുകാരുടെ അടുത്തുനിന്നുണ്ടായ എല്ലാ തടസ്സങ്ങളും മറികടന്ന്, ഒരു സന്യാസിനിയായി, അവൾ ഈശോയെ തന്റെ മണവാളനായി സ്വീകരിച്ചു. തന്റെ സന്യസ്തജീവിതത്തിന്റെ അധികകാലവും പലവിധ അസുഖങ്ങളാൽ കഷ്ടപ്പെട്ട അൽഫോൻസാമ്മ, മുപ്പത്തിയാറാമത്തെ വയസ്സിൽ മരണമടഞ്ഞു. പ്രഥമദൃഷ്ട്യാ, അസാധാരണമായി ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നു തോന്നുന്ന ഒരു സാധാരണജീവിതം. ഈശോയെ തന്റെ മണവാളനായി മനസ്സിൽ ഉറപ്പിച്ചിരുന്ന അൽഫോൻസാമ്മ, ഈശോയുടെ പീഡാനുഭവങ്ങളോടു സമമായ സഹനങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ തന്റെ പ്രണയം സഫലമാവുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതിനായി, രോഗാവസ്ഥകളും ജീവിതസഹനങ്ങളും സന്തോഷത്തോടെ അവളേറ്റുവാങ്ങി. ഇപ്രകാരം, ക്രിസ്താനുകരണത്തിലൂടെ തന്റെ പ്രാണനാഥന്റെ പ്രിയപ്പെട്ടവളായി മാറുന്നതിൽ അവൾ സന്തോഷിക്കുകയായിരുന്നു.
ഈ പുണ്യവതിയുടെ പാദങ്ങൾ പതിഞ്ഞ മണ്ണിലൂടെ നിരവധി തവണ സഞ്ചരിക്കുകയും, ആ കബറിടത്തിങ്കൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ പലവട്ടം അവസരം ലഭിക്കുകയും ചെയ്ത ഒരു ഭാഗ്യവതിയാണ് ഞാൻ. ഭരണങ്ങാനം ഫൊറോനായുടെ കീഴിലുള്ള കിഴപറയാർ ഇടവകയിൽനിന്നുള്ളവരാണ് എന്റെ മാതാപിതാക്കൾ രണ്ടുപേരും. കുഞ്ഞുന്നാളിൽ, അമ്മവീട്ടിലും ചാച്ചൻവീട്ടിലും പോകണമെങ്കിൽ, ഭരണങ്ങാനത്തു ബസ്സിറങ്ങി വള്ളത്തിൽ കയറി അക്കരെ കടന്നിട്ടു നടക്കണം. വേനലവധിക്കു ചെന്നാൽ, അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പോയി പ്രാർത്ഥിക്കണം എന്നുള്ളതു വല്യമ്മച്ചിയുടെ നിർബന്ധമായിരുന്നു.
