A Tale of Talents

A Tale of Talents

എന്താണ് എട്ടുനോമ്പ്? ഓർമ്മ അത്ര പോരാ എന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ഞാനും കുറച്ചു നടന്നു. അവസാനം പരമ്പരാഗതഅറിവിന്റെ സൂക്ഷിപ്പുകാരായ നമ്മുടെ ഇടവകപ്പള്ളിയിലെ വല്യപ്പച്ചന്മാരുടെ പ്രതിനിധി എന്ന നിലയിൽ ശ്രീ. കെ. എം. മാത്യുവിനോടു ചോദിക്കാമെന്നു വച്ചു. പണ്ട്, അദ്ദേഹം എറണാകുളം സെൻറ് ആൽബെർട്സ് കോളേജിലെ സുവോളജി പ്രൊഫസർ ആയിരുന്നു.

സാറിന്റെ ചിന്തകൾ ഇങ്ങനെ സംഗ്രഹിക്കാം:
“വളരെ കുഞ്ഞായിരുന്നപ്പോഴുള്ള എന്റെ ഓർമ്മകളാണിവ. എന്റെ വല്യമ്മച്ചി പറഞ്ഞുകേട്ടുള്ള അറിവുകളും ഉണ്ട്. എട്ടു ദിവസവും മാംസവർജ്ജനം നിർബന്ധമായിരുന്നു. അവസാനത്തെ ദിവസം ചില പ്രത്യേകതരം പലഹാരങ്ങൾ ഉണ്ടാക്കും. ഒന്ന്, ‘പിടി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു വിശിഷ്ടതരം അരിയാഹാരമാണ്. പിന്നെ, ‘കൊഴുക്കട്ട’യാണ്. അരിപ്പൊടിയും ശർക്കരയുമൊക്കെ ചേർത്തു ചെറിയ ചെറിയ ഉരുളകൾ ആക്കിയാണ് അതുണ്ടാക്കുക. അതിനുശേഷം, എട്ടുപത്തു മൈൽ അകലെ, മാതാവിന്റെ നാമധേയത്തിലുള്ള വെച്ചൂർ പള്ളിയിൽ അതു കൊണ്ടുപോയി കാഴ്‌ചവയ്ക്കണം. വൈക്കത്തുള്ള വടയാർ ഇടവകക്കാരനാണ് ഞാൻ. എന്നാൽ, എന്റെ മുത്തശ്ശിയുടെ വീട് കുറവിലങ്ങാട്ടു മുത്തിയുടെ പള്ളിക്കു സമീപമാണ് – നിധിയിരി. അവിടെ, മാതാവിന്റെ പെരുന്നാൾ ആണ് പ്രധാനമായി ആഘോഷിക്കാറുള്ളത്. അവിടെ കപ്പലോട്ടവുമുണ്ട്. ഏറ്റവും ആദ്യം മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമാണ് കുറവിലങ്ങാടെന്ന് അന്നാട്ടുകാർ അവകാശപ്പെടുന്നു. പാലായിലെ ളാലം പള്ളിയിലെ രാക്കുളിപ്പെരുന്നാളും ഇപ്പോൾ ഓർമ്മവരുന്നു.”

സാറിന്റെ ശബ്ദരേഖ നമുക്ക് ഇവിടെ കേൾക്കാം. vocal cord ന് paralysis ഉള്ള മാത്യു അങ്കിൾ എത്ര നന്നായാണ് നമുക്ക് തന്റെ അറിവുകൾ വിവരിച്ചു തരുന്നത്!  “A teacher is always a teacher.”

https://drive.google.com/file/d/1bqTwwVYZoK-m_olgGPr42De6O8ff25ul/view

 

A teacher is always a teacher.

എന്റെ ചെറുപ്പത്തിലെ അമ്മ:
എന്റെ എട്ടുനോമ്പറിവുകൾ പങ്കുവയ്ക്കുന്നതിനു മുമ്പ് പരിശുദ്ധ അമ്മ എനിക്കാരാണെന്നു പറയാം.
അമ്മമാതാവിനോട് എനിക്കു നന്നേ ചെറുപ്പംമുതൽ തന്നെ വലിയ സ്നേഹമായിരുന്നു. എനിക്ക് എന്തും തുറന്നു പറയാവുന്ന, എന്നെ നന്നായി അറിയാവുന്ന എൻ്റെ അമ്മ. എൻ്റെ ചാച്ചനാണ് അമ്മയെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. ചാച്ചന്റെ വിഷമസന്ധികളിൽ കൂട്ടായി നിന്ന വ്യാകുലമാതാവിന്റെ ഒരു തിരുസ്വരൂപം അദ്ദേഹം ഇടവകപ്പള്ളിയിൽ പണികഴിപ്പിച്ചു നല്കുകയും, എല്ലാ വർഷവും മാതാവിന്റെ തിരുനാൾ ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു. പിന്നെയുള്ള ഒരോർമ്മ വേദപാഠത്തിനു ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടുമ്പോൾ, സമ്മാനമായി കിട്ടിയിരുന്ന ഇരുപത്തിയഞ്ചു രൂപയും അടുത്ത വർഷത്തെ ടെക്സ്റ്റുബുക്കുമാണ്. രൂപയുമായി ചാച്ചന്റെ അടുത്തേയ്ക്ക് ഓടിച്ചെല്ലുമ്പോൾ ചാച്ചൻ പറയും, “മോളെ, നീ അത് അമ്മയ്ക്കു നേർച്ചയിട്ടേരെ,” എന്ന്. പിന്നീട്, വർഷങ്ങൾ കഴിഞ്ഞപ്പോൾ, ചാച്ചൻ ഒരു കോൾഡ് സ്റ്റോറേജ് തുടങ്ങിയപ്പോഴും ‘വ്യാകുലമാതാ കോൾഡ് സ്റ്റോറേജ്’ എന്നാണ് അതിനു പേരിട്ടത്. അങ്ങനെ, ജീവിതത്തിലെ ഏതു കാര്യവും ചെയ്യുമ്പോൾ അമ്മയോടു ചേർന്നു ചെയ്യുന്നത് വീട്ടിൽ ഒരു ശീലമായിരുന്നു.

തിരക്കുകളിൽ ഞാൻ അമ്മയെ മറന്നോ?
അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ, എനിക്ക് അമ്മയോടുള്ള സ്നേഹം എവിടെയായിരുന്നു? നഴ്സിംഗ് ജോലിയും കുട്ടികളുടെ കാര്യവും വീട്ടുജോലിയും എല്ലാമായി തിരക്കേറിയപ്പോൾ, ഞാൻ അമ്മയെ വിളിക്കാൻ പലപ്പോഴും മറന്നിരുന്നു. എന്നാൽ, അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഏതു കാര്യത്തിനും അമ്മയുടെ കൂട്ടുപിടിച്ചു പ്രാർത്ഥനാസഹായവുമായി മാതാപിതാക്കൾ എന്നും കൂടെ ഉണ്ടായിരുന്നു. ഞാൻ RN-NCLEX പരീക്ഷ എഴുതുമ്പോൾ, ചാച്ചനും അമ്മച്ചിയും പരീക്ഷ തീരുന്നതു വരെ കൊന്ത എത്തിച്ചു പ്രാർത്ഥിക്കുകയായിരുന്നു. പിന്നീട്, ജോലിക്ക് അപേക്ഷിച്ചപ്പോഴും, ജോലി കിട്ടിക്കഴിഞ്ഞു ജോലിസംബന്ധമായ ഓരോ പ്രതിസന്ധികളിലും, പ്രൊമോഷൻ സമയത്തും, ഹയർ സ്റ്റഡീസിന്റെ സമയത്തും എല്ലാം അവരുടെ പ്രാർത്ഥന കൂട്ടായി ഉണ്ടായിരുന്നു.

