എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ ഇടവകപ്പള്ളിയിൽ, ഈശോയുടെ രാജത്വത്തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. ആഘോഷമായ പാട്ടുകുർബാനയും സുദീർഘമായ പ്രസംഗവും എന്നെ ശാരീരികമായി അല്പമൊക്കെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും, അന്നേ ദിവസം വേദപാഠം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ ഉന്മേഷഭരിതമാക്കി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ, കുർബാനയ്ക്കു ശേഷം ക്രിസ്തു രാജന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ “ക്രിസ്തുരാജൻ ജയിക്കട്ടെ! രാജാധിരാജൻ വാഴട്ടെ” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും, വെളുപ്പും മഞ്ഞയും നിറങ്ങളുള്ള പതാക ആഞ്ഞു വീശിയും കൂട്ടുകാരോടൊത്തു റോഡിന്റെ അരികു പറ്റി നടന്നു പോയ നിമിഷങ്ങളിൽ സകല ഉത്സാഹവും സന്തോഷവും തിരിച്ചു വന്നിരുന്നു എന്നും ഞാനോർക്കുന്നു. ക്രിസ്തു രാജൻ ആരെന്നോ, വിശുദ്ധ കുർബാനയുടെ മഹത്വം എന്തെന്നോ അറിയാത്ത ബാല്യകാലത്തിന്റെ അവിവേകം കർത്താവു പൊറുക്കട്ടെ
ആദിയിൽ, പിതാവായ ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, പുത്രനായ ഈശോയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിൽ നാമിങ്ങനെ വായിക്കുന്നു: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു.” (കൊളോസോസ് 1: 15-17) ദൈവകൃപ നഷ്ടപ്പെടുത്തിയ മനുഷ്യന്റെ ദയനീയ അവസ്ഥ കണ്ടു മനസ്സലിഞ്ഞ സ്വർഗ്ഗപിതാവ്, കാലത്തിന്റെ പൂർത്തിയിൽ തന്റെ അരുമസുതനെ രക്ഷണീയ ദൗത്യവുമായി ഭൂമിയിലേയ്ക്കയച്ചു. “എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയാതീതനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും.” (ഏശയ്യാ 9:6,7)
“അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു.”
മഹാപ്രതാപവാനും സകല നന്മകളുടെയും വിളനിലവുമായ ദൈവത്തെ, അത്യന്തം പാപികളും തിന്മയിൽ ആണ്ടുപോയവരുമായ മനുഷ്യർക്ക് എങ്ങനെ കാണാൻ സാധിക്കും?! ഈശോയുടെ ദൈവത്വം മനുഷ്യരുടെ നഗ്നനേത്രങ്ങൾക്കു കാണാൻ കഴിവില്ല എന്നറിയാവുന്ന സ്നേഹപിതാവ്, സ്വപുത്രനെ മനുഷ്യനായി ഭൂമിയിൽ അവതരിപ്പിക്കാൻ തിരുവുള്ളമായി. സമാഗമകൂടാരത്തിലേയ്ക്കു കർത്താവുമായി സംസാരിക്കാൻ പോകുന്ന മോശയെ ഭയഭക്തികളോടെ ഇസ്രായേൽ ജനത വീക്ഷിക്കുന്നതും, ദൈവത്തിന്റെ മുഖം കാണാൻ കൊതിച്ച മോശയെ ദൈവം വിലക്കിയതും ഇത്തരുണത്തിൽ സ്മരണീയമാണ്. അതുപോലെ തന്നെ, ബൈബിളിലുടനീളം നോക്കിയാൽ ആകാശത്തിനു കീഴിലും ഭൂമിക്കു മുകളിലും മാനവകുലത്തെ രക്ഷിക്കാൻ വേറൊരു നാമവും നല്കപ്പെട്ടിട്ടില്ലെന്ന സത്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്നതും നമുക്കു മനസ്സിലാകും.
ഹേറോദേസ് രാജാവിന്റെ കാലത്ത്, യൂദയായിലെ ബെത്ലഹേമിൽ മറിയത്തിന്റെ പുത്രനായി ഈശോ പിറന്നപ്പോൾ, ശിശുവിനെ അന്വേഷിച്ചു ജ്ഞാനികൾ ജറുസലേമിൽ എത്തി. “അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ. ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്.” (മത്തായി 2:2) ഇതു കേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനാകുകയും ശിശുവിനെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു. സ്വന്തം നിലനില്പിൽ ആശങ്കയുളവായതിനാലാണ് അവൻ അങ്ങനെ ചെയ്തത്. എന്നാൽ, മനുഷ്യന്റെ ദുരയും അധികാരപ്രമത്തതയും ഈശോയുടെ ജനനത്തിനും മരണത്തിനുമിപ്പുറം രണ്ടായിരം വർഷങ്ങൾ താണ്ടിയിട്ടും കെട്ടടങ്ങിയിട്ടില്ല എന്ന് ആനുകാലിക സംഭവങ്ങൾ സാക്ഷ്യം നല്കുന്നു.
