നോവിപ്പതേ പാപം
അഞ്ചുനാൾ വേലചെയ്തീശനവൻ ചേലിലൊരുക്കിയവനി,യിഹ എത്ര ചേതോഹരം സർവമെന്നു ചിത്തേ നിരൂപിച്ചു സന്തുഷ്ടനായ്. ആറാംദിനം സൃഷ്‌ടവസ്തുക്കളെ പാലനം ചെയ്യാൻ മെനഞ്ഞു നമ്മെ; പേരുവിളിക്കുവാൻ ഉല്ലസിക്കാൻ പാരിതിൽ ദൈവത്തിൻ കൂട്ടാകുവാൻ. നമ്മളഹന്തയാൽ കെട്ടു പോയി, നന്മവൃക്ഷത്തിൻ ഫലമിറുത്തു, ലജ്ജയില്ലാതെ കലഹിക്കയാൽ തമ്പുരാനെ വ്യസനത്തിലാഴ്ത്തി. കണ്ണിൽ കനലുമായ്, ദുഃഖസാന്ദ്രം വിണ്ണവൻ നിന്നു വിചാരമാർന്നു, കണ്ഠമിടറിയും ദണ്ഡമോടും കരുണാമയൻ പിന്നെ ചൊല്ലിയേവം: "മുൾക്കാടു പൂക്കുന്ന കാലമാണ്, സർപ്പമിഴയുന്ന നേരമാണ്, വേർപ്പിന്റെ ഉപ്പു ചേർത്തുണ്ണണം നീ, മക്കളെ നൊന്തു പ്രസവിക്കണം, രക്ഷകൻ ദൈവമെടുത്തു കൊള്ളും സർവ്വദുഃഖങ്ങളും തന്റെ തോളിൽ, നോവു നൽകീടൊല്ല മേലിലാർക്കും, നോവിപ്പതല്ലയോ പാപ,മോർത്താൽ!"
ജനം
ജനം (കവിത) പൗലോസിന്റെ കയ്യിൽ പാമ്പു ചുറ്റി! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു കൊലപാതകി തന്നെ; കടലിൽ നിന്നു രക്ഷപെട്ടെങ്കിലും, ദൈവം ഇവനെ വെറുതെ വിട്ടില്ല, ഇവൻ ഉടനെ നീരു വന്നു മരിക്കും.. പൗലോസാകട്ടെ, ആ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു തീ കാഞ്ഞുകൊണ്ടിരുന്നു. അവന് ഒന്നും സംഭവിച്ചില്ല! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു ദേവനാണ്! നമുക്കിവനെ ആരാധിക്കാം!! പൗലോസ് ആത്മഗതം ചെയ്തു: അവരെ ഗൗനിക്കേണ്ടാ.. അവർ കാറ്റിനൊത്തു ചരിക്കുന്നവർ!! നാളെ അവരെന്നെ കല്ലെറിയുകയും കൊല്ലുകയും ചെയ്യും .. ദൈവത്തിനു സ്തുതി.. (അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 28 : 3-6)
മാക്സിമില്ല്യൻ കോൾബെ
മാക്സിമില്ല്യൻ കോൾബെ (കവിത) ഞാൻ ഫ്രാൻസിസെക് ! നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ പട്ടിണി മരണത്തിനു വിധിക്കപ്പെട്ട പത്തു പേരിൽ ഒരാൾ!! എനിക്കു പകരക്കാരനായി മരിക്കാൻ വന്ന മാക്സിമില്ല്യൻ കോൾബെയെ ഞാൻ ദൂരെ നിന്നു കണ്ടു.. ഇരയെ കിട്ടിയ ചെന്നായ്ക്കളെ പോലെ, പട്ടാളക്കാർ അദ്ദേഹത്തെ അടിക്കുകയും കളിയാക്കുകയും ചെയ്യുന്നതു കണ്ടു ഞാൻ കണ്ണുകൾ പൊത്തി; അപ്പോൾ, പീലാത്തോസിന്റെ മുമ്പിൽ നില്ക്കുന്ന ഈശോയുടെ ദിവ്യരൂപം എന്റെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു .. മരണം പോലെ ഇരുണ്ട തടവറയിൽ നിന്ന് സങ്കീർത്തനങ്ങളും പ്രാർത്ഥനാഗീതങ്ങളും ഒരു വിദൂരഗാനം പോലെ കേൾക്കാമായിരുന്നു; പോകെപ്പോകെ, അവ നേർത്തു നേർത്ത് ഇല്ലാതായി .. വിഷം നിറച്ച സിറിഞ്ചിലൂടെ മരണം നീലനിറം പൂണ്ട്, കൊതിയോടെ ഒഴുകി വന്ന് അദ്ദേഹത്തിന്റെ ഹൃദയഭിത്തികൾ തകർത്തു; എന്റെ ജീവൻ രക്ഷിക്കാനാണ് കോൾബെ മരിച്ചത്; ആർക്കെങ്കിലുമൊക്കെ വേണ്ടി എനിക്കും മരിക്കണം.. (At his canonisation, in 1982 Pope John Paul II said: "Maximilian [...]