ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യം, ദാരിദ്ര്യനിർമ്മാർജ്ജനത്തിനോ, അതിനുതകുന്ന സാങ്കേതികതവിദ്യ വികസപ്പിക്കുന്നതിനോ ഊന്നൽ കൊടുക്കാതെ, എന്തിന് ബഹിരാകാശ പര്യവേക്ഷണത്തിനു പണം ചെലവഴിക്കണം? ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ, ഭാവിയിലേക്കുള്ള ഗതി സജ്ജീകരിക്കുന്നതിനു വേണ്ടിത്തന്നെ.
നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ വിത്ത് നടുന്നത് സങ്കൽപ്പിക്കുക. കാലം കടന്നുപോകുമ്പോൾ, ആ വിത്ത് നിങ്ങൾക്കും പക്ഷി-മൃഗാദികൾക്കും, തണലും, ഫലമൂലാദികളും, പാർപ്പിടവും, എണ്ണമറ്റ ഓർമ്മകളും നൽകിക്കൊണ്ട് ഉയർന്ന മരമായി വളരുന്നു. ബഹിരാകാശ പര്യവേക്ഷണം ഒരു മരത്തിന്റെ വിത്ത് നടുന്നതു പോലെയാണ്. പക്ഷെ, ശാഖകൾക്കും ഇലകൾക്കും പകരം അറിവിന്റെയും നവീകരണത്തിന്റെയും വനമായി അതു വളരുന്നു. ഇത്തരം പര്യവേക്ഷണങ്ങൾ നമുക്ക് ഉടൻ ഫലങ്ങൾ നൽകില്ല. പക്ഷെ, അവ നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടിയുള്ള ഒരു പാരമ്പര്യം വളർത്തിയെടുക്കുന്നതിന്റെ ആരംഭമായി മാറും – അവർക്ക് പര്യവേക്ഷണം തുടരാനും, പ്രയോജനം നേടാനുമുള്ള ഒരു പാരമ്പര്യത്തിന്റെ തുടക്കം.
അറിവ് അതിൽ തന്നെ പൂർണമാണ്, നിഷ്പക്ഷവും. പക്ഷെ അറിവ് മനുഷ്യരിൽ പ്രകടമാവുമ്പോൾ അത് പരിപ്രേഷ്യത്തിലെ വ്യതിയാനത്തിലേയ്ക്കും, തദ്വാരാ, സ്വയം നവീകരണത്തിലേക്കും നയിക്കും. ‘അറിയാൻ വേണ്ടി മാത്രം അറിയാൻ ശ്രമിക്കുന്നത്’ ശ്രഷ്ഠതയുടെ പ്രതീകമായി എല്ലാ സംസ്കാരങ്ങളും കണ്ടിരുന്നതും അക്കാരണത്താൽ തന്നെയാണ്. ബഹിരാകാശഗവേഷണം പോലുള്ള അടിസ്ഥാന ശാസ്ത്ര ഗവേഷണം, അങ്ങനെ അറിയാൻ വേണ്ടി അറിയാൻ ശ്രമിക്കുന്നതാണ്. അതിലൂടെ കണ്ടെത്തുന്ന അറിവിന്റെ ഫലം മനുഷ്യരിൽ രണ്ടു രീതിയിൽ പ്രകടമാകും.