രാജാധിരാജനായ ഈശോ, തന്റെ പരസ്യജീവിതകാലത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ ജീവിക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും കരുണ തോന്നി അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ബൈബിളിൽ അങ്ങോളമിങ്ങോളം നാം കാണുന്നുണ്ട്. പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്ന തന്റെ ദൗത്യം പൂർത്തിയാക്കാൻ വേണ്ടി സ്വയം ശൂന്യനായ പുത്രൻ, ശാശ്വതമായ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ജനതകളെ ഉത്ബോധിപ്പിച്ചു. “അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത് (മത്തായി 7: 28) അവന്റെ അഗാധമായ അറിവും പഠിപ്പിക്കാനുള്ള കഴിവും കണ്ടു ജനമെല്ലാം ‘ഇവന് ഈ അറിവെല്ലാം എവിടുന്നു കിട്ടി’ എന്ന് പരസ്പരം ചോദിച്ച് ആശ്ചര്യപ്പെട്ടു. അവന്റെ ജനസമ്മതിയിൽ അസ്വസ്ഥരും അവന്റെ നന്മയിൽ അസൂയാലുക്കളുമായിത്തീർന്ന ഫരിസേയ പ്രമുഖരും പുരോഹിത വൃന്ദവും അവനെ വധിക്കാൻ തക്കം പാർത്തിരിക്കുകയും, ഒടുവിൽ, അവനെ പിടിച്ചു പീലാത്തോസിന്റെ അരമനയിൽ എത്തിക്കുകയും ചെയ്തു.
പീലാത്തോസ് ഈശോയോടു ചോദിച്ചു: “നീ യഹൂദരുടെ രാജാവാണോ?” ഈശോയുടെ ഉത്തരം ഇപ്രകാരമായിരുന്നു: “എന്റെ രാജ്യം ഐഹികമല്ല; ആയിരുന്നെങ്കിൽ ഞാൻ യഹൂദർക്ക് ഏല്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു.” വിസ്മയം പൂണ്ടു പീലാത്തോസ് വീണ്ടും അവിടുത്തോടു ചോദിച്ചു: “അപ്പോൾ, നീ രാജാവാണ് അല്ലെ?” ഈശോയുടെ മറുപടി പീലാത്തോസിന്റെ ചങ്കു തുളയ്ക്കാൻ കെല്പുള്ളതായിരുന്നു. അവിടുന്നു പറഞ്ഞു: “നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്.” സത്യത്തിനു സാക്ഷ്യം നൽകാനാണു താൻ വന്നതെന്നും സത്യമുള്ളവൻ തന്റെ സ്വരം തിരിച്ചറിയുമെന്നും ഈശോ പറഞ്ഞപ്പോൾ പീലാത്തോസിന്റെ മനഃസാക്ഷിക്കോടതിയിൽ അവൻ തന്നെത്തന്നെ വിസ്തരിക്കുകയായിരുന്നു! എന്നാൽ, അധികാരക്കൊതിയും യഹൂദരോടുള്ള ഭയവും മൂലം അവൻ മനഃസാക്ഷിക്കു മുമ്പിൽ കണ്ണടച്ചു; ഈശോ കുരിശുമരണത്തിന് ഏല്പിക്കപ്പെട്ടു! (യോഹന്നാൻ 18)
“നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്.”
ഇഹലോക ജീവിതം നൈമിഷികമാണെന്നും പരലോകം ലക്ഷ്യമാക്കി നീങ്ങുകയാണ് കരണീയമെന്നും നമ്മെ പഠിപ്പിച്ച ഈശോ, നമ്മുടെ സ്വാർത്ഥവും സങ്കുചിതവുമായ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുകയാണ്. ദൈവത്തിന്റെ ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയും ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയുമാണെന്നു നമ്മൾ അറിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. (സങ്കീർത്തനം 90:4) യഹൂദനായി പിറക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്ത അവിടുന്ന് നിയമത്തെ ഇല്ലായ്മ ചെയ്യാനല്ല, പൂർത്തീകരിക്കാനാണു പരിശ്രമിച്ചത്. അവസാന ശ്വാസം വരെ പിതാവിന്റ ഇഷ്ടം അനുവർത്തിക്കുകയും, അവസാന തുള്ളി രക്തം പോലും നമ്മുടെ പാപപരിഹാരാർത്ഥം ചിന്തുകയും ചെയ്ത മിശിഹായും കർത്താവും രാജാധിരാജനുമായ അവിടുത്തെ നമുക്കു കുമ്പിട്ട് ആരാധിക്കാം. മാനുഷികമായ നമ്മുടെ ചിന്തകളും ആധികളും ഈശോയുടെ കുരിശിൻ ചുവട്ടിൽ അർപ്പിച്ച്, അവിടുത്തെ സ്തുതിച്ചു നമുക്കും പ്രാർത്ഥിക്കാം: രാജാധിരാജനായ ഈശോയെ, നീ നിന്റെ രാജത്വത്തിൽ വരുമ്പോൾ ഞങ്ങളെയും ഓർക്കേണമേ!! (ലൂക്കാ 23:42)
രാജാധിരാജനായ ഈശോയെ, നീ നിന്റെ രാജത്വത്തിൽ വരുമ്പോൾ ഞങ്ങളെയും ഓർക്കേണമേ!!