ഞങ്ങൾ എല്ലാവരും ‘ചേട്ടൻ’ എന്നു വിളിക്കുന്ന എന്റെ അപ്പച്ചന്റെ ജ്യേഷ്ഠസഹോദരൻ ജോസഫ്, നാട്ടുകാരുടെ സ്നേഹനിധിയായ “ഔസൊച്ചേട്ടൻ” ആയിരുന്നു. മൂന്നാം സഭയിൽ അംഗമായി, നിത്യ ബ്രഹ്മചാരിയായി, വിശുദ്ധ ജീവിതം നയിച്ച് ഇഹലോകവാസം വെടിഞ്ഞ ചേട്ടന്റെ ജീവിതം എനിക്ക് എന്നും ഒരു മാതൃകയും അത്ഭുതവുമായിരുന്നു. വിശുദ്ധിയുടെ നിറമായ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ചേട്ടന്റെ തലമുടി പോലും മഞ്ഞുകണങ്ങൾ പോലെ തൂവെള്ള ആയിരുന്നു.
എന്നും ഏഴര വെളുപ്പിനുണർന്നു പ്രഭാതപ്രാർത്ഥനകൾ കഴിഞ്ഞ്, കുളിച്ചു വെളുത്ത വസ്ത്രങ്ങളണിഞ്ഞു, വലത്തെ കയ്യിൽ വലിയകൊന്തയും ഇടത്തെ കയ്യിൽ ബാലനായ എന്നെയും പിടിച്ചുകൊണ്ട് തുരുത്തിപ്പുറം പള്ളിമുറ്റത്ത് എത്തുമ്പോൾ, കപ്യാർ ലോനച്ചൻചേട്ടൻ എത്തിയിട്ടുണ്ടാവില്ല. പിന്നെ ചേട്ടന്റെ സ്ഥിരം സ്ഥലമായ പേറു വല്യപ്പന്റെ ഏകാംഗ ഗായകസംഘത്തിന്റെ വലിയ പിയാനോയോട് ചേർന്നുള്ള തൂണിൽ തോളുരുമ്മി നിൽക്കുമ്പോൾ, ചേട്ടന്റെ ശ്രദ്ധ മുഴുവൻ ലത്തീൻ ഭാഷയിൽ വികാരിയച്ചൻ അർപ്പിക്കുന്ന വിശുദ്ധ ബലിയിലെ പ്രതിവചനങ്ങളിൽ ആയിരിക്കും. ബാലനായ എനിക്ക് ആകെ അറിയാവുന്നത് ‘ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..’ എന്ന “ഓറാ പ്രൊ നോബിസ്” മാത്രമായിരുന്നു. ‘മനമങ്ങും മിഴിയിങ്ങും’ എന്നു പറഞ്ഞതുപോലെ, വിശുദ്ധ ബലിയിൽ ദേഹം മാത്രമായിരുന്ന എന്റെ ദേഹിയാകട്ടെ, കുർബാന കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ മുടക്കം വരാതെ നാരായണൻ ചേട്ടന്റെ ഓലമേഞ്ഞ ചായക്കടയിൽ നിന്നും ചേട്ടൻ വാങ്ങി തന്നിരുന്ന ഒരപ്പവും പാലുംവെള്ളവും എന്ന ‘മഹാപ്രതിഭാസത്തിൽ’ തന്നെയായിരുന്നു. ആ ചിന്ത, ‘ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ’ എന്ന് ഉറക്കെ ചൊല്ലാൻ എനിക്ക് തന്നിരുന്ന ഊർജ്ജം ചെറുതൊന്നുമായിരുന്നില്ല.
വളരെ വർഷങ്ങളായി ഒരു മുടക്കവും കൂടാതെ പൊയ്ക്കൊണ്ടിരുന്ന ഞങ്ങളുടെ ഈ യാത്രയിൽ, ഞാൻ വളരെയേറെ കേട്ടിരുന്ന കഥകളിൽ ഏറിയ പങ്കും യൗസേപ്പിതാവിനെക്കുറിച്ചായിരുന്നു. യൗസേപ്പിതാവിന്റെ ലാളിത്യവും, കറയില്ലാത്ത സ്നേഹവും, ഒന്നും പിടിച്ചു വാങ്ങാതെ ഉള്ള ജീവിതവും ഒരു കുട്ടിയായിരുന്ന എന്നോടു പറഞ്ഞു തന്നപ്പോൾ, ചേട്ടൻ കേൾക്കാതെ, ഞാൻ എന്നോടു തന്നെ പലവട്ടം ചോദിച്ചു: “എന്റെ ചേട്ടാ, ഇതൊക്കെ ഉള്ളതു തന്നെയാണോ!” പതിയെ പതിയെ, ഞാനൊരു കാര്യം തിരിച്ചറിഞ്ഞു: ചേട്ടനോടുള്ള എന്റെ ഇഷ്ടം, ചേട്ടൻ ഒത്തിരി സ്നേഹിച്ചിരുന്ന യൗസേപ്പിതാവിലേയ്ക്കും യൗസേപ്പിതാവിന്റെ സംരക്ഷണം ലഭിക്കാൻ ഭാഗ്യം ലഭിച്ച തിരുക്കുടുംബത്തിലേയ്ക്കും വ്യാപിച്ചിരുന്നെന്ന്! അപ്പോൾ മുതൽ, യൗസേപ്പിതാവിനെപ്പറ്റിയുള്ള ചേട്ടന്റെ നിറം പിടിപ്പിച്ച കഥകൾ എനിക്കും പ്രിയങ്കരങ്ങളായി. ചേട്ടനെ വട്ടം ചുറ്റിക്കാനായി ഞാൻ ചോദിച്ച യൗസേപ്പിതാവിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും, സംശയലേശമന്യേ ഉത്തരങ്ങൾ പറഞ്ഞു തന്ന്, ചേട്ടൻ ഒരു ജേതാവായി എന്റെ മുൻപിൽ വിലസി.