അൽഫോൻസാമ്മ രോഗാവസ്ഥയിലായിരുന്നപ്പോൾ താമസിച്ചിരുന്ന ഭരണങ്ങാനം മഠത്തിനോടു ചേർന്നുള്ള സ്കൂളിൽ പഠിച്ച എന്റെ അമ്മച്ചി, അൽഫോൻസാമ്മയുടെ സഹനശയ്യയുടെ അരികിലുള്ള ജനലിങ്കൽ പ്രാർത്ഥനാഭ്യർത്ഥനകളുമായി എത്തിയിരുന്ന കുട്ടികളിൽ ഒരുവളായിരുന്നു. കുറച്ചുവർഷങ്ങൾക്കുശേഷം, ആ പുണ്യവതിയുടെ മൃതസംസ്കാര സമയത്ത്, യാദൃച്ഛികമായി അതുവഴി കടന്നുപോകാനിടയായ എന്റെ ചാച്ചൻ, ആ ചടങ്ങിൽ വളരെ കുറച്ചുപേർ മാത്രമേ ഉള്ളൂ എന്നുകണ്ട് അതിൽ പങ്കുചേരാൻ തീരുമാനിക്കുകയും, അങ്ങനെ, ആ പുണ്യവതിയുടെ മുഖം നേരിൽ കാണാൻ അദ്ദേഹത്തിനു ഭാഗ്യം ലഭിക്കുകയും ചെയ്തു. ആ മുഖത്തേക്കു നോക്കിയപ്പോൾ വലിയ ഒരു പ്രകാശം തന്റെ മുഖത്തേക്ക് പ്രതിഫലിച്ചു എന്നാണ് ആ അനുഭവത്തെക്കുറിച്ചു ചാച്ചൻ പറഞ്ഞുകേട്ടിട്ടുള്ളത്. അമ്മച്ചിയെ സംബന്ധിച്ചിടത്തോളം, അൽഫോൻസാമ്മ രോഗബാധിതയായ, കുട്ടികളെ ഇഷ്ടപ്പെടുന്ന, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന, ഒരു സിസ്റ്റർ മാത്രമായിരുന്നു. ഉച്ചയൂണിന്റെ നേരത്ത്, ഈ സിസ്റ്ററിനെ കാണാൻ പോകുന്നതു കുട്ടികളുടെ ഒരു പതിവായിരുന്നു. ചാച്ചനാകട്ടെ, മൃതസംസ്കാരസമയത്ത് യാദൃച്ഛികമായി ആ വഴി കടന്നുപോയ ഒരു യാത്രികൻ മാത്രമായിരുന്നു. അൽഫോൻസാമ്മ ഒരു വിശുദ്ധയാണെന്ന യാതൊരു ബോധ്യവും ഇല്ലാതെയാണ് അവർ ഇതെല്ലാം ചെയ്തത്. എന്നാൽ, വർഷങ്ങൾക്കുശേഷം, അവരുടെ ഈ അനുഭവങ്ങൾ, അവരെ മാത്രമല്ല, ഞങ്ങൾ മക്കളെയും ആ പുണ്യവതിയുടെ മാദ്ധ്യസ്ഥം തേടാൻ പ്രേരിപ്പിക്കുകയും, അതിലൂടെ, നിരവധി അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിനു ലഭ്യമാകാൻ ഇടയാക്കുകയും ചെയ്തു. അങ്ങനെ, കുഞ്ഞുന്നാൾ മുതൽ അൽഫോൻസാമ്മയുടെ കഥകൾ കേട്ടുവളർന്ന എനിക്ക്, ഈശോയുടെ അടുക്കൽ അമ്മയ്ക്കുള്ള മാദ്ധ്യസ്ഥശക്തിയിൽ തികഞ്ഞ വിശ്വാസമായിരുന്നു.
അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥതയിലൂടെ, എന്റെ പ്രിയപ്പെട്ടവർക്കു രോഗശാന്തി ലഭിച്ചതിനു സാക്ഷ്യമായ രണ്ടു സംഭവങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. നാലുവയസ്സായിട്ടും ഒട്ടും സംസാരിക്കാതിരുന്ന എന്റെ ഒരു ജ്യേഷ്ഠസഹോദരനെ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ കൊണ്ടുപോയി കാഴ്ചവച്ച് മനമുരുകി പ്രാർത്ഥിച്ചതിനുശേഷം, വീട്ടിൽ വന്ന്, കുട്ടിയെ മുറ്റത്തുനിർത്തി അകത്തേയ്ക്കു കയറിയ വല്യമ്മച്ചി, ‘അമ്മേ’ എന്ന വിളികേട്ടാണു തിരിഞ്ഞുനോക്കിയത്. ഞങ്ങളുടെ കുടുംബത്തിൽ അൽഫോൻസാമ്മയുടെ സ്നേഹസാമീപ്യം നിറഞ്ഞുകവിഞ്ഞ അനർഘനിമിഷം! അന്നുമുതൽ, എന്റെ സഹോദരൻ സംസാരിക്കാൻ തുടങ്ങി. ഒരുതുള്ളി കണ്ണുനീർ പൊടിയാതെ ആ പുണ്യദിവസത്തെ ഓർക്കാൻ ഇന്നും എന്റെ ചേച്ചിക്കു കഴിയില്ല. ചെറുപ്പത്തിൽ തികച്ചും ഒരു അൽഫോൻസാമ്മ ഭക്തയായിരുന്ന ഞാൻ, എന്റെ യൗവ്വനകാലത്തു തന്നെ വിദേശത്തേയ്ക്കു കുടിയേറി. പതിയെപ്പതിയെ, ഞാൻ അൽഫോൻസാമ്മയെ മറന്നു. എന്നാൽ, ഇരുപത്തൊന്നു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം, ലോസ് ഏഞ്ചലസിൽ എത്തിയ ഞാൻ, ആ പുണ്യവതിയുടെ നാമധേയത്തിലുള്ള പള്ളിയിൽ ഇടവകാംഗമായി ചേർന്നു. ആ സ്നേഹവും കരുതലും ഞാൻ മറന്നെങ്കിലും, അമ്മ എന്നെ മറന്നിട്ടില്ലായിരുന്നെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, ആ സഹനസ്നേഹം വീണ്ടും എന്നെ ചേർത്തു പിടിച്ചു. ഒരു ദിവസം, നെഞ്ചുവേദനയാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട എന്റെ ജീവിതപങ്കാളിയുടെ മെഡിക്കൽ ടെസ്റ്റ് റിസൾട്ടുകൾ കണ്ട്, അതിന്റെ ഗൗരവത്തെക്കുറിച്ചും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ അപകടത്തെക്കുറിച്ചും പറയാൻ ഓടിവന്ന ഡോക്ടർ കണ്ടത്, ആ അപകടാവസ്ഥയിലും പുഞ്ചിരിച്ചുകൊണ്ട് ശാന്തനായി കിടക്കുന്ന ഒരു രോഗിയെ ആണ്! അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആകുമോ എന്നുപോലും ഡോക്ടർക്ക് സംശയമായിരുന്നു. അദ്ദേഹത്തെ ഒരു എമർജൻസി ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതിനുശേഷം പുറത്തിറങ്ങി വന്ന ഡോക്ടർ എന്നോടു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: “He was truly in big danger, but I fixed him. I have never seen someone smiling so much, while they are having a major heart attack, in my entire career!” സഹനങ്ങളിൽ പുഞ്ചിരിക്കുന്ന അൽഫോൻസാമ്മ അദ്ദേഹത്തിന്റെ അരികിൽതന്നെ ഉണ്ടായിരുന്നു എന്നത് സംശയാതീതമായ കാര്യമാണ്. അമ്മയുടെ സ്നേഹസാമീപ്യം തൊട്ടറിഞ്ഞ, എന്റെ ജീവിതത്തിലെ പുണ്യദിനം! ദൈവസന്നിധിയിൽ ആ മാദ്ധ്യസ്ഥം വിളിച്ചപേക്ഷിച്ചതിന്റെ ഫലമായി, മരണത്തെ മുഖാമുഖം കണ്ട എന്റെ ജീവിതപങ്കാളിയുടെ ഹൃദയത്തെ ഒരു കുഴപ്പവുമില്ലാതെ പുനരുദ്ധരിപ്പിച്ചുകൊണ്ട്, തന്റെ മണവാളന്റെ അടുത്തുള്ള അമ്മയുടെ സ്വാധീനം വീണ്ടും അമ്മ എനിക്ക് വെളുപ്പെടുത്തിത്തന്നു. ദൈവത്തിനു സ്തുതി, ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേൻ!!!