ഞാനും എട്ടുനോമ്പും
ചെറുപ്പത്തിലെ എട്ടുനോമ്പ് എന്നു പറയുമ്പോൾ, ആദ്യം ഓർമ വരുന്നതു മണർകാട് പള്ളിയിലെ പെരുന്നാൾ ആണ്. അമ്മച്ചി നോമ്പെടുത്ത് എട്ടു ദിവസം പള്ളിയിൽ പോകുന്നതും, ചിലപ്പോഴൊക്കെ ഞാനും അമ്മച്ചിയുടെ കൂടെക്കൂടുന്നതും നേരിയ ഓർമ്മ മാത്രം. ഇവിടെ, അമേരിക്കയിൽ വന്നിട്ട് ആദ്യമായി എട്ടുനോമ്പെടുക്കുന്നതു 2013ൽ ആയിരുന്നു. ഇടവകപ്പള്ളിയിൽ കുഞ്ഞുങ്ങളുടെ ഒരു പ്രാർത്ഥനാ ശുശ്രൂഷ തുടങ്ങണമെന്നു ശക്തമായ ഒരുൾപ്രേരണ എനിക്കുണ്ടായി. എങ്ങനെ തുടങ്ങണമെന്നതിനെപ്പറ്റി കൂട്ടുകാരുമായ് കുറെ ആശയങ്ങളൊക്കെ പങ്കുവച്ചു. പക്ഷെ, നമ്മുടെ ഇടവകയ്ക്ക് എന്താണ് നല്ലതെന്നു ഒരു നിശ്ചയവുമില്ലായിരുന്നു. പ്രാർത്ഥനയും ഉപവാസവുമാണ് ഏറ്റവും വലിയ ആയുധമെന്ന് എനിക്കപ്പോൾ തോന്നി. അങ്ങനെ, ഞാൻ 2013 ഫെബ്രുവരി മുതൽ ആവുന്നതുപോലെ ഉപവസിക്കാനും അറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലാനും തുടങ്ങി. ഞാൻ എല്ലാ അവധിദിവസവും കുർബാനയ്ക്കു പോകാനും വെള്ളിയാഴ്ചകളിൽ ‘ഒരുനേരം’ എടുക്കാനും തുടങ്ങി. അമ്മമാരെ കൂട്ടി കൊന്തചൊല്ലുന്നതും ശീലമായി. ജീവിതത്തിൽ അന്നാദ്യമായ്, ഞാൻ എട്ടുനോമ്പെടുത്തു! അങ്ങനെ, എല്ലാവരുടെയും പ്രാർത്ഥനയ്‌ക്കുത്തരമായി, സെപ്റ്റംബർ 8, 2013ൽ ഏഞ്ചൽസ് ആർമി (Angels’ Army) എന്ന പേരിൽ കുട്ടികളുടെ പ്രാർത്ഥനാശുശ്രൂഷ ഉത്ഘാടനം ചെയ്യപ്പെട്ടു. അമ്മയുടെ പിറന്നാളിനോടൊപ്പം എല്ലാ വർഷവും മധുരിക്കുന്ന ഒരോർമ്മയാണത്.