ഒന്നാമതായി, ചിന്തയുടെയും അറിവിന്റെയും പാരസ്പര്യം സാംസ്കാരിക മുന്നേറ്റത്തിന് കാരണമാവും. കൈവന്ന അറിവിലൂടെ വന്നു ഭവിക്കുന്ന പരിപ്രേഷ്യവ്യതിയാനമാണ് മിക്കപ്പോഴും ഇത്തരം മുന്നറ്റങ്ങളുടെ മൂലകാരണങ്ങളായിതീരാറുള്ളത്. ഉദാഹരണത്തിന്, ഭൂമി പരന്നതാണെന്നും, മറ്റ് ആകാശഗോളങ്ങൾ ഭൂമിയെ ചുറ്റുകയാണ് എന്നുമുള്ള സഹസ്രാബ്ദങ്ങൾ നീണ്ട ധാരണയെ തിരുത്തിയെഴുതിയത്, പ്രത്യേകമായി പ്രായോഗിക നേട്ടങ്ങളോ, തൽക്ഷണം ഉപയോഗമോ ഒന്നും ഇല്ലാതെ ‘മാനത്തു നോക്കി നക്ഷത്രമെണ്ണി ‘ നടന്ന കോപ്പര്നിക്കസും, കേപ്പ്ലറും ആണ്. അവരുടെ പിൻഗാമികളായി വന്ന ഗലീലിയോയും ന്യൂട്ടനും ഈ അറിവുകളെ പൂർത്തീകരിക്കുകയും, തൽഫലമായി, പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെയും, അതുവഴി, മത/തത്വദർശനങ്ങളെയും മാറ്റിമറിക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ, വെറും കൗതുകത്തിനു ചിലവാക്കുന്ന പണം എന്ന് തോന്നാവുന്ന സ്പേസ് ടെലിസ്കോപ്പുകൾ- ചന്ദ്ര, ഹബ്ബിൾ, JWST മുതലായവ അടിസ്ഥന ശാസ്ത്രത്തിൽ വലിയ പുരോഗതി കൈവരുത്താൻ സഹായിച്ചിട്ടുണ്ട്. മറ്റൊരു ഉദാഹരണം പറഞ്ഞാൽ, പരിണാമ സിദ്ധാന്തവും, ഏതാണ്ട് അതേ സമയത്തു തന്നെ തുടങ്ങിയ മെൻഡലിയൻ ജനറ്റിക്സും, പ്രത്യക്ഷത്തിൽ പ്രായോഗികമായ ഉപയോഗം മുൻപിൽ കണ്ടു തുടങ്ങിയ ഗവേഷണങ്ങളോ, സിദ്ധാന്തങ്ങളോ അല്ലായിരുന്നെങ്കിലും, പിൽക്കാലത്തു അവ അതുവരെയുള്ള മനുഷ്യരാശിയുടെ ജീവശാസ്ത്രസംബന്ധിയായ പരിപ്രേക്ഷ്യത്തെ സമൂലം മാറ്റിയെഴുതാൻ കാരണമായി.
രണ്ടാമതായി, അടിസ്ഥാന ശാസ്ത്രത്തിലെ ഗവേഷണത്തിലൂടെ കൈവരുന്ന അറിവിന്റെ പ്രയോജനക്ഷമതയാണ്. കുറച്ചുകൂടി പരിചിതവും, നിതാന്തമായ തർക്കത്തിനു കാരണവുമായ കാര്യം. ശാസ്ത്രവും – അറിവിന്റെ ഉല്പാദനവും സാങ്കേതിക വിദ്യക്കും, അനുദിന ജീവിതത്തിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മാത്രം വേണ്ടിയാകണോ, അതോ നികുതിദായകന്റെ പണം ദന്തഗോപുര വാസികളായ പണ്ഡിതരുടെയും ദാർശിനികരുടെയും ജിജ്ഞാസ ശമിപ്പിക്കാൻ വേണ്ടി മാത്രം ധൂർത്തടിക്കണോ എന്ന തർക്കം.
ചരിത്രപരമായി നോക്കിയാൽ, അടിസ്ഥാന ശാസ്ത്രം നടത്തിയ കണ്ടെത്തലുകൾ ഉടനടി പ്രയോജനപ്പെട്ടില്ലെങ്കിലും, കാലക്രമത്തിൽ, സാങ്കേതിക വിദ്യയ്ക്കും അതുവഴി മനുഷ്യർക്ക് ഉപയോഗപ്രദമായ മറ്റു നേട്ടങ്ങൾക്കും ഉപകാരപ്രദമായിത്തീർന്നിട്ടുണ്ട്. ഉദാഹരണമായി, മുൻപ് പറഞ്ഞ കോപ്പര്നിക്കസിന്റെയും, കേപ്പ്ൾറിന്റെയും, ഗലീലിയോയുടെയും പഠനങ്ങളാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിനും, ചലന