മറ്റുള്ളവർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് നമ്മെ പഠിപ്പിച്ചുകൊണ്ട് നമ്മുടെ രക്ഷയ്ക്കായ് ഈശോ സ്വയം ബലിയായി. ആ സ്നേഹത്തിന് അതിരുകളില്ലായിരുന്നു, അളവുകളുമില്ലായിരുന്നു. ക്രിസ്ത്യാനി എന്ന പദത്തിന്റെ അർത്ഥം ക്രിസ്തുവിനെ അനുകരിക്കുന്നവൻ അഥവാ അനുകരിക്കുന്നവൾ എന്നാണല്ലൊ. എന്നാൽ, ക്രിസ്തു, നമ്മുടെ പാപപരിഹാരാർത്ഥം പീഡകൾ സഹിച്ചു മരിച്ചുവെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ജീവിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണ് നമ്മളിൽ പലരുടേയും ക്രിസ്താനുകരണം.
ജീവിതത്തിൽ പല സഹനങ്ങളിലൂടെയും നമ്മൾ കടന്നു പോകാറുണ്ട്. നമ്മുടെ വിശ്വാസജീവിതവും ദൈവാശ്രയബോധവും, തീക്ഷ്ണമായ പ്രാർത്ഥനയും ഒരു പരിധിവരെ അവ തരണം ചെയ്യാൻ നമ്മെ സഹായിക്കുകയും ചെയ്യും. പക്ഷെ, ആ അവസ്ഥ തരണം ചെയ്താൽ പിന്നെ, ഇനി ഒരിക്കലും ഇങ്ങനെ ഒരവസ്ഥ നമുക്കോ മറ്റുള്ളവർക്കോ ഉണ്ടാകരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന. എന്നാൽ, എത്രമാത്രം സഹനങ്ങൾ ഉണ്ടായാലും അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും, ഇനിയും കൂടുതൽ സഹനങ്ങൾ തരണമേ എന്ന പ്രാർത്ഥനയോടെ മറ്റുള്ളവരുടെ വേദനകളും സഹനങ്ങളും കൂടി സ്നേഹപൂർവ്വം ഏറ്റെടുക്കുകയും ചെയ്തുകൊണ്ട്, ഈശോയോടുള്ള തന്റെ നിസ്സീമമായ പ്രണയം അൽഫോൻസാമ്മ തെളിയിച്ചു.
ഈ പുണ്യവതിയുടെ തിരുനാൾ ആഘോഷിക്കുന്ന അവസരത്തിൽ ക്രിസ്ത്യാനികളായ നമ്മൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കൊച്ചുകൊച്ചു സഹനങ്ങളെയെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളിൽ ഭാഗഭാക്കുകളാകാനുള്ള അവസരങ്ങളായി കണ്ടുകൊണ്ടും, ചുറ്റുമുള്ളവരുടെ സഹനങ്ങൾ തിരിച്ചറിഞ്ഞ് നമ്മളാൽ കഴിയുംവിധം ആ സഹനങ്ങളിൽ പങ്കുചേർന്നുകൊണ്ടും, ക്രിസ്തുവിനെ അനുകരിക്കുന്നവരായി മാറാൻ വിശുദ്ധ അൽഫോൻസാമ്മ നമ്മെ അനുഗ്രഹിക്കട്ടെ!
The commitment to love someone may require sacrifices and sufferings. It is an act of will. Self-sacrifice is the greatest proof of love. Therefore, the greatest love ever shown required the greatest sacrifice ever made. If you want to fulfill your love, your sufferings should not be a barrier, nor should it stop you from reaching and getting united with your lover.
‘Oh, Sweetheart of Jesus,Be my love’!!!
അൽഫോൻസാമ്മയുടെ പ്രണയഗാനം (A song of love):
https://drive.google.com/file/d/1SLNxsaWJuhXlDbVaVWTr9R3mHYsG7ITz/view?usp=sharing
English translation of this article:
https://docs.google.com/document/d/11OGJO6uK9mbHc2AfjkJnMt2HtI0GPnGs/edit?usp=sharing&ouid=108905647819374609048&rtpof=true&sd=true