യൗസേപ്പിതാവിന്റെ നാമധാരിയും വലിയൊരു ഭക്തനും കൂടിയായിരുന്ന ചേട്ടന്റെ നേതൃത്വത്തിൽ, മാർച്ച് മാസം മുഴുവൻ നീണ്ടു നിന്നിരുന്ന യൗസേപ്പിതാവിന്റെ വണക്കമാസാചരണം, എന്നെ യൗസേപ്പിതാവിലേക്ക് ഏറെ അടുപ്പിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാൻ കഴിയും. മാർച്ച് മാസം തുടങ്ങിയാൽ, എല്ലാ വൈകുന്നേരങ്ങളിലും വണക്കമാസ പാരായണ മത്സരങ്ങളാണ് ഓരോ വീട്ടിലും നടന്നിരുന്നത്. മിക്കപ്പോഴും, ഈ മത്സരങ്ങളിൽ വിജയിച്ചിരുന്നത് തൗണ്ടശ്ശേരി ജോസഫ് ചേട്ടനും ഭാര്യ കൊച്ചുപെണ്ണാത്തി വല്യമ്മയും തന്നെയായിരുന്നു. മുപ്പത്തിയൊന്നാം തീയ്യതിയിലെ സമാപനദിവസം, കമ്പിത്തിരി, മത്താപ്പൂ, ഓലപ്പടക്കം എന്നിവയുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ വിതരണം ചെയ്തുപോന്ന ശർക്കരപ്പായസം, ഇന്നും, രുചിയൂറും ഓർമ്മയായി നിൽക്കുന്നു. വിവിധയിനം പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച യൗസേപ്പിതാവിന്റെ രൂപക്കൂടിനു മുന്നിൽ, നിരയായി കത്തിച്ചുവച്ച മെഴുകുതിരി പ്രകാശത്തിൽ, മണിക്കൂറുകളോളം ചേട്ടൻ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചിരുന്നത്, എന്റെ കുഞ്ഞു ഹൃദയത്തിൽ യൗസേപ്പിതാവിനോടുള്ള വിശ്വാസം ആഴത്തിൽ വേരോടാൻ ഇടയാക്കി. യൗസേപ്പിതാവിനെ അതിരറ്റു സ്നേഹിച്ചിരുന്ന എന്റെ ‘ചേട്ടൻ’ ഇതുപോലെ ഒരു മാർച്ച് മാസത്തിൽ വണക്കമാസം തുടങ്ങി നാലാം ദിവസം അങ്ങ് സ്വർഗ്ഗത്തേക്കു യാത്രയായതും, തന്നെ അത്രകണ്ട് സ്നേഹിച്ച ഒരു ഭക്തന് യൗസേപ്പിതാവ് കൊടുത്ത ഒരു സമ്മാനമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
മരണത്തിന്റെ ഇരുൾവീണ താഴ്വരയിൽ, രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് യൗസേപ്പിതാവ്. ദൈവികസ്വരങ്ങൾക്കു സംശയമെന്യേ കാതു നൽകുന്ന നിർമ്മല മനഃസാക്ഷിയായ ആ നല്ല അപ്പൻ, നസ്രത്തിലെ തിരുക്കുടുംബത്തിൽ സ്വയം ബലിയാകാൻ സമ്മതമരുളിയപ്പോൾ, സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. യൗസേപ്പിതാവിനെ നമുക്കും സ്നേഹിക്കാം, നമ്മുടെ നല്ല അപ്പനായി. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കാലം, ഭൂമിയിലെ നമ്മുടെ കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.
തിരുക്കുടുംബത്തിനു വേണ്ടി ത്യാഗം സഹിക്കാൻ സദാ സന്നദ്ധനായ വിശുദ്ധ യൗസേപ്പിനെപ്പോലെ, ആയിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ ഉന്നമനത്തിനും സംതൃപ്തിക്കും വേണ്ടി സ്വയം ബലിയാകാനും, ഏതു പുതിയ സംരംഭത്തിനും തുടക്കം കുറിക്കാനും, അതു വിജയകരമാക്കിത്തീർക്കാനും, എനിക്കു ശക്തി ലഭിക്കുന്നത്, ‘ചേട്ടൻ’ എന്നിലേയ്ക്കു പകർന്ന യൗസേപ്പിതാവിനോടുള്ള സ്നേഹമാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ പ്രശ്നസമയങ്ങളിൽ, എന്റെ വഴികാട്ടിയായും, തുണയായും, അദൃശ്യസാന്നിധ്യമായും വിശുദ്ധ യൗസേപ്പിതാവ് എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ ആരെ ഭയപ്പെടണം?
എന്റെ പ്രശ്നസമയങ്ങളിൽ, എന്റെ വഴികാട്ടിയായും, തുണയായും, അദൃശ്യസാന്നിധ്യമായും വിശുദ്ധ യൗസേപ്പിതാവ് എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ ആരെ ഭയപ്പെടണം?
യേശുവിന്റെ വളർത്തു പിതാവായ യൗസേപ്പിതാവിനെപ്പൊലെ, ജീവസമർപ്പണത്തിന്റെ നന്മാതൃകകളായ പിതാക്കന്മാർ ഓരോ ഭവനത്തിലും ഉണ്ടാവട്ടെ എന്ന്, ജീവിതം ത്യാഗോജ്ജ്വലമാക്കിയ യൗസേപ്പിതാവിനോടുതന്നെ നമുക്കു പ്രാർത്ഥിക്കാം.