നിയമങ്ങൾക്കും നിദാനമായത്. ആ അർത്ഥത്തിൽ നോക്കിയാൽ, മോഡേൺ മെക്കാനിക്കൽ ഉപകരണങ്ങളുടെ അടിസ്ഥാനം ന്യൂട്ടനു മുൻപേ കോപ്പർനിക്കസ് നടത്തിയ പഠനങ്ങൾ ആണെന്ന് കാണാം. മറ്റൊരുദാഹരണം പറഞ്ഞാൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പൊതുജനത്തിന് യാതൊരു താല്പര്യമോ ഉപകാരമോ ഇല്ലാതെ, ഗവേഷണശാലകളിൽ മാത്രം നടന്നിരുന്ന അണു-കണികാ പരീക്ഷണങ്ങളാണ് പല ദശകങ്ങൾക്കു ശേഷം ആണവോർജത്തിന്റെ നിയന്ത്രണശേഷിയും, മോഡേൺ ഡയഗ്നോസിസ് (MRI, PET, X-ray, റേഡിയേഷൻ തെറാപ്പി etc), ഇലക്ട്രോണിക്സ് (ക്വാണ്ടം മെക്കാനിക്സ്, സബറ്റോമിക് കണങ്ങളുടെ കണ്ടുപിടുത്തം എന്നിവയൊക്കെയാണ് പിൽക്കാലത്തു ട്രാന്സിസ്റ്ററിന്റെയും, ഐസി യുടെയും, LED യുടെയും നിർമാണത്തിന് കാരണമായി മാറിയത്) എന്നിവയുടെയൊക്കെ അടിസ്ഥാനമായി മാറുകയും ചെയ്തത്. അങ്ങനെ അടിസ്ഥാന ശാസ്ത്രമാണ് പിൽക്കാലത്തു സാങ്കേതിക വിദ്യയ്ക്കു വേണ്ട അസംസ്കൃത വസ്തു എന്നറിയാവുന്നതുകൊണ്ടാണ് സർക്കാരുകൾ അതിൽ പണംചെലവഴിക്കുന്നത്. നല്ലൊരുദാഹരണം, ഇപ്പോൾ നടക്കുന്ന ഒരു പ്രശസ്തമായ പരീക്ഷണമാണല്ലൊ സ്വിറ്റ്സർലാൻഡിലെ ‘ദൈവ കണം’ കണ്ടെത്തിയ LHC. 40000 കോടിയിൽപരം രൂപ നിർമ്മാണച്ചെലവും, 8000 കോടിയിലധികം പ്രതിവർഷം ഓപ്പറേഷനൽ കോസ്റ്റുമുള്ള ഈ പടുകൂറ്റൻ യന്ത്രവും, അതിന്റെ പരീക്ഷണ ഫലങ്ങളും ഒന്നും ഇപ്പോൾ പ്രത്യക്ഷത്തിൽ പ്രയോജനപ്രദമല്ല. മറ്റൊരു സമകാലിക ഉദാഹരണം പറഞ്ഞാൽ, ഇപ്പോൾ തമിഴ്നാട്ടിൽ നിർമാണാനുമതി കാത്തു കിടക്കുന്ന India-Based Neutrino Observatory (INO). പ്രത്യക്ഷത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്ത, നിരുപദ്രവകാരികളായ, ദ്രവ്യവുമായി ബന്ധം പോലുമില്ലാത്ത ഈ ന്യൂട്രിനോ കണങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമായാണ്. അക്കാദമിക് ഇന്റെരെസ്റ്റിനു അപ്പുറം ഒന്നുമല്ലാതിരുന്ന ആപേക്ഷികതാ സിദ്ധാന്തം ഏതാണ്ട് നൂറു വർഷങ്ങൾക്കിപ്പുറം GPS ലും നാവിഗേഷനിലും ഒക്കെ അതിന്റെ പ്രായോഗികമാനം കണ്ടത്തിയതും ചരിത്രം. ജീവശാസ്ത്രത്തിൽ, മനുഷ്യന്റെ ജനിതക ഘടന കണ്ടെത്താൻ വേണ്ടിയുള്ള ഹ്യൂമൻ ജീനോം പ്രൊജക്റ്റ് 30 വർഷങ്ങൾക്കു മുമ്പ് ചെലവഴിച്ചത് ഏതാണ്ട് 25000 കോടി രൂപയാണ്. ഗവേഷകർക്ക് പോലും മുൻകൂട്ടി കാണാൻ കഴിയാത്ത വിധം ഇത്തരം ‘നിക്ഷേപങ്ങൾ’ വരും ദശകങ്ങളിൽ മരുന്ന് /ചികിത്സാരംഗത്ത് വൻ കുതിച്ചു ചാട്ടങ്ങൾക്കു വഴിവയ്ക്കും. അങ്ങനെ, അടിസ്ഥാന ശാസ്ത്രഗവേഷണം ഭാവിയിൽ ഉപകാരപ്രദമായി മാറിയതിന്റെ ധാരാളം കഥകൾ ചരിത്രത്തിലുണ്ട്.
