വളരെ തിരക്കുള്ള ഒരു ദിവസത്തിൻറ അവസാനം. അകലെ അസ്തമയ സൂര്യൻ ഉജ്ജ്വലമായി പ്രകാശിക്കുന്നു. എരിഞ്ഞടങ്ങുന്നതിനു മുമ്പുള്ള അവസാന കത്തിക്കാളൽ!!! പകലത്തെ ശബ്ദകോലാഹലങ്ങൾക്കു ശേഷം രാത്രിയിലെ ഈ നിശ്ശബ്ദത അപരിചിതമായി തോന്നുന്നു. മണിക്കൂറിൽ മുന്നൂറു മൈൽ വേഗത്തിൽ പോകുന്ന ഒരു തീവണ്ടി, ആരോ ബലമായി പിടിച്ചു നിർത്തിയതു പോലെ. ചിന്തയിൽ ലയിച്ച് യാന്ത്രികമായി കാറിൽ കയറി. റേഡിയോയിൽ ആരൊക്കെയോ ഡെമോക്രാറ്റിക്, റിപ്പബ്ളിക് സാധ്യതകളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നു. അപ്പോഴേയ്ക്കും, വയറിന്റെ വിളിയും തുടങ്ങി. സ്റ്റോപ്പ് സൈനിൽ നിർത്തി, അശ്രദ്ധമായി വണ്ടിയെടുത്ത ഞാൻ, ഇടതു വശത്തു നിന്നു വന്ന വണ്ടി കണ്ടതേയില്ല. ദൈവകൃപയാൽ ഒരു അപകടം ഒഴിവായി. മറ്റേയാളോടു ക്ഷമ പറഞ്ഞ്, അസ്ത്രപ്രഞ്ജയായി വണ്ടി മുന്നോട്ടെടുത്തു. എന്റെ അശ്രദ്ധയിൽ സ്വയം പരിതപിച്ചു, കാറിന്റെ ചില്ലു താഴ്ത്തി, റേഡിയോയും നിർത്തി മെല്ലെ മുന്നോട്ട്.. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ അല്പം നിശ്ശബ്ദത തന്നെ വേണം.
ജീവിതം എന്ന ഈ തീവണ്ടി, വിജയം എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം സഞ്ചരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? വേഗത്തിൽ മാഞ്ഞുപോകുന്ന മുഖങ്ങൾ, ബന്ധങ്ങൾ, ഒരിക്കലും മനസ്സിലാക്കപ്പെടാതെ പോകുന്ന സഹജീവികൾ! അവനവന്റെ കുറവുകളും വീഴ്ചകളും പോലും നമ്മൾ അറിയാതെ പോകുന്നു. നമ്മുടെ ഉൽകണ്ഠകളും മന:ക്ലേശങ്ങളും അന്തഃസംഘർഹങ്ങളും എല്ലാം ഒരു പരിധിവരെ, നാം നമ്മെ തന്നെ കാണുകയോ ശ്രവിക്കുകയോ ചെയ്യാത്തതു കൊണ്ടുണ്ടാകുന്നവയല്ലേ? അതറിയാൻ നിശ്ശബ്ദത തന്നെ വേണം. ഫയോദർ ദസ്തയേവ്സ്കിയുടെ “കാരമസോവ് സഹോദരൻമാർ” എന്ന കഥയിലെ മാർക്കെലിന്റെ അന്ത്യവിലാപം നമ്മുടേതുമല്ലേ? “എനിക്ക് ചുറ്റും ഈ പ്രപഞ്ചം എല്ലായ്പ്പോഴും ഈശ്വരപ്രസാദത്തിൽ നിമഗ്നമായിരുന്നു. കിളികളും മരങ്ങളും പുൽമേടുകളും അനന്തവിഹായസുമൊക്കെ അതിന്റെ പ്രതീകങ്ങളായിരുന്നു. അതിനിടയിൽ, ലജ്ജാകരമായ രീതിയിൽ ഒന്നിന്റെയും സൗന്ദര്യമോ മഹത്വമോ കാണാതെ ഞാനിങ്ങനെ..”
കൂകിപ്പായുന്ന ഈ തീവണ്ടിയുടെ വേഗം ഒന്നു കുറച്ചാലോ? നമ്മുടെ ഏകാഗ്രമായ നിമിഷങ്ങളെ പ്രാർത്ഥനയിലോ, പ്രകൃതിയുമായ് ഇണങ്ങുന്നതിലോ, മറ്റുള്ളവരുടെ കൂടെ ആയിരിക്കുന്നതിലോ ഒക്കെ നമുക്കു നിക്ഷേപിക്കാം. അപ്പോൾ, ആത്മസംതൃപ്തിയും സന്തോഷവും നമുക്കു ലാഭമായ് വന്നു ചേരും. സർഗ്ഗശക്തിയെ തുറന്നു വിട്ട്, നൂതനചിന്തകളെ വളർത്തുന്നതിനും, പ്രശ്നങ്ങളെ നേരിടാനുള്ള ക്ഷമ കൈവരിച്ചു മനസ്സിനെ സ്വച്ഛമാക്കാനും നിശ്ശബ്ദതതയ്ക്കു കഴിയും. ദിവസേനയുള്ള, കുറച്ചു നേരത്തെ പരിപൂർണ്ണ നിശ്ശബ്ദതത, തലച്ചോറിലെ (ഹിപ്പോകാമ്പസ്- ഓർമ്മ ശക്തി, വികാരങ്ങൾ) കോശങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നും, ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുമെന്ന്നും ചില പഠനങ്ങൾ കാണിക്കുന്നു. ശബ്ദമില്ലായ്മയല്ല, മറിച്ച്, മനുഷ്യ നിർമ്മിത സ്വരങ്ങളെ കുറയ്ക്കുന്നതാണ് നിശ്ശബ്ദത. യഥാർത്ഥ വിപ്ലവം നിശ്ശബ്ദതയിലാണു സംഭവിക്കുന്നത്. പ്രശാന്തതയിൽ ദൈവം നമ്മെ കേൾക്കുന്നു. നമ്മുടെ ആത്മാവാകട്ടെ, ദൈവത്തിന്റെ നിമന്ത്രണം ശ്രവിക്കുകയും അവിടുത്തെ മുഖാമുഖം കാണുകയും അവിടുത്തെ തിരുമുമ്പിൽ നാമാരാണെന്നു ഗ്രഹിക്കുകയും ചെയ്യുന്നു.
അന്നാദ്യമായ്, അസ്തമയസൂര്യൻ നനുത്ത കിരണങ്ങളാൽ താഴ്വരകളെ തഴുകുന്നതും, വഴിയുടെ വശങ്ങളിലായി പലവർണ്ണത്തിലുള്ള പൂക്കളാൽ നിറഞ്ഞ ലൈലാക് മരങ്ങൾ തലയാട്ടുന്നതും, ദേശാടനപ്പക്ഷികൾ നേർവരയിൽ പറക്കുന്നതും, ഒരമ്മ തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം മാറോടണയ്ക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഞാൻ സന്തോഷവതിയായിരുന്നു.