ഞാനും അമ്മയും ഇന്ന്
ഇപ്പോൾ, ഇരുപത്തിരണ്ടു വർഷമായി ഞാൻ അമേരിക്കയിൽ വന്നിട്ട്. ദൈവപരിപാലനയെന്തെന്നു ഞാൻ കൂടുതൽ ആഴത്തിൽ അറിഞ്ഞ വർഷങ്ങളായിരുന്നു ഇവയെല്ലാം. എല്ലാം ദൈവത്തിന്റെ ദാനമാണെന്നറിഞ്ഞ ദിവസങ്ങൾ! ഭർത്താവും മക്കളുമൊത്ത് ഒരുമിച്ചു ദൈവത്തിന്റെ ഹിതമനുസരിച്ചു ജീവിക്കുന്നതാണ് എല്ലാറ്റിലും വലുതെന്നും ഇന്നു ഞാൻ മനസ്സിലാക്കുന്നു.
ഞങ്ങളുടെ വീടിന്റെ പുറകിൽ മാതാവിന്റെ ഒരു ചെറിയ ഗ്രോട്ടോ ഉണ്ട്. അതിനും ഒരു കൊച്ചുകഥ പറയാനുണ്ട്. സ്വന്തമായി ഒരു വീടു വാങ്ങണമെന്നു തീരുമാനിച്ചപ്പോൾ, ഞങ്ങൾ കുറേ വീടുകളൊക്കെ പോയി കണ്ടു. എന്നാൽ, ഒരു വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ മനോഹരമായ ഒരു ഗ്രോട്ടോ അതിന്റെ പുറകിൽ കണ്ടു. ആ വീട് ഞങ്ങൾക്കിഷ്ടമാകുകയും ചെയ്തു. വീടു വാങ്ങുമ്പോൾ ആ ഗ്രോട്ടോ കൂടി കിട്ടിയിരുന്നെങ്കിൽ എന്നു ഞാനാശിച്ചു. എന്റെ അന്തരംഗം വായിച്ചിട്ടെന്നപോലെ ആ വീട്ടുടമസ്ഥൻ എന്നോടു ചോദിച്ചു: “എന്താ, ആ ഗ്രോട്ടോ അത്രയ്ക്കിഷ്ടമായോ? എങ്കിൽ, അതുകൂടി എടുത്തോളൂ!” എന്തുമാത്രം സന്തോഷം വന്നുവെന്നോ അത് വേണമോയെന്ന്‌ വീട്ടുടമ ചോദിച്ചപ്പോൾ!!! ഇപ്പോൾ എന്റെ ഒരു ‘ഒളിത്താവളമാണ്’ (hiding place) ഈ ഗ്രോട്ടോ. ചിലപ്പോൾ അമ്മയുടെ കൈ പിടിച്ചു കുറച്ചു നേരം ഇരിക്കും. എന്റെ “ അമ്മക്കുട്ടി” യോട് എല്ലാക്കാര്യങ്ങളും പറയും. എനിക്കു ദേഷ്യവും കുറ്റവും കുറവുമെല്ലാം എപ്പോഴും കൂടപ്പിറപ്പായുണ്ട്. അപ്പോഴെല്ലാം, അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലാറുമുണ്ട്. അമ്മ എന്നും എപ്പോഴും വിശ്വസ്തയല്ലെ? എന്റെ ഈശോപ്പായുടെ അമ്മയല്ലേ? കുറ്റത്തിലും കുറവിലും എന്നെ സ്നേഹിച്ചു സമാധാനത്തോടെ എനിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരും. അങ്ങനെ, അമ്മക്കുട്ടിയോടു കൂടി ഈശോപ്പായുടെ ഇഷ്ടങ്ങൾ മനസിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

എട്ടുനോമ്പും നമ്മുടെ കുഞ്ഞുങ്ങളും
എട്ടുനോമ്പിനെക്കുറിച്ച്, നമ്മുടെ പുതു തലമുറയ്ക്ക് എന്താണ് പറയാനുള്ളതെന്നറിയാൻ ഞാൻ ഒരു ചെറിയ ശ്രമം നടത്തി. നിങ്ങൾ നന്നായി തന്നെ ഊഹിച്ചു: വെറുതെ അന്വേഷിച്ചെന്നു മാത്രം; ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല! എനിക്കു വല്ലാത്ത വിഷമം തോന്നി!! നല്ല നല്ല പാരമ്പര്യങ്ങൾ പലതും അങ്ങനെ കെട്ടു പോവുന്നു. നിങ്ങൾക്കും ഇപ്പോൾ വിഷമം വരുന്നുണ്ടാകും, അല്ലേ ?

ഗൂഗിൾ ചേട്ടനോട് ചോദിച്ചറിഞ്ഞ ചില കാര്യങ്ങൾ
പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പാണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തീയ്യതികളിലാണ് എട്ടുനോമ്പ് അനുഷ്ഠിക്കപ്പെടുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു. ആദിമകാലം മുതലെ പരിശുദ്ധ മറിയത്തിന് നമ്മുടെ ആരാധനയിലും ജീവിതത്തിലും അഭേദ്യവും അതുല്യവുമായ സ്ഥാനമാണു കല്പിച്ചു നൽകിയിട്ടുള്ളത്. രക്ഷകന്റെ അമ്മയായും, സഭയുടെ മാതാവായും നിത്യകന്യകയായും നാമവളെ വാഴ്ത്തുന്നു.

എട്ടുനോമ്പിന്റെ ആരംഭത്തിനുപിന്നിൽ ഒരു ചരിത്രമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവർ ആക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ടിപ്പു മലബാർ കീഴടക്കിയപ്പോൾ ഉണ്ടായ മതമർദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേർ തിരുവിതാംകൂറിൽ അഭയം തേടി. ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാൻ ഇതു കാരണമായി.

1789-ൽ തിരുവിതാംകൂർ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി. വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ ദൈവാലയങ്ങളിൽ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ടിപ്പുവിന്റെ സൈന്യം കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. കൊടുങ്ങല്ലൂർ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂർ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങി. ഈ സമയത്ത് കാലവർഷം ശക്തമാവുകയും പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞു. തുടർന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ആശ്വാസമായി. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതൽ എട്ടു നോമ്പ് അനുഷ്ഠിക്കുന്നത്‌ സുറിയാനി ക്രൈസ്തവരുടെ പതിവായിത്തീർന്നു. കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ എട്ടുനോമ്പ് അതീവ ഭക്തിപുരസ്സരം കൊണ്ടാടപ്പെട്ടു പോരുന്നു. സുറിയാനി ക്രൈസ്തവ സ്ത്രീകൾ ഈ നോമ്പിനു നൽകുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേർന്നു നിൽക്കുന്നു. വെച്ചൂർ, മണർകാട്, നാകപ്പുഴ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.

മറിയത്തിന്റെ മാതാപിതാക്കളായ ജൊവക്കിമിനും അന്നയ്ക്കും വാർധക്യത്തിലാണ് മറിയം മകളായി ജനിച്ചത്. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ചു അവിടെ മറിയം വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്. അതുകൊണ്ടു തന്നെ മക്കളില്ലാത്ത വിവാഹിതരും, കന്യകകളായ സ്ത്രീകളും ഈ നോമ്പ് പ്രത്യേകമായി അനുഷ്ഠിക്കുന്നു..

എന്നാൽ ഇത് നിർബന്ധമായി അനുഷ്ഠിക്കണമെന്നു സഭ അനുശാസിക്കുന്നില്ല. മാതൃവണക്കത്തിനു മുൻഗണന നൽകുന്നവർ ആത്മീയ അഭ്യാസമായി ഇത് അനുഷ്ഠിക്കുന്നു..

എട്ടു നോമ്പിന്റെ നിയോഗങ്ങൾ ‍
1. ക്രൈസ്തവർക്കെതിരായിട്ടുള്ള മത മർദ്ദനങ്ങളും വിജാതീയ ശത്രു പീഢകളും അവസാനിക്കുവാൻ.
2. യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ
3. മക്കളില്ലാത്ത ദമ്പതിമാർക്ക് സന്താന സൗഭാഗ്യത്തിന്.
4. വിവാഹ തടസ്സം മാറുവാൻ.
5. തിരുസഭയിൽ മാമ്മോദീസകൾ സമൃദ്ധമാകാൻ.
6. തലമുറകളുടെ സമൃദ്ധിയിലൂടെ ക്രൈസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ.

കൂട്ടുകാരെ, ഇനിയുമുണ്ട് നമുക്ക് അധികം അറിയില്ലാത്ത പാരമ്പര്യങ്ങൾ. ഒട്ടും അന്യംനിന്നു പോകാൻ പാടില്ലാത്തവ. നിങ്ങൾക്ക് എന്റെ ഒരു കൊച്ചു വെല്ലുവിളി: സീറോമലബാർ ക്രമമനുസരിച്ചുള്ള ആഘോഷങ്ങളിൽ നിങ്ങൾക്കറിയാൻ പാടില്ലാത്ത ഒരെണ്ണം കണ്ടുപിടിച്ച് അതു മറ്റുള്ളവരുടെ ഉൽക്കർഷത്തിനായി പങ്കുവയ്ക്കാമോ? ശ്രമിച്ചാൽ തീർച്ചയായും സാധിക്കും, അല്ലെ? നിങ്ങൾക്കു സാധിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. ദൈവം നമ്മളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

Share This Post!