ചന്ദ്രയാൻ 3 പോലുള്ള പര്യവേഷണങ്ങളിലൂടെ ഇന്ത്യ തുടരുന്നത് ഇത്തരം ശ്രമങ്ങളാണ്. ഉടൻ ‘പ്രയോജനം’ ലഭിച്ചില്ലെങ്കിലും, വരുംകാലങ്ങളിൽ നമുക്കിപ്പോൾ സങ്കല്പിക്കാൻ പോലും ചിലപ്പോൾ പറ്റാത്ത ഉപയോഗം അവയ്ക്കുണ്ടായേക്കാം. ചന്ദ്രയാൻ 3 പഠിക്കാൻ ശ്രമിക്കുന്നത് ചന്ദ്രോപരിതലത്തിലെ താപനില, മണ്ണിന്റെ ധാതു-ലവണ ഘടന, കോമ്പോസിഷൻ, ചന്ദ്രന്റെ ആന്തരികഘടന ഇവയൊക്കെയാണ്. ഇവയൊന്നും ഉടനടി പ്രയോജനപ്പെട്ടെന്നു വരില്ല. പക്ഷെ, തീർച്ചയായും കാലം അതിന്റെ ഉപയോഗം കണ്ടെത്തും. ഒരുപക്ഷെ ചന്ദ്രോപരിതലത്തിൽ ജീവതന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയാൽ, അവ ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള നമ്മുടെ പരിപ്രേക്ഷ്യത്തെ തിരുത്തിയേക്കാം. അല്ലെങ്കിൽ,, കൊമേഴ്സ്യൽ പൊട്ടൻഷ്യൽ ഉള്ള ധാതു-ലവണങ്ങൾ കണ്ടെത്തിയേക്കാം. ചിലപ്പോൾ, ഭൂമിയുടെ തന്നെ ഉത്പത്തിയിലേക്കുള്ള അറിവുകൾ പ്രദാനം ചെയ്യാൻ ചന്ദ്രഘടനയെക്കുറിച്ചുള്ള ഈ അറിവുകൾ നമ്മെ സഹായിച്ചേയ്ക്കാം.
1.3 ബില്യൺ ഡോളറിന്റെ വാർഷിക ബഡ്ജറ്റിൽ നിന്നാണ് ISRO ഇതൊക്കെ സാധ്യമാക്കുന്നത്. കോസ്റ്റ് ഫാക്ടർ അഡ്ജസ്റ്റ് ചെയ്താൽ പോലും, നാസയുടെ 24 ബില്യൺ ഡോളർ ബഡ്ജറ്റിന്റെ മുൻപിൽ ഇത് തുച്ഛമായ തുക മാത്രമാണ്. ഇന്ത്യയുടെ 3.2 ട്രില്യൺ ഡോളർ ജിഡിപിയിൽ നിന്ന് 45 മില്യൺ ഡോളർ അത്തരം അഭിമാനകരവും ശക്തവുമായ ബഹിരാകാശ പര്യവേക്ഷണത്തിനായി ചെലവഴിക്കുന്നത്, ചുരുക്കത്തിൽ, മിതവ്യയവും പൂർണ്ണമായും ന്യായീകരിക്കാവുന്നതുമാണ്. കൂടാതെ, ഇത്തരം വിജയങ്ങൾ സ്വകാര്യ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും. ഉദാഹരണത്തിന്, ഇപ്പോൾ തന്നെ ഇന്ത്യയിൽ ബഹിരാകാശരംഗത്തെ സ്വകാര്യനിക്ഷേപം 6 ബില്യൺ ഡോളർ കടന്നു. വരും വർഷങ്ങളിൽ പല മടങ്ങാണ് ഇതിൽ വളർച്ച പ്രതീക്ഷിക്കുന്നത്.
പൗരാണിക ഭാരതത്തിൽ വിമാനം പറപ്പിച്ചിരുന്നു, തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു എന്നൊക്കെയുള്ള ബൗദ്ധിക അപകർഷതാ ബോധത്തെ മറികടക്കാനുള്ള വികലമായ ശ്രമങ്ങളും, അതിരുവിട്ട നർസിസത്തിന്റെ പ്രകടനങ്ങളും പോലെയല്ല ഇത്തരം ശരിയായ നേട്ടങ്ങൾ. കണാദ മഹർഷിയുടെയും, ചരക-സുശ്രുത മഹർഷിമാരുടെയും, ആര്യഭടന്റെയും, മധ്വാചാര്യരുടെയും, ഭാസ്കരാചാര്യരുടെയും, രാമാനുജന്റെയും, സി .വി. രാമന്റെയും, സത്യേന്ദ്രനാഥ ബോസിന്റേയും ഒക്കെ വൈഞ്ജാനിക പാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരായ നൂറു കണക്കിന് ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെയും, വിയർപ്പിന്റെയും, കണ്ണീരിന്റെയും യഥാർത്ഥമായ വിജയമാണ്. ഇത്തരം വലിയ നേട്ടങ്ങളിലൂടെ കൈവരുന്ന ദേശീയോദ്ഗ്രഥനത്തിനു പുറമെ, അത് ഇന്ത്യയുടെ നാനാഭാഗത്തുമുള്ള മിടുക്കരായ കൊച്ചുകുട്ടികളെയും വിദ്യാർത്ഥികളെയും പ്രചോദിപ്പിക്കുകയും ചെയ്യും.
ശാസ്ത്ര-സാമ്പത്തിക രംഗങ്ങളിലെ നേരിട്ടുള്ള പ്രയോജനങ്ങൾ കൂടാതെ രാജ്യത്തിൻറെ നയതന്ത്രത്തിലും, ഇത്തരം പര്യവേക്ഷണങ്ങൾ ഉപകരിക്കും. എല്ലാ രാജ്യങ്ങളും അവയുടെ ‘സോഫ്റ്റ് പവർ’ വികസിപ്പിക്കാൻ നേരിട്ടും അല്ലാതെയും ധാരാളം പണം ഇൻവെസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം വലിയ ശാസ്ത്ര നേട്ടങ്ങൾ അത്തരം ‘ബ്രാൻഡ് ബിൽഡിങ്ങിൽ’ ഏറെ പ്രയോജനപ്പെടും. ഉദാഹരണത്തിന്, ഇനിയുളള കാലം മുഴുവൻ ലോകത്തിലെ എല്ലാ സ്ഥലത്തും സമയത്തുമുള്ള വിദ്യാർഥികൾ പഠിക്കാനും ഓർക്കാനും പോകുന്നത് ചന്ദ്രനിൽ ജലം കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞരാണ്, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പേടകം എത്തിച്ചത് ഇന്ത്യൻ ബഹിരാകാശ ഗവേഷകരാണ് എന്നൊക്കെയായിരിക്കും. അത്തരം ഓർമ്മകൾ ക്രമേണ മനുഷ്യരുടെ കളക്ടീവ് മെമ്മറിയിൽ ഉറയ്ക്കും; ഒപ്പം രാജ്യത്തിന്റെ പേരും!
ബഹിരാകാശ പര്യവേക്ഷണം ഒരു ഫാൻസി ഹോബിയല്ല, ലക്ഷുറിയും അല്ല. ബഹിരാകാശ ഗവേഷണത്തിൽ നിന്നും നമ്മൾ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ—സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ പ്രവചനം എന്നിവ പോലെ—അവസാനം അത് നമ്മുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നു. ബഹിരാകാശ പര്യവേക്ഷണം റോക്കറ്റ് ശാസ്ത്രജ്ഞരുടെ മാത്രം ഇടമല്ല, മറിച്ച്, ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ദാർശനികരും ഒത്തുചേരുന്നിടമാണത്. അത് ജിജ്ഞാസുക്കളായ മുഴുവൻ മനുഷ്യരുടേതുമാണ്. പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനുള്ള വഴി വിശാലമോ എളുപ്പമുള്ളതോ അല്ല; അത് പര്യവേക്ഷണത്തിന്റെയും പഠനത്തിന്റെയും ത്യാഗത്തിന്റേതുമായ കഠിനവഴിയാണ്. നമ്മൾ ബഹിരാകാശ ഗവേഷണത്തിൽ സമയവും സമ്പത്തും നിക്ഷേപിക്കുമ്പോൾ, നമ്മൾ നമ്മുടെ ഭാവിയിലേയ്ക്കു തന്നെയാണ് മുതൽക്കൂട്ടുന്നത്. പര്യവേക്ഷണം ചെയ്യുകയും, പഠിക്കുകയും ചെയ്യുന്നതിലൂടെ, ഭാവിയിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു ലോകത്തെ നമ്മൾ പരിപോഷിപ്പിക്കുയാണ് ചെയ്യന്നത്.
അപ്പോൾ, എന്തിന് ഇന്ത്യ ബഹിരാകാശ പര്യവേക്ഷണത്തിനു പണം ചെലവഴിക്കണം എന്നു ചോദിച്ചാൽ, കേവലം നക്ഷത്രങ്ങളെക്കുറിച്ചും, ആകാശഗോളങ്ങളെക്കുറിച്ചും പഠിക്കാൻ വേണ്ടി മാത്രമല്ല, നമ്മുടെ ജിജ്ഞാസ ഉണർത്താനും അറിവിന്റെ വളർച്ചയെ പരിപോഷിപ്പിക്കാനും വരും തലമുറകൾക്ക് പുരോഗതിയുടെ വിത്തുകൾ പാകുവാനും വേണ്ടിക്കൂടിയാണ് എന്നു നിസ്സംശയം പറയാം.
വിത്തെടുത്തു കുത്തരുത് എന്നാണല്